മറക്കാനാവാത്ത, മായ്ക്കാനാവാത്ത നെഹ്റു
text_fieldsസൊഹ്റാൻ മംദാനി തെൻറ വിജയാഘോഷ പ്രസംഗത്തിലുദ്ധരിച്ച രണ്ട് പ്രമുഖരുടെ -യൂജിൻ വി ദെബ്സ്, ജവഹർലാൽ നെഹ്റു- പേരുകൾ തമ്മിൽ പരസ്പരബന്ധമില്ലെന്ന് പ്രാഥമികമായി തോന്നിയേക്കാം. ഒരാൾ വിപ്ലവകാരിയായ സംഘാടകനായിരുന്നു. രണ്ടാമനാകട്ടെ, രാഷ്ട്രനിർമിതിയിലും രാഷ്ട്രതന്ത്രത്തിലും ഉയരങ്ങൾ താണ്ടിയയാളും. യു.എസിൽ സോഷ്യലിസത്തിന്റെ കരുത്താർന്ന പാരമ്പര്യം രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ചയാളാണ് ദെബ്സ്, അപകോളനീകരണത്തിന്റെ മഹാവക്താക്കളിലൊരാൾ. പക്ഷേ, ഈ പേരുകൾ ആകസ്മികമായി വീണുപോയതോ പ്രഭാഷണം കൊഴുപ്പിക്കാൻ പറഞ്ഞതോ ആയിരുന്നില്ല. താത്ത്വികമായും ചരിത്രപരമായും ഇരുവരും തൊട്ടുചേർന്ന് നിൽക്കുന്നവരാണ്.
കൗതുകകരമാകാം, ദെബ്സിനെയും നെഹ്റുവിനെയും ബന്ധിപ്പിക്കുന്ന കണ്ണി അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയൻ (എ.സി.എൽ.യു) സ്ഥാപകൻ റോജർ ബാൽഡ്വിനാണ്. ബാൽഡ്വിനും നെഹ്റുവും ഉറ്റ ചങ്ങാതിമാരായിരുന്നു. അമേരിക്കയെ കുറിച്ച നെഹ്റുവിന്റെ അഭിപ്രായങ്ങളേറെയും രൂപപ്പെടുത്തിയത് ബാൽഡ്വിനാണ്. കോൺഗ്രസ് പാർട്ടിയുടെ അമേരിക്കൻ നയം എന്താകണമെന്ന് ഉപദേശം നൽകിയതും അദ്ദേഹമായിരുന്നു. ‘ലീഗ് എഗെൻസ്റ്റ് ഇംപീരിയലിസം’ എന്ന സംഘടനയിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചു. കമ്യൂണിസ്റ്റ് സ്വാധീനം സംബന്ധിച്ച ആധിയെ തുടർന്ന് ബാൽഡ്വിൻ സംഘടന വിട്ടു- നെഹ്റുവിനുമുണ്ടായിരുന്നു സമാന നിലപാട്. ദെബ്സിന്റെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുമായി ബാൽഡ്വിൻ ആഴത്തിൽ ചേർന്നുനിന്നിരുന്നു. വംശവെറിയും കുടിയേറ്റക്കാരെ പുറന്തള്ളലും മാർഗഭ്രംശം മാത്രമായല്ല ഡെബ്സ് കണ്ടത്, ബൂർഷ്വ താൽപര്യങ്ങളുടെ ഭാഗം കൂടിയായിട്ടാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ തൊഴിലാളി വർഗമാണ്- അഭിജാതരായ ഉപരിവർഗമല്ല -തുറന്ന കോസ്മോപോളിറ്റൻ സമൂഹത്തിന് തുടക്കം കുറിക്കുന്നത്. സമകാലിക ചർച്ചകളിൽ ഒരു പട്ടണത്തിന്റെ സാർവലൗകികതയെന്നാൽ മൂലധനത്തിന്റെയല്ല, തൊഴിലിന്റെ സാർവലൗകികതയാണ്.
ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരുടെ പ്രശ്നങ്ങൾ എ.സി.എൽ.യുവിന് ഏറ്റെടുക്കാനാകുമോ എന്ന് നെഹ്റുവിനും താൽപര്യമുണ്ടായിരുന്നു. ഇരുവരെയും തമ്മിൽ ഇഴചേർത്ത പ്രത്യയശാസ്ത്രപരമായ കണ്ണി നാമേറെയും വിസ്മരിച്ചുകളഞ്ഞ ഒരു ചരിത്ര മുഹൂർത്തവുമായി ബന്ധപ്പെട്ടതാണ്. പൗര സ്വാതന്ത്ര്യം, വംശവെറിക്കെതിരായ പോരാട്ടം, സോഷ്യലിസം, തുറന്ന സമൂഹങ്ങൾ, അപകോളനീകരണം എന്നിവയെല്ലാം ഏക വിമോചന പ്രസ്ഥാനത്തിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടിരുന്നു അതിൽ. സ്വാതന്ത്ര്യവും നീതിയും അവിച്ഛിന്നങ്ങളായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഇരുതലങ്ങളിലായി നടക്കേണ്ടതാണെന്ന് ബാൾഡ്വിൻ നെഹ്റുവിന് മുന്നറിയിപ്പ് നൽകി: അഥവാ, ‘‘അമേരിക്ക പിന്തുണക്കുന്ന, വാൾ സ്ട്രീറ്റിലെ ഒളിഞ്ഞിരിക്കുന്ന ശത്രുവിനെതിരായും പിന്നെ ബ്രിട്ടനെതിരായും’’. ഒന്നാമത്തേത്, ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഒരു വരുമാന സ്രോതസ്സായി ഇന്ത്യ നിലനിൽക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചു. ഈ കാഴ്ചപ്പാടിൽ പൗരാവകാശങ്ങളെന്നത് ഇടതുപക്ഷത്തിന്റെ വിഷയമാണ്. കമ്യൂണിസത്തിൽനിന്ന് അതിനെ വേറിട്ടുനിർത്തുന്നു. ആധുനിക കുത്തക മുതലാളിത്തത്തിൽനിന്ന് ബഹുദൂരം അകലെ.
ചരിത്രം കൗതുകകരമായ വഴികളിലൂടെ ആവർത്തിക്കുകയാണ്. അവസാന നെഹ്റൂവിയനായ മൻമോഹൻ സിങ്ങിന്റെ മകളായ അമൃത് സിങ് എ.സി.എൽ.യുവിന്റെ പ്രമുഖ നേതാക്കളിലൊരാളാണ്. ദെബ്സിനെയും നെഹ്റുവിനെയും ചേർത്തുനിർത്തിയ മംദാനി അങ്ങനെ പുതുകാല ജെൻ സി പുരോഗമന പദാവലി ഉപയോഗിക്കുക മാത്രമല്ല, 20ാം നൂറ്റാണ്ടിലെ രാഷ്ട്രീയത്തിന്റെ വിസ്മൃതമായി കിടക്കുന്ന പഴയകാല ശൈലി വീണ്ടെടുക്കുക കൂടിയാണ്.
രാഷ്ട്രീയത്തിൽ ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ അപൂർവമാകും. അധികാര മുഷ്കിന്റെ രൗദ്രത അതിവേഗം അവയെ മൂടിക്കളയുകയും ചെയ്യും. എന്നിട്ടും മംദാനി നെഹ്റുവിനെ ഉദ്ധരിച്ചത്, നെഹ്റുവിന്റെതന്നെ ജീവിതത്തിന്റെ ആരംഭകാലഘട്ടം അനുസ്മരിച്ചായിരുന്നു. 34ാം വയസ്സിൽ നഗരഭരണത്തിൽ ആദ്യമായി കൈവെച്ച സമയം. അലഹബാദ് മുനിസിപ്പൽ ബോർഡ് ചെയർമാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നു. അതേ പ്രായത്തിൽതന്നെയാണ് മംദാനി മേയറാകുന്നതും. ദേശീയ രാഷ്ട്രീയത്തിൽനിന്ന് ശ്രദ്ധതിരിക്കുന്ന ഒന്നായാണ് നെഹ്റു ഇതിനെ കണ്ടിരുന്നത്. പട്ടണം ഭരിക്കുന്ന നേതാക്കൾ എത്ര കുറച്ച് അധികാരങ്ങളേ കൈയാളുന്നുള്ളൂ എന്ന എന്നെന്നുമുള്ള നൈരാശ്യവും അദ്ദേഹത്തെ വേട്ടയാടിയിരുന്നു. എന്നാൽ, അധികാരമേറി ഏറെ വൈകാതെ ‘‘അലഹബാദുകാർക്ക് ജീവിതം താങ്ങാവുന്നതും സന്തോഷകരവുമാക്കുന്നതിൽ’’ ബോർഡിന്റെ ശേഷി അദ്ദേഹം മനസ്സിലാക്കി.
