Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബംഗ്ലാ വിമോചന...

ബംഗ്ലാ വിമോചന സ്വപ്​നങ്ങൾ സഫലമാവാൻ

text_fields
bookmark_border
ബംഗ്ലാ വിമോചന സ്വപ്​നങ്ങൾ സഫലമാവാൻ
cancel

മൂന്ന്​ ദശലക്ഷം ജീവനുകൾ സമർപ്പിച്ച്​ ഒമ്പതു മാസം നീണ്ട സായുധ സ്വാതന്ത്ര്യപ്പോരാട്ടത്തിനൊടുവിലാണ്​ 1971ൽ ബംഗ്ലാദേശിന്​​​ സ്വാതന്ത്ര്യം സാധ്യമായത്​. ബംഗബന്ധു ശൈഖ്​ മുജീബുറഹ്​മാ​െൻറ ശക്തമായ നേതൃത്വത്തിൽ തുടക്കമിട്ട രാജ്യം ഇന്ന്​ വികസനരംഗത്ത്​ പുതിയ മാതൃകയായി മാറുകയാണ്​.

യുദ്ധംകൊണ്ട്​ തകർന്നടിഞ്ഞ രാഷ്​ട്രത്തെ എങ്ങനെ പുനർനിർമിച്ചെടുക്കണമെന്നത്​ സംബന്ധിച്ച്​ ബംഗബന്ധുവിന്​ കൃത്യമായ സ്വപ്​നങ്ങളുണ്ടായിരുന്നു. പക്ഷേ, അവ സഫലമാക്കാൻ ചിലർ അനുവദിച്ചില്ല. ഇ​പ്പോൾ പുത്രി ശൈഖ്​ ഹസീന അദ്ദേഹത്തി​െൻറ സ്വപ്​നങ്ങൾ സാക്ഷാത്​കരിച്ചു വരുന്നു.

50 വർഷത്തിനിടെ ബംഗ്ലാദേശ്​ ബഹുമുഖമായ വികസനങ്ങൾ കൈവരിച്ചിരിക്കുന്നു. ശാന്തമായ രാജ്യങ്ങളിലൊന്നായി ബംഗ്ലാദേശ്​ ഉയർന്നുവരുന്നു, മറ്റു രാജ്യങ്ങളും ഈ പാത പിന്തുടരാനും തുടങ്ങിയിരിക്കുന്നു.

1975ൽ ബംഗബന്ധുവിനെ കൊലപ്പെടുത്തിയ ദേശദ്രോഹികളുടെ വിചാരണ പൂർത്തിയായിരിക്കുന്നു-കഴിഞ്ഞ അര നൂറ്റാണ്ടിലെ ഏറ്റവും വലിയ നേട്ടവും അതുതന്നെ. യുദ്ധക്കുറ്റങ്ങളുടെ വിചാരണയാണ്​ അടുത്ത നേട്ടം. വികസനം എത്തിനോക്കാത്ത രാജ്യം എന്ന അവസ്ഥയിൽനിന്ന്​ വികസ്വര രാജ്യം എന്ന ഘട്ടത്തിലേക്ക്​ മാറിയതാണ്​ അടുത്ത നേട്ടം.

ശക്തമായ സമ്പദ്​വ്യവസ്ഥയുള്ള രാഷ്​ട്രമായും ഞങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. നിലവിലെ സാമ്പത്തിക വളർച്ച തുടരാൻ കഴിഞ്ഞാൽ 2035 ആകു​േമ്പാഴേക്ക്​ ലോക സമ്പദ്​വ്യവസ്ഥയിൽ 25ാം സ്ഥാനം സ്വന്തമാക്കാൻ രാജ്യത്തിന്​ സാധിക്കും. വളർച്ചയുടെയും ദാരിദ്ര്യനിർമാർജനത്തി​െൻറയും കാര്യത്തിൽ നാഴികക്കല്ലുകൾ താണ്ടിയിരിക്കുന്നു.

