Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസായ്​പിനെ വിറപ്പിച്ച...

സായ്​പിനെ വിറപ്പിച്ച സാഹിബ്

text_fields
bookmark_border
mohammed abdur rahiman
cancel
camera_alt

മുഹമ്മദ്​ അബ്​ദുറഹ്​മാ​ൻ സാഹിബ്​ ജവഹർലാൽ നെഹ്​റുവിനൊപ്പം

''നിങ്ങൾക്ക്​ മഴ പെയ്യുമെന്നുറപ്പിക്കണമെങ്കിൽ അത്​ തുള്ളി വീഴ്​ത്തിത്തുടങ്ങണം. എന്നാൽ, ഇളംകാറ്റു വീശു​േമ്പാഴേ ഞാൻ അതി​​െൻറ മണം പിടിച്ചുതുടങ്ങും. അതുമല്ല, കാർമേഘം കണ്ടാലും എനിക്കു വേഗം മനസ്സിലാകും. നിങ്ങൾക്ക്​ ഗതകാല അനുഭവങ്ങൾ മതിയെങ്കിൽ അതിൽനിന്നു പഠിച്ചുകൊള്ളുക. അതല്ല, ഇനിയും കാത്തിരിക്കണം എന്നാണെങ്കിൽ കുത്തിയിരുന്നോളൂ. 'ഇന്നു ഞാൻ പറയുന്നതിനെ നിങ്ങൾ ഓർക്കുന്ന ഒരു സന്ദർഭം വരുന്നുണ്ട്​''-1920 ഫെബ്രുവരി 28, 29 തീയതികളിൽ ബംഗാൾ ഖിലാഫത്​​ കോൺഫറൻസ്​ സമ്മേളനത്തിൽ മൗലാന അബുൽകലാം ആസാദ്​ ചെയ്​ത പ്രഭാഷണം അവസാനിക്കുന്നത്​ ഇങ്ങനെയാണ്​.

വിശ്വാസിയുടെ ബാധ്യതയാണ്​ ഭൂമിയിൽ ദൈവത്തി​െൻറ പ്രാതിനിധ്യം എന്നും അത്​ ജീവിതം മുഴുക്കെ ബാധകമാണെന്നും പ്രവാചകനും തുടർന്നുള്ള സച്ചരിതരായ ഖലീഫമാരും സാമൂഹിക, രാഷ്​ട്രീയരംഗങ്ങളിൽ ഖിലാഫത്​​ ആചരിച്ചത്​ അങ്ങനെയാണെന്നും ആസാദ്​ വിശദീകരിച്ചു. ആ രാഷ്​ട്രക്രമത്തി​െൻറ തുടർച്ചയാണ്​ ഏറെ അംഗഭംഗം വന്നശേഷവും ഉസ്​മാനികളുടെ കാലംവരെ നിലനിന്നുപോരുന്ന ഖിലാഫത്തെന്നും അതി​നെ സംരക്ഷിക്കാൻ വിശ്വാസികൾക്ക്​ ബാധ്യതയുണ്ടെന്നുമായിരുന്നു ​കൽക്കത്ത പ്രസംഗത്തി​െൻറ ആകത്തുക. ആവേശോജ്ജ്വലമായ ആ പ്രഭാഷണം പിന്നീട്​ ഖിലാഫത്​​ എന്ന, വിശ്വാസിയുടെ സാമൂഹികപ്രാതിനിധ്യം പ്രാമാണികമായി വിശദീകരിക്കുന്ന പാഠപുസ്​തകമായി രൂപാന്തരപ്പെട്ടു-'ഖിലാഫത്​​ ആൻഡ്​ ജസീറത്തുൽ അറബ്'​ (മസ്​അലയെ ഖിലാഫത്തോ ജസീറത്തുൽ അറബ്​ എന്ന്​ ഉർദു) എന്ന പേരിൽ.

