Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂ​ന്ന് ബി​ല്ലു​ക​ള്‍; മി​ഷ​ന്‍ 360

text_fields
bookmark_border
മൂന്ന് വിവാദ ബില്ലുകള്‍ അണിയറയില്‍ ഒരുങ്ങവേ അതീവ പ്രക്ഷുബ്ധമായ പാര്‍ലമെന്റ് സെഷനായിരിക്കും വരാനിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കൂറുമാറ്റവും ചാക്കിട്ടുപിടുത്തവും വഴി മൂന്നില്‍ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കാനും ഭരണഘടനാ ഭേദഗതി നടപ്പിലാക്കാനും കേന്ദ്ര സര്‍ക്കാറിന് സാധിക്കുമോ?
മൂ​ന്ന് ബി​ല്ലു​ക​ള്‍;  മി​ഷ​ന്‍ 360
cancel

ജൂലൈ 20ന് ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ മുന്നിൽക്കണ്ട്, ജനവിധിയിലൂടെ നേടാനാവാത്ത ഭൂരിപക്ഷം അര്‍ഥവും അധികാരവും ഉപയോഗിച്ച് സ്വന്തമാക്കാൻ ഭക്ഷണകക്ഷിയിലെ അധികാര ദല്ലാള്‍മാർ നടത്തിയ കുതന്ത്രങ്ങൾക്കാണ് പോയ മാസങ്ങളിൽ രാജ്യം സാക്ഷിയായത്. ആം ആദ്മി പാര്‍ട്ടിയെയാണ് ആദ്യം പകുത്തെടുത്തത്. ബംഗാളിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെയും ഛിന്നഭിന്നമാക്കി. പിന്നെ ഉദ്ധവ് പക്ഷ ശിവസേനയെ നെടുകെ പിളര്‍ത്തി. അടുത്ത നോട്ടം ശരദ് പവാറിന്റെ എന്‍.സി.പിയിലാണ്. ലക്ഷ്യം ഒന്ന് മാത്രം - ഭരണഘടനാ ഭേദഗതിയിലൂടെ മൂന്ന് വിവാദ ബില്ലുകള്‍ ലോക്‌സഭയും രാജ്യസഭയും കടത്തണം. അതിനു വേണ്ടത് ലോക്‌സഭയിലും രാജ്യസഭയിലും ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ്.

മൂന്ന് വിവാദ ബില്ലുകളാണ് എന്‍.ഡി.എ അണിയറയില്‍ തയാറാക്കുന്നത്. ആദ്യത്തേത്, കേസിലകപ്പെടുന്ന സാമാജികരെ അധികാരത്തില്‍നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്ന 130ാം ഭരണഘടനാ ഭേദഗതി. ഇതനുസരിച്ച് അഞ്ചു വര്‍ഷമോ അധികമോ ജയില്‍ ശിക്ഷ ലഭിച്ചേക്കാവുന്ന കേസുകളില്‍ തുടര്‍ച്ചയായി 30 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയാല്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും അധികാരം നഷ്ടമാവും. ജയിലിലിരുന്ന് ഭരണയന്ത്രം തിരിക്കുന്ന കാലം കഴിഞ്ഞുവെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇതേക്കുറിച്ച് പറഞ്ഞത്. തീര്‍ത്തും ന്യായമെന്ന് തോന്നാവുന്ന നിലപാട്. എന്നാല്‍, ബി.ജെ.പിയുടെ അധികാര ദുരുപയോഗത്തിന്റെ ചരിത്രമറിയുന്ന ആരും ഈ ഭേദഗതിയെ മറ്റൊരു കുതന്ത്രമായേ കാണൂ. തങ്ങൾക്ക് വഴങ്ങാത്ത, പ്രതിപക്ഷ പാർട്ടികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണം അട്ടിമറിക്കാനുള്ള ഉപകരണമായി ഈ ഭേദഗതി മാറുമെന്ന ആശങ്ക ശക്തമാണ്.

ബില്‍ വനിതാ സംവരണമെന്ന പുകമറയിട്ട് മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ പിന്‍വാതിലിലൂടെ വഴിതേടുന്ന 131ാം ഭരണഘടനാ ഭേദഗതിയാണ് അടുത്തത്. 33 ശതമാനം വനിതാ സംവരണം പാര്‍ലമെന്റ് മുമ്പേ അംഗീകരിച്ചതാണ്. എന്നാല്‍, വനിതാ സംവരണത്തേക്കാള്‍ ബി.ജെ.പിക്ക് ആവശ്യം മണ്ഡല പുനര്‍നിര്‍ണയമാണ്. 2011ലെ സെന്‍സസ് പ്രകാരം മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുമ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ സീറ്റെണ്ണം കുത്തനെ കൂടുകയും തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കുകയും ചെയ്യും. വരും പൊതുതെരഞ്ഞെടുപ്പില്‍ മാത്രമല്ല, വരാനിരിക്കുന്ന ഒരുപാട് തെരഞ്ഞെടുപ്പില്‍ ഇത് ബി.ജെ.പി വാഴ്ച ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്വപ്‌നം കാണുന്നു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ ബില്‍. പൊതു തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭകളിലേക്കുൾപ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുകയാണ് ലക്ഷ്യമിടുന്നത്. ചെലവ് കുറക്കുമെന്നാണ് കേന്ദ്രം പറയുന്ന ന്യായം. എന്നാല്‍, ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നടപടിയായിരിക്കും ഇതെന്ന് ഭരണഘടനാ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