സ്​ത്രീകളുടെ സാമ്പത്തികശാക്തീകരണത്തിലും മാതൃകകൾ സൃഷ്​ടിച്ചിരിക്കുന്നു. തൊണ്ണൂറുകളിൽ രാജ്യത്തെ 57 ശതമാനം ആളുകൾ ദാരിദ്ര്യരേഖക്ക്​ താഴെയായിരുന്നു. ഇന്നത്​ ദരിദ്രജനത 20.5 ശതമാനമായി കുറഞ്ഞു. 10 ശതമാനം പേരാണ്​ അതിദാരിദ്ര്യം അനുഭവിക്കുന്നത്​.

വളർച്ച, പ്രതിശീർഷ വരുമാനം, കയറ്റുമതി ​വരുമാനം, വിദേശനാണയ ശേഖരം തുടങ്ങിയ വികസനതോതുകളിലെല്ലാം നേട്ടങ്ങളുണ്ട്​ രാജ്യത്തിന്​. ബംഗ്ലാ ബ്യൂറോ ഓഫ്​ സ്​റ്റാറ്റിസ്​റ്റിക്​സ്​ സർവേയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം ജി.ഡി.പി 5.24 ശതമാനം വളർച്ച കൈവരിച്ചു. പ്രതിശീർഷ വരുമാനം 2064 ഡോളറായി ഉയർന്നു. വികസ്വരരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്​​ വിദേശത്തുനിന്നുള്ള പണമയപ്പ്​. 2020ൽ 1988കോടി ഡോളറായിരുന്നു അങ്ങനെയെത്തിയ തുക. കഴിഞ്ഞ വർഷം ജനുവരിയിൽ എത്തിയ വിദേശസമ്പാദ്യത്തി​െൻറ 20 ശതമാനം അധികമാണ്​ ഇക്കുറി എത്തിച്ചേർന്നത്​.

പശ്ചാത്തല വികസനത്തിലും വലിയ വിപ്ലവംതന്നെയാണ്​ നടക്കുന്നത്​. ബംഗബന്ധു പാലം, രാംപാൽ ഊർജനിലയം, മാതാബരി തുറമുഖം, ധാക്ക മെട്രോ റെയിൽ തുടങ്ങി നിരവധി പദ്ധതികൾ, പല പദ്ധതികളും പണിപ്പുരയിലും. മെട്രോയുടെയും എക്​സ്​പ്രസ്​ ഹൈവേയുടെയും പണി പൂർത്തിയാവുന്നതോടെ ധാക്ക നഗരത്തിലെ ഗതാഗതക്കുരുക്ക്​ ദിവസേന കവർന്നെടുക്കുന്ന പ്രവൃത്തി സമയം വീണ്ടെുക്കാനാവും.

ഐ.ടി രംഗത്തും ഡിജിറ്റൽ മേഖലയിലും ചുവടുറപ്പിച്ചു കഴിഞ്ഞു രാജ്യം. ഇ-ബാങ്കിങ്, ഇ-കോമേഴ്​സ്​, ഇ-വോട്ടിങ്​ എന്നിവയെല്ലാം സാർവത്രികമാവുന്നു. വിദ്യാഭ്യാസ രംഗത്തും ​ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി പാഠപുസ്​തകം നൽകാനും സ്​റ്റൈപൻഡ്​​ നൽകാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശസാത്​കരിക്കാനും ദുർബലവിഭാഗങ്ങളിലെ കുട്ടികൾക്ക്​ വിദ്യാഭ്യാസ സഹായമൊരുക്കാനുമെല്ലാം പദ്ധതികളുണ്ട്​.

ആരോഗ്യമേഖലയിലും എടുത്തുപറയേണ്ട നേട്ടങ്ങളുണ്ടായി. ഉൾനാടൻ പ്രദേശങ്ങളിലുൾപ്പെടെ നിലവാരമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ ഉയരുന്നു. മാതൃ-ശിശു മരണനിരക്ക്​ ഗണ്യമായി കുറഞ്ഞു. 1990ൽ 149 ആയിരുന്ന ശിശുമരണ നിരക്ക്​ ഇപ്പോൾ 53 ആണ്​.

