യുക്രെയ്ൻ അധിനിവേശകരെ വിമർശിക്കാൻ ഇന്ത്യ മടിക്കുന്നതെന്തിന് ?
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രെയിൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും
ജി 7 ഉച്ചകോടിക്കിടെ
യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് കുഴക്കുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്നാണ് എെൻറ പക്ഷം. ഒന്നുകിൽ നമ്മൾ പറയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല, അല്ലെങ്കിൽ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ വെറുതെയങ്ങ് പറയുന്നു, അതുമല്ലെങ്കിൽ നമ്മുടെ നിലപാടുകളോടുതന്നെ വൈരുധ്യമുള്ള കീഴ്വഴക്കം സൃഷ്ടിക്കുന്നു. അത് നമുക്കെതിരെ ഉപയോഗിക്കപ്പെട്ടാൽ ഖേദിക്കേണ്ടിവരുമെന്ന ഭയവും എനിക്കുണ്ട്.
യുക്രെയ്ൻ പ്രതിസന്ധിയെ മാനവികതയുടെയും മാനുഷിക മൂല്യങ്ങളുടെയും പ്രശ്നമായി കാണുന്നുവെന്നാണ് ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയോടും താൻ ക്ഷണിക്കപ്പെട്ട ജി7 ഗ്രൂപ്പിലെ യോഗത്തിലും പറഞ്ഞത് പറഞ്ഞു. അപ്പറഞ്ഞത് ശരി തന്നെയെന്നത് സംശയരഹിതമായ കാര്യമാണ്. പക്ഷേ, പിന്നെ എന്തുകൊണ്ടാണ് യുക്രെയ്നിലേക്ക് അധിനിവേശം നടത്തി മാനവികതയെയും മാനവിക മൂല്യങ്ങളെയും ഉല്ലംഘിച്ച രാജ്യത്തെ വിമർശിക്കാൻ നമുക്ക് കഴിയാതെ പോകുന്നത്?
ഞായറാഴ്ച പ്രധാനമന്ത്രി പറഞ്ഞു: ‘എല്ലാ രാജ്യങ്ങളും യു.എൻ ഉടമ്പടിയും അന്താരാഷ്ട്ര നിയമവും എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും, പ്രാദേശിക സമഗ്രതയും മാനിക്കേണ്ടത് അത്യാവശ്യമാണ്’ എന്ന്. നിലവിലെ സ്ഥിതിമാറ്റാനുള്ള ഏകപക്ഷീയ ശ്രമങ്ങൾക്കെതിരെ ഒരുമിച്ച് ശബ്ദമുയർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആ പറഞ്ഞതും ശരിയായ കാര്യംതന്നെ. പക്ഷേ, യു.എൻ ഉടമ്പടിയും ഒരു യു.എൻ അംഗരാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ലംഘിച്ച രാജ്യം ഏതാണ്? അതിനെതിരെ ശബ്ദം ഉയർത്തുന്നതിൽ പരാജയപ്പെട്ട രാജ്യമേതെന്ന് കൂടി പറഞ്ഞുതരൂ.
സെപ്റ്റംബറിൽ അദ്ദേഹം പറഞ്ഞു: ഇതു യുദ്ധം ചെയ്യേണ്ട കാലമല്ലെന്ന്. അതും അതി മനോഹരമായ പറച്ചിൽ, ഏവരും അത് ആവർത്തിക്കുന്നു.