മുസ്​ലിം വിശുദ്ധ സ്​ഥലങ്ങളടക്കമുള്ള അറബ്​ദേശങ്ങളുടെ നിയന്ത്രണം കൈവശംവെച്ചുപോന്ന, ലോകത്തെ അവസാന മുസ്​ലിം സാമ്രാജ്യമായിരുന്നു തുർക്കിയിലെ ഉസ്​മാനീ ഖിലാഫത്​​. 1914ൽ ഒന്നാം ലോകയുദ്ധം തുടങ്ങിയപ്പോൾ തുർക്കി ജർമനിക്കൊപ്പം ബ്രിട്ടീഷ്​ വിരുദ്ധ പക്ഷത്താണ്​ നിലയുറപ്പിച്ചത്​. യുദ്ധഫലം എന്തായാലും മുസ്​ലിം നേതൃസ്​ഥാനത്തുള്ള തുർക്കി​ ഭരണകൂടത്തെയും ഖിലാഫത്​​ അധികാരത്തെയും ഒന്നും ​െചയ്യില്ലെന്നും ഇക്കാര്യത്തിൽ ആശങ്കയൊന്നും വേണ്ടെന്നും ബ്രിട്ടീഷ്​ ഗവൺമെൻറ്​ 1914 നവംബർ ഒന്നിന്​ ഇന്ത്യൻ മുസ്​ലിംകൾക്ക്​ ഉറപ്പുനൽകിയിരുന്നു. അതി​െൻറ ഫലം മുസ്​ലിംകളുടെ സേനാപങ്കാളിത്തമായി ബ്രിട്ടന്​ ലഭിക്കുകയും ചെയ്​തു. എന്നാൽ, യുദ്ധത്തിൽ ബ്രിട്ടൻ ജയം നേടിയതോടെ എല്ലാ വാക്കുകളും കാറ്റിൽപറത്തി ഉസ്​മാനീ സാമ്രാജ്യത്തെ വിഭജിച്ച്​ ഛിന്നങ്ങളെ വിവിധ പാശ്ചാത്യ ക്രൈസ്​തവരാഷ്​ട്രങ്ങളുടെ കോളനിരാജ്യങ്ങളാക്കി മാറ്റിത്തീർക്കുന്ന സമാധാനസന്ധിയാണ്​ പുറത്തുവന്നത്​. ഇതിനെതിരായ മുസ്​ലിം പ്രതിഷേധമാണ്​ ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഖിലാഫത്​​ സമരപ്രസ്​ഥാനമായി രൂപപ്പെട്ടത്​. നേരത്തേ ശക്തിപ്രാപിച്ചുകൊണ്ടിരുന്ന ബ്രിട്ടനെതിരായ അധിനിവേശവിരുദ്ധ സമരത്തെ ആളിക്കത്തിക്കാനും ദേശീയ വിമോചനപ്രസ്​ഥാനത്തെ ജനകീയവത്​കരിക്കാനും ഖിലാഫത്​​ പ്രസ്​ഥാനത്തി​െൻറ രംഗ​പ്രവേശം കാരണമായി.

