Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപുതിയ മുഖ്യമന്ത്രിയും...

പുതിയ മുഖ്യമന്ത്രിയും പ്രതീക്ഷകളും

text_fields
bookmark_border
പുതിയ മുഖ്യമന്ത്രിയും പ്രതീക്ഷകളും
cancel

സമകാലിക കേരളരാഷ്ട്രീയത്തിൽ, സവർണാധിഷ്ഠിത സാമൂഹിക ധ്രുവീകരണങ്ങൾക്കും ന്യൂനപക്ഷ വിരുദ്ധതക്കും വഴങ്ങിക്കൊടുക്കാതെ, മതേതരമായ രാഷ്ട്രീയശൈലി ഉയർത്തിപ്പിടിച്ച് ജനപ്രീതി നേടിയെടുക്കുക എന്നത് ഒരു ലിബറൽ നേതാവിന് ബുദ്ധിമുട്ടേറിയ കാര്യമാണ്. സാമൂഹിക സംഘടനകളും വിഭാഗീയതാൽപര്യങ്ങളും പാർട്ടിസംവിധാനങ്ങളെ പലപ്പോഴും സ്വാധീനിക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ, എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ സംഘടനകളുടെ സമ്മർദതാൽപര്യങ്ങളിൽനിന്ന് പരസ്യമായി അകലംപാലിക്കുക, അവഗണിക്കുക എന്നത് അത്യപൂർവമായ കാര്യമാണ്. അതോടൊപ്പംതന്നെ, കേരളത്തിന്‍റെ ചരിത്രപരമായ ജനാധിപത്യ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് നിയമാനുസൃത മതേതര രാഷ്ട്രീയശക്തിയാണെന്ന് ഉറപ്പിച്ചുപറയുക എന്നതും ആത്മസ്ഥൈര്യം ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലെ സമീപകാല രാഷ്ട്രീയ പരിവർത്തനത്തിനിടയിൽ വി.ഡി. സതീശൻ എന്ന നേതാവിന് ശ്രദ്ധേയനായ ജനപ്രിയ വ്യക്തിത്വമായി വളർന്നുവരാൻ വഴിയൊരുക്കിയത് കൃത്യമായും ഈ നിലപാടുകളില്‍ പുലര്‍ത്തിയ കാര്‍ക്കശ്യമാണ്.

ഒരു ലിബറല്‍ നേതാവിന്‍റെ പാതകള്‍

മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോൺഗ്രസ് ഹൈകമാൻഡ് മറ്റു പേരുകൾ പരിഗണിച്ച സാഹചര്യത്തില്‍, അദ്ദേഹത്തിന് അനുകൂലമായി പ്രവഹിച്ച അസാധാരണമായ പൊതുജനപിന്തുണ, വി.ഡി. സതീശന്‍റെ സ്വീകാര്യത സംഘടനാപരമായ സമവാക്യങ്ങൾക്കും അപ്പുറത്ത് കേരളത്തിലെ വിശാല മധ്യവർഗം ഈ നിലപാടിനോട് ഐക്യപ്പെടുന്നതിന്‍റെ സൂചനയായിരുന്നു. സാധാരണഗതിയിൽ ലിബറല്‍ രാഷ്ട്രീയക്കാർ തുറന്നുപറയാൻ മടിക്കുന്ന രണ്ട് രാഷ്ട്രീയതന്ത്രങ്ങളിലൂടെയാണ് അദ്ദേഹത്തിന്‍റെ ജനപ്രീതി രൂപപ്പെട്ടത്. ഒരുവശത്ത്, സംസ്ഥാനത്തിന്‍റെ ചെലവുകൾ, പൊതുജനക്ഷേമം, സാമൂഹികസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് നിയോ-ലിബറൽ നയങ്ങൾക്ക് ഭാഗികമായെങ്കിലും എതിരായ ഒരു രാഷ്ട്രീയഭാഷ അദ്ദേഹം രൂപപ്പെടുത്തി. സാമ്പത്തിക അച്ചടക്കത്തിന്‍റെപേരിൽ ക്ഷേമപദ്ധതികളും സബ്‌സിഡികളും പെൻഷനുകളും സാമൂഹികസുരക്ഷാ സംവിധാനങ്ങളും നിർത്തലാക്കില്ലെന്ന് സാധാരണക്കാർക്ക് ഉറപ്പുംനൽകി. മറുവശത്ത്, യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും ചരിത്രപരമായി സ്വാധീനിച്ചിട്ടുള്ള പ്രബല സമുദായസംഘടനകളുടെ പരസ്യമായ സമ്മർദരാഷ്ട്രീയത്തിൽനിന്നും ഇടുങ്ങിയ സവർണ-ജാതി സമവാക്യങ്ങളിൽനിന്നും അദ്ദേഹം വ്യക്തമായ ദൂരംപാലിച്ചു. ഈ രണ്ട് നിലപാടുകളുടെയും സമന്വയമാണ് തീവ്രമായ നവ-ഉദാരീകരണ പരിഷ്കാരങ്ങളെയും മതഭൂരിപക്ഷ രാഷ്ട്രീയത്തെയും ഒരുപോലെ പ്രതിരോധിക്കുന്ന ഇടത് ഉല്‍പതിഷ്ണു മധ്യവർഗം, താഴേത്തട്ടിലുള്ള മധ്യവർഗം, യുവാക്കൾ, ന്യൂനപക്ഷങ്ങൾ, ക്ഷേമപദ്ധതികളെ ആശ്രയിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങൾ എന്നിവർക്കിടയിൽ അദ്ദേഹത്തിന് ഈ തെരഞ്ഞെടുപ്പില്‍ വിശ്വാസ്യത നേടിക്കൊടുത്തത്.