എന്നിട്ടും എന്തുകൊണ്ടാണ് യുദ്ധത്തിന് തുടക്കമിട്ട രാജ്യത്തെ വിമർശിക്കാൻ നമുക്ക് കഴിയാത്തത്? വാസ്തവത്തിൽ, ഇതു വല്ലാത്ത വിചിത്രമാണ്. യുക്രെയ്നിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെ നമ്മൾ യുദ്ധം എന്നു വിളിക്കുന്നില്ല. നമ്മുടെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അതിന് വിസമ്മതിക്കുന്നു. യുദ്ധം ഇല്ലെങ്കിൽ - ‘ഇത് യുദ്ധം ചെയ്യേണ്ട കാലമല്ലെന്ന’ നമ്മുടെ ഓർമപ്പെടുത്തലിന് എന്ത് പ്രസക്തിയാണുള്ളത്? അതോ നേരിട്ടുപറയാനുള്ള സത്യസന്ധതയും ധൈര്യവും ഇല്ലാത്തതുകൊണ്ട് ഒളിച്ചും വളുച്ചുകെട്ടിയും പറയുകയാണോ?
ഒരു മാസം കഴിഞ്ഞ് ഒക്ടോബറിൽ സെലൻസ്കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ മോദി പറഞ്ഞു റഷ്യ നടത്തിയ അധിനിവേശത്തിന് ഒരു സൈനിക പരിഹാരം ഇല്ല എന്ന്. അത് എന്നെ ശരിക്കും ആശയക്കുഴപ്പത്തിലാക്കി. ഒന്നാമതായി, ഒരു അധിനിവേശം നടക്കുന്നുവെന്ന് അദ്ദേഹം പരോക്ഷമായി അംഗീകരിച്ചിരിക്കുന്നുവോ? അതിലും പ്രധാനമായി, അധിനിവേശത്തിനിരയായ ഒരു രാജ്യത്തോട് നിങ്ങൾ പറയുന്ന കാര്യമാണോ ഇത്? എന്താണ് ഇതിനർഥം? നിങ്ങളുടെ പോരാട്ടംപോലും കൂടാതെ റഷ്യ പിൻവാങ്ങുമെന്നോ? - അങ്ങനെയൊരു കാര്യം സങ്കൽപിക്കാൻപോലും കഴിയാത്തതാണ് - അതോ സംഭവിച്ചതെല്ലാം സഹിച്ച്, കടിച്ചുപിടിച്ച് ജീവിക്കണമെന്നോ?
നമ്മുടെ പ്രദേശത്തേക്ക് ചൈന കടന്നുകയറുകയും മേൽ പറഞ്ഞതുപോലൊരു സന്ദേശം മറ്റു ലോകരാഷ്ട്രങ്ങൾ പുറപ്പെടുവിപ്പിക്കുകയും ചെയ്താൽ നമുക്ക് ഇഷ്ടമാകുമോ?
ഈ ചോദ്യത്തിെൻറ ഉത്തരം ഉവ്വ് എന്നായിരിക്കുമെന്ന് ഞാൻ ഭയക്കുന്നു. അവർ ഇപ്പോൾ തന്നെ ലഡാക്കിൽ നമ്മുടെ ഭൂമിയിലേക്ക് കടന്നുകയറിയിട്ടുണ്ട്, സർക്കാർ ഇതു നിഷേധിക്കുന്നു. ഈ നിഷേധം ഭീരുത്വത്തിലൂട്ടപ്പെട്ട നുണയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നതിനിടയിലും സർക്കാർ നിഷേധിക്കുന്നു. 2020 ജൂണിൽ, ചൈനീസ് സൈന്യം നമ്മുടെ പ്രദേശത്ത് വന്ന കാര്യം പ്രധാനമന്ത്രി നിഷേധിച്ചു. അപ്പോൾ ഗൽവാൻ സംഭവിച്ചത് ചൈനീസ് പ്രദേശത്തായിരുന്നോ? അവരല്ല, നമ്മളാണ് അതിക്രമിച്ചുകടന്നത് എന്നാണോ?
