Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബൈഡൻ നൽകുന്ന മതേതര...

ബൈഡൻ നൽകുന്ന മതേതര പ്രതിച്ഛായ

text_fields
bookmark_border
Joe Biden reema dodin
cancel
camera_alt

ജോ ബൈഡൻ, റീമാ ഡോഡിൻ

ട്രംപിനെതിരെ രണ്ടാംഘട്ട ഇംപീച്ച് മെൻറ് നടപടികൾ ഫെബ്രുവരി എട്ടിന്​ നടക്കാനിരിക്കുകയാണ്. ജനുവരി ആറിനു കാപിറ്റൽ കെട്ടിടത്തിലേക്ക് ഇരച്ചുകയറി നാശനഷ്​ടങ്ങൾ വരുത്തുകയും അഞ്ചുപേരുടെ മരണത്തിനും അനവധി പേരുടെ പരിക്കിനുമിടയാക്കിയ പ്രവൃത്തികൾക്ക് നിരുത്തരവാദപരമായി പ്രേരണ നല്‍കിയ ട്രംപ് വാസ്തവത്തിൽ അമേരിക്കയെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികൾ ലജ്ജിച്ചു തലതാഴ്ത്തി. ഇതിൽ ദുഃഖിതരായതുകൊണ്ടാണ് റിപ്പബ്ലിക്കൻ അംഗങ്ങളായ ഏതാനും പേർകൂടി ട്രംപിനെ കൈയൊഴിഞ്ഞത്. അങ്ങനെ, അദ്ദേഹത്തി​െൻറ പടിയിറക്കം ചരിത്രത്തിലെ ഏറെ കറുത്ത അധ്യായമായി മാറി. അദ്ദേഹം 2024ൽ വീണ്ടും മത്സരിച്ച്​ അധികാരത്തിലേറുന്നത് അമേരിക്കക്ക് ദോഷകരമായിരിക്കും. ഇതുകൊണ്ടാണ് ഇംപീച്ച്മെൻറ് നടപടിയിലൂടെ അദ്ദേഹത്തിനു മത്സരത്തിനുള്ള അവസരം നിഷേധിക്കപ്പെടണമെന്ന്​ സെനറ്റ്​ അംഗങ്ങൾ ആലോചിച്ചത്.

എന്നാൽ, പുതിയ റിപ്പോർട്ടുകളനുസരിച്ച്​ ഇതിനു സാധ്യതയില്ല. ജനുവരി 26ന് വിഷയം സെനറ്റിൽ ചര്‍ച്ചക്കുവന്നപ്പോൾ വെറും അഞ്ച്​ അംഗങ്ങളേ റിപ്പബ്ലിക്കൻപാർട്ടിയിൽനിന്നു ഇംപീച്ച്മെൻറിനെ അനുകൂലിക്കുന്നവരായുണ്ടായുള്ളൂ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെതിരെ നടപടികളുമായി മുന്നോട്ടുപോകാൻ പതിനേഴ് റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്. കോർപറേറ്റ്​ മുതലാളിയായ ട്രംപിനെ പിണക്കാൻ റിപ്പബ്ലിക്കൻ അംഗങ്ങളിൽ പലരും മെനക്കെടില്ലെന്ന് മനസ്സിലാക്കിയതു കൊണ്ടാവണം, ഫ്ലോറിഡയിലെ സ്വവസതിയിലേക്ക് പുറപ്പെടുമ്പോൾ ഹെലികോപ്റ്ററി​െൻറ പടിയിൽനിന്നു 'താൻ തിരിച്ചുവരും' എന്ന്​ അദ്ദേഹം പ്രസ്താവിച്ചത്. അത് എങ്ങനെയായിരിക്കുമെന്ന്​ അറിയാനിരിക്കുന്നേയുള്ളൂ.

