Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഷാ അല്ലാഹ് പറഞ്ഞ കുറ്റത്തിന്...

text_fields
bookmark_border
ഇൻഷാ അല്ലാഹ് പറഞ്ഞ കുറ്റത്തിന്...
cancel
camera_alt

സഹാറൻപൂരിലെ പള്ളി പൊളിച്ചുനീക്കുന്നു, ബുഷ്റ ബാനു

നഷ്ടങ്ങൾ സംഭവിച്ചശേഷം മാത്രമാണ് നീതിന്യായ വ്യവസ്ഥ ഇടപെടാൻ ശ്രമിക്കുന്നത്. തെറ്റായി നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരരെ കണ്ടെത്തി തിരികെ കൊണ്ടുവരാൻ കോടതികൾക്ക് ഉത്തരവിടേണ്ടി വന്ന നിരവധി സംഭവങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്.

'ഇൻഷാ അല്ലാഹ്' എന്ന് പറഞ്ഞതിന്റെ പേരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി; സൗത്ത് ഡൽഹിയിലെ പൊലീസ് സ്റ്റേഷനിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് മർദനമേറ്റു-അവർ മുസ്‌ലിംകളാണെന്ന് തിരിച്ചറിഞ്ഞതോടെ മർദനത്തിന്റെ തീവ്രത കൂടിയെന്നും പറയപ്പെടുന്നു; ഉത്തർപ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പള്ളി കോടതിവിധി വന്ന് ദിവസങ്ങൾക്കകം തകർക്കപ്പെട്ടു; പള്ളി പൊളിച്ചതിന് മുഖ്യമന്ത്രിയെ വിമർശിച്ച യൂട്യൂബർക്കെതിരെ ക്രിമിനൽ കേസെടുത്തു; അസമിൽ മുസ്‌ലിംകളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു; ഔദ്യോഗിക പരിപാടികളിൽനിന്ന് മുസ്‌ലിം ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയതായി ആരോപണമുയർന്നു; കൂടാതെ, ഇന്ത്യൻ പൗരന്മാരാണെന്നതിന് കൃത്യമായ രേഖകളുണ്ടായിട്ടും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നു.

2014-നു ശേഷം രാജ്യത്ത് ആഴത്തിൽ വേരൂന്നിയ ഇസ്‌ലാമോഫോബിയയുടെ ആധിക്യം നോക്കുമ്പോൾ ഇതിലൊന്നും അത്ഭുതപ്പെടാനില്ല. മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്തുതീർക്കാൻ കഴിയാത്തവിധം ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ മുസ്‌ലിംകളെ പതിവായി തല്ലിക്കൊന്ന, അത്തരം വാർത്തകൾ നൽകിനൽകി ഒടുവിൽ മാധ്യമങ്ങൾക്ക് മടുപ്പുവന്ന ഒരു കാലമുണ്ടായിരുന്നു. അക്രമം, അപരവൽക്കരണം, സാമൂഹികമായ ഒറ്റപ്പെടുത്തൽ, സാമ്പത്തിക ബഹിഷ്കരണം, ഒരു സമൂഹത്തെ ഭീതിയിലാഴ്ത്താൻ നിയമത്തെ ആയുധമാക്കൽ എന്നിവയെല്ലാം ഇവിടെ പൂർണമായും സാധാരണവൽക്കരിക്കപ്പെട്ടു കഴിഞ്ഞു.

2015-ൽ മുഹമ്മദ് അഖ്‌ലാഖിന്റെ ആൾക്കൂട്ടക്കൊലക്ക് ശേഷം ആരംഭിച്ച ഈ നിരന്തര അധഃപതനവും ഭയാനക യാഥാർഥ്യങ്ങളും ഏവർക്കും അറിയാമെങ്കിലും, വെറും രണ്ടാഴ്ചക്കുള്ളിൽ ഇതെല്ലാം ഒരുമിച്ചു സംഭവിക്കുന്നത് കാണുമ്പോൾ നടുങ്ങിപ്പോകുന്നു. ഇതെല്ലാം രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന് കൈമാറുന്ന സന്ദേശം വ്യക്തമാണ്: നിങ്ങളുടെ പൗരത്വവും ആത്മാഭിമാനവും ഔദ്യോഗിക പദവികളും സദാ അനിശ്ചിതത്വത്തിലാണ്.

പശ്ചിമ ബംഗാളിലെ ഐ.പി.എസ് ഉദ്യോഗസ്ഥ ബുഷ്‌റ ബാനുവിന്റെ കാര്യം തന്നെയെടുക്കുക. ഖരഗ്‌പൂരിലെ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് പദവിയിൽനിന്ന് സ്റ്റേറ്റ് ആംഡ് പൊലീസിന്റെ നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റായി അവരെ സ്ഥലം മാറ്റി; ഒരു തീവ്ര വലതുപക്ഷ സംഘടന നൽകിയ പരാതിയെത്തുടർന്നായിരുന്നു ഇത്.

