ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം: നാം തുടരുന്നു; ഹുമൻ തീരത്തെ ലഹരിവിരുദ്ധ പോരാട്ടം
text_fieldsപത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ വൻതോതിൽ കറുപ്പ് ഉത്പാദിപ്പിച്ച് ചൈനയിലേക്ക് നിയമവിരുദ്ധമായി കടത്തിയിരുന്നു. ചൈനയിൽ നിന്ന് തേയില, പട്ട്, മൺപാത്രങ്ങൾ എന്നിവ വാങ്ങാൻ ബ്രിട്ടന് വലിയ തോതിൽ വെള്ളി പകരം നൽകേണ്ടിവന്നു. ഈ ചെലവ് നികത്താനാണ് അവർ ചൈനീസ് ജനതയെ ലഹരിക്ക് അടിമകളാക്കി, കറുപ്പ് വിറ്റ് വെള്ളി തിരിച്ചുപിടിക്കാൻ തുടങ്ങിയത്. ഇത് ചൈനയിലെ കോടിക്കണക്കിന് യുവാക്കളെയും സൈനികരെയും ലഹരിക്ക് അടിമകളാക്കുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്തു.
ലഹരിവിപത്ത് രാജ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചപ്പോൾ, 1838-ന്റെ ഒടുവിൽ ക്വിങ് ചക്രവർത്തി അതീവ കർക്കശക്കാരനും അഴിമതിരഹിതനുമായ ലിൻ സക്സു എന്ന ഉദ്യോഗസ്ഥനെ ലഹരി നിർമാർജനത്തിനായുള്ള സ്പെഷ്യൽ ഇംപീരിയൽ കമീഷണറായി നിയമിച്ചു. കറുപ്പ് കച്ചവടം കേവലമൊരു ബിസിനസ്സല്ല, മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ലിൻ സക്സു ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിക്ക് കത്തയച്ചു. ‘‘നിങ്ങളുടെ രാജ്യത്ത് നിരോധിച്ച ഒരു വിഷം എന്തിനാണ് നിങ്ങൾ ഞങ്ങളുടെ മക്കൾക്ക് നൽകുന്നത്?’’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ബ്രിട്ടീഷ് കച്ചവടക്കാർ വഴങ്ങാതിരുന്നപ്പോൾ, ലിൻ സക്സു ചൈനീസ് പൊലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് വിദേശ വ്യാപാരികളുടെ വെയർഹൗസുകളും കപ്പലുകളും ഉപരോധിച്ചു. 1839 മാർച്ചിൽ ആരംഭിച്ച ശക്തമായ നടപടികളിലൂടെ വിദേശികളിൽനിന്നും സ്വദേശികളിൽനിന്നുമായി ഏകദേശം 26 ലക്ഷം പൗണ്ട് (ഏകദേശം 12 ലക്ഷം കിലോഗ്രാം) കറുപ്പ് അവർ പിടിച്ചെടുത്തു.
തുടർന്ന് 1839 ജൂൺ 3 മുതൽ 25 വരെ നീണ്ട വൻ ദൗത്യത്തിലൂടെ ഗ്വാങ്ഡോങ്ങിലെ ഹുമൻ എന്ന കടൽത്തീരത്ത് വലിയ കുഴികളെടുത്ത്, ഉപ്പുവെള്ളവും കുമ്മായവും ചേർത്ത് ഈ കറുപ്പ് മുഴുവൻ പൊതുജനങ്ങൾക്ക് മുന്നിൽവെച്ച് പൂർണ്ണമായി നശിപ്പിച്ചു. ലഹരിമാഫിയക്കെതിരെ ഒരു രാജ്യം ഒരൊറ്റ മനസ്സോടെ പോരാടി വിജയം കുറിച്ച ഈ ചരിത്രസംഭവത്തിന്റെ ഓർമ്മപ്പെടുത്തലായാണ്, 1987 മുതൽ ഐക്യരാഷ്ട്രസഭ ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി നിശ്ചയിച്ചത്.