ട്രംപി​െൻറ പതനം അദ്ദേഹത്തിനു മാത്രമല്ല, അമേരിക്കക്കുതന്നെ പേരുദോഷമുണ്ടാക്കി. ഭരണത്തിലേറിയ ട്രംപ് ലോകത്തോട് എന്തു വിളിച്ചുപറഞ്ഞുവോ അതിനു നേരെ വിപരീതമായ അവസ്ഥക്കാണ്​ അദ്ദേഹം സാക്ഷിയാകേണ്ടിവന്നത്! 'സ്വയംകൃതാനർഥം' എന്നു പറയുന്നതുപോലെ സ്വന്തം അവിവേകംമൂലം സമ്പാദിച്ച ദുഷ്പേര് തലയിലേറ്റി അദ്ദേഹത്തിനു സ്ഥലം വിടേണ്ടിവന്നു. എന്തിനും ഏതിനും അമേരിക്ക മുന്നിലായിരിക്കണം എന്നു ശഠിച്ച ട്രംപി​െൻറ അമേരിക്കയിൽ ജനാധിപത്യത്തിനു ക്ഷതമേറ്റതായി ലോകം വിലയിരുത്തി. ജോ ബൈഡ​െൻറ ഉദ്ഘാടന പ്രസംഗത്തിൽ ഇതി​െൻറ പ്രതിഫലനം കേട്ടു: ''ഇത് ജനാധിപത്യത്തി​െൻറ ദിനമാണ്. അമേരിക്കയിൽ ജനാധിപത്യത്തി​െൻറ പുനഃസൃഷ്​ടി നടക്കുകയാണ് എന്നു ബൈഡൻ പ്രസ്താവിച്ചപ്പോൾ അത് അമേരിക്കക്കും ലോകജനതക്കും ആശ്വാസം നൽകി.

അന്താരാഷ്​ട്ര കരാറുകൾക്കൊന്നും വില കൽപിക്കാതിരുന്ന ട്രംപ് അമേരിക്കയുൾപ്പെടെ ആറു രാഷ്​ട്രങ്ങൾ ഇറാനുമായുണ്ടാക്കിയ ആണവകരാറിൽനിന്നു പിൻവാങ്ങി. തെഹ്​​റാനെതിരെ ഉപരോധം ശക്തമാക്കി. ഇസ്രായേലി​െൻറ ഓരംചേര്‍ന്നു നിന്ന് യുദ്ധഭീഷണി മുഴക്കി. എന്നാൽ, വീമ്പു പറയുകയല്ലാതെ, ആയത്തുല്ല അലിഖാംനഈയുടെ ദൃഢനിശ്ചയത്തിനു മുന്നിൽ ട്രംപിനു ഒന്നും ചെയ്യാനായില്ല. ഉത്തര കൊറിയയുടെ ആയുധനിര്‍മാണവും അവരുയർത്തിയ വെല്ലുവിളികളും ലോകത്ത് അസ്വസ്ഥതയുയർത്തുകയും കിം യോങ്​ ഉന്നുമായുള്ള ഉച്ചകോടിക്ക് അത് കാരണമാവുകയും ചെയ്തു. എന്നാൽ, തുടർന്ന് ഉത്തരകൊറിയ ആയുധശേഖരം വർധിപ്പിക്കുന്നതും ഇടക്കിടെ വെല്ലുവിളിക്കുന്നതുമാണ് കേൾക്കാൻ കഴിഞ്ഞത്. വാണിജ്യരംഗത്ത് ഭീഷണിയായ ചൈനയെ തകര്‍ത്തെറിയാനുള്ള ശ്രമങ്ങളിലെല്ലാം അമേരിക്ക പരാജയപ്പെട്ടു. ഇങ്ങനെ നോക്കുമ്പോൾ ട്രംപി​െൻറ നാലുവർഷങ്ങളിൽ അന്താരാഷ്​ട്ര രംഗത്ത് അമേരിക്ക തികഞ്ഞ പരാജയമായിരുന്നു. എന്നാൽ, സത്യം പറയണമല്ലോ, ഈ നാലു വർഷങ്ങളിൽ അമേരിക്ക ഒരു പുതിയ യുദ്ധത്തിലേർപ്പെട്ടില്ലെന്നത് എടുത്തുപറയേണ്ട കാര്യം തന്നെ. സൈനികരുടെ ജീവൻ നഷ്​ടപ്പെടുന്നതിലേറെ അത് രാഷ്​ട്രത്തെ സാമ്പത്തികമായി പാപ്പരാക്കുമെന്ന കാര്യം അദ്ദേഹം ഇടക്കിടെ ആവർത്തിച്ചിരുന്നു.

