മാസപ്പിറവി എന്ന മായാത്ത സമസ്യ
text_fieldsഎന്നായിരിക്കും ഗൾഫ് പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങൾക്കും നോമ്പും പെരുന്നാളും ഒരുമിച്ചാഘോഷിക്കാൻ കഴിയുക എന്ന ചിന്ത ഏറെക്കാലമായി അലട്ടുന്നു. ഇത്തവണയും പതിവു തെറ്റിയില്ല. നോമ്പാരംഭവും ചെറിയ പെരുന്നാളും ഗൾഫിലും നാട്ടിലും വ്യത്യസ്ത തീയതികളിലായിരുന്നു. മുസ്ലിം ജനസാമാന്യത്തിനും പണ്ഡിത സമൂഹത്തിനും അതിപ്പോൾ പ്രത്യേക അലോസരങ്ങളൊന്നുമുണ്ടാക്കുന്നുമില്ല. നാട്ടിലുള്ളവർ ഗൾഫിലുള്ളവരെ അപേക്ഷിച്ച് ഒരു ദിവസം വൈകി നോമ്പനുഷ്ഠാനം തുടങ്ങിയപ്പോൾ ഒരു ദിവസം വൈകി പെരുന്നാളും ആഘോഷിച്ചു. ഇരു കൂട്ടർക്കും കിട്ടിയത് 29 നോമ്പ്!
ലോകത്തിലെ എല്ലാ മുസ്ലിംകളും ഒരേ ആദർശത്തിൽ വിശ്വസിക്കുന്നവരാണ്. ഒരു വിശുദ്ധ ഗ്രന്ഥത്തെയും നബിചര്യയെയും പിന്തുടരുന്നവരാണ്. ഒരേ ഖിബ്ല കേന്ദ്രീകരിച്ച് പ്രാർഥിക്കുന്നവരാണ്. ആചാരങ്ങൾക്ക് നാടും ഗോത്രവും അനുസരിച്ച് വൈജാത്യങ്ങളുണ്ടെങ്കിലും അവർക്ക് നിർബന്ധമാക്കപ്പെട്ട നോമ്പും ആഘോഷങ്ങളും ഒരുമിച്ചാണ് ആചരിക്കുന്നത്. പക്ഷേ, നോമ്പാചരിക്കുന്നിടത്തും തുടർന്നുള്ള ഈദുൽ ഫിത്റും (ചെറിയ പെരുന്നാൾ) ഈദുൽ അസ്ഹയും (ബലിപെരുന്നാൾ) ആഘോഷിക്കുന്നിടത്തും ഏകീകരണം കണ്ടെത്താൻ കാലങ്ങളായി സമുദായത്തിനാവുന്നില്ല. ഈ ആധുനിക കാലത്തും, തങ്ങളുടെ വിശ്വസ്തർ അവരുടെ കണ്ണുകൾകൊണ്ട് നേരിട്ട് ചന്ദ്രപ്പിറവി കണ്ടാലേ നോമ്പും പെരുന്നാളും തീരുമാനിക്കാനാവൂ എന്ന പണ്ഡിത സമൂഹത്തിന്റെ നിലപാടാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് മനസ്സിലാക്കേണ്ടത്.
മുമ്പ് നിഴൽ നോക്കിയാണ് നമസ്കാര സമയം കണക്കാക്കിയിരുന്നതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പിന്നീട് വൈദ്യുതിയും ഉച്ചഭാഷിണിയും വന്നപ്പോൾ പള്ളികളിൽ നിന്നുള്ള ബാങ്കുവിളികൾ അനുസരിച്ചായി അഞ്ചുനേരത്തെ പ്രാർഥനകൾ. ആധുനിക വാർത്താവിനിമയ സംവിധാനങ്ങൾ പ്രാബല്യത്തിൽ വരും മുമ്പ് അറബി മാസാരംഭവും നോമ്പും പെരുന്നാളുകളുമൊക്കെ കുറിച്ചിരുന്നത് ഓരോ പ്രദേശത്തെയും ചന്ദ്രമാസപ്പിറവി ദർശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അന്നതല്ലാതെ നിർവാഹമില്ലായിരുന്നു. ഇന്നത്തെ അവസ്ഥയോ? ലോകത്തിന്റെ ഏതു മുക്കും മൂലയിലും നടക്കുന്ന സംഭവങ്ങൾ തത്സമയം തന്നെ കൺമുന്നിൽ തെളിയുന്ന കാലത്ത്, ഒരോ സ്ഥലത്തും മാസപ്പിറവി കണ്ടേ നോമ്പും പെരുന്നാളും തീരുമാനിക്കൂ എന്നുവന്നാൽ....