സംസ്ഥാനങ്ങളുടെ വായ മൂടിക്കെട്ടി എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കാനുള്ള അടവാണ് ഒരേ സമയമുള്ള ഇലക്ഷനെന്ന് കേന്ദ്ര നിയമ കമീഷൻ മുന്‍ ചെയര്‍പേഴ്‌സന്‍ ജസ്റ്റിസ് എ.പി. ഷാ ചൂണ്ടിക്കാട്ടുന്നു. തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ ചട്ടങ്ങളാണ് ഭേദഗതിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുവര്‍ഷ കാലാവധിക്കിടയില്‍ ഏതെങ്കിലും സംസ്ഥാനത്ത് മന്ത്രിസഭ രാജിവെക്കേണ്ടി വന്നാല്‍ ബാക്കി കാലയളവിലേക്ക് മാത്രമേ ഇലക്ഷന്‍ നടത്താനാവൂ. ഏത് തെരഞ്ഞെടുപ്പും നീട്ടിവെക്കാന്‍ ഇലക്ഷന്‍ കമീഷന് അധികാരം നല്‍കുന്നതും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ജസ്റ്റിസ് ഷാ അഭിപ്രായപ്പെടുന്നു.

ഭരണഘടനാ ഭേദഗതികള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം അതായത്, 363 എം.പിമാർ പാര്‍ലമെന്റില്‍ ഹാജരായി വോട്ട് രേഖപ്പെടുത്തണം. ലോക്‌സഭയില്‍ എന്‍.ഡി.എയുടെ നിലവിലെ അംഗബലം 293 ആണ്. തൃണമൂലിലെയും ശിവസേനയിലെയും വിമത എം.പിമാരുടെ കൂറുമാറ്റം സ്പീക്കര്‍ അംഗീകരിച്ചാലും 319 അംഗങ്ങളേ ആവൂ. 360ലെത്താന്‍ പിന്നെയും വേണം 41 പേര്‍. എന്‍.സി.പിയുടെ എട്ടംഗങ്ങളിലും എന്‍.ഡി.എയുടെ കണ്ണുണ്ട്. ഡി.എം.കെയുടെ 22 എം.പിമാരിലും എന്‍.ഡി.എ പ്രതീക്ഷ വെക്കുന്നു.

ബി.ജെ.പിയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍. എന്നാല്‍, തമിഴ്‌നാട്ടില്‍ ടി.വി.കെ ശക്തി പ്രാപിച്ചത് അദ്ദേഹത്തെ മാറിച്ചിന്തിപ്പിച്ചേക്കും. രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 161 അംഗങ്ങളുടെ പിന്തുണയാണ്.

എന്‍.ഡി.എക്ക് ഇപ്പോള്‍ തന്നെ 152 അംഗങ്ങളുടെ പിന്‍ബലമുണ്ട്. അതിനാല്‍ വിവാദ ബില്ലുകള്‍ രാജ്യസഭ കടത്തുക വലിയ വെല്ലുവിളിയാവില്ല. ജനവിധിയിലൂടെ നേടാനാവാതിരുന്നത് അധികാര ദുരുപയോഗത്തിലൂടെ കൈക്കലാക്കാനാണ് എന്‍.ഡി.എ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇന്ത്യയുടെ ഭരണഘടന തിരുത്തിയെഴുതലാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആരോപിക്കുന്നു.

പാര്‍ട്ടികളെ പിളര്‍ത്തി ഭൂരിപക്ഷം സ്വന്തമാക്കാമെന്ന വ്യാമോഹം നടപ്പാവില്ലെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും പ്രലോഭനങ്ങളും ഭീഷണികള്‍ക്കും മുന്നില്‍ എത്ര പ്രതിപക്ഷ എം.പിമാര്‍ പിടിച്ചുനില്‍ക്കുമെന്ന് ആലോചിക്കേണ്ടി വരും. വോട്ട് ചെയ്യുന്നവര്‍ മാത്രമല്ല, വിട്ടുനില്‍ക്കുന്നവരും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവും. അതിനാല്‍ മണ്‍സൂണ്‍ സെഷനില്‍ ഓരോ വോട്ടും പ്രധാനമാണ്. ഓരോ എം.പിയും വോട്ട് ചെയ്യുന്നതും വോട്ട് ചെയ്യാതിരിക്കുന്നതും രാജ്യത്തിന്റെ ഗതി നിര്‍ണയിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three Bills; Mission 360
Next Story