Begin typing your search above and press return to search.
exit_to_app
exit_to_app
tn prathapan
cancel
camera_alt

ടി.എൻ. പ്രതാപൻ  

അയോധ്യയിൽ സംഘപരിവാർ സ്പോൺസർ ചെയ്യുന്ന ക്ഷേത്രത്തിെൻറ നിർമാണോദ്‌ഘാടനം കഴിഞ്ഞിരിക്കുന്നു. ഇതുസംബന്ധിച്ച് രാജ്യത്ത് പ്രധാനമായും രണ്ട് വികാരങ്ങളാണ് ഉള്ളത്. ഒന്ന്, ക്ഷേത്ര നിർമാണത്തെ അനുകൂലിക്കുന്നത്. മറ്റൊന്ന്, കോടതി വിധി ക്ഷേത്ര നിർമാണം ആവശ്യപ്പെടുന്നതിനാൽ തടയാനില്ലെങ്കിലും പള്ളി പൊളിച്ചിടത്ത് ക്ഷേത്രം പണിയുന്നതിനോടുള്ള വിയോജിപ്പ്. ബി.ജെ.പിയുടെ നിലപാട് ഇതിൽ വ്യക്തമാണ്. മതനിരപേക്ഷ പാർട്ടികൾക്കിടയിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. അതിൽ പ്രധാനമായും കോൺഗ്രസിൽ ഭിന്നാഭിപ്രയങ്ങളുണ്ട്. എന്നാൽ, ക്ഷേത്ര നിർമാണ ട്രസ്​റ്റ്​ രാമക്ഷേത്രം പണിയട്ടെ എന്നുതന്നെയാണ് സി.പി.എമ്മി​െൻറ തീരുമാനം. പക്ഷെ, ഇവിടെ ഞാൻ കോൺഗ്രസിനകത്തെ വ്യത്യസ്ത നിലപാടുകളെ കുറിച്ച് മാത്രമാണ് പറയുന്നത്. ഒപ്പം കോൺഗ്രസിെൻറ പാരമ്പര്യത്തെപ്പറ്റിയുള്ള എെൻറ വിശ്വാസവും അതിനോടനുബന്ധിച്ചുള്ള എെൻറ നിലപാടുമാണിത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഗാന്ധി വധം പോലെ, ബാബരി ധ്വംസനം പോലെ ഭാരതത്തിെൻറ ആത്മാവിനെ മുറിപ്പെടുത്തിയ വേറെ സംഭവങ്ങൾ ഇല്ലെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്. രണ്ടിെൻറയും പിന്നിൽ ഇന്ത്യാ ഉപഭൂഖണ്ഡം കണ്ടതിൽവെച്ച് ഏറ്റവും കടുത്തതും ശക്തിയുള്ളതും അപകടകരമായ ആശയ പിൻബലമുള്ളതുമായ സംഘപരിവാറായിരുന്നു. ഗാന്ധി വധത്തെ അവർ പലരൂപത്തിൽ ന്യായീകരിക്കുന്നതും പുനരവതരിപ്പിക്കുന്നതും ഗാന്ധി ഘാതകരെ പൂജിക്കുന്നതും നാം കണ്ടതാണ്. ഇപ്പോൾ കേരളത്തിലെ ബി.ജെ.പി നേതാക്കൾ വരെ പരസ്യമായി അത് പറഞ്ഞുതുടങ്ങിയിട്ടുണ്ടല്ലോ.


