വടക്കൻ കാറ്റിൽ യു.ഡി.എഫ് ഓളം
text_fieldsകോഴിക്കോട്: വടക്കൻ കാറ്റ് യു.ഡി.എഫിന് അനുകൂലമാണ്. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെന്ന പോലെ, യു.ഡി.എഫ് ഇവിടെ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായ കണ്ണൂരും കോഴിക്കോടുമെല്ലാം മത്സരം ശക്തമാണ്. ചുരുങ്ങിയ മണ്ഡലങ്ങളുള്ള കാസർകോടും വയനാടും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. മലപ്പുറമാകട്ടെ, ജില്ല പഞ്ചായത്തിലെന്ന പോലെ ക്ലീൻ സ്വീപ്പിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല.
മേഖലയിൽ അഞ്ച് ജില്ലകളിലായി മൊത്തം 48 മണ്ഡലങ്ങളുള്ളതിൽ 24 മണ്ഡലങ്ങളിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ്. 10 മണ്ഡലങ്ങളിൽ എൽ.ഡി.എഫിനും സംശയമില്ല. അതേസമയം, 14 മണ്ഡലങ്ങളിൽ ഇരു മുന്നണികളും ബലാബലത്തിലാണ്.
അഞ്ചു മണ്ഡലങ്ങളുള്ള കാസർകോട് നിലവിലെ അവസ്ഥ തുടരാനാണ് സാധ്യത. കാസർകോടും മഞ്ചേശ്വരവും യു.ഡി.എഫിനെ കൈവിടില്ലെന്നതാണ് നിലവിലെ സാഹചര്യം. മഞ്ചേശ്വരത്ത് നിലവിലെ എം.എൽ.എ എ.കെ.എം. അഷ്റഫ് തുടർന്നേക്കും. എസ്.ഡി.പി.ഐ സ്ഥാനാർഥിയെ നിർത്തി ഭീഷണിയുയർത്തിയ ഇവിടെ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രനെതിരെ മതേതര വോട്ടുകൾ ഒന്നിക്കുമെന്നാണ് കണക്കുകൂട്ടൽ. ഉദുമയിലും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിലും തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ യു.ഡി.എഫിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കുന്നുണ്ട്.
എൽ.ഡി.എഫ്, പ്രത്യേകിച്ച് സി.പി.എം അനായാസേന തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാറുള്ള കണ്ണൂരിൽ ഇത്തവണ വിമത നേതാക്കളുടെ ഭീഷണിയുണ്ടാക്കിയ പിരിമുറുക്കത്തിലാണ് അവർ. എങ്കിലും 11 മണ്ഡലങ്ങളുള്ള ഇവിടെ വലിയ അട്ടിമറികളൊന്നും പ്രതീക്ഷിക്കുന്നില്ല. ഇരിക്കൂറും പേരാവൂരും നിലനിർത്തുന്നതിനൊപ്പം കണ്ണൂർ ഇത്തവണ യു.ഡി.എഫ് പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളിയെക്കാൾ ടി.ഒ. മോഹനന് മുൻതൂക്കമുണ്ട്. അതേസമയം, വിമത സ്ഥാനാർഥികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ പയ്യന്നൂരും തളിപ്പറമ്പും മത്സരപ്രതീതി സൃഷ്ടിക്കാൻ യു.ഡി.എഫിന് കഴിയുന്നുണ്ട്. ഇരു മണ്ഡലങ്ങളിലും സി.പി.എമ്മിനകത്തെ അതൃപ്തരുടെ വോട്ടിലാണ് കുഞ്ഞികൃഷ്ണന്റെയും ടി.കെ. ഗോവിന്ദന്റെയും പ്രതീക്ഷ. മുസ്ലിം ലീഗിന്റെ വനിത സ്ഥാനാർഥി ജയന്തി രാജൻ മത്സരിക്കുന്ന കൂത്തുപറമ്പിൽ ശക്തമായ മത്സരം നടക്കുന്നുണ്ടെങ്കിലും മുൻതൂക്കം എൽ.ഡി.എഫ് സ്ഥാനാർഥി പ്രവീൺകുമാറിനു തന്നെയാണ്. അഴീക്കോട് എൽ.ഡി.എഫിലെ കെ.വി. സുമേഷിനെതിരെ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൽ കരീം ചേലേരി പൊരുതുന്നുണ്ട്. എൽ.ഡി.എഫിന്റെ കൈവശമുള്ള കല്യാശ്ശേരി, തലശ്ശേരി, മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം, മട്ടന്നൂർ മണ്ഡലങ്ങൾക്ക് ഭീഷണിയൊന്നുമില്ല.