കൊൽക്കത്തയിൽനിന്നു വിളി; മലയാളത്തി​െൻറ മറുപടി

കൊൽക്കത്തയിൽനിന്നുള്ള ആസാദി​െൻറ സമരകാഹളത്തിന്​ ഇങ്ങു തെക്കേ ഇന്ത്യയിലെ മദിരാശി പ്രസിഡൻസി കോളജിൽനിന്ന്​ ആവേശകരമായ പ്രതിധ്വനിയുണ്ടായി​-മുഹമ്മദ്​ അബ്​ദുറഹ്​മാൻ എന്ന മലയാളി വിദ്യാർഥിയിലൂടെ. ചാവക്കാട്ടുകാരനായ റൂംമേറ്റ്​ ആണ്​ അവിടെ പഠനത്തിൽ മുഴുകിയിരുന്ന കൊടുങ്ങല്ലൂർ കറുകപ്പാടത്തെ മുഹമ്മദ്​ അബ്​ദുറഹ്​മാനു മുന്നിലേക്ക്​ ആസാദി​െൻറ 'ഖിലാഫത്​​' പന്തം എറിഞ്ഞുകൊടുത്തത്​. ഒറ്റയിരിപ്പിൽ ആ ലഘുകൃതി വായിച്ചുതീർത്ത അബ്​ദുറഹ്​മാ​െൻറയുള്ളിൽ ആസാദ്​ ഇട്ട കനലുകൾ നീറിനീറിക്കത്തി. ഖിലാഫത്​​ പ്രക്ഷോഭമാർഗമായി രൂപംകൊണ്ട നിസ്സഹകരണ പ്രസ്​ഥാനത്തി​ലേക്ക്​ അബ്​ദുറഹ്​മാൻ എടുത്തുചാടി, പ്രസിഡൻസിയിലെ ബി.എ ഓണേഴ്​സ്​ കുടഞ്ഞെറിഞ്ഞുകൊണ്ട്​. പിന്നീട്​ ദേശീയ മുസ്​ലിം യൂനിവേഴ്​സിറ്റി എന്ന ജാമിഅ മില്ലിയ്യ ഇസ്​ലാമിയ്യയിൽ ചേർന്ന്​ വിദ്യാഭ്യാസവും സമരബിരുദവും ഒപ്പം നേടി കേരളത്തിലെ സ്വാതന്ത്ര്യസമരപ്രസ്​ഥാനത്തി​െൻറയും ഖിലാഫത്​​ പ്രക്ഷോഭത്തി​െൻറയും മുന്നണിപ്പോരാളിയായി കടന്നുവന്നു. സ്വാതന്ത്ര്യസ​മരസേനാനി കെ.പി. കേശവമേനോ​െൻറ വാക്കുകളിൽ: ''(കോഴിക്കോട്ട്​) ഖിലാഫത്​​ കമ്മിറ്റി തക്കതായ സെക്രട്ടറിയെ തേടിക്കൊണ്ടിരുന്ന കാലമാണ്​. അപ്പോഴാണ്​ അലീഗഢ്​ കോളജിൽനിന്നു പഠിപ്പുനിർത്തി ഖിലാഫത്​​ പ്രവർത്തനത്തിനായി മൗലാന മുഹമ്മദലിയുടെ ഉപദേശപ്രകാരം മുഹമ്മദ്​ അബ്​ദുറഹ്​മാൻ കോഴിക്കോ​ട്ടേക്കു വന്നത്​. അന്ന്​ അദ്ദേഹത്തിന്​ ഏതാണ്ട്​ 24 വയസ്സ്​ കാണും. ഒട്ടും താമസിയാതെ ഖിലാഫത്​​ കമ്മിറ്റിയുടെ സെക്രട്ടറിസ്​ഥാനം ഏറ്റെടുത്തു. അദ്ദേഹത്തി​െൻറ നീണ്ട ദേഹവും പൗരുഷം സ്​ഫുരിക്കുന്ന മുഖവും ഉത്സാഹം തുളുമ്പുന്ന ഭാവവും സംസാരരീതിയും കണ്ടമാത്രയിൽ അദ്ദേഹത്തോട്​ ഒരു മമത തോന്നി.''