ട്രംപിനെ നയിച്ചിരുന്നത് വാഷിങ്​ടണിലെ ഇസ്രായേൽ ലോബിയായിരുന്നു. ജൂതനായ ട്രംപി​െൻറ മരുമകൻ ജാരിദ് കുശ്നർ മുതിര്‍ന്ന ഉപദേശകനായത് കാര്യങ്ങളെല്ലാം എളുപ്പമാക്കി. 1948 മുതലേ ഇസ്രായേലിനെ അമേരിക്ക താങ്ങിനിര്‍ത്തുന്നതുകൊണ്ടാണ് എല്ലാവിധ മനുഷ്യാവകാശലംഘനങ്ങളെയും തൃണവത്​ഗണിച്ചും ഐക്യരാഷ്​ട്രസഭ പ്രമേയങ്ങളെ നിരാകരിച്ചും അവർ മുന്നോട്ടുപോയത്. അമേരിക്കയിൽ രാഷ്​ട്രീയരംഗത്ത് വിജയിക്കണമെങ്കിൽ അയാൾക്ക് ഇസ്രായേലി ലോബിയുടെ പിന്തുണ ആർജിക്കാൻ സാധ്യമാകണമെന്നത് ഒരു വസ്തുതയാണ്. പശ്ചിമേഷ്യയിൽ അമേരിക്ക കൈക്കൊണ്ട നടപടികളൊക്കെയും അവ അമേരിക്കയുടെ താൽപര്യത്തിനു വേണ്ടിയായിരുന്നില്ല, ഇസ്രായേലിനെ തൃപ്തിപ്പെടുത്താനുള്ള നടപടികളായിരുന്നു. ഇതി​െൻറ ഏറ്റവും വലിയ തെളിവാണ് കുശ്നറും നെതന്യാഹുവും ചേര്‍ന്ന് മെനഞ്ഞെടുത്ത 'അബ്രഹാം കരാർ'. ഇതിനെത്തുടർന്ന് ജറൂസലം ഇസ്രായേലി​െൻറ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. യുദ്ധത്തിൽ പിടിച്ചെടുത്ത ജൂലാൻകുന്നുകൾ അവർ സ്വന്തമാക്കി. വെസ്​റ്റ്​ബാങ്കിൽ പാർപ്പിടസമുച്ചയങ്ങൾ വർധിപ്പിച്ചു. അങ്ങനെ ഇസ്രായേലി​െൻറ വികസനമായിരുന്നു അവർ ഉന്നംവെച്ചത്.

മാത്രമല്ല, സൈനികശക്തിയുടെ തിണ്ണബലത്തിൽ അറബ് രാഷ്​ട്രങ്ങളെ കെണിയിൽ വീഴ്ത്തുന്നതിനും അവർ കരുക്കൾ നീക്കി. ഇതി​െൻറ ഫലമായിരുന്നു കഴിഞ്ഞ ആഗസ്​റ്റ്​ 31നു ജാരിദ് കുശ്നറും നെതന്യാഹുവും സൗദിയുടെ ആകാശത്തു കൂടെ അബൂദബിയിലേക്ക് പറന്നത്. തുടര്‍ന്നു ബഹ്റൈനും സുഡാനും ഇസ്രായേലിനെ അംഗീകരിച്ചു. അമേരിക്കൻ ആയുധങ്ങൾക്ക് റൊക്കം കാശ് കൊടുക്കുന്ന ഉപഭോക്താക്കളെയാണ് ട്രംപ് അറബ് രാഷ്​ട്രങ്ങൾക്കിടയിൽ തിരഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ എല്ലാം ജൂതലോബിയുടെയും കോർപറേറ്റുകളുടെയും കൈയിലൊതുക്കി വരുമ്പോഴാണ് കാര്യങ്ങൾ ട്രംപിൽ നിന്നും നെതന്യാഹുവിൽ നിന്നും കൈവിട്ടുപോകുന്നത്. ഇത് അമേരിക്കക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള, ട്രംപി​നു സ്തുതിപാടുന്ന ഫാഷിസ്​റ്റ്​ ശക്തികൾക്കുമേറ്റ ഒരടിയായിരുന്നു. ഇനി, ട്രംപി​െൻറ തിരിച്ചുവരവിലാണ് അമേരിക്കയെ നിയന്ത്രിച്ചുനിർത്തിയ ജൂതലോബി, പ്രത്യേകിച്ച് എ.ഐ.പി.എ.സി (Arab Israel Public Affairs Committee) പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.