കഴിഞ്ഞ കുറച്ചുവർഷങ്ങൾകൊണ്ട്​ അരി ഉൽ​പാദനം അഞ്ച്​ ദശലക്ഷം മെട്രിക്​ ടൺ ആയി വർധിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടിക്രമങ്ങളുണ്ട്​. ഐക്യരാഷ്​ട്ര സഭയുടെ സമാധാന സംരക്ഷണ ദൗത്യങ്ങളിൽ രാജ്യത്തി​െൻറ പങ്കാളിത്തം മികച്ചതാണ്​. ഈ ദൗത്യത്തിൽ പങ്കുചേരുന്ന 120 ലേറെ രാജ്യങ്ങളിൽ ഏറ്റവും മുകളിലാണ്​ ബംഗ്ലാദേശ്​. പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിലും ഭക്ഷണ സ്വയം പര്യാപ്​തതയിലുമെല്ലാം അസൂയാവഹമായ അവസ്ഥയുണ്ട്​ രാജ്യത്തിന്​.

പണപ്പെരുപ്പം നേരിടുന്നതിലും കടൽ തർക്കങ്ങൾ പരിഹരിക്കുന്നതിലും സ്വാതന്ത്ര്യപോരാളികളുടെ ആനുകൂല്യം നൽകുന്നതിലുമെല്ലാം ഈ നേട്ടമുണ്ട്​. കർഷകർക്ക്​ ന്യായവില ഉറപ്പാക്കാൻ ലക്ഷ്യമിട്ട്​ 50 ഏക്കർ വിസ്​തൃതിയിൽ വടക്കൻനഗരമായ താകുർഗാവ്​ കേന്ദ്രീകരിച്ച്​ രാജ്യത്തെ ആദ്യഭക്ഷ്യസംസ്​കരണ വ്യവസായനഗരത്തിനും തുടക്കമിടുകയാണ്​ സർക്കാർ.

ഈ നേട്ടങ്ങൾക്കും വിജയങ്ങൾക്കുമെല്ലാമിടയിലും ബംഗ്ലാദേശി​െൻറ പ്രതിച്ഛായക്ക്​ കളങ്കം വരുത്തുന്ന ചില വശങ്ങളുമുണ്ടെന്നത്​ മറച്ചു വെക്കാനാവില്ല. സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത്​ തുടരെത്തുടരെയുണ്ടാവുന്നു. സമീപകാല പഠനത്തിൽ വ്യക്തമായത്​ 40 ശതമാനം സ്​ത്രീകൾ പ്രത്യക്ഷ​മായോ പരോക്ഷമായോ അവഹേളിക്കപ്പെടുന്നുണ്ടെന്നാണ്​. വികലാംഗ സ്​ത്രീകളിൽ 30 ശതമാനവും ശാരീരികാതിക്രമങ്ങളെ അതിജീവിച്ചവരാണ്​. 2019ൽ 1413 സ്ത്രീകൾ ബലാത്സംഗത്തിനിരയായി.

ഈ വർഷം പകുതി പിന്നിട്ടപ്പോഴേക്കും 601സ്​ത്രീകൾക്ക്​ നേരെ ബലാത്സംഗമുണ്ടായി. സ്​ത്രീകൾക്കെതിരായ അതിക്രമങ്ങളോട്​ കർശന നിലപാട്​ സ്വീകരിക്കുന്നുണ്ട്​ സർക്കാർ. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്​. അഴിമതിയാണ്​ വളർച്ചക്ക്​ വിഘാതം തീർക്കുന്ന അടുത്ത പ്രശ്​നം. വായ്​പ തിരിച്ചടക്കാത്തവർ സമ്പദ്​വ്യവസ്ഥയിൽ വലിയ സമ്മർദം സൃഷ്​ടിക്കുന്നു. എന്നാലും വായ്​പക്കുടിശ്ശികയിൽ ചെറിയ കുറവ്​ വന്നു തുടങ്ങിയിരിക്കുന്നു.