എന്നാല്‍, ക്ഷേമപദ്ധതികളുടെ വ്യാപനം, സാമൂഹികസുരക്ഷ, തൊഴിലവസരസൃഷ്ടി, വർധിച്ചുവരുന്ന ജീവിതച്ചെലവ്, ആരോഗ്യസംരക്ഷണം, പൊതുവിദ്യാഭ്യാസം, അടിസ്ഥാനവികസനം തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപനങ്ങളിൽനിന്ന് ഭരണതലത്തിലേക്ക് മാറ്റേണ്ടതുണ്ട്. സാമ്പത്തിക നിയന്ത്രണങ്ങൾ, ഭരണപരമായ സ്വാധീനങ്ങൾ, കേന്ദ്ര ഏജൻസികൾ, ബി.ജെ.പിയുടെ കേരളഘടകത്തിന്‍റെ കൂടുതൽ ആക്രമണാത്മകമായ നിലപാടുകൾ എന്നിവയിലൂടെ മോദിസർക്കാർ ചെലുത്തുന്ന സമ്മർദങ്ങളെ അദ്ദേഹത്തിന് തരണംചെയ്യേണ്ടിവരും. അതോടൊപ്പംതന്നെ, ക്ഷേമപ്രവർത്തനങ്ങളിലുള്ള പ്രതിബദ്ധത കുറക്കുന്നതിനെയോ കേന്ദ്രസമ്മർദങ്ങൾക്ക് മുന്നിലുള്ള പരസ്യമായ കീഴടങ്ങലിനെയോ അഴിമതിയോ ഒട്ടുംതന്നെ വെച്ചുപൊറുപ്പിക്കാത്ത, അതി ജാഗ്രതയുള്ള ഇടതുപ്രതിപക്ഷത്തെയും അദ്ദേഹത്തിന് നേരിടേണ്ടതുണ്ട്. കൂടാതെ, കോൺഗ്രസിനുള്ളിലെ ഭിന്നതകളും മുന്നണി മാനേജ്‌മെന്റും അദ്ദേഹത്തിന് മുന്നിൽ പ്രധാന വെല്ലുവിളികളായിരിക്കും.

