Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നവ ജനാധിപത്യത്തിന്റെ പവർസ്റ്റേഷൻ
cancel
camera_alt

കെ.എം. സലിംകുമാർ 

‘‘ചിലർ ചരിത്രത്തിൽ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നു. മരണത്തിലൂടെയും അവർ ചരിത്രരചന നടത്തുന്നു. ചരിത്രത്തെ അവർ തങ്ങളുടേതു മാത്രമാക്കുന്നു. മറ്റു ചിലർ ചരിത്രത്തിന് പുറത്താണ്. അവരുടെ ജനനവും ജീവിതവും മരണവുമെല്ലാം ചരിത്രത്തിന് അന്യമാണ്, ഫോസിലുകൾ പോലെയാണ്.

അതിജീവനം മാത്രമാണ് അവരുടെ ചരിത്രസാക്ഷ്യം.
എന്റെ പ്രിയതമയുടെ ശവമാടത്തിനരികിലുള്ള സ്മാരക ശിലകളെനോക്കൂ.........
പൂർവികർ പ്രിയപ്പെട്ടവർക്കായി ഉയർത്തുകയും ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന സ്ഥൂലരൂപങ്ങളാണവ. ചരിത്രമില്ലാത്തവരുടെ ഭാഷയാണത്.
വന്യമായ ഗോത്രജീവിതത്തി​ന്റെ സഞ്ചാരപഥങ്ങൾ........
നിരക്ഷരരുടെ അക്ഷരങ്ങളും അക്കങ്ങളും ഏറിയാൽ രണ്ടോ മൂന്നോ തലമുറകളുടെ ശിഥിലമായ ഓർമകൾമാത്രം.........’’

കെ.എം. സലിംകുമാർ സാറിന്റെ ആത്മകഥ ആരംഭിക്കുന്നതിങ്ങനെയാണ്. രണ്ടായി മടക്കിയ കടലാസിൽ സവിശേഷതയുള്ള അക്ഷരങ്ങൾകൊണ്ട് എഴുതിയ മറക്കപ്പെട്ടുപോയജനസമൂഹത്തിന്റെ ചരിത്രരേഖയാണത് ടി. മുഹമ്മദ് വേളവും എൻ. എം അബ്ദുറഹ്മാനുമൊന്നിച്ച് എറണാകുളം വാഴക്കാലയിലെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം ഞങ്ങളെയത് വായിച്ചു കേൾപ്പിച്ചു. അച്ചടിച്ചു വന്നില്ല എങ്കിലും ആത്മകഥ പൂർത്തിയാക്കിയിട്ടാണ് അദ്ദേഹം വിട പറഞ്ഞത്.


ചിലരുടെ ആത്മകഥകൾ വ്യക്തികളുടെ എന്നതിനെ മറികടന്ന് സമൂഹത്തിന്റെതന്നെ ആത്മകഥയായി മാറുന്നുണ്ട്. കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയ ജീവിതത്തിന്റെ സമാന്തരമായ മറ്റൊരു ജീവിതമാണ് കെ.എം. സലിംകുമാറിന്റെ ആത്മകഥയും വ്യക്തിജീവിതവും. ഇന്നിപ്പോൾ ദലിത് രാഷ്ട്രീയവും അത് മുന്നോട്ടുവെക്കുന്ന സാഹോദര്യവും ബഹുസ്വരതയുടെ സഹവർത്തിത്വവും എല്ലാവർക്കും അറിവുള്ളതാണ്. കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിൽ പെരുംധാര അതിന്റെ ഉച്ചഭാഷിണികൾകൊണ്ട് ഏറെക്കാലം മൂടിപ്പിടിച്ച അറിവിന്റെ ലോകമാണത്. നവോത്ഥാനത്തിൽ മഹാത്മാ അയ്യൻകാളി പൊയ്കയിൽ അപ്പച്ചൻ പാമ്പാടി ജോൺ ജോസഫ്, കാവാരിക്കുളം കണ്ടൻ കുമരൻ , പി.സി. ചാഞ്ചൻ കൃഷ്ണേദിയാശാൻ, കെ.പി. വള്ളോൻ തുടങ്ങി നിരവധിയായ ജ്ഞാനരൂപങ്ങളെ ദലിത് വിഭാഗങ്ങളിൽനിന്ന് നമ്മൾ കാണുന്നുണ്ട്.

എന്നാൽ, നവോത്ഥാനാനന്തരം അടിത്തട്ട് വിഭാഗങ്ങളുടെ അടയാളങ്ങൾ ഉടയുന്നതാണ് കാണുന്നത്. അവരുടെ ചിന്തകൾക്കുമേൽ ദേശീയ പ്രസ്ഥാനവും, അതിൻറെ തുടർച്ചയായ മാർക്സിസ്റ്റ് പ്രസ്ഥാനവും അവർക്കുമേൽ സവർണതയിൽനിന്നും നിർമിച്ച രാഷ്ട്രീയ രക്ഷാകർതൃത്വങ്ങളെ സ്ഥാപിച്ചതിന്റെ ഫലമാണത്. ദലിത്-ആദിവാസി വിഭാഗങ്ങളിൽനിന്ന് ചിന്തിക്കുന്നവരെ വേണ്ട മറിച്ച് അവർ രാഷ്ട്രീയ പ്രവർത്തകർ മാത്രം ആയാൽ മതി -കൈകൾ മാത്രം മതി തലച്ചോറ് ആവശ്യമില്ല - എന്ന നിലപാടാണ് എൺപതുകൾ വരെ പ്രബലമായി നിന്നത്.