പുഴ കൈയേറ്റം, ഭൂമി തട്ടിയെടുക്കൽ എന്നിവയെല്ലാം വികസനത്തിന്​ തടസ്സങ്ങളാണ്​. റോഡ്​ അപകടങ്ങൾ ജീവനും സ്വത്തിനും വലിയ നഷ്​ടം വരുത്തിവെക്കുന്നു. ഒരു സർവേയിൽ വ്യക്തമായത്​ ഓരോ വർഷവും ജി.ഡി.പിയുടെ 1.5 ശതമാനം അതായത്​ 5000കോടി ടാക്കയോളം റോഡ്​ അപകടം മൂലം നഷ്​ടം വരുന്നുവെന്നാണ്​. 15 വർഷത്തിനിടെ 55,000 ജീവൻ പൊലിഞ്ഞു. മലിനീകരണമാണ്​ മറ്റൊരു ഭീഷണി. 2019 വരെ 74,000 ആളുകൾ മരണപ്പെട്ടിരിക്കുന്നു.

ഒരു വികസിത രാജ്യം കെട്ടിപ്പടുക്കാൻ ജനങ്ങൾക്ക്​ മികച്ച ജീവിതരീതി അത്യന്താപേക്ഷിതമാണ്​. ബംഗ്ലാദേശ്​ ബ്യൂറോ ഓഫ്​ സ്​റ്റാറ്റിസ്​റ്റിക്​സും യുനിസെഫും ചേർന്ന്​ നടത്തിയ പഠനം വെളിപ്പെടുത്തിയത്​ 2.34 കോടി ആളുകൾ ശുചികരമല്ലാത്ത കക്കൂസുകളാണ്​ ഉപയോഗിക്കുന്നതെന്നാണ്​.1.5 ശതമാനം പേർ തുറസ്സായ സ്ഥലത്ത്​ വിസർജനം ചെയ്യുന്നവരും. വരും നാളുകളിൽ രാജ്യം കു​റെയേറെ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട്​.

അഴിമതിയെ ഉരുക്കുമുഷ്​ടികൊണ്ട്​ നേരിടുക, ജനസംഖ്യ നിരക്കിൽ നിയന്ത്രണം വരുത്തുക, തൊഴിലില്ലായ്​മ കുറച്ചു കൊണ്ടുവരുക, കോവിഡ്​ സൃഷ്​ടിച്ച സാമ്പത്തിക സമ്മർദത്തെ നേരിടുക, റോഹിങ്ക്യരെ തിരിച്ചയക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തുക, തീവ്രവാദവും വിഭാഗീയതയും നേരിടുക, സാധാരണക്കാർക്ക്​ താങ്ങാനാവുന്ന വിധത്തിൽ വിപണി വില ക്രമീകരിക്കുക, ജനാധിപത്യ ക്രമം തുടരുക,

റോഡ്​ അപകടങ്ങൾ തടയാൻ ഫലപ്രദമായ മാർഗങ്ങൾ തേടുക, മയക്കുമരുന്ന്​ വ്യാപനം തടയാൻ ഒന്നിക്കുക എന്നിവയാണ്​ അവയിൽ ചിലത്​. വിമോചന യുദ്ധത്തി​െൻറ ലക്ഷ്യങ്ങളും സ്വപ്​നങ്ങളുമെല്ലാം ഒറ്റരാത്രികൊണ്ട്​ സാധ്യമാക്കിയെടുക്കാമെന്ന്​ മോഹിക്കുന്നതിൽ ഒരർഥവുമില്ല. എന്നാൽ, രാഷ്​ട്രത്തോട്​ സ്​നേഹം പുലർത്തി, വിമോചന പോരാട്ടത്തി​െൻറ ചൈതന്യം ഉൾക്കൊണ്ട്​ സത്യസന്ധമായ ഭരണം നടത്താനായാൽ ഏറെ കാലതാമസമില്ലാതെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുക തന്നെ ചെയ്യും.

(ധാക്ക ബി.എ.എഫ്​ ഷഹീൻ കോളജിൽ അസി. പ്രഫസറാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshKhalida ZiaSheikh Mujibur Rahmanshaikh haseena
News Summary - To make the dreams of Bangladesh liberation come true
Next Story