Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംവരണവിരുദ്ധർ വീണ്ടും തലപൊക്കുന്നു

text_fields
bookmark_border
സംവരണവിരുദ്ധർ വീണ്ടും തലപൊക്കുന്നു
cancel
camera_alt

നാഗ്പൂരിൽ നടന്ന സംവരണ വിരുദ്ധ റാലി

പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള സംവരണ നടപടികളെ എതിർത്ത് ചില വ്യക്തികളും നേതാക്കളും സംഘടനകളും ഭരണഘടനാ സ്ഥാപനങ്ങൾ പോലും പരസ്യമായി രംഗത്തെത്താറുണ്ട്. ഡൽഹി ജന്തർ മന്തറിൽ ഒരു സംഘം വലതുപക്ഷ വിദ്യാർഥികൾ തൊഴിൽ-വിദ്യാഭ്യാസ സംവരണം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധമാണ് ഇതിൽ ഒടുവിലത്തേത്.

ഈ പശ്ചാത്തലത്തിൽ, ആഗസ്റ്റ് 24-ന് സംവരണത്തെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രസ്താവന അതീവ പ്രാധാന്യമർഹിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ, സർക്കാർ സർവീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ‘പിൻവാതിലിലൂടെ’ സംവരണം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു.

ആ സംവരണവിരുദ്ധ സമരം കാര്യമായ ജനപിന്തുണയില്ലാതെ കെട്ടടങ്ങിയെങ്കിലും, കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാണിച്ച വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളുടെ കണക്കുകൾ ഏറെ ആശങ്കാജനകമാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലായി 8.2 ലക്ഷത്തിലധികം അംഗീകൃത തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. റെയിൽവേയിൽ 2.40 ലക്ഷവും പ്രതിരോധ മന്ത്രാലയത്തിൽ 2.41 ലക്ഷവും ആഭ്യന്തര മന്ത്രാലയത്തിൽ 1.10 ലക്ഷവും ഒഴിവുകളാണുള്ളത്. പ്രധാനമന്ത്രി മോദിയുടെ 12 വർഷത്തെ ഭരണത്തിനിടയിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ 5.1 ലക്ഷം സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കപ്പെട്ടതായും ഖാർഗെ ചൂണ്ടിക്കാട്ടി. ഇതേ കാലയളവിൽ കരാർ തൊഴിലാളികളുടെ നിരക്ക് 19 ശതമാനത്തിൽനിന്ന് 49 ശതമാനമായി ഉയരുകയും ചെയ്തു.

സർക്കാർ തസ്തികകൾ നികത്താതെ ഒഴിച്ചിടുന്നത് യുവജനങ്ങൾക്ക് തൊഴിൽ നിഷേധിക്കുന്നതിന് തുല്യമാണ്. ഇത് സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെയാണ് കൂടുതൽ പ്രതികൂലമായി ബാധിക്കുക. കൂടാതെ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലും കരാറടിസ്ഥാനത്തിലുള്ള നിയമനങ്ങളും പട്ടികജാതി-വർഗ വിഭാഗങ്ങളുടെ തൊഴിലവസരങ്ങൾ വീണ്ടും കുറച്ചതായി ഖാർഗെ വ്യക്തമാക്കി. ‘‘സംവരണം അവസാനിപ്പിക്കാൻ ഭരണഘടന ഭേദഗതി ചെയ്യേണ്ടതില്ല; സംവരണം നിർബന്ധമാക്കിയിട്ടുള്ള തസ്തികകൾ ഇല്ലാതാക്കിയാൽ മാത്രം മതി’’- ഖാർഗെ പറഞ്ഞു.