എന്തായിരുന്നു ബുഷ്‌റ ചെയ്ത ‘കുറ്റം’? പിന്നാക്ക പശ്ചാത്തലങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് സിവിൽ സർവീസ് പ്രചോദനം പകരുന്നതിനായി തയാറാക്കിയ ഒരു വിഡിയോയിൽ, അവർ ‘ഇൻഷാ അല്ലാഹ്’ (ദൈവം അനുവദിച്ചാൽ),‘അസ്സലാമു അലൈക്കും’ (നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ), ‘ജസാക്കല്ലാഹ്’ (ദൈവം നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ) എന്നീ അറബിക് വാക്കുകൾ ഉപയോഗിച്ചു. അത്രമാത്രം. ഔദ്യോഗിക ചുമതലകളുമായി ഒരു ബന്ധവുമില്ലാത്ത, തികച്ചും വ്യക്തിപരമായ ഒരു വിഡിയോയുടെ പേരിലുള്ള പകപോക്കൽ ഓരോ മുസ്‌ലിം ഉദ്യോഗസ്ഥരോടും ഒരു കാര്യം വ്യക്തമായി പറയുന്നുണ്ട്-നിങ്ങളുടെ സ്വത്വം ഒരു ബാധ്യതയാണെന്നും അത് ഒറ്റരാത്രികൊണ്ട് നിങ്ങളുടെ ഔദ്യോഗിക ജീവിതത്തെ തകിടം മറിച്ചേക്കാമെന്നും.

ഉത്തർപ്രദേശിലെ സഹാറൻപൂർ കലക്ടറേറ്റിലുള്ള നൂറ്റാണ്ടു പഴക്കമുള്ള പള്ളി സെപ്റ്റംബർ അഞ്ചിന് പുലർച്ചെ പൊളിച്ചുനീക്കിയ സംഭവം ന്യൂനപക്ഷങ്ങളുടെ പൈതൃകം നശിപ്പിക്കാനുള്ള അധികാരികളുടെ വ്യഗ്രതയെയാണ് പ്രകടമാക്കുന്നത്. സർക്കാർഭൂമി കൈയേറി നിർമിച്ചതാണെന്ന ആരോപണത്തിന് അനുകൂലമായ ഒരു ജില്ലാ കോടതിവിധി വന്ന് മൂന്നു ദിവസമേ ആയിരുന്നുള്ളൂ.

പള്ളി മാനേജ്‌മെന്റിന് മേൽക്കോടതികളെ സമീപിച്ച് നിയമപരമായ പരിഹാരം തേടാൻപോലും സമയം നൽകാതെയായിരുന്നു തിടുക്കത്തിലുള്ള നടപടി. 1909 എന്ന വർഷം കൊത്തിവെച്ച ഇഷ്ടികകളും, ഏകദേശം 200 വർഷത്തോളം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകർ കണക്കാക്കുന്ന നേർത്ത ലഖോരി ഇഷ്ടികകൾ പതിച്ച പഴയൊരു കിണറും അവിടെ കണ്ടെത്തിയത് ഇത് അടുത്തകാലത്തെ കൈയേറ്റമാണെന്ന ഔദ്യോഗിക വാദങ്ങളെ പൂർണമായും പൊളിച്ചടുക്കുന്നു. സഹാറൻപൂരിലെ പള്ളി പൊളിച്ചത് ക്രിമിനൽ നടപടിയാണെന്ന് വിമർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറ്റപ്പെടുത്തി യൂട്യൂബർ ഹുദാ സരിവാല ഒരു വിഡിയോ ചെയ്തിരുന്നു. ഒട്ടും സമയം കളയാതെ ഒരു അഭിഭാഷകൻ പൊലീസിൽ പരാതി നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി ഹുദാ സരിവാലയെ അറസ്റ്റ് ചെയ്യുകയും രണ്ടുദിവസം ജയിലിലിടുകയും ചെയ്തു.

യു.പിയിൽ കലക്ടറേറ്റ് വളപ്പിലെ പള്ളിയാണ് പൊളിച്ചതെങ്കിൽ അസമിലെ ഗോൽപാറയിൽ, പാവപ്പെട്ട മുസ്‌ലിംകളുടെ സ്വന്തം ഭൂമിയിലുള്ള വീടുകളാണ് വെറും 24 മണിക്കൂർ മുൻപ് നോട്ടീസ് നൽകി ബുൾഡോസറുകൾ കയറ്റി തകർത്തുകളഞ്ഞത്. ഈ നടപടി പ്രഥമദൃഷ്ട്യാ നിയമവിരുദ്ധവും സർക്കാറിന്റെ അധികാരപരിധിക്ക് പുറത്തുള്ളതും അടിയന്തര ദുരന്തനിവാരണ നിയമത്തിന്റെ ദുരുപയോഗവുമാണെന്നാണ് ഗുവാഹത്തി ഹൈകോടതി വിലയിരുത്തിയത്. കാർഷിക ആവശ്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഭൂമി തരംമാറ്റാതെ അവിടെ വീട് നിർമിച്ചുവെന്നായിരുന്നു ഭരണകൂടത്തിന്റെ വാദം. എന്നാൽ കാർഷികഭൂമിയിൽ ഒരു ബിഗയിൽ താഴെയുള്ള ചെറിയ വീട് നിർമിക്കുന്നതിന് സംസ്ഥാന നിയമപ്രകാരം പ്രത്യേക അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