ആസാദി​െൻറ ചുവടുകളിലുറച്ച്​

ആസാദി​െൻറ പ്രഭാഷണത്തിന്​ ഒരു വർഷവും രണ്ടു മാസവും കഴിയു​േമ്പാൾ 1921 ഏപ്രിൽ 23ന്​ ഒറ്റപ്പാലം സമ്മേളനത്തിലായിരുന്നു അബ്​ദുറഹ്​മാ​െൻറ അരങ്ങേറ്റം. സമ്മേളനത്തി​െൻറ സംഘാടകരിലൊരാളായ പി. രാമുണ്ണിമേനോനെ പൊലീസ്​ തല്ലിച്ചതച്ച സംഘർഷത്തിനു നടുവിലേക്കായിരുന്നു ആ ആദ്യ കാൽ​വെപ്പ്. സംഭവത്തിൽ സദസ്സിളകി, പ്രതികാരദാഹം പൂണ്ടപ്പോൾ അബ്​ദുറഹ്​മാൻ വിളിച്ചു: ''നമുക്കൊരു പ്രകടനം നടത്താം.'' അങ്ങനെ എല്ലാവരും അറച്ചുനിന്നിടത്ത്​ നായകത്വം ഏറ്റെടുത്ത്​ അദ്ദേഹം മുന്നിൽ നടന്നു. സമ്മേളനം കഴിഞ്ഞയുടനെ തോഴനായി ഇ. മൊയ്​തു മൗലവിയെയും കൂട്ടി കോഴിക്കോ​​ട്ടേക്കു തിരിച്ചു. അതിൽപിന്നെ കോഴിക്കോടായിരുന്നു അബ്​ദുറഹ്​മാ​െൻറ കർമഭൂമി. അൽഅമീൻ ലോഡ്​ജിൽ തുടങ്ങി പിന്നീട്​ അൽഅമീൻ പത്രത്തിലൂടെ കോഴിക്കോട്​ പടർന്നുപന്തലിച്ച ആ സമരജീവിതത്തിന്​ എന്നും വഴികാട്ടിയത്​ അബുൽകലാം ആസാദ്​ തന്നെ. ആദർശനിഷ്​ഠയിലും സമരാവേശത്തിലും ദേശീയപ്രസ്​ഥാനത്തോടും നിസ്സഹകരണ മാർഗത്തോടുള്ള പ്രതിബദ്ധതയിലുമെല്ലാം ആ ആസാദ്​ സ്​പർശം പ്രകടമായി. ആസാദി​െൻറ 'അൽഹിലാലി'നെയും 'അൽബലാഗി'നെയും അനുസ്​മരിപ്പിക്കുന്ന വിധത്തിൽ ഖുർആൻ, സുന്നത്ത്​ പ്രമാണങ്ങളെ ഉയർത്തിപ്പിടിച്ചായിരുന്നു പത്രനടത്തിപ്പ്. എല്ലാ വ്യാഴാഴ്​ചയും ഐച്ഛിക ഉപവാസമെടുക്കുകയും പാതിരാവുകളിൽ ഖുർആൻ പാരായണം ചെയ്​തു പൊട്ടിക്കരഞ്ഞ്​ നിശാനമസ്​കാരം നിർവഹിക്കുകയും ചെയ്യുന്ന കൂട്ടുകാരനെ ഇ. മൊയ്​തുമൗലവി അരുമയോടെ ഓർക്കുന്നുണ്ട്​. വിശ്വാസവും അനുഷ്​ഠാന, ആചാരനിഷ്​ഠകളും സ്വയം കണിശമായി പുലർത്തു​േമ്പാൾതന്നെ അതിനു പുറത്തുള്ളവരുടെ വിശ്വാസത്തെയും നിരാസത്തെയുമൊക്കെ ഉൾക്കൊള്ളാനും അദ്ദേഹം വിശാലത പുലർത്തി.
ഖിലാഫത്​​ പ്രസ്​ഥാനം സ്വീകരിച്ച സമരമാർഗമായ നിസ്സഹകരണത്യാഗം (തർക്കെ മുവാലാത്ത്​) മൗലാന ആസാദ്​ ഖുർആ​െൻറ വെളിച്ചത്തിൽ വിശദീകരിക്കുന്നുണ്ട്​ (ഗാന്ധിയുടെ സഹായം തേടി സന്ദർശിച്ച ഖിലാഫത്​​ ദൗത്യസംഘത്തിലെ അംഗങ്ങളായിരുന്ന അബ്​ദുറഹ്​മാൻ സിദ്ദീഖിയും ശുഐബ്​ ഖുറൈശിയുമാണ്​ നിസ്സഹകരണരീതി ഗാന്ധിയെ ധരിപ്പിച്ചതെന്ന്​ മൊയ്​തുമൗലവി). അത്​ അക്ഷരംപ്രതി അംഗീകരിച്ചായിരുന്നു അബ്​ദുറഹ്​മാ​െൻറയും പ്രവർത്തനം. ബ്രിട്ടീഷുകാർ മലബാറിൽ ശത്രുവായി ഗണിച്ചിരുന്ന മാപ്പിളമാരെ പ്രകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ ഖിലാഫത്​​ പ്രസ്​ഥാനത്തെ മറയാക്കി ആക്കംകൂട്ടിയപ്പോൾ അതിനു കരുവാകാതിരിക്കാനുള്ള കരുതലുമായി അദ്ദേഹം സമരമുന്നണിയിൽ നിലയുറപ്പിച്ചു. 