ഇന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പിക്കുന്നവയാണ്. ഉത്തർപ്രദേശിൽ പലപ്പോഴും പൊലീസ് തന്നെ പരസ്യമായി കൊലപാതകങ്ങൾ നടത്തുന്നു. ഭരണകൂടഭീകരത എന്നല്ലാതെ ഇതിനെ മറ്റെന്ത് വിളിക്കാൻ! പി.യു.സി.എൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2017 മാർച്ച് മുതൽ 1100 ഏറ്റുമുട്ടലുകളിലായി 49 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 370 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് 3300 പേർ സംസ്ഥാനത്ത് അറസ്റ്റിലായിട്ടുമുണ്ട്.
ഭരണകൂടഭീകരതക്ക് പുറമെ ആൾക്കൂട്ടം നടത്തുന്ന കൊലപാതകങ്ങളും ചൂണ്ടിക്കാട്ടാനുണ്ട്. ഇൗ ആൾക്കൂട്ടം നന്നായി പരിശീലനം ലഭിച്ചവരും ഗുണ്ടാ പശ്ചാത്തലമുള്ളവരുമാണെന്നതാണ് വസ്തുത. ‘അപരന്മാ’രെ ലക്ഷ്യമിട്ട് തീവ്ര വലതുപക്ഷ സംഘടനകളുടെ കൊടിക്കീഴിൽ പ്രവർത്തിക്കുന്ന സമ്പൂർണ പരിശീലന കേന്ദ്രങ്ങളുമുണ്ട്. സ്ത്രീകൾ വരെ ഉൾപ്പെടുന്ന സംഘം നരഹത്യക്ക് പുറമെ പ്രത്യേക വിഭാഗത്തിൽപെട്ടവരുടെ പാർപ്പിടങ്ങളും മറ്റും നശിപ്പിക്കുന്നു. ‘ശാഖ’കളുമായും ഭരണകൂട മാഫിയയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെക്കൊണ്ട് ഒരു പൊറുതിയുമില്ലെന്നാണ് യു.പിയിലെ പല ഗ്രാമീണരും പറയുന്നത്.
കൊലപാതകങ്ങളും ജനക്കൂട്ടത്തിെൻറ ആക്രമണവും യു.പിയിൽ മാത്രം ഒതുങ്ങുന്നതല്ല. ഇതിന് പൊതുവായ രൂപസാദൃശ്യം തന്നെയുണ്ട്. വെറുപ്പിെൻറ രാഷ്ട്രീയവും ഇൗ കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടെന്നത് വസ്തുതയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകലിെൻറയും പശുവിെന കൊണ്ടുപോകുന്നതിെൻറയും പേരിലുള്ള കൊലയും ഇന്ന് വ്യാപകമാണ്.
ഇത്തരത്തിൽ അരാജകത്വം വളരുന്നത് കൂടുതൽ സംഘർഷത്തിന് വഴിതെളിയിക്കും. 2019ൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അത്ഭുതങ്ങൾ സംഭവിച്ചെങ്കിൽ മാത്രമേ പാർശ്വവത്കരിക്കപ്പെട്ടവർക്ക് രക്ഷയുള്ളൂ. ഭരണകൂടത്തിെൻറയും അതിെൻറ മർദനോപകരണങ്ങളുടെയും ചെയ്തികൾ അവരിൽ നിരാശയും മോഹഭംഗവും പരത്തിയിരിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾ ലഭിക്കുന്ന കാര്യം അജണ്ടയിലേ ഇല്ല. സർവസന്നാഹമുള്ള രാഷ്ട്രീയ മാഫിയക്ക് മുന്നിൽ അവർ നിസ്സാര ജീവികൾ മാത്രം.