ഇത്തവണ ഗൾഫ് നാടുകളിൽ റമദാൻ ആരംഭം മാർച്ച് ഒന്നിന്, കേരളത്തിൽ മാർച്ച് രണ്ടിനും. മാർച്ച് രണ്ടിന് സന്ധ്യക്ക് ചക്രവാളത്തിൽ ചന്ദ്രന്റെ ഉയർന്ന സ്ഥാനം നിരീക്ഷിച്ചവർക്ക് പല സംശയങ്ങളുമുണ്ട്. ഫെബ്രുവരി 28ന് (ശഅ്ബാൻ 29) ചന്ദ്രൻ ചക്രവാളത്തിൽ 21 മിനിറ്റ് ഉണ്ടാവുമെന്നായിരുന്നു പ്രവചനം. ആ ശാസ്ത്രീയ പ്രവചനം വെച്ചുതന്നെയായിരിക്കണം ഇസ്ലാമിക കലണ്ടറുകളിൽ മാർച്ച് ഒന്നിന് റമദാൻ വ്രതാരംഭം രേഖപ്പെടുത്തിയതും. പക്ഷേ, കേരളത്തിന്റെ തെക്കേ അറ്റത്തെ തിരുവനന്തപുരം മുതൽ വടക്കേ അറ്റത്തെ കാസർകോട് വരെയുള്ള തീരപ്രദേശത്ത് മാനം നോക്കിനിന്നവർക്ക് ചന്ദ്രനെ കാണാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ വ്രതാരംഭം ഗൾഫിനെ അപേക്ഷിച്ച് ഒരു ദിവസം വൈകി.
ഗൾഫ് നാടുകളിൽ (ഒമാൻ ഒഴികെ) ഈദുൽ ഫിത്ർ ഞായറാഴ്ച ആഘോഷിച്ചു. കേരളത്തിൽ തിങ്കളാഴ്ചയായിരുന്നു പെരുന്നാൾ. ഗൾഫിലെ പ്രവാസികളും പ്രവാസി കുടുംബങ്ങളും പെരുന്നാൾ ആഘോഷിക്കുമ്പോൾ അവരുടെ നാട്ടിലെ കുടുംബാംഗങ്ങൾ വ്രതാനുഷ്ഠാനത്തിലായിരുന്നു. മുസ്ലിംകൾ അവരുടെ ഖിബ്ലയും അവരുടെ ഏറ്റവും പുണ്യ ആരാധനാ കേന്ദ്രങ്ങളായ മക്കയും മദീനയും ഉൾപ്പെടുന്ന പ്രദേശമായാണ് സൗദി അറേബ്യയെ കണക്കാക്കുന്നത്. മാസപ്പിറവി കാണുന്നതിന്റെ അടിസ്ഥാനത്തിൽ അവിടത്തെ പണ്ഡിത സഭയാണ് റമദാൻ, ദുൽഹജ്ജ് അടക്കമുള്ള മാസാരംഭങ്ങൾ തീരുമാനിക്കുന്നത്. അതനുസരിച്ചുള്ള തീയതിക്ക് അറഫ സംഗമത്തിൽ പങ്കെടുക്കാനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കായ മുസ്ലിംകൾ മക്കയിലെത്തുന്നത്. പക്ഷേ, പലപ്പോഴും മക്കയിൽ ഹജ്ജ് കർമത്തിനെത്തിയവർ അറഫയിൽ സംഗമിച്ച ശേഷം ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ ഇവിടെ മുസ്ലിംകൾ അറഫയുടെ നോമ്പനുഷ്ഠിക്കുകയാവും. ഈ വ്യത്യാസത്തിന് അറുതി വരുത്താൻ കേരളത്തിൽ തന്നെ പല ശ്രമങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ലെന്നത് ഖേദകരമാണ്. മാസപ്പിറവി തർക്കത്തിന്റെ പേരിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും വ്യത്യസ്ത ദിവസങ്ങളിൽ നോമ്പും പെരുന്നാളും അനുഷ്ഠിച്ച സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കൂട്ടായി പ്രദേശത്തുകാർ പെരുന്നാൾ ആഘോഷിച്ചപ്പോൾ ജില്ലയിലെ മറ്റു പ്രദേശങ്ങളിലുള്ളവർ നോമ്പനുഷ്ഠിച്ച അനുഭവവുമുണ്ടായിട്ടുണ്ട്. ഇത് ആവർത്തിക്കാതിരിക്കാൻ തെക്കു-വടക്കുള്ള പണ്ഡിതർ കൂട്ടായി ആലോചിച്ച് അതിലൊരു തീരുമാനമുണ്ടാക്കിയതിന്റെ ഭാഗമായാണ് ഇപ്പോൾ കേരളത്തിലെല്ലായിടത്തും ഒരേ ദിവസം നോമ്പനുഷ്ഠിക്കുന്നതും പെരുന്നാളുകൾ ആഘോഷിക്കുന്നതും. അപ്പോഴും ഗൾഫുമായുള്ള വ്യത്യാസത്തിന് അറുതിയായിട്ടില്ല.