1921 ജൂലൈ 24ന്​ പൊന്നാനിയിൽ ഖിലാഫത്​​ വിരുദ്ധരെ കൂട്ടുപിടിച്ച്​ ബ്രിട്ടീഷ്​ അനുകൂലസമ്മേളനം നടത്താനുള്ള ശ്രമം സംഘർഷത്തിലേക്കു തിരിയു​മെന്നു കണ്ടപ്പോൾ ജനക്കൂട്ടത്തിലേക്ക്​ കടന്നുചെന്ന്​ അദ്ദേഹം ഉണർത്തി: ''അവിവേകം പ്രവർത്തിക്കാനാണോ പുറപ്പാട്​? നിങ്ങളാണോ ഖിലാഫത്തി​െൻറയും കോൺഗ്രസി​െൻറയും നിർദേശവും അച്ചടക്കവും മാനിക്കുന്നവർ? നമ്മുടെ മാർഗം സമാധാനപരമായിരിക്കണം.'' 1921 ആഗസ്​റ്റിൽ ഏറനാട്ടിലും വള്ളുവനാട്ടിലും ബ്രിട്ടീഷുകാർ കലാപത്തിനു തിരികൊളുത്തു​േമ്പാൾ സ്വന്തം സമുദായത്തെ ആക്രമണമുഖത്തുനിന്നു പിന്തിരിപ്പിക്കാനായിരുന്നു അബ്​ദുറഹ്​മാ​െൻറ ശ്രമം. പൂക്കോട്ടൂരിൽ കാളവണ്ടിയിൽ കയറിനിന്നു നടത്തിയ പ്രസിദ്ധമായ പ്രസംഗം അതി​െൻറ ഭാഗമായിരുന്നു: ''പ്രിയ സഹോദരങ്ങളേ, നിങ്ങളെന്താണ്​ ചെയ്യാൻ പോകുന്നത്​? വീരസ്വർഗം പ്രാപിക്കാനുള്ള ധർമയുദ്ധത്തിൽ പ​ങ്കെടുക്കാൻ മുസ്​ലിമായ എനിക്ക്​ ആഗ്രഹമില്ലേ? പക്ഷേ, എന്തുകൊണ്ട്​ ഞാൻ അതിന്​ ഒരുങ്ങുന്നില്ല? നാം വീരസ്വർഗം പ്രാപിക്കു​േമ്പാൾ അശരണരായ നമ്മുടെ മാതാപിതാക്കളും സഹോദരിമാരും മറ്റും ശത്രുക്കളാൽ പരസ്യമായി അപമാനിക്കപ്പെടും. അവരെ ആ അപമാനത്തിനു വിട്ടുകൊടുത്ത്​ വീരസ്വർഗം പ്രാപിച്ചാൽ നമ്മുടെ ആത്മാവിന്​ എന്തു സന്തോഷമാണുണ്ടാവുക?'' എന്നാൽ, തോക്കുമായി മാത്രം സംസാരിച്ച ബ്രിട്ടീഷ്​ പട്ടാളത്തി​െൻറ വംശ​വെറിയുടെ പ്രകോപനത്തിനു മുന്നിൽ മലബാർ വിപ്ലവം ചോരയിൽ മുങ്ങി. മഹത്തായൊരു ലക്ഷ്യത്തിനുവേണ്ടി അണിനിരന്നവരെ സഹനസമരത്തിൽനിന്നു സായുധസമരത്തിലേക്കു നയിച്ച സാഹചര്യങ്ങളിൽ അബ്​ദുറഹ്​മാൻ തീവ്രനിരാശനും ദുഃഖിതനുമായിരുന്നു. വർഷങ്ങൾക്കിപ്പുറം 1930ൽ കോഴിക്കോട്​ ഒരു പരിപാടിയിൽ അദ്ദേഹം ബ്രിട്ടീഷുകാരുടെ അജണ്ടയെക്കുറിച്ച്​ ഓർമപ്പെടുത്തുന്നുണ്ട്​: ''മാപ്പിളമാർ ലഹളയുണ്ടാക്കാൻ മാത്രമേ കൊള്ളുകയുള്ളൂവെന്ന്​ ഒരു ധാരണ ജനസഞ്ചയത്തിനിടയിൽ വ്യാപിച്ചിട്ടുണ്ട്​. ആ തെറ്റിദ്ധാരണയെ ദൂരീകരിക്കേണ്ടത്​ ഓരോ മുസ്​ലിമി​െൻറയും കർത്തവ്യമാണ്​. ഭാവി ഇന്ത്യയുടെ ചരിത്രത്തിൽ മാപ്പിളസമുദായത്തെ കളങ്കപ്പെടുത്താൻ അനുവദിക്കരുത്​''.