ബാബരി മസ്ജിദിൽ വിഗ്രഹം കൊണ്ടുവന്ന് വെച്ചത് തെറ്റ്, അത് പൊളിച്ചത് വലിയ തെറ്റ് എന്നിങ്ങനെയാണ് സുപ്രീം കോടതി വിധി നീണ്ടത്. ഒടുവിൽ പള്ളി ഇരുന്നിടത്ത് ക്ഷേത്രം പണിയാമെന്ന് ഉപസംഹാരവും. പരമോന്നത നീതിപീഠം വിധി പുറപ്പെടുവിച്ചാൽ വിയോജിപ്പുകളുണ്ടെങ്കിലും അത് മാനിക്കാനുള്ള മര്യാദ ഇവിടത്തെ ജനാധിപത്യ മതേതര വിശ്വാസികൾക്കുണ്ട്. എന്നുകരുതി, ബാബരി ധ്വംസനം മറക്കണമെന്നോ, അതേ തുടർന്നുണ്ടായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങൾ ഓർക്കാതിരിക്കണമെന്നോ ആരും നിഷ്കളങ്കപ്പെടരുത്. എന്നിട്ടും, അയോധ്യാ വിഷയത്തിലെ സുപ്രീം കോടതി വിധിയെ എല്ലാവരും മാനിക്കുന്നുണ്ട്. അതിനർഥം, ബാബരി മസ്ജിദ് തകർത്തതിനെ അംഗീകരിക്കുന്നു എന്നാണോ? ആവരുത്. ഞാൻ തുടക്കത്തിൽ പറഞ്ഞ രണ്ട് അഭിപ്രയങ്ങൾ കൂടാതെ കോൺഗ്രസിനകത്ത് രൂപപ്പെടുന്ന മറ്റൊരു അഭിപ്രായം ബാബരി ധ്വംസനം അതിക്രമവും അപലപനീയവുമായിരിക്കെ തന്നെ ക്ഷേത്ര നിർമാണം കോടതി വിധിയുടെ പശ്ചാത്തലത്തിലായതിനാൽ ഉത്തരേന്ത്യയിൽ ഇതിനോടകം ആഴത്തിൽ വേരോടിയ ശ്രീരാമ പ്രഭാവത്തെ സംഘപരിവാറിന് വിട്ടുകൊടുക്കാതെ ക്ഷേത്ര നിർമാണത്തെ അനുകൂലിക്കണമെന്നുള്ളതാണ്.

ഒരുപക്ഷെ, പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ഈ അഭിപ്രായത്തി​െൻറ പ്രതിഫലനമാകാം. എന്നാൽ, ഞാനിതിനോടും വിയോജിക്കുകയാണ്. പകരം, 'രാമൻ സ്നേഹമാണ്, നീതിയാണ്, കരുണയാണ്... അവർ ഒരിക്കലും അതിക്രമത്തി​െൻറയോ വെറുപ്പി​െൻറയോ അനീതിയുടെയോ രൂപേണ നിലനിൽക്കില്ല' എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയായിരുന്നു വേണ്ടിയിരുന്നത് എന്നാണ് ആഗ്രഹിക്കുന്നത്. ഒരു മസ്ജിദ് പൊളിച്ചിട്ട് ക്ഷേത്രം പണിതാൽ സന്തുഷ്​ടനാകുന്നവനല്ല ഹിന്ദുവി​െൻറ രാമൻ എന്നാണ് അത് പറയുന്നത്. സർവരും സന്തുഷ്​ടരായി വാഴുന്ന 'രാമരാജ്യം' മഹാത്മാ ഗാന്ധി ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ, സംഘപരിവാറി​െൻറ രാമരാജ്യത്തിൽ മുസ്​ലിംകളോ ക്രിസ്ത്യാനികളോ ദളിതരോ ഒന്നും കാണില്ല. സംഘപരിവാറി​െൻറ മതരാഷ്​ട്ര സങ്കൽപത്തിൽ രാമ​െൻറ പേരിൽ അരുംകൊലകളും കലാപങ്ങളും അരങ്ങേറും. രാമനെ അനേകായിരം നിരപരാധികളുടെ ചോരച്ചാലുകളിൽ കുളിപ്പിച്ച് വെറുപ്പി​െൻറയും കോർപറേറ്റ് താൽപര്യങ്ങളുടെയും മേൽ പ്രതിഷ്​ഠിക്കും. അങ്ങനെയൊരു ശ്രീരാമനെ ഇവിടെ ഏത് ഹിന്ദു ധർമത്തിനാണ് പരിചയമുള്ളത്? എല്ലാ മാസവും ഗുരുവായൂർ ക്ഷേത്രത്തിൽ പോയി കൃഷ്ണ ഭഗവാ​െൻറ അനുഗ്രഹം തേടുന്ന, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമ ക്ഷേത്രമുള്ള തൃപ്രയാറിൽനിന്ന് വരുന്ന എനിക്ക് സംഘ്പരിവാറി​െൻറ ആണധികാര-രോഷാകുല രാമനോടോ ആ രാമരാജ്യത്തോടോ ഒരു പ്രതിബദ്ധതയുമില്ല.