യൂജിൻ വി ദെബ്സ്, റോജർ ബാൽഡ്വിൻ
മുഹമ്മദ് ആഖിലിന്റെ ഗവേഷണം തെളിയിക്കുന്നതുപോലെ, നെഹ്റുവിന്റെ മുനിസിപ്പൽ ഭരണകാല മുൻഗണനകൾ വേശ്യകൾ, എക്കാവാലകൾ (കുതിരവണ്ടിവലിക്കാർ), നഗരത്തിലെ പാവപ്പെട്ടവർ എന്നിങ്ങനെ അരികുവത്കരിക്കപ്പെട്ടവരുമായി ബന്ധപ്പെട്ടതായിരുന്നു. ഈ പട്ടണമായിരുന്നു ഇന്ത്യയുടെ പ്രശ്നങ്ങളെകുറിച്ച നെഹ്റുവിന്റെ കാഴ്ചപ്പാടുകളെ കൂടുതൽ മൂർത്തമാക്കിയത്. സൗജന്യയാത്രക്കും എക്കാവാലകളുടെ വേതനം വർധിപ്പിക്കുന്നതിനുമിടയിലെ സംഘർഷവിഷയമായിരുന്നു എക്കാലത്തും ഗതാഗത നയം. വിരോധാഭാസമാകാം, ഇന്ത്യയുടെ പിൽക്കാല സാമ്പത്തിക ചരിത്രം പരിഗണിച്ചാൽ നെഹ്റു ചരക്കുകടത്ത് നികുതിയെ അതിശക്തമായി എതിർത്തു. സമ്പന്നർക്ക് നികുതി ചുമത്താനായിരുന്നു അദ്ദേഹത്തിനിഷ്ടം.
പാർപ്പിടമായിരുന്നു തന്റെ അജണ്ടകളിലെ കേന്ദ്ര വിഷയം. ഏവർക്കും വീട് നിർമാണത്തിന് സാമ്പത്തിക സഹായം നൽകുകയും തിരിച്ചടക്കാൻ കഴിയുന്നവരിൽനിന്ന് ഉയർന്ന തുക ഈടാക്കുകയും ചെയ്യുന്ന വിയന മാതൃകയെ അദ്ദേഹം പ്രകീർത്തിച്ചു. സൗജന്യമായ പൊതുയിടങ്ങൾക്കായി ശക്തമായി വാദിച്ചു. മൂല്യബോധം വളർത്തേണ്ട ഇൻക്യുബേറ്ററുകളാണ് പട്ടണങ്ങളെന്ന് അദ്ദേഹം വിശ്വസിച്ചു. ചുരുങ്ങിയ പക്ഷം, തന്റെ അലഹബാദ് കാലത്ത് ഭരണകൂട പരമാധികാരം മൂല്യബോധം ഇല്ലാതാക്കുന്നതായും സോഷ്യലിസം അതിനെ ശക്തിപ്പെടുത്തുന്നതായും നെഹ്റു കണ്ടു.
ന്യൂയോർക് സിങ് സിങ് ജയിൽ വാർഡനായ ലെവിസ് ലാവിസിനോട് ജയിൽവാസ കാലത്ത് നെഹ്റുവിന് സഹാനുഭൂതി തോന്നി. തടവുകാരിൽ 80 ശതമാനവും സാമൂഹികവിരുദ്ധരോ ജന്മനാ തിന്മയുള്ളവരോ അല്ലെന്നായിരുന്നു ലെവിസിന്റെ കാഴ്ചപ്പാട്. മികച്ച സാമ്പത്തിക നയവും വിദ്യാഭ്യാസവും തൊഴിലും ജയിലുകൾ ശൂന്യമാക്കുമെന്നും അദ്ദേഹം വാദിച്ചു.