ജെ.ഡി.ടി അനാഥശാലയും അൽഅമീൻ പത്രവും

1921 ഒക്​ടോബർ 21നു കഠിനതടവിനു ശിക്ഷിക്കപ്പെട്ട്​ തടവിൽ പോയ അദ്ദേഹം 1923 ആഗസ്​റ്റ്​ 11നു പുറത്തുവന്നയുടനെ കലാപപ്രദേശത്തു ചുറ്റിനടന്ന്​ ദുരിതബാധിതരുടെ സങ്കടം ഒപ്പിയെടുത്താണ്​ കാക്കിനഡയിലെ ഖിലാഫത്​​ സമ്മേളനത്തിനു പോയത്​. അവിടെ സഹായാഭ്യർഥന കേട്ട പഞ്ചാബിലെ ജംഇയ്യത്തെ ദഅ്​വത്തു തബ്​ലീഗിൽ ഇസ്​ലാം (ജെ.ഡി.ടി ഇസ്​ലാം) എന്ന സംഘടനയുടെ സ്​ഥാപകനേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന മൗലാന അബ്​ദുൽഖാദിർ ഖസൂരി കോഴിക്കോ​ട്ടെത്തി സ്​ഥിതിഗതികൾ നേരിൽ വിലയിരുത്തി. ആ കനിവിൽനിന്നാണ്​ ജെ.ഡി.ടി ഇസ്​ലാം അനാഥശാല വെള്ളിമാട്​കുന്നിൽ പിറവിയെടുത്തത്​.