ഇടതുമുന്നണി സർക്കാറിന്‍റെ പരാജയത്തിന് കാരണമായ, പാർട്ടിനേതൃത്വവും അണികളും ഇപ്പോൾ ഗൗരവത്തോടെ പരിശോധിക്കുന്നതായി പറയപ്പെടുന്ന നിരവധി വീഴ്ചകളും പരാജയങ്ങളും നിലനിൽക്കുമ്പോഴും, ആ കാലയളവിൽ വികസിപ്പിച്ചെടുത്ത പ്രധാനപ്പെട്ട തന്ത്രപരമായ ദിശാബോധം ഉപേക്ഷിക്കപ്പെടാൻ പാടില്ലാത്തതാണ്. ഉദാരീകരണവിരുദ്ധ ക്ഷേമരാഷ്ട്രീയത്തെ, വൻകിട അടിസ്ഥാന സൗകര്യവികസനം, പൊതുനിക്ഷേപം, മൂലധനനിക്ഷേപം എന്നിവയുമായി സമന്വയിപ്പിക്കാനുള്ള ശ്രമം സമകാലിക ഫെഡറൽ ഇന്ത്യയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള സവിശേഷവും ഭാവനാപൂർണവുമായ രാഷ്ട്രീയ-സാമ്പത്തിക പരീക്ഷണത്തെയാണ് പ്രതിനിധാനം ചെയ്തത്. കേരളത്തിന്‍റെ ഭാവിയെന്നത് കണ്ണടച്ചുള്ള വിപണി മൗലികവാദത്തിലോ, തൊഴിലവസരങ്ങളോ സാങ്കേതികവളർച്ചയോ അടിസ്ഥാനസൗകര്യ നവീകരണമോ സൃഷ്ടിക്കാൻ ശേഷിയില്ലാത്ത നിശ്ചലമായ വികസന യാഥാസ്ഥിതികത്വത്തിലോ ആയിരിക്കാൻ കഴിയില്ല. അതിനാൽ, പുതിയ സർക്കാറിന് മുന്നിലുള്ള വെല്ലുവിളി വികസന സന്തുലിതാവസ്ഥയെ തകർക്കുക എന്നതല്ല; മറിച്ച്, കേരളത്തിന്‍റെ ക്ഷേമപ്രതിബദ്ധതകളും, സാമൂഹികസൂചകങ്ങളും, താരതമ്യേന സമത്വപൂർണമായ സാമൂഹികാന്തരീക്ഷവും നിലനിർത്തിക്കൊണ്ടുതന്നെ അതിനെ കൂടുതൽ സുതാര്യമായും കാര്യക്ഷമമായും പരിഷ്കരിക്കുക എന്നതാണ്.

യു.ഡി.എഫിലെ വൈരുധ്യങ്ങള്‍

പുതിയ മുഖ്യമന്ത്രിയുടെ ഉൾപ്രേരണകൾ എത്രതന്നെ പുരോഗമനപരമാണെങ്കിലും, ഇന്ത്യൻ നാഷനൽ കോൺഗ്രസും യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും പ്രതിനിധാനം ചെയ്യുന്ന ഉദാര-ജനാധിപത്യ ചട്ടക്കൂടിന്‍റെ ഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പരിധികൾക്കുള്ളിൽനിന്നുകൊണ്ട് മാത്രമേ അദ്ദേഹത്തിന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. അത്ര എളുപ്പത്തിൽ മറികടക്കാൻ കഴിയാത്ത സ്ഥാപനപരമായ നിർബന്ധങ്ങളും, സ്വാർഥഹിതങ്ങൾ സംരക്ഷിക്കുന്ന കൂട്ടായ്മകളും, മുന്നണിസമ്മർദങ്ങളും, പരമ്പരാഗതമായി കൈമാറിവന്ന രാഷ്ട്രീയവിലക്കുകളും അവിടെ നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ലിബറൽ രാഷ്ട്രീയം പ്രവർത്തിക്കുന്നത് താരതമ്യേന കടുപ്പമേറിയ ഒരു ഘടനക്കുള്ളിലാണ്; ഭരണം സമരമല്ല, അസാധ്യമായ സമവായങ്ങളാണ് യു.ഡി.എഫിന്.

ഇത് ഒരു മൗലികമായ വൈരുധ്യം സൃഷ്ടിക്കുന്നുണ്ട്. ഒരു നേതാവിന് ഒറ്റക്ക് പുരോഗമനപരമായ നിലപാടുകൾ പ്രകടിപ്പിക്കാനും, മതേതരത്വം ഉദ്ഘോഷിക്കാനും