അംബേദ്കറിസത്തെ മാത്രമല്ല , നവോത്ഥാന ധാരയുടെ കീഴാള ഉള്ളടക്കത്തെപോലും അവർ മറച്ചുപിടിച്ചു മാർക്സിസ്റ്റ് പ്രസ്ഥാനം അധികാരത്തിൽ വന്നാൽ തുല്യതയും നീതിയും നടപ്പാവുമെന്ന കാൽപനിക സ്വപ്നങ്ങളിലായിരുന്നു സാധാരണ മനുഷ്യർ ജീവിച്ചിരുന്നത്. ആ സ്വപ്നം തലയിലേറ്റി ആ പ്രസ്ഥാനത്തിനായി അവർ ജീവിതംതന്നെ നൽകി.

എന്നാൽ, അധികാര ലബ്ധിക്ക് അവരുടെ ത്യാഗങ്ങൾ വിസ്മരിക്കപ്പെട്ടു. ഈ സത്യം ജനാധിപത്യ മനുഷ്യരെല്ലാം തിരിച്ചറിയുന്നുണ്ട്.

അത്തരം അസ്വസ്ഥതകളിൽനിന്നാണ് എഴുപതുകളിൽ നക്സലൈറ്റു പ്രസ്ഥാനം കേരളത്തിൽ സജീവമാകുന്നത്. 70കളിലെയും 80കളിലെയും സാഹിത്യത്തിലും രാഷ്ട്രീയ ചിന്തകളിലും നക്സലൈറ്റ് പ്രസ്ഥാനം മുഴക്കമായി നിൽക്കുന്നത് കാണാം.

സാമൂഹിക വ്യവസ്ഥിതിയിലും തൽസ്ഥിതിയിലും എക്കാലത്തും പരിവർത്തനം ആവശ്യമായി വരുന്നത് സ്വത്തിൽനിന്നും അധികാരത്തിൽനിന്നും കാലങ്ങളായി ഒഴിവാക്കപ്പെട്ട ജനവിഭാഗങ്ങൾക്കു തന്നെയാണ്. നാരായൻ തന്റെ കൊച്ചരേത്തി എന്ന നോവലിൽ പ്രതിപാദിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ ഒരു ജീവിതമുണ്ട്. ‘‘പൊതു’’ജീവിതത്തിൽ വളരെയേറെ അകലത്തുള്ള കൊച്ച​രേത്തിയുടെ ഭൂപ്രദേശത്തുനിന്നാണ് കെ.എം. സലിം കുമാർ 1969 കാലഘട്ടത്തിൽ എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥിയായി വരുന്നത്. ആദിവാസി വിഭാഗങ്ങളിൽനിന്നും കുറേക്കൂടി മെച്ചപ്പെട്ടതായ ജീവിതാവസ്ഥയാണ് തന്നെ മഹാരാജാസിൽ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

വിദ്യ അഭ്യസിക്കുമ്പോൾ സ്വന്തം സമൂഹത്തെ കൂടുതൽ തെളിച്ചത്തോടെ കാണാൻ കഴിയുന്നു. ആ തെളിച്ചത്തിൽ രൂപം കൊണ്ടതാണ് കെ.എം. സലിംകുമാർ എന്ന് നമ്മൾ ഇന്നറിയുന്ന രാഷ്ട്രീയ വ്യക്തിത്വം'

എറണാകുളം മഹാരാജാസ് കോളജിലും വൈപ്പിൻകരയിലുമെല്ലാം സജീവമായിരുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹവും മാറി.

വർഗസമരം എന്നതിനേക്കാൾ ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളിസമൂഹങ്ങളുമെല്ലാം എല്ലാം അനുഭവിക്കുന്ന സാമൂഹികമായ ഒറ്റപ്പെടലും കീഴാളതയുമാണ് അദ്ദേഹത്തെ അത്തരം പ്രസ്ഥാനങ്ങളിലേക്ക് ആകർഷിച്ചത് എന്നത് വ്യക്തമാണ്. ഇന്ത്യ എന്ന ദേശ രാഷ്ട്രം അഭിമുഖീകരിച്ച ഏറ്റവും വലിയ രാഷ്ട്രീയ /സാംസ്കാരിക ദുരന്തമാണ് അടിയന്തരാവസ്ഥ. എല്ലാത്തരം മനുഷ്യാവകാശങ്ങളും റദ്ദ് ചെയ്യപ്പെട്ട അക്കാലത്ത് 17 മാസക്കാലത്തെ ജയിൽജീവിതം അദ്ദേഹം അനുഭവിക്കേണ്ടിവന്നു.