സംഘ്പരിവാറി​െൻറ വെറുപ്പി​െൻറ രാഷ്​ട്രീയം ഹൈജാക്ക് ചെയ്യുന്നതിനും മുൻപേ ശ്രീരാമൻ ഭാരതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു സാംസ്കാരിക സങ്കല്പം കൂടിയാണ്. ഉത്തരേന്ത്യയിൽ പലയിടങ്ങളിലും ഇപ്പോഴും രാംലീലാ ഘോഷയാത്രകൾക്ക് ചമയങ്ങളൊരുക്കുന്നത് പരമ്പരാഗത മുസ്​ലിം കുടുംബങ്ങളാണ്. ഡൽഹിയിൽ ചാന്ദ്നി ചൗക്കിൽ നടക്കാറുള്ള രാംലീലക്ക് ചമയങ്ങൾ തയാറാക്കുന്ന കുടുംബങ്ങളിൽ ചിലരുടെ വേരുകളുള്ളത് പാകിസ്താനിലുമാണത്രെ. ഇങ്ങനെ മത പാരസ്പര്യത്തി​െൻറ, ദേശാന്തര സാഹോദര്യത്തി​െൻറ പ്രതീകമായ ഒരു രാമനെ മാത്രമേ ഹിന്ദുക്കൾക്കും വേണ്ടൂ. സത്യത്തിൽ അയോധ്യയിൽ രാമജന്മഭൂമി എന്നടയാളപ്പെടുത്തുന്ന അനേകം ക്ഷേത്രങ്ങൾ വേറെയുമുണ്ട്. മത പാരസ്പര്യത്തി​െൻറ സന്ദേശമുയർത്തുന്ന ആ ദേവാലയങ്ങൾക്കുള്ള പുണ്യമൊന്നും സംഘപരിവാർ പണിയാൻപോകുന്ന ക്ഷേത്രത്തിന് ഒരിക്കലും ഉണ്ടാവാൻ പോകുന്നില്ല. കാരണം, അവിടെ മതമോ വിശ്വാസമോ അല്ല പുലരാനിരിക്കുന്നത്. പകരം, രാഷ്​ട്രീയവും വിദ്വേഷവുമാണ്.

മാത്രവുമല്ല, ദിനേന ആയിരങ്ങൾ മഹാമാരിവന്ന് മരിച്ചുവീഴുന്ന ഒരു രാജ്യത്ത് ആശുപത്രികളേക്കാൾ സർക്കാരിന് മുഖ്യം വിഭാഗീയതയുടെ പ്രതീകമായ ഒരു ക്ഷേത്ര മന്ദിരമാണോ? കോവിഡ് പ്രതിരോധ മേഖലയിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക്​ പി.പി.ഇ കിറ്റ് കൊടുക്കാൻ നിവൃത്തിയില്ലാത്ത കേന്ദ്ര സർക്കാർ പൊതു ഖജനാവിൽ ക്ഷേത്ര നിർമാണ ട്രസ്​റ്റിലേക്ക് പണം മാറ്റിയെന്നത് എന്തുമാത്രം അപകടകരമായ ഒരു നയമാണ്. ബി.ജെ.പി സർക്കാരി​െൻറ ലക്ഷ്യവും മാർഗവും തീവ്ര ഹിന്ദുത്വ ദേശീയതയായതിനാൽ ഇതിൽ തെല്ലും അതിശയിക്കാനില്ലല്ലോ. എന്നാൽ, തറക്കല്ലിടുന്ന പരിപാടിക്ക് വിളിച്ചില്ലെന്ന് പരിഭവം പറയുക വഴി കമൽനാഥും ദിഗ്‌വിജയ് സിങ്ങും സ്വയം അപഹാസ്യരാവുക കൂടിയാണ് ചെയ്തത്.