ലഡാക്കിലെ നമ്മുടെ 60 പട്രോളിങ് പോയൻറുകളിൽ ഏകദേശം 26 എണ്ണത്തിൽ നേരത്തേ അംഗീകരിക്കപ്പെട്ടതു മാതിരി ഇനിമേൽ പട്രോളിങ് നടത്താൻ നമുക്കാവില്ല എന്ന ഔദ്യോഗിക റിപ്പോർട്ടും ഓർക്കാതിരിക്കരുത്. ഈ എണ്ണം ഞാൻ എെൻറ ഓർമയിൽ നിന്നെടുത്ത് പറയുന്നതിനാൽ ചിലപ്പോൾ നേരിയ വ്യത്യാസം കണ്ടേക്കാം. വായനക്കാർക്ക് ചെറിയ ഒരു പരിശോധന വഴി അതിൽ കൃത്യത വരുത്താനാവും.
അവസാനമായി, ഞാനൊരു വിദേശകാര്യ വിദഗ്ധനല്ല, അതുകൊണ്ടുതന്നെ എെൻറ അറിവില്ലായ്മയോ ധാരണക്കുറവോ വെളിവാക്കുന്ന നിസ്സാര ചോദ്യങ്ങൾ ആവർത്തിച്ചുവെന്നു വരാം. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി പലപ്പോഴായി നടത്തിയ പ്രസ്താവനകളിൽനിന്ന് ഉയർന്നുവരുന്ന വ്യക്തവും യുക്തിപരവും അഥവാ ഉയർത്താതിരിക്കാനാവാത്തതുമായ ചോദ്യങ്ങളാണിവയെല്ലാം.
തന്നെയുമല്ല, ഈ ചോദ്യങ്ങൾ ആദ്യമായി ഉന്നയിക്കുന്നയാളല്ല ഞാൻ. ഇനിതു മുമ്പ് പലരും പലതവണ ഇക്കാര്യങ്ങൾ ചോദിച്ചിട്ടുണ്ട്. പക്ഷേ, പരാജയപ്പെടുത്തുന്ന മൗനമാണ് മറുപടിയായി ലഭിച്ചത്. മറുപടി പറയേണ്ട ചോദ്യങ്ങളാണിവയെന്ന് നമ്മുടെ സർക്കാറിലെ ഒരാൾക്കുപോലും തോന്നുന്നതേയില്ല.
ഈ വാരാന്ത്യത്തിൽ പ്രധാനമന്ത്രി ജപ്പാനിൽ നടത്തിയ പ്രസ്താവനയോടെ വീണ്ടും കാലികപ്രസക്തി കൈവരുകയും നമ്മുടെ മാധ്യമങ്ങൾ പൂർണമായല്ലെങ്കിലും വലിയ തോതിൽ തന്നെ മൗനം പൂണ്ട് അതംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ എനിക്ക് മുമ്പേ ഉന്നയിച്ചവരുടെ ചോദ്യങ്ങൾക്ക് ശബ്ദം പകരുകയാണ് ഞാനിവിടെ.
നിങ്ങളോരോരുത്തരെയും പോലെ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. ജനാധിപത്യത്തിെൻറ മാതാവ് എന്ന് നാം ഇപ്പോൾ പറയുന്ന, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരജനങ്ങൾ എന്ന നിലയിൽ അതിന് അർഹതപ്പെട്ടവർ മാത്രമല്ല, ബാധ്യതയുള്ളവരാണ് നമ്മൾ.
ശേഷക്കുറി: എനിക്കറിയാവുന്നിടത്തോളം ഒരേയൊരു പാർലമെൻറംഗം മാത്രമാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളൂ. ശശി തരൂർ മാത്രം. thewire.in ന് നൽകിയ അഭിമുഖത്തിലും ലോക്സഭയിലും അദ്ദേഹം ഇക്കാര്യങ്ങൾ ഉന്നയിച്ചു. പക്ഷേ, സങ്കടകരമെന്നു പറയട്ടെ, അദ്ദേഹത്തിെൻറ പാർട്ടി മൗനം ദീക്ഷിച്ചു; അവർക്ക് ഈ വിഷയത്തിലൊന്നും ഒരക്ഷരം പറയാനുണ്ടായിരുന്നില്ല.
(നന്ദി: The India Cable)