ഇന്ത്യയിൽ രൂപം കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാംതന്നെ ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ ദുരന്തമായ ജാതിയെ അതിന്റെ ചാതുർവർണ്യത്തെ മാറ്റമില്ലാതെ പേറുന്നു എന്നതാണ് ചരിത്രം നമ്മെ കാണിച്ചുതരുന്നത്.നക്സലൈറ്റ് പ്രസ്ഥാനങ്ങൾക്കും അതിന്റെ അധികാരഘടനക്കുപോലും ജാതീയതയെ മറികടക്കാനായില്ല. നക്സലൈറ്റ് പ്രസ്ഥാനവും ജാതിയെ അതിന്റെ പ്രശ്നമേഖലകളെ നിരാകരിക്കുകയാണ് ചെയ്തത്. സാമൂഹികമായി വേർതിരിക്കപ്പെട്ടവർ രാഷ്ട്രീയമായി വേർതിരിക്കപ്പെടേണ്ടതുണ്ട് എന്ന അംബേദ്കറിസം ഈ ഘട്ടത്തിലാണ് നക്സലൈറ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ദലിത് ബുദ്ധിജീവികളിൽ പുതിയ ചിന്താധാരയെ ഉണർത്തുന്നത്. കെ.കെ. മന്മഥൻ, കെ.കെ. കൊച്ച് , കെ.എം. സലിംകുമാർ, കെ.കെ.എസ്. ദാസ് തുടങ്ങി നിരവധി ജ്ഞാന മനുഷ്യർ വർഗ വിശകലനത്തിനു പുറത്ത് മറ്റൊരു രാഷ്ട്രീയ ജ്ഞാനത്തെ അന്വേഷിക്കുകയുംഅത് കണ്ടെത്തുകയും ചെയ്തു. അംബേദ്കറുടെ ജനാധിപത്യ സങ്കൽപമാണ് അവർ കണ്ടെത്തിയ രാഷ്ട്രീയത്തിന്റെ അടിത്തറ.

വരേണ്യ രാഷ്ട്രീയക്കാർ പുറത്താക്കിയ അംബേദ്കർ, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയവരുടെ കീഴാളമായ വിജ്ഞാനവും അതിന്റെ ബഹുസ്വരതയും കെ.എം. സലിംകുമാർ അടക്കമുള്ള ദലിത് സൈദ്ധാന്തികർ തുടർന്ന് വികസിപ്പിച്ചു.

കെ.കെ. കൊച്ച്, കെ.കെ.എസ് തുടങ്ങിയ ദലിത് രാഷ്ട്രീയ പ്രവർത്തകരുടെ എല്ലാം രാഷ്ട്രീയ ഇടപെടൽആക്ടിവിസത്തിൽ മാത്രം കുടുങ്ങിക്കിടക്കുന്നില്ല എന്നത് ശ്രദ്ധേയമാണ് മരണാനന്തരവും അവർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അവരുടെ സുദൃഢമായ എഴുത്തുകളിലൂടെതന്നെയാണ്.

പ്രവർത്തകരാവുക, നേതാവാകുക, എഴുത്തിടപെടൽ നടത്തുക തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ

എല്ലാ റോളുകളിലും നേതൃത്വങ്ങൾക്കും ഇടപെടേണ്ടി വരുന്നു എന്നതാണ് ദലിത് രാഷ്ട്രീയ മേഖലയുടെ ലോകം. അത് ഒരുകാലത്തും അധികാരത്തീയുടെ രാഷ്ട്രീയമായി കേരളത്തിൽ മാറിയിരുന്നില്ല. വികാര രാഷ്ട്രീയത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടുതന്നെ അർഹമായ പരിഗണന ഇത്തരം ജ്ഞാന വ്യക്തിത്വങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ദലിത് നേതൃത്വങ്ങളിൽ ചിലരെയെങ്കിലും മരണംകൊണ്ടു മാത്രമാവും പൊതുസമൂഹം ശ്രദ്ധിക്കുന്നത് എന്നതും സാംസ്കാരിക ദുരന്തമായി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

രാഷ്ട്രീയത്തിന്റെ ആരവങ്ങളും നഗരജീവിതങ്ങളും നമ്മുടെ മനസ്സുകളിൽ ഓർമക്കായി ഏൽപ്പിച്ചുകൊണ്ട് കരിപ്പലങ്ങാട് പ്രിയതമയുടെ ശവകുടീരത്തിനോട് ചേർന്ന് കെ.എം. സലിം കുമാർ എന്ന രാഷ്ട്രീയ വ്യക്തിത്വം അന്ത്യവിശ്രമം കൊള്ളും.

മൂലമറ്റം അറിയപ്പെടുന്നത് കേരളത്തിനാകെ വെളിച്ചം നൽകുന്ന പവർസ്റ്റേഷന്റെ പേരിലാണ്. സമാനമായി ഉത്തരാധുനികമായ രാഷ്ട്രീയ സാംസ്കാരിക ബോധങ്ങളിൽ ജ്ഞാനത്തിന്റെ പവർസ്റ്റേഷനായി കെ.എം. സലിംകുമാർ തുടർന്നും വെളിച്ചമാവുകതന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Salim Kumar
News Summary - The powerhouse of new democracy
Next Story