രാഷ്ട്രീയ കേരളത്തിെൻറ ജീർണമുഖം വെളിപ്പെടുത്തിക്കൊണ്ടും പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിലൂടെ അതിശക്തനെന്നു പേരെടുത്ത മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രതിച്ഛായ തകര്‍ത്തുകൊണ്ടുമാണ് ഗതാഗതമന്ത്രി തോമസ് ചാണ്ടി പടിയിറങ്ങിയത്. ആദ്യ വർഷംതന്നെ ഉദ്യോഗസ്ഥരെ കൈകാര്യംചെയ്യുന്നതിലെ പരാജയം പിണറായിയുടെ ദൗര്‍ബല്യം വെളിപ്പെടുത്തിയിരുന്നു. ഒരു കൊച്ചു പാര്‍ട്ടിയുടെ പ്രതിനിധിയായി എട്ടു മാസം മുമ്പ് മന്ത്രിയായ തോമസ് ചാണ്ടിയുടെ മുന്നില്‍ തീര്‍ത്തും നിസ്സഹായനായി അദ്ദേഹം നില്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. ആലപ്പുഴക്കടുത്തുള്ള തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിർമിച്ചത് തീരദേശ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന വാര്‍ത്ത മൂന്നു മാസം മുമ്പ് പുറത്തുവന്നപ്പോള്‍ അദ്ദേഹം അത് നിഷേധിച്ചു. ആരോപണം തെളിയിച്ചാല്‍ മന്ത്രിപദം രാജിവെച്ച് വീട്ടില്‍ പോകാമെന്നും അദ്ദേഹം നിയമസഭയില്‍ പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നിരവധി തെളിവുകള്‍ ഹാജരാക്കിയതിെൻറ ഫലമായാണ് അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടിവന്നത്.
പിണറായി മന്ത്രിസഭയില്‍ നാഷനല്‍ കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയായിരുന്ന എ.കെ. ശശീന്ദ്രന് ടെലിവിഷന്‍ കെണിയില്‍പെട്ട് രാജിവെക്കാന്‍ നിര്ബന്ധിതനായപ്പോള് ആ പാര്‍ട്ടിയുടെ അവശേഷിക്കുന്ന എം.എൽ.എ എന്ന നിലയിലാണ് തോമസ് ചാണ്ടിക്ക് മന്ത്രിയാകാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിെൻറ കുവൈത്തിലെ ചെയ്തികളെക്കുറിച്ച് നാട്ടില്‍ പരന്നിട്ടുള്ള കഥകള്‍ വെച്ചുനോക്കുമ്പോള്‍ ഒരു കക്ഷി അദ്ദേഹത്തെ എം.എൽ.എയാക്കാന്‍ തുനിയരുതായിരുന്നു. പേക്ഷ, പണമുണ്ടെങ്കില്‍ എന്തും നേടാനാവുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. അദ്ദേഹം നിയമസഭാംഗമായി, അവസരം വന്നപ്പോള്‍ മന്ത്രിപദത്തിനായി അവകാശവാദം ഉന്നയിക്കുകയും ചെയ്തു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് ഒരംഗം മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നിഷേധിച്ച് സി.പി.എം മാതൃക കാട്ടിയിരുന്നു. ശശീന്ദ്രന് പുറത്തായപ്പോള്‍ അദ്ദേഹം ആരോപണമുക്തനായി തിരിച്ചുവരുന്നതുവരെ എന്‍.സി.പിയുടെ മന്ത്രിസഭയിലെ സ്ഥാനം ഒഴിച്ചിടാന്‍ പിണറായി തീരുമാനിച്ചിരുന്നെങ്കില്‍ ആ പാര്‍ട്ടി അതിനു വഴങ്ങുമായിരുന്നു. കാരണം, സി.പി.എമ്മിനെക്കൊണ്ട് അനഭിലഷണീയനായ ഒരാളെ മന്ത്രിസഭയില്‍ എടുപ്പിക്കാന്‍ കഴിവുള്ള പാര്‍ട്ടിയല്ല അത്. പേക്ഷ, സി.പി.എമ്മോ മുഖ്യമന്ത്രിയോ തോമസ് ചാണ്ടിയെ അനഭിലഷണീയനായി കണ്ടില്ല. അവരുടെ ഇടതുപക്ഷ സ്വഭാവം ദുര്‍ബലമായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
ഗുരുതരമായ ആരോപണങ്ങളുടെ ഫലമായി ഒരു മന്ത്രി സംശയത്തിെൻറ നിഴലിലായാല്‍ അന്വേഷണം നടത്തി സൽപ്പേര് വീണ്ടെടുക്കുന്നതുവരെ മാറിനില്‍ക്കുന്ന രീതി നമ്മുടെ ജനാധിപത്യവ്യവസ്ഥയില്‍ ആദ്യ കാലത്തുണ്ടായിരുന്നു. ധാർമികമൂല്യങ്ങള്‍ ഇടിഞ്ഞതോടെ സൽപ്പേര് പൊതുജീവിതത്തില്‍ ആവശ്യമുള്ള ഒന്നല്ലെന്നായി. തോമസ് ചാണ്ടി സംഭവം രാഷ്ട്രീയ കേരളത്തിെൻറ ധാർമിക നിലവാരം കൂടുതല്‍ താഴ്ത്തിയിരിക്കുന്നു. മാധ്യമങ്ങള്‍ തോമസ് ചാണ്ടി വിഷയത്തില്‍ തുടർച്ചയായി നടത്തിയ അന്വേഷണത്തിനിടയില്‍ സ്വാധീനമുള്ളവര്‍ എങ്ങനെയാണ് നിയമത്തെ അട്ടിമറിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന നിരവധി വസ്തുതകള്‍ പുറത്തുവരുകയുണ്ടായി. അത്തരക്കാരെ വഴിവിട്ടു സഹായിക്കാന്‍ തയാറുള്ള ഉദ്യോഗസ്ഥരുണ്ട്. അവരുടെ ചെയ്തികള്‍ അന്വേഷണവിധേയമാകുമ്പോള്‍ ഫയലുകള്‍ അപ്രത്യക്ഷമാകുന്നു. ഇതൊക്കെ സംഭവിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് ആരോപണവിധേയര്‍ ‘‘തെളിയിക്കൂ, തെളിയിക്കൂ’’ എന്നു വിളിച്ചുകൂവുന്നത്. സത്യസന്ധരും ദുഃസ്വാധീനത്തിനു വഴങ്ങാത്തവരുമായ ഉദ്യോഗസ്ഥരുമുണ്ട്. അതുകൊണ്ടുകൂടിയാണ് തോമസ് ചാണ്ടിക്ക് ഒടുവില്‍ പുറത്തേക്കു പോകേണ്ടിവന്നത്.
