വൈറ്റ് പേപ്പറല്ല, ഇത് കേന്ദ്രത്തെ വെളുപ്പിക്കുന്ന ‘വൈറ്റ് വാഷ്’!
text_fieldsപ്ര തിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയാണ്, കേന്ദ്രത്തിലെ എൻ.ഡി.എ സര്‍ക്കാര്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സഹകരണാത്മക ഫെഡറലിസത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ നിലപാടെടുത്തുപോന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും സര്‍ക്കാറുകളെ നയിച്ച മുന്നണികള്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന നിലയുണ്ടായി. ദേശീയതലത്തില്‍ ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് എതിരാളിയായ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയാണ് കേരളത്തില്‍ അധികാരത്തിലെത്തിയതെങ്കിലും, സംസ്ഥാനങ്ങള്‍ക്കെതിരെ സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുന്നതും രാഷ്ട്രീയ വിവേചനം കാട്ടുന്നതുമായ കേന്ദ്രസര്‍ക്കാറിന്‍റെ ജനാധിപത്യ - ഫെഡറല്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ ചെറുപ്രതിഷേധമെങ്കിലും കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാറില്‍ നിന്നും ഉണ്ടായോ? ഇനി ഉണ്ടാവുമോ? ഉണ്ടായിട്ടില്ല, ഉണ്ടാവില്ല എന്നാണ് കൃത്യമായ ഉത്തരം.
കഴിഞ്ഞദിവസം നിയമസഭയുടെ മേശപ്പുറത്തുവെച്ച വൈറ്റ് പേപ്പര്‍ എന്ന വിളിപ്പേരുള്ള ധനകാര്യ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഇതിന്‍റെ സാക്ഷ്യപത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നതിനെതിരെ ഒറ്റവരി പ്രതിഷേധം പോലും അതിലില്ല; നിയമ പോരാട്ടങ്ങളെപ്പറ്റി മിണ്ടാട്ടമില്ല.
കാലഹരണപ്പെട്ട, അങ്ങേയറ്റം യാഥാസ്ഥിതിക പൊതുധനകാര്യ കാഴ്ചപ്പാടിലൂടെയാണ് വൈറ്റ് പേപ്പര്‍ വസ്തുതകളെ വിശകലനം ചെയ്യുന്നത്. കടത്തെ ആഭ്യന്തര വരുമാനത്തിന്‍റെ അനുപാതമായി കണക്കാക്കാതെ കേവല കണക്കുകള്‍ നിരത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കേരളത്തിന്‍റെ ആകെ കടം-ആഭ്യന്തര വരുമാന അനുപാതം 39 ശതമാനം ആയിരുന്നത് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 33.6 ശതമാനമായി കുറയുകയാണ് ചെയ്തതെന്ന കാര്യം വൈറ്റ് പേപ്പര്‍ ബോധപൂർവം തമസ്കരിക്കുകയാണ്. കടഭാരത്തിന്‍റെ കണക്കെടുത്താല്‍ രാജ്യത്തെ ആദ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ കേരളമില്ല എന്നത് ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.
കോവിഡ് മഹാമാരിയുടെ കാലത്ത് അനുവദനീയമായ ധനക്കമ്മി പരിധി പല സംസ്ഥാനങ്ങളും വിനിയോഗിക്കാത്ത സ്ഥിതിയായിരുന്നു. എന്നാല്‍, ജനങ്ങളുടെ അതിജീവന പോരാട്ടത്തിനൊപ്പം കൈകോര്‍ത്തുപിടിക്കാനാണ് എൽ.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സൗജന്യ ചികിത്സ, വാക്സിന്‍ ലഭ്യത, കമ്യൂണിറ്റി കിച്ചണ്‍, സാമൂഹിക സുരക്ഷാ പെന്‍ഷന്‍, ഭക്ഷ്യകിറ്റ് എന്നിങ്ങനെ എൽ.ഡി.എഫ് സര്‍ക്കാര്‍ അക്കാലത്ത് നടത്തിയ ക്ഷേമ ഇടപെടലുകളെ യാഥാസ്ഥിതിക പൊതുധനകാര്യ കണക്കപ്പിള്ളമാര്‍ ധനക്കമ്മി വർധിപ്പിക്കുന്ന പാഴ് ചെലവുകളായാണ് കണക്കാക്കുന്നത്. കോവിഡ് കാലത്തെ 5.31 ശതമാനത്തില്‍ നിന്ന് നിലവില്‍ ധനക്കമ്മി 3.16 ശതമാനത്തില്‍ എത്തിനില്‍ക്കുന്ന കാര്യം വൈറ്റ് പേപ്പര്‍ ബോധപൂര്‍വം മറച്ചുവെക്കുകയുമാണ്.
റവന്യു കമ്മിയുടെ കാര്യത്തിലും പതിവ് നവലിബറല്‍ പരിവേദനങ്ങള്‍ വൈറ്റ് പേപ്പര്‍ പങ്കുവെച്ചതായി കാണാം. കേരളത്തിന്‍റെ റവന്യു ചെലവിന്‍റെ സിംഹഭാഗവും ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, പൊതുഗതാഗതം തുടങ്ങിയ മേഖലകളില്‍ ചെലവഴിക്കുന്ന തുക ശമ്പളം, പെന്‍ഷന്‍ എന്നിവ കൂടി ഉള്‍പ്പെടെ ആണെന്നും സാമൂഹിക മേഖലക്ക് നല്‍കുന്ന ഈ മുന്‍ഗണനയാണ് കേരള വികസന പരിപ്രേക്ഷ്യത്തിന്‍റെ ആണിക്കല്ലെന്നും റിപ്പോര്‍ട്ട് തയാറാക്കിയവർ മറന്നുപോയിട്ടുണ്ട്.
കിഫ്ബി വഴി നടത്തിയ മൂലധന ചെലവും ത്രിതല പഞ്ചായത്തുകള്‍ വഴി നടത്തുന്ന മൂലധന ചെലവും കണ്ടില്ലെന്നു നടിച്ചാണ് കേരളത്തിന്‍റെ മൂലധന ചെലവ് കുറവാണെന്ന വസ്തുതകളുടെ പിന്‍ബലമില്ലാത്ത വിധിപ്രസ്താവം ധവളപത്രത്തിൽ എഴുതിച്ചേര്‍ത്തിരിക്കുന്നത്.
കേന്ദ്ര നികുതി വിഹിതം കുറയുമ്പോഴും തനത് നികുതി വരുമാനം കൂട്ടിയാണ് എൽ.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനം 47,000 കോടിയില്‍ നിന്ന് ഉദ്ദേശ്യം 80,000 കോടിക്ക് മുകളിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അയ്യായിരത്തിനാനൂറ് കോടിയിലേറെ ഖജനാവില്‍ നീക്കിയിരിപ്പ് വെച്ചുകൊണ്ടാണ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. എൽ.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ നിരന്തര സമ്മർദങ്ങളുടെ കൂടി ഫലമായി പതിനാറാം ധനകാര്യ കമീഷന്‍ കേരളത്തിനുള്ള കേന്ദ്രവിഹിതത്തില്‍ വർധന വരുത്തിയിട്ടുമുണ്ട്. ഓരോ വര്‍ഷവും ചുരുങ്ങിയത് 10,000ത്തിലധികം കോടി രൂപയാണ് ഇതിലൂടെ സംസ്ഥാന ഖജനാവില്‍ അധികമായി വരാന്‍ പോകുന്നത്. 2026 മുതല്‍ 2031 വരെയുള്ള ഈ നിരക്ക് വർധനയുടെ ഗുണഭോക്താക്കള്‍ പുതിയ യു.ഡി.എഫ് സര്‍ക്കാറാണ്. അതുകൊണ്ട് പണമില്ല എന്നുപറഞ്ഞുകൊണ്ട് ഓടിയൊളിക്കാന്‍ ഈ സര്‍ക്കാറിന് കഴിയില്ല എന്നതാണ് വസ്തുത. എന്നാല്‍, അപ്പോഴും ഖജനാവ് കാലിയാണെന്ന വ്യാജപ്രചാരണം നടത്തുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിനുള്ള സൈദ്ധാന്തിക വ്യായാമമാണ് നിയമസഭയില്‍ വെച്ച വൈറ്റ് പേപ്പര്‍.
കേരളത്തിന്‍റെ ഇന്നത്തെ പരിമിത ധനകാര്യ സ്ഥിതിക്ക് കാരണക്കാരായ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വൈറ്റ് വാഷ് ചെയ്യുന്നു എന്നു മാത്രമല്ല സംസ്ഥാനത്തെ കൂടുതല്‍ അപകടങ്ങളിലേക്ക് തള്ളിവിടുന്ന ചികിത്സാവിധികളാണ് വിദഗ്ധരുടെ കുറിപ്പടികളിലുള്ളത്. ‘സാമ്പത്തിക പ്രതിസന്ധി’ മറികടക്കാന്‍ ഇവര്‍ നിർദേശിക്കുന്ന മറുമരുന്ന് പരിപൂർണമായ സ്വകാര്യവത്കരണ അജണ്ടയാണ്. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, കരിമണല്‍ ഖനനം തുടങ്ങി തന്ത്രപ്രധാന മേഖലകളിലാണ് കണ്ണ്. നെഹ്റുവിയന്‍ ലെഫ്റ്റ് എന്ന് വീമ്പു പറയുന്നവരാണ് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലക്കാനും സബ്സിഡി നിര്‍ത്തലാക്കാനുമുള്ള നയപരമായ തീരുമാനങ്ങളിലേക്ക് കടക്കുന്നത്.
കേരളത്തിന്‍റെ തീരവും തുറമുഖവും വിമാനത്താവളങ്ങളും ആരോഗ്യ-ഊർജ മേഖലകളും സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാനുള്ള അണിയറ നീക്കങ്ങളാണ് വൈറ്റ് പേപ്പറിലൂടെ പുറത്തുവന്നിരിക്കുന്നത്. ജനങ്ങള്‍ക്കുമേല്‍ നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ അടിച്ചേൽപിക്കാനുമുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍റെ യഥാർഥ നയപ്രഖ്യാപനമാണ് വൈറ്റ് പേപ്പര്‍. സ്വകാര്യവത്കരണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലുമാണ് ഇതിന്‍റെ മുഖമുദ്ര.
പിണറായി വിജയൻ (പ്രതിപക്ഷ നേതാവ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