പിൽക്കാലത്ത്, ബോംബെ, മദ്രാസ് തുടങ്ങിയ കോസ്മോപോളിറ്റൻ പട്ടണങ്ങളെക്കുറിച്ച് നെഹ്റുവിൽ വേറിട്ട ദർശനം രൂപപ്പെട്ടു. ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം മൂലം സജീവതയാർജിക്കുന്ന ബഹുഭാഷാ മേഖലകളാണെന്ന് അദ്ദേഹം കണ്ടു. ഭാഷാടിസ്ഥാനത്തിലുള്ള ദേശീയത ഈ കോസ്മോപോളിറ്റൻ ചൈതന്യം ചോർത്തിക്കളയുമെന്നതിനാൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനർനിർണയത്തിന് അദ്ദേഹം മടികാണിച്ചു. ഭാഷാ വൈവിധ്യത്തിന്റെ നിരുപാധിക ആഘോഷമായിരുന്നു മൗലികമായി നെഹ്റു സ്റ്റൈൽ.
അമേരിക്കൻ നേതാക്കളുമായും അവരുൾക്കൊള്ളുന്ന ഭൗമരാഷ്ട്രതന്ത്രവുമായും നെഹ്റുവിന്റെ ബന്ധം പലപ്പോഴും അത്ര സുഖകരമായിരുന്നില്ല. എന്നിട്ടും, ഇന്ത്യ- യു.എസ് ബന്ധം ബൗദ്ധികവും രാഷ്ട്രീയവും ആത്മീയവുമായ ആദാനപ്രദാനങ്ങളുടെ പ്രവിശാല മുഹൂർത്തങ്ങളിലൂടെ ആശയങ്ങളുടെ പല തലങ്ങളിൽ പിണഞ്ഞുകിടന്നു. അമേരിക്കൻ ജീവിതത്തിൽ ഗാന്ധിയുടെ സ്വാധീനത്തെക്കുറിച്ച് നാം പലപ്പോഴും സ്മരിക്കാറുണ്ട്. പക്ഷേ, നെഹ്റു സൃഷ്ടിച്ച ബൗദ്ധിക സാന്നിധ്യത്തെക്കുറിച്ച് നാം മറന്നുപോകുന്നു.
നെഹ്റുവിനെ തന്റെ പ്രചോദനമായി പലപ്പോഴും തുറന്നുപറഞ്ഞ മാർട്ടിൻ ലൂഥർ കിങ് ജൂനിയറാകും നെഹ്റുവിന്റെ ശാശ്വത സാന്നിധ്യത്തെക്കുറിച്ച് ഏറ്റവും വാചാലമായ വാക്കുകൾ പറഞ്ഞത്: ‘‘സംസ്കാരത്തിന്റെ യഥാർഥ അവസ്ഥയിലേക്ക് വളരാനുള്ള മനുഷ്യരുടെ ഈ സമരങ്ങളിലത്രയും നെഹ്റുവിന്റെ ഉദാത്ത വ്യക്തിത്വം എഴുന്നുനിൽക്കുന്നു, ദൃശ്യമായില്ലെങ്കിലും എല്ലാ യോഗമേശകളിലും അവ അനുഭവ വേദ്യമായിരിക്കും. ലോകത്തിന് അദ്ദേഹത്തെ നഷ്ടമായിരിക്കുന്നു: കാരണം, കലുഷിതമായ ആധുനിക കാലത്ത് അദ്ദേഹം തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരാളായിരുന്നു’’.
(വിഖ്യാത ലോക സർവകലാശാലകളിൽ അധ്യാപകനും അശോക വാഴ്സിറ്റി വൈസ് ചാൻസലറുമായിരുന്ന ലേഖകൻ ഇന്ത്യൻ എക്സ് പ്രസ് കോൺട്രിബ്യൂട്ടിങ് എഡിറ്ററാണ്)
Thanks to: The Indian Express
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