കൊക്റോച്ച് ജനതാ പാർട്ടി (സി.പി.ജെ) നയിച്ച പ്രതിഷേധത്തെ ക്രൂരമായ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താൻ ശ്രമിച്ച്, അതും പാളിയപ്പോൾ മാത്രമാണ് കേന്ദ്ര സർക്കാർ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറായതെങ്കിൽ, സംവരണവിരുദ്ധ പ്രക്ഷോഭകരുടെ പ്രതിനിധികളുമായി അസാമാന്യ തിടുക്കത്തിലാണ് സർക്കാർ കൂടിക്കാഴ്ച നടത്തിയത്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള സംവരണവും അനുകൂല നടപടികളും ‘വിലപേശലിന് വിധേയമാണ്’ എന്ന നിഗമനത്തിലാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ എത്തിച്ചേർന്നിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ സംവരണം രൂപകൽപ്പന ചെയ്തിരിക്കുന്നത് ആയിരക്കണക്കിന് വർഷങ്ങളായി പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട ചരിത്രപരമായ അനീതികൾ തിരുത്താനാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും നിയമസഭകളിലും മതിയായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് സാമൂഹികനീതി നടപ്പാക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടനയുടെ അനുച്ഛേദം 15 നിരോധിക്കുന്നു; കൂടാതെ 4, 5, 6 ഉപവകുപ്പുകൾ പ്രകാരം പട്ടികജാതിക്കാർ (എസ്.സി), പട്ടികവർഗക്കാർ (എസ്.ടി), സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്.ഇ.ബി.സി), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (ഇ.ഡബ്ല്യു.എസ്) എന്നിവരുടെ പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരാൻ ഭരണകൂടത്തിന് അധികാരം നൽകുന്നു.

സർക്കാർ സർവീസുകളിലെ തൊഴിലവസരങ്ങളിൽ തുല്യത ഉറപ്പുനൽകുന്നതാണ് അനുച്ഛേദം 16. ഇതിലെ 4, 4(എ), 4(ബി), 6 എന്നീ ഉപവകുപ്പുകൾ പ്രകാരം പ്രാതിനിധ്യമില്ലാത്ത പിന്നാക്ക വിഭാഗങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും നിയമനങ്ങൾ, സ്ഥാനക്കയറ്റങ്ങൾ, ബാക്ക്‌ലോഗ് തസ്തികകൾ എന്നിവയിൽ സംവരണം അനുവദിക്കുന്നു. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സീറ്റ് സംവരണം വ്യവസ്ഥ ചെയ്യുന്നത് അനുച്ഛേദം 330, 332 എന്നിവയാണ്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും സീറ്റ് സംവരണം ഉറപ്പുനൽകുന്നത് ഭരണഘടനയുടെ അനുച്ഛേദം 243 ഡി, 243 ടി എന്നിവയാണ്.

1992-ലെ ഇന്ദിരാ സാഹ്നി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന നിർണായക വിധിയിലൂടെ, അസാധാരണ സാഹചര്യങ്ങളിലൊഴികെ ആകെ സംവരണം 50 ശതമാനമായി സുപ്രീംകോടതി പരിമിതപ്പെടുത്തി. കൂടാതെ, പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ സംവരണത്തിൽനിന്ന് ഒഴിവാക്കുന്ന ‘ക്രീമിലെയർ’ തത്വവും സുപ്രീംകോടതി മുന്നോട്ടുവെച്ചു. തുടർന്ന്, 103-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ (2019) എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് പുറത്തുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്ല്യു.എസ്) 10 ശതമാനം സംവരണം ഏർപ്പെടുത്തുകയും ഇത് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു.

എന്നിരുന്നാലും, ‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു.ജി.സി ചട്ടങ്ങൾ 2026’ സ്റ്റേ ചെയ്തതിലൂടെ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹിക തുല്യത ഉറപ്പുവരുത്തുന്നതിനോട് സുപ്രീംകോടതി വിമുഖത കാട്ടിയിരിക്കുകയാണ്. ഈ സ്ഥാപനങ്ങളിൽ പട്ടികജാതി-വർഗ വിദ്യാർഥികൾ നേരിടുന്ന കടുത്ത വിവേചനവും പീഡനങ്ങളും ഒട്ടേറെ ആത്മഹത്യകളിലേക്കാണ് നയിച്ചിട്ടുള്ളത്. ജാതിവിവേചനം സംബന്ധിച്ച പരാതികൾ വർധിച്ച സാഹചര്യത്തിലും, നിലവിലുള്ള പരാതിപരിഹാര സംവിധാനങ്ങളുടെ പോരായ്മകൾ തുറന്നുകാട്ടിയ രോഹിത് വെമുല, പായൽ തഡ്‌വി തുടങ്ങിയവരുടെ മരണങ്ങളെ തുടർന്നുമാണ് ഈ യു.ജി.സി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഈ ചട്ടങ്ങൾക്കെതിരെ എതിർപ്പുയർന്നത്. എന്നാൽ ബി.ജെ.പി ഭരണത്തിലുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം എന്നിവയുൾപ്പെടെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഈ ചട്ടങ്ങൾക്കെതിരെ യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Resurgence of Anti-Reservation Sentiments in India
Next Story