സിഖ് വിരുദ്ധ കലാപത്തെച്ചൊല്ലി ഉയർന്ന ആരോപണങ്ങളെ കുറിച്ച് പാർട്ടി പഠിക്കുകയും തുടർന്ന് പ്രവർത്തകർക്കും ചില നേതാക്കൾക്കും വന്നുപോയ തെറ്റുകളെ മുൻനിർത്തി സിഖ് വിഭാഗങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്​തിട്ടുണ്ട് കോൺഗ്രസ്​. അതുപോലെ, ബാബരി വിഷയത്തിൽ കോൺഗ്രസി​െൻറ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകാനാണ് പാർട്ടി തയാറാവേണ്ടത്. ഇത് സംബന്ധിച്ച് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കഴിഞ്ഞ ദിവസം നൽകിയ കത്തിൽ ഞാൻ വ്യക്തമാക്കിയ കാര്യം ബാബരിയുടെ ധ്വംസനം അങ്ങേയറ്റം മുറിവേൽപ്പിച്ച ലക്ഷോപലക്ഷം ആളുകൾ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ടെന്നത് മറക്കരുതെന്നും അവരെ ഉൾക്കൊള്ളാനും നിരാശയിലേക്ക് തള്ളിവിടാതിരിക്കാനും പാർട്ടിക്ക് ബാധ്യതയുണ്ടെന്നുമാണ്.

തീവ്ര ഹിന്ദുത്വ ദേശീയതയെ അതി​െൻറ മൃദുരൂപം കൊണ്ട് തോൽപിക്കാമെന്നത് ഇനിയും കോൺഗ്രസ് പാർട്ടിയിൽ ആരും കരുതരുത്. ഇനിയെന്തുവന്നാലും വേണ്ടത് ഒരു ബദലാണ്. അത് രാജ്യത്തി​െൻറ ആത്മാവ് കുടികൊള്ളുന്ന മൂല്യങ്ങളിൽ ഉറച്ചതുമായിരിക്കണം. സർക്കാർ-പൊതു ഇടങ്ങളിൽ ആർ.എസ്.എസി​െൻറ ശാഖകൾ നിരോധിക്കുമെന്ന് തെരെഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിച്ച, അധികാരത്തിൽ വന്നപ്പോൾ അത് നടപ്പിലാക്കിയ കമൽനാഥിന് ഇപ്പോഴുള്ള ഈ അയോധ്യാ നിലപാടിൽ ത​േൻറതായ ന്യായീകരണം കണ്ടേക്കും. എന്നാൽ, അത്തരം സാധൂകരണങ്ങൾ തീരുന്നിടത്ത് തുടങ്ങുന്നതാണ് ജവഹർ ലാൽ നെഹ്‌റുവി​െൻറയും മഹാത്മാ ഗാന്ധിയുടെയും മൗലാനാ ആസാദി​െൻറയുമൊക്കെ പാരമ്പര്യം കിടക്കുന്നത്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ഉദ്‌ഘാടനം ചെയ്യാൻ ക്ഷണിക്കപ്പെട്ടപ്പോൾ ഒരു രാജ്യത്തി​െൻറ പ്രധാനമന്ത്രി ഒരു പ്രത്യേക മതത്തി​െൻറ ആരാധനാലയം ഉദ്ഘാടനം ചെയ്യുന്നത് ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല എന്ന് പഠിപ്പിച്ച നെഹ്റുവാണ് ഞാൻ പ്രതീക്ഷ വെക്കുന്ന കോൺഗ്രസി​െൻറ പാരമ്പര്യം. ഒപ്പം, 'ത​െൻറ രാഷ്​ട്രീയ ജീവിതം അവസാനിക്കുമെന്ന് വന്നാലും സത്യം പറയാതിരിക്കില്ല' എന്ന് ഉറപ്പിക്കുന്ന രാഹുൽ ഗാന്ധിയുടെ വഴിയും.

Show Full Article
TAGS:TN Prathapan MP Ram Mandir congress 
Next Story