നൂറ്റാണ്ടുകൾക്കിപ്പുറം, ലഹരിമാഫിയയുടെ രാജ്യാന്തര ശൃംഖലകളെ വേരോടെ പിഴുതെറിയാൻ കേരള മണ്ണിൽ ആഞ്ഞുവീശുന്ന നാർക്കോ വേട്ടയാണ് ‘ഓപ്പറേഷൻ തൂഫാൻ’.
ലഹരിയുടെ ഉറവിടങ്ങളിലേക്ക് വിട്ടുവീഴ്ചയില്ലാത്ത കടന്നാക്രമണം നടത്തുന്ന ‘തൂഫാൻ സ്ട്രൈക്കും’, പൊതുജനങ്ങളെ നാടിന്റെ കാവലാളാക്കുന്ന ‘തൂഫാൻ വാറിയേഴ്സും’ , ലഹരിയുടെ കെണിയിൽ അകപ്പെട്ട മക്കളെ കൈപിടിച്ചുയർത്തുന്ന ‘തൂഫാൻ കെയറും’ ഒരേപോലെ സജീവമായപ്പോൾ അസാധ്യമെന്ന് കരുതിയത് സാധ്യമായി. ദൗത്യം ആരംഭിച്ച് 21 ദിവസത്തിനകം 3,657 കേസുകളും 3,931 അറസ്റ്റുകളും നടന്നു. ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഒളിച്ചുതാമസിച്ചിരുന്ന അന്താരാഷ്ട്ര ലഹരിമാഫിയാ തലവന്മാരായ വിദേശ പൗരന്മാരെപ്പോലും അതിർത്തി കടന്നുചെന്ന് പൂട്ടാൻ നമ്മുടെ ദൗത്യത്തിന് സാധിച്ചിട്ടുണ്ട്. ഈ പോരാട്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചുകൊണ്ട് ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ കേന്ദ്ര സുരക്ഷാ ഏജൻസികളിലേക്കും സി.ആർ.പി.എഫ് പോലുള്ള കേന്ദ്ര സേനകളിലേക്കും നാമിപ്പോൾ ഈ ദൗത്യം വ്യാപിപ്പിക്കുന്നു. കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഈ അടിയുറച്ച കൂട്ടായ്മയിലൂടെ ലഹരിയുടെ പ്രധാന പ്രവേശന കവാടങ്ങളെല്ലാം പൂർണ്ണമായി അടക്കാനും നാർക്കോ മാഫിയയുടെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസ്സിന്റെയും നട്ടെല്ലൊടിക്കാനുമാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ‘തൂഫാൻ ജനസഭ’ നടത്തുന്നുണ്ട്. ലഹരിക്കെതിരെയുള്ള പടയോട്ടത്തിൽ കേരള പൊലീസിനൊപ്പം ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങൾ വലിപ്പച്ചെറുപ്പമില്ലാതെ, പ്രായഭേദമന്യേ ഒരൊറ്റ മനസ്സോടെ അണിനിരന്ന് 'തൂഫാൻ വാറിയേഴ്സ്' ആയി മാറി. സാധാരണ റെയ്ഡുകൾ മയക്കുമരുന്ന് വിപണിയെ താൽക്കാലികമായി മാത്രം തടസ്സപ്പെടുത്തുമ്പോൾ, ഓപ്പറേഷൻ തൂഫാൻ അതിന്റെ വിതരണ ശൃംഖലയെയാണ് തകർക്കുന്നത്.
ലഹരിക്കെതിരെയുള്ള ഈ മഹാപോരാട്ടത്തിൽ അണിചേർന്നിട്ടുള്ള പ്രബുദ്ധരായ കേരള ജനതക്ക് ഹൃദയം നിറഞ്ഞ നന്ദി. നമ്മുടെ വരുംതലമുറയുടെ സുരക്ഷക്കായി, ലഹരിമുക്തമായ ഒരു നവകേരളം പൂർണ്ണമായും യാഥാർത്ഥ്യമാകുന്നതുവരെ ഈ പോരാട്ടം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

