വിപ്ലവം കുടുകൂട്ടിയ ഹൃദയം
text_fieldsവിശേഷണങ്ങളും ബഹുമാനപദങ്ങളും ഒരുപാട് പറയാനുണ്ടാവും. എങ്കിലും വിപ്ലവകാരി എന്നതാവും ഡോ. പി.കെ. വാര്യരെ വിശേഷിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഒറ്റവാക്ക്. മാനവികതയും പുരോഗമനേച്ഛയും സമംചാലിച്ച് ആയുർവേദ ചികിത്സാമേഖലയെ വിപ്ലവാത്മകമാക്കിയാണ് പിൽക്കാല ജീവിതമെങ്കിൽ വിദ്യാർഥിജീവിതകാലം മുതൽ മനസ്സിൽ എരിഞ്ഞത് മനുഷ്യപക്ഷ വിപ്ലവം.
കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഗാന്ധിത്തൊപ്പിയിട്ട് ക്ലാസിൽ ഇരുന്നതിന് ശിക്ഷിക്കപ്പെട്ടു. കോഴിക്കോട് സാമൂതിരി കോളജിൽ പഠിക്കുേമ്പാൾ ലോക രാഷ്ട്രീയ മുന്നേറ്റങ്ങളെ സസൂക്ഷ്മം പിന്തുടർന്നു. വേദനിക്കുന്നവർക്കായി അടരാടുന്നവർക്കൊപ്പം അണിനിരക്കണമെന്ന് മനസ്സിലുറപ്പിച്ചു.
സോവിയറ്റ് യൂനിയനെതിരെ ഹിറ്റ്ലർ ആക്രമണം അഴിച്ചുവിട്ട കാലത്ത് അതിനെതിരായ സമരത്തിൽ പങ്കാളിയാവാനാണ് 1942ൽ പി.കെ. വാര്യരും എൻ.വി.കൃഷ്ണ വാര്യരും കോളജ് വിട്ടത്. തൊഴിലാളി വർഗത്തിെൻറ ആദ്യ ഭരണകൂടമായിരുന്ന റഷ്യയെ സംരക്ഷിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. യുദ്ധവിരുദ്ധ പ്രചാരണമായിരുന്നു മുഖ്യപ്രവർത്തനം. എൻ.വിയുടെ പ്രവർത്തനമണ്ഡലം കയ്യൂരും വാര്യരുടേത് നിലമ്പൂർ, മഞ്ചേരി, പരപ്പനങ്ങാടി മേഖലകളുമായിരുന്നു. മഞ്ചേരിയിലായിരുന്ന ഓഫിസ് കച്ചേരിപ്പടിയിലേക്ക് മാറ്റി. ഒാരോ സമയത്തും കോട്ടക്കലിലേക്കും തിരിച്ചും കിലോമീറ്ററുകൾ നടന്നായിരുന്നു പ്രവർത്തനം.
പഠിപ്പുമുടക്കി പൊതുപ്രവർത്തനത്തിനിറങ്ങിയത് വലിയമ്മാവൻ പി.എസ്. വാര്യർക്ക് ഇഷ്ടമായിരുന്നില്ല. ആളെ വിട്ട് വിളിപ്പിച്ചിട്ട് തിരിച്ചുവരുന്നില്ലെങ്കിൽ അയാൾക്കും തനിക്കും ബുദ്ധിമുട്ടാവില്ലേയെന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. പിന്നീട് ജ്യേഷ്ഠെൻറ നിർദേശത്തിൽ കാണാനെത്തിയ ശൂലപാണി വാര്യർ വൈദ്യശാല നോക്കാൻ ആളുവേണ്ടേയെന്ന് ചോദിച്ചതിന് മറുപടിയായി പി.കെ. വാര്യർ പറഞ്ഞത് ഇങ്ങനെ: ''വൈദ്യശാല നോക്കാനാണ് പുറത്തുവന്നത്, ഇല്ലെങ്കിൽ ഫാഷിസ്റ്റുകൾ ബോംബിട്ട് നശിപ്പിച്ചാൽ എന്താണ് അവശേഷിക്കുക. അതുകൊണ്ടാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.''
ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കിയേ പിന്മാറൂ എന്ന ഈ ദൃഢനിശ്ചയവും ആത്മവിശ്വാസവും പിന്നീട് ആര്യവൈദ്യശാലയുടെ സാരഥ്യംവഹിക്കുേമ്പാഴും കരുത്തുപകർന്നിട്ടുണ്ടാവണം. എ.കെ.ജി, ഇ.എം.എസ്, ഇ.കെ. നായനാർ തുടങ്ങിയ നേതാക്കളോടൊപ്പം ചേർന്നുപ്രവർത്തിക്കാൻ കഴിഞ്ഞതിൽ എന്നും അഭിമാനംകൊണ്ടു. യുദ്ധത്തോടും പിടിച്ചടക്കലിനോടുമുള്ള വിരോധം ജീവിതാവസാനം വരെ സൂക്ഷിച്ചു. കോലാഹലങ്ങളെല്ലാം ഒതുങ്ങി 'കൈലാസ മന്ദിര'ത്തിൽ തിരിച്ചെത്തിയപ്പോൾ സ്നേഹത്തോടെയാണ് വല്യമ്മാവൻ സ്വീകരിച്ചത്. 1929ൽ 60ാം പിറന്നാളാഘോഷത്തിൽ ആര്യവൈദ്യശാലയുടെ ഭാവിയെപ്പറ്റി തുറന്നുപറഞ്ഞിരുന്ന അമ്മാവൻ 1939ൽ വൈദ്യശാല ഭരണത്തിനായി ഒസ്യത്ത് രജിസ്റ്റർ തയാറാക്കിയിരുന്നു.
1944 ജനുവരി 30ന് അദ്ദേഹം വിടചൊല്ലിയ ശേഷം പാതിയിൽ മുടങ്ങിയ പഠനം പുനരാരംഭിച്ചാണ് പി.കെ. വാര്യർ ആര്യവൈദ്യ ബിരുദം നേടിയത്. 1947 ഒക്ടോബറിൽ 75 രൂപ ശമ്പളത്തിൽ വൈദ്യശാല ഫാക്ടറി മാനേജറായി. ഈ സമയം ജ്യേഷ്ഠസഹോദരൻ പി.എം. വാര്യരായിരുന്നു മാനേജിങ് ട്രസ്റ്റി. 1953ൽ നാഗ്പൂരിലുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചു. 1954ലാണ് ആര്യവൈദ്യശാലയെന്ന മഹാപ്രസ്ഥാനത്തിെൻറ നെടുനായകത്വത്തിലേക്ക് പി.കെ. വാര്യർ എത്തുന്നത്. അതോടെ പുതുചരിത്രം രചിക്കുകയായിരുന്നു 'കുട്ടിമ്മാൻ' എന്ന പേരിലറിയപ്പെട്ട വാര്യർ. സ്വതഃസിദ്ധ ശൈലിയിൽ ആരംഭിച്ച ആയുർവേദ ചികിത്സ പിന്നീട് കടലും കടന്ന് ലോകരാജ്യങ്ങളിലെത്തി. അപ്പോഴും മലയാണ്മയുടെ നൈർമല്യവും വിപ്ലവകാരിയുടെ ആവേശവും കൈമോശംവരാതെ സൂക്ഷിച്ചു അദ്ദേഹം.
ധർമാശുപത്രിയിലെ അലോപ്പതി വിഭാഗം, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം വാര്യരുടെ വീക്ഷണത്തിലൂടെ പിറവിയെടുത്തു. രോഗിയോടുള്ള അനുകമ്പയും വിശ്വാസ്യതയുമായിരുന്നു ഏറ്റവും വലിയ കൈമുതൽ. അത് അദ്ദേഹത്തെ വിശ്വവിജയിയാക്കിത്തീർത്തു. അലിവും വിശ്വാസവും ഇല്ലാതെ പോകുന്നിടത്താണല്ലോ ചികിത്സ പരാജയമായി മാറുന്നത്.