ഭരണപരിചയമുള്ള ജോ ബൈഡൻ അവധാനതയോടെയാണ് കരുക്കൾ നീക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികൾക്ക് ആവേശം പകരുന്നതാണ്. അധികാരമേറ്റെടുത്ത്​ അദ്ദേഹം നടത്തിയ പ്രസ്താവനയിൽ ഇത് വ്യക്തമാണ്. ''വൈസ് പ്രസിഡൻറായ കമല ഹാരിസും ഞാനും വ്യത്യസ്തവീക്ഷണമുള്ള വ്യക്തികളുടെ കൂട്ടായ്മയിലൂടെ രാജ്യത്തിനു കൂടുതൽ ഗുണകരവും രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമാകുന്ന ഒരു ഭരണക്രമം നടപ്പാക്കാനാണ് ശ്രമിക്കുന്നത്'. ഈ പ്രസ്താവനക്കുശേഷം, ജനുവരി 20ന് വാഷിങ്​ടണിലെ ഓവൽ ഓഫിസിൽ ഉപവിഷ്​ടനായ പ്രസിഡൻറ്​ ബൈഡൻ ആദ്യമായി ചെയ്തത് ട്രംപി​െൻറ 'മുസ്​ലിം നിരോധം' പിൻവലിക്കുകയാണ്.

അതിനായി, ഭരണനിർവഹണ കൽപനയായി, അമേരിക്കയിൽ പ്രവേശിക്കുന്നതിലുള്ള മതപരമായ വിവേചനം അവസാനിപ്പിക്കുന്ന നിയമത്തിൽ ഒപ്പുവെച്ചു. മാത്രമല്ല, അറബ് അനുകൂലികളായ നിയമവിദഗ്‌ധരെ ഭരണനിർവഹണ സമിതിയിൽ ഉൾപ്പെടുത്താനും മറന്നില്ല. ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരു നിയമനമാണ് ഫലസ്തീനിയായ റീമാ ഡോഡി​െൻറ നിയമനം. വൈറ്റ്ഹൗസിൽ നിയമനിർവഹണകാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി ഡയറക്​ടറായിട്ടാണ്​ അവരെ നിയമിച്ചിരിക്കുന്നത്. ഇസ്രായേലും ഇസ്രായേലി മാധ്യമങ്ങളും ഇതിനെ വിമർശിക്കുകയാണ്. അതൊന്നും ബൈഡനെ കുലുക്കിയിട്ടില്ല. കൂടുതൽ അറബ് അനുകൂലവ്യക്തികൾ അമേരിക്കയുടെ ഭരണനിർവഹണരംഗത്ത് ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തി​െൻറ പ്രതികരണം. അറബ്-ഇസ്രായേലി ബന്ധങ്ങളിൽ നിഷ്പക്ഷനിലപാട് സ്വീകരിക്കാനും അതുവഴി പശ്ചിമേഷ്യയിൽ സമാധാനം കൈവരുത്താനും സാധിച്ചാൽ ലോകസമാധാനത്തിന്​​ ബൈഡനു നല്‍കാവുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും അത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usJoe Bidensecularismreema dodin
News Summary - The secular image given by Joe Biden
Next Story