മനുഷ്യരെ മാത്രമല്ല, മരങ്ങളെപ്പോലും ഇൗ മാഫിയ വെറുതെവിടുന്നില്ല. നാട്ടിൻപുറങ്ങളിൽ മാത്രമല്ല, ന്യൂഡൽഹിയിൽ വരെ മരങ്ങൾ മുറിച്ചുനീക്കുന്നു. ഭൂമാഫിയയോ വനചൂഷകരോ ആണ് ഇതിനു പിന്നിലെന്ന് ധരിക്കരുത്. സർക്കാറാണ് ഇതിനു പിന്നിൽ. സർക്കാർ ഉദ്യോഗസ്ഥർക്ക് വീടുവെക്കാൻ വേണ്ടിയാണിത്. നമ്മുടെ കൺമുന്നിൽ ആയിരക്കണക്കിന് മരങ്ങൾക്ക് കോടാലി വീഴുന്നു. വിരോധാഭാസ ന്യായങ്ങളാണ് ഇതിനായി നിരത്തുന്നത്. മുറിച്ചുമാറ്റുന്ന മരങ്ങൾക്കു പകരം ഡൽഹിയിൽ ഒമ്പതു ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്ന് ഇവർ പറയുന്നു. ഇവയുടെ അതിജീവനം എന്തായിരിക്കുമെന്ന് ഉൗഹിക്കാമല്ലോ. 16,000 മരങ്ങൾ ഇപ്പോൾതന്നെ കോടാലി കാത്ത് കഴിയുകയാണ്. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി പറയുന്നത് ശ്രദ്ധിക്കുക: ‘‘ഒരു മരം മുറിച്ചാൽ ഞങ്ങൾ 10 മരം നടും. തെക്കൻ ഡൽഹിയിലെ ഏഴു കോളനികൾ നവീകരിച്ചാൽ ഹരിത ആവരണം മൂന്നു മടങ്ങ് വർധിക്കും.’’

മരങ്ങൾ ഒറ്റരാത്രികൊണ്ട് വളരില്ലെന്ന വസ്തുത പുരി മനസ്സിലാക്കണം. രാഷ്ട്രീയ ശാസനകൾ അനുസരിച്ചല്ല അവയുടെ വളർച്ച. കൃത്രിമ വസ്തുക്കൾ ഉപയോഗിച്ചല്ല അവയുടെ നിർമിതി. മരംമുറി പരിസ്ഥിതി സന്തുലനം നശിപ്പിക്കുന്നു. മരങ്ങൾ വളരുന്നത് പ്രകൃതിയുടെ നിയമമനുസരിച്ചാണ്. അല്ലാതെ രാഷ്ട്രീയ ശക്തികളുടെ ശാസനകൾക്ക് അനുസൃതമായല്ല.
പരിസ്ഥിതി സംരക്ഷിക്കുന്നതിൽ മരങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് പഴയ രാജാക്കന്മാർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. മുഗൾ ചക്രവർത്തി ഒൗറംഗസേബിന് മരങ്ങൾ സംരക്ഷിക്കേണ്ട കാര്യത്തിൽ നല്ല ഉത്കണ്ഠ ഉണ്ടായിരുന്നു. അദ്ദേഹത്തിെൻറ ഭരണകാലത്ത് ശ്രീനഗർ ജുമാമസ്ജിദ് വളപ്പിൽ തീപിടിത്തം ഉണ്ടായി. വാർത്ത കേട്ട ചക്രവർത്തി മസ്ജിദ് സംരക്ഷിക്കുന്നതിനെക്കാൾ പ്രാധാന്യം നൽകിയത് വളപ്പിലെ ചിനാർ മരങ്ങൾ നശിച്ചുപോകാതിരിക്കാനാണ്. മസ്ജിദ് കുറച്ച് വർഷംകൊണ്ട് പുനർനിർമിക്കാനാവുമെങ്കിലും മരങ്ങൾ വളരാൻ ദശകങ്ങൾ എടുക്കുമെന്ന ന്യായവാദമാണ് അദ്ദേഹം നിരത്തിയത്.
2019ൽ എത്രപേർ കൂടി?
2019 അടുത്തുവരുകയാണ്. രാഷ്ട്രീയ മാഫിയ വരാനിരിക്കുന്ന മാസങ്ങളിൽ എത്രപേരെ കൊലപ്പെടുത്തും? വിശപ്പ്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ രാഷ്ട്രീയ മേലാളന്മാർ പണിതുടങ്ങുമെന്നുറപ്പ്. കശ്മീരിലായിരിക്കും കൂടുതൽ നാശം വിതക്കുക. ഉത്തർപ്രദേശിനെ, പ്രത്യേകിച്ചും ഗ്രാമീണ മേഖലയെ ‘ഹിംസയുടെ വിളഭൂമി’യെന്നാണ് ആക്ടിവിസ്റ്റുകൾ വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയക്കാർ അവരുടെ മാരക തന്ത്രങ്ങൾ പയറ്റാൻ തുടങ്ങിയ കശ്മീരിനെ എങ്ങനെ വിശേഷിപ്പിക്കുമെന്നതാണ് ചോദ്യം. താഴ്വരയിലെ ഒാരോ കൊലപാതക വാർത്തയും നമ്മെ ഞെട്ടിപ്പിക്കുേമ്പാൾ തൊലിയുറപ്പുള്ള രാഷ്ട്രീയക്കാർക്ക് എന്ത് ചേതം.