നിയമലംഘനം സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നപ്പോള്‍ പ്രതിരോധം തീര്‍ക്കാനിറങ്ങിയ സി.പി.എം അനുകൂലികള്‍ അതൊക്കെ തോമസ് ചാണ്ടി മന്ത്രിയാകുന്നതിനുമുമ്പ് നടന്ന കാര്യങ്ങളാണെന്ന് വാദിക്കുകയുണ്ടായി. മന്ത്രിപദവി ദുരുപയോഗം ചെയ്തല്ല നിയമലംഘനം നടത്തിയതെന്നത് കുറ്റകൃത്യത്തിെൻറ ഗൗരവം കുറക്കുന്നില്ല. മന്ത്രിസഭയില്‍നിന്നുള്ള രാജിയോടെ -- പത്രങ്ങളുടെ ഭാഷയിൽ, ഒഴിപ്പിക്കലോടെ--- പൂര്‍വകാല ചെയ്തികള്‍ക്ക് തോമസ് ചാണ്ടി രാഷ്ട്രീയമായി വില നൽകിയിരിക്കുന്നു. പേക്ഷ, കുറ്റകൃത്യങ്ങള്‍ അതോടെ ഇല്ലാതാകുന്നില്ല. പുറത്തുവന്നിട്ടുള്ള നിയമലംഘനങ്ങള്‍ക്ക് നിയമങ്ങള്‍ അനുശാസിക്കുന്ന വില ഇനിയും നല്‍കേണ്ടതുണ്ട്. അതിനായി നടപടികള്‍ ആരംഭിക്കാനുള്ള ചുമതല സര്‍ക്കാറിനുണ്ട്. നിയമലംഘനങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടികളുണ്ടാകണം.
ഇനിയും നിയമലംഘനം നടത്തുമെന്ന് എൽ.ഡി.എഫിെൻറ ജനജാഗ്രത യാത്രയില്‍ പങ്കെടുത്തപ്പോള്‍ തോമസ് ചാണ്ടി പറയുകയുണ്ടായി. മന്ത്രിപദം നഷ്ടപ്പെട്ടശേഷം അദ്ദേഹം അത് ആവര്‍ത്തിക്കുകയും ചെയ്തു. അതൊരു വെല്ലുവിളിയാണ്. അത് നേരിടാനുള്ള ചങ്കൂറ്റം സര്‍ക്കാറിനുണ്ടാകണം.
തോമസ് ചാണ്ടിയുടെ കായല്‍ നികത്തല്‍ പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയപ്പോള്‍ പിണറായി വിജയന് അദ്ദേഹം നിയമലംഘനം നടത്തിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഇത്തരത്തില്‍ പ്രശ്നങ്ങളെ മുന്‍വിധികളോടെ സമീപിക്കുന്ന അദ്ദേഹത്തിെൻറ രീതി മറ്റു ചില അവസരങ്ങളിലും പ്രകടമായിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവമാണ് ഇതിലൊന്ന്. പള്‍സര്‍ സുനി പിടിയിലായപ്പോള്‍ കുറ്റകൃത്യം അയാള്‍ ആസൂത്രണം ചെയ്തതാണെന്നും പിന്നില്‍ ഗൂഢാലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന് അങ്ങനെ പറഞ്ഞിരുന്നെങ്കില്തന്നെയും പ്രാഥമിക ഘട്ടത്തിലിരിക്കുന്ന അന്വേഷണത്തിെൻറ ഗതിയെ സ്വാധീനിക്കാനിടയുള്ളതുകൊണ്ട് അദ്ദേഹം ഒരു പരസ്യപ്രസ്താവന ചെയ്യരുതായിരുന്നു. പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ പദ്ധതിക്കും മുക്കത്ത് ഗെയില്‍ പദ്ധതിക്കുമെതിരെ സ്ഥലവാസികള്‍ നടത്തുന്ന സമാധാനപരമായ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസിനെ വിട്ടപ്പോഴും വസ്തുതകള്‍ ശരിയായി മനസ്സിലാക്കാതെ, ഈവിധം മുന്‍വിധിയോടെയുള്ള പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരടങ്ങുന്ന സമിതികള്‍ പഠനം നടത്തി നല്കിയ റിപ്പോര്‍ട്ടുകള്‍ നാട്ടുകാരുടെ പരാതികളില്‍ കഴമ്പുണ്ടെന്നു വ്യക്തമാക്കുന്നവയാണ്. ഇതെല്ലാം അദ്ദേഹം ജനായത്ത രീതികള്‍ ഇനിയും സ്വായത്തമാക്കേണ്ടിയിരിക്കുന്നു എന്നു കാണിക്കുന്നു.
●