മൂന്നു മണ്ഡലങ്ങളുള്ള വയനാട്ടിൽ 2-1 എന്ന നിലവിലെ അവസ്ഥ തുടരാനാണ് സാധ്യത. കൽപറ്റയിൽ ടി. സിദ്ദീഖിനും സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണനും തന്നെയാണ് സാധ്യത. മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലമായ മാനന്തവാടി മൂന്നാം വട്ടവും അദ്ദേഹം നിലനിർത്തുമെന്നാണ് കരുതുന്നത്. ഇവിടെ ഉഷ വിജയൻ നല്ല മത്സരം കാഴ്ചവെക്കുന്നുണ്ട്. പ്രമുഖ നേതാക്കളും സ്റ്റാർ കാമ്പയിനർമാരും എത്തിനോക്കാത്ത മലപ്പുറത്ത് ഒരുതരത്തിലുള്ള ഭീഷണി ഉയർത്താനും എൽ.ഡി.എഫിനായിട്ടില്ല. പൊന്നാനി കനിഞ്ഞാൽ ജില്ല പഞ്ചായത്തിലുണ്ടായ പോലെയുള്ള ‘ക്ലീൻ സ്വീപ്’ എൽ.ഡി.എഫിന് ഒഴിവാക്കാനായേക്കും. എന്നാൽ, പൊന്നാനിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.കെ. സക്കീറിന് ശക്തമായ ഭീഷണി സൃഷ്ടിക്കാൻ യു.ഡി.എഫിന്റെ കെ.പി. നൗഷാദലിക്ക് കഴിഞ്ഞിട്ടുണ്ട്. ആത്മവിശ്വാസമില്ലാതെ മത്സരത്തിനിറങ്ങിയ കെ.ടി. ജലീലിനെതിരെ യു.ഡി.എഫിന്റെ വി.എസ്. ജോയ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. താനൂരിൽനിന്ന് തിരൂരിലേക്ക് കൂടുമാറിയ മന്ത്രി വി. അബ്ദുറഹ്മാന് കുറുക്കോളി മൊയ്തീനെതിരെ വലിയ ചലനമൊന്നും ഉണ്ടാക്കാനായിട്ടില്ല. എൽ.ഡി.എഫിന് സാധ്യത കൽപിക്കപ്പെട്ടിരുന്ന പെരിന്തൽമണ്ണ ഇത്തവണ നജീബ് കാന്തപുരം തൂക്കുമെന്ന അവസ്ഥയാണ്. ചുരുക്കിപ്പറഞ്ഞാൽ, 16 മണ്ഡലങ്ങളിൽ ജയിക്കുമെന്ന് ഉറപ്പിച്ചുപറയാൻ പറ്റുന്ന ഒരു മണ്ഡലം പോലും എൽ.ഡി.എഫിനില്ല എന്നതാണ് മലപ്പുറത്തെ സാഹചര്യം.
നിലവിൽ 11 മണ്ഡലങ്ങൾ എൽ.ഡി.എഫിന്റെ കൈയിലും രണ്ടു മണ്ഡലങ്ങൾ മാത്രം യു.ഡി.എഫിന്റെ കൈവശവുമുള്ള കോഴിക്കോട് ഇക്കുറി ശക്തമായ മത്സരമാണ് നടക്കുന്നത്. കൊടുവള്ളിയും വടകരയും കുറ്റ്യാടിയും യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മത്സരം നടക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത്, കുന്ദമംഗലം, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര, എലത്തൂർ മണ്ഡലങ്ങളിൽ എന്തും സംഭവിക്കാമെന്ന നിലയാണ്. ഈ മണ്ഡലങ്ങളിൽനിന്ന് കാൽ നൂറ്റാണ്ടിനുശേഷം ജില്ലയിൽ കോൺഗ്രസ് അക്കൗണ്ട് വീണ്ടും തുറക്കാനാകുമെന്നാണ് കരുതുന്നത്. ബാലുശ്ശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി സച്ചിൻ ദേവിനാണ് മുൻതൂക്കം. യു.ഡി.എഫ് തരംഗം വീശിയില്ലെങ്കിൽ തിരുവമ്പാടി ലിന്റോ ജോസഫ് നിലനിർത്തിയേക്കും. ശ്രദ്ധേയ മത്സരം നടക്കുന്ന ബേപ്പൂരിൽ ശക്തമായ ഭീഷണി ഉയർത്താൻ പി.വി. അൻവറിനാകുന്നുണ്ടെങ്കിലും പഴുതടച്ച പ്രവർത്തനങ്ങളിലൂടെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കരകയറുമെന്നു തന്നെയാണ് കരുതുന്നത്. യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയാൽ മാത്രമേ ഇവിടെ അട്ടിമറി പ്രതീക്ഷിക്കേണ്ടതുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