ബി.ജെ.പിക്ക് ചരിത്രത്തിലാദ്യമായി അധികാരം ലഭിച്ച പശ്ചിമ ബംഗാളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനവേളയിൽ ഔദ്യോഗിക പരിപാടികളിൽനിന്ന് മുതിർന്ന മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ആരോപിച്ചു. വിഷയം അവർ ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള യു.എൻ പ്രത്യേക പ്രതിനിധിയുടെയും ദേശീയ ന്യൂനപക്ഷ കമീഷന്റെയും മുൻപാകെ ഉന്നയിക്കുകയും ചെയ്തു.

ഇതിനെല്ലാമപ്പുറമാണ് അനധികൃത കുടിയേറ്റക്കാരാണെന്ന സംശയത്തിന്റെ പേരിൽ, യാതൊരു നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ അതിർത്തി കടത്തി ബംഗ്ലാദേശിലേക്ക് തള്ളിവിടുന്ന രീതി. കുടുംബങ്ങൾ ഒറ്റരാത്രികൊണ്ട് ചിതറിപ്പോകുന്നു; നഷ്ടങ്ങൾ സംഭവിച്ചശേഷം മാത്രമാണ് നീതിന്യായ വ്യവസ്ഥ ഇടപെടാൻ ശ്രമിക്കുന്നത്. തെറ്റായി നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരരെ കണ്ടെത്തി തിരികെ കൊണ്ടുവരാൻ കോടതികൾക്ക് ഉത്തരവിടേണ്ടി വന്ന നിരവധി സംഭവങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്.

2002-ലും 2016-ലും നടന്ന എസ്.ഐ.ആറുകൾക്കു ശേഷമുള്ള വോട്ടർപട്ടികയിൽ പേരുള്ള ജലീൽ അക്തറിന്റെ സംഭവം ഇതിനൊരു ഉദാഹരണമാണ്. 87 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് 66-കാരനായ അക്തറിന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. ഇതൊരു നിർഭാഗ്യകരമായ സംഭവമാണെന്നും ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്നതിനുള്ള എല്ലാ സാധുവായ നിയമരേഖകളും അക്തറിന്റെ പക്കലുണ്ടെന്നും കോടതി നിരീക്ഷിച്ചു.

തന്റെ ജീവിതത്തിൽനിന്ന് നഷ്ടപ്പെട്ട ആ മൂന്നു മാസങ്ങൾ അക്തറിന് ആര് തിരിച്ചുനൽകും? അല്ലെങ്കിൽ തോക്കിൻമുനയിൽ അദ്ദേഹത്തെ പിടികൂടി, കുർത്ത പോലും ധരിക്കാൻ അനുവദിക്കാതെ കൂട്ടിക്കൊണ്ടുപോയി ബംഗ്ലാദേശിലേക്ക് അയക്കാൻ ശ്രമിച്ചതിന് ആര് നഷ്ടപരിഹാരം നൽകും? ഈ വിഷയത്തിൽ ‘ആൾട്ട് ന്യൂസ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിച്ചപ്പോൾ എന്നെ ഭയപ്പെടുത്തിയത്, അക്തറിനെ തോക്കിൻമുനയിലാണോ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ ഇൻസ്‌പെക്ടർ ഇൻ-ചാർജ്ജ് നൽകിയ പരിഹാസഭരിതമായ മറുപടിയാണ്: ‘‘66-കാരനായ ഒരാളെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾക്ക് ഒരു ലാത്തി മതി, അതിന് തോക്കിന്റെ ആവശ്യമില്ല. ഇനി കുടുംബത്തിന്റെ ആരോപണത്തെക്കുറിച്ചാണെങ്കിൽ, ജലീൽ അക്തറിനെ കസ്റ്റഡിയിലെടുക്കാൻ ഞങ്ങൾ ബോഫോഴ്‌സ് പീരങ്കിയാണ് ഉപയോഗിച്ചതെന്ന് അവരോട് പറഞ്ഞേക്കൂ’’ എന്ന്.

അക്തറിനെ തടങ്കലിൽ വെക്കാൻ നിയമപരമായ യാതൊരു കാരണങ്ങളും ഉണ്ടായിരുന്നില്ലെന്ന വസ്തുത നിലനിൽക്കെയാണ് പൊലീസിന്റെ ഈ ധാർഷ്ട്യം നിറഞ്ഞ പരിഹാസം എന്നോർക്കുക.

(article-14.com മാനേജിങ് എഡിറ്ററാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Normalization of Islamophobia
Next Story