സാങ്കേതിക വിദ്യ അങ്ങേയറ്റം വളർന്ന കാലഘട്ടത്തിൽ, തടസ്സങ്ങളില്ലാത്ത ചാന്ദ്രദൃശ്യത്തിനായി ഗൾഫ് രാജ്യങ്ങൾ ഡ്രോൺ കാമറകൾ വരെ വിന്യസിക്കുന്ന സാഹചര്യത്തിൽ ഇവിടെ മാനം നോക്കി തർക്കിക്കേണ്ടതുണ്ടോ എന്ന് ഇവിടത്തെ പണ്ഡിതർ ഇനിയെങ്കിലും ചിന്തിക്കണം.
ഇനി മാസം കണ്ടേ അടങ്ങൂ എന്നാണെങ്കിൽ ഇപ്പോൾ കോഴിക്കോട്ടെയും പാണക്കാട്ടെയും ഖാദിമാരും സംയുക്ത ഖാദിമാരും മാസം കണ്ടിട്ടാണോ നോമ്പും പെരുന്നാളും തീരുമാനിക്കുന്നതെന്നുകൂടി ചിന്തിക്കണം. കൊല്ലത്തും കൂട്ടായിയിലും കാപ്പാടും കാസർകോട്ടുമുള്ളവർ മാസപ്പിറവി കണ്ട് ടെലിഫോൺ വഴി വിളിച്ചുപറഞ്ഞത് വിശ്വസിച്ചാണ് ഇവിടത്തെ ഖാദിമാർ തീരുമാനമെടുക്കുന്നത്. അതുപോലെ സൗദിയിലോ മറ്റു ഗൾഫ് രാജ്യങ്ങളിലോ മാസപ്പിറവി കണ്ട വിശ്വസ്തർ വിളിച്ചു പറഞ്ഞാലും ഇവിടെ റമദാനും പെരുന്നാളുകളും തീരുമാനിച്ചുകൂടേ.
ഗൾഫ് നാടുകളും ഇന്ത്യയും തമ്മിൽ രണ്ടുമുതൽ രണ്ടര മണിക്കൂർ വരെയുള്ള സമയ വ്യത്യാസമേ ഉള്ളൂ. അതിനാൽ, അവിടത്തെ തീരുമാനങ്ങൾ അതേ ദിവസങ്ങളിൽത്തന്നെ ഇവിടെ നടപ്പിൽ വരുത്താനാവും. ഇനി സൗദി പണ്ഡിത സഭയുമായി ഇക്കാര്യത്തിൽ നേരിട്ടുള്ള വിവര വിനിമയത്തിന് ആ രാജ്യവുമായി വളരെ അടുത്ത ബന്ധമുള്ള ഇന്ത്യക്കും കേരളത്തിനുതന്നെയും പ്രയാസമുണ്ടാവില്ല തന്നെ. അതിന് നയതന്ത്ര ബന്ധത്തിന്റെ ആവശ്യം പോലും ഉണ്ടാവണമെന്നില്ല. സൗദി ഭരണകൂടവുമായും അവിടത്തെ പണ്ഡിതന്മാരുമായും അടുത്ത ബന്ധമുള്ള വ്യക്തികൾക്കും പണ്ഡിതന്മാർക്കും കേരളത്തിൽ ക്ഷാമമുണ്ടാവുമെന്നും തോന്നുന്നില്ല. അങ്ങനെ വന്നാൽ ഗൾഫിലെ പ്രിയപ്പെട്ടവർക്കും നാട്ടിലെ ബന്ധുക്കൾക്കും ഒരുമിച്ച് ആഘോഷങ്ങളിലും മറ്റും പങ്കുകൊള്ളാനാവുമല്ലോ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.