ബ്രിട്ടീഷുകാരുടെ പ്രചണ്ഡമായ പ്രചാരവേലകളെ നേരിടാൻ ഒരു മാധ്യമമില്ലാതെപോയത്​ അബ്​ദുറഹ്​മാ​െൻറ ശ്രദ്ധയിലുണ്ടായിരുന്നു. '1921ലെ ലഹളക്കാലത്ത്​ മാപ്പിളമാരുടെ ഭാഗം വാദിക്കാനുള്ള ഒരു വാർത്താവിതരണപത്രം ഇല്ലാത്ത കോട്ടങ്ങൾ വേണ്ടുവോളം മനസ്സിലാക്കിയ സ്​മര്യപുരുഷൻ ജയിലിൽനിന്ന്​ വിമുക്തനായ ഉടനെ ചെയ്​ത പരിശ്രമം ഒരു പത്രം തുടങ്ങേണ്ടതിനായിരുന്നു. ലഹളക്കാലത്ത്​ നിത്യേന പുറത്തുവന്നുകൊണ്ടിരുന്ന ലഘുലേഖകൾ മാപ്പിളമാർ വന്യമൃഗങ്ങൾക്കു സമമാണെന്നു ചിത്രീകരിക്കുന്നതായിരുന്നു' എന്ന്​ മൊയ്​തുമൗലവി 'അൽഅമീൻ' പത്രത്തി​െൻറ പിറവി ഓർത്തെടുക്കുന്നുണ്ട്. 1924 ഒക്​ടോബർ 12ന്​ ഒരു നബിദിനത്തിൽ അൽഅമീൻ ത്രൈവാരികയായി ആരംഭിച്ചു. 1930 ജൂൺ 25ന്​ അത്​ ദിനപത്രമായി. എന്നാൽ, നിസ്സ​ങ്കോചം ശബ്​ദമില്ലാത്ത മുഴുവർക്കും ശബ്​ദം നൽകാൻ ഉശിരുകാട്ടിയ 'അൽഅമീൻ' എന്ന സാഹസത്തെ ഏതുവിധേനയും മുടക്കാനുള്ള യജ്ഞത്തിൽ ബ്രിട്ടീഷുകാർ വിജയിച്ചു. എങ്കിലും കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തിൽ 'അൽഅമീൻ' തല​യെടുപ്പായി മാറി. ഇട​ശ്ശേരി പാടിയപോലെ:

മലയമേട്ടിൻ കൊടുമുടിയിൽ മഴമുകിലിൻ തോറ്റം/മധുരമന്ത്രം അൽഅമീനിൻ സമരമന്ത്രമൂറ്റം...

ഇങ്ങനെ കർമമണ്ഡലത്തിൽ സമുദായ നവോത്ഥാനത്തി​െൻറ പുതിയ വഴികൾ വെട്ടിത്തെളിച്ചു മുന്നേറുന്നതിനിടയിലായിരുന്നു ​ശേറെ മലബാർ (മലബാർ സിംഹം) അബ്​ദുറഹ്​മാ​െൻറ ആകസ്​മിക അന്ത്യം- 1945 നവംബർ 23ന്​ കോഴിക്കോ​ട്ടെ കൊടിയത്തൂരിൽ ഒരു പരിപാടിയിൽ പ​ങ്കെടുത്ത്​ മടങ്ങുന്ന വഴിയിൽ.

●●●

വാൽക്കഷ​ണം: അബുൽകലാം ആസാദി​െൻറ ആഹ്വാനത്തിൽ പ്രചോദിതനായി സ്വാതന്ത്ര്യസമരചരിത്രത്തിൽ കത്തിനിന്ന കേരളത്തി​െൻറ വീരപുത്രന്​ ഒരു അനശ്വരസ്​മാരകം തീർത്തതു മ​റ്റൊരു ആസാദാണ്. മലപ്പുറം ജില്ലയിൽ ഒരു ഗ്രാമത്തിന്​ അബ്​ദുറഹ്​മാൻ നഗർ എന്ന്​ ഔദ്യോഗിക നാമകരണം ചെയ്തു സാഹിബി​െൻറ അരുമശിഷ്യൻ വി.എ. ആസാദ്​.

Show Full Article
TAGS:Mohammed Abdur Rahiman freedom fighter 
News Summary - Today is the 76th death anniversary of freedom fighter Mohammed Abdur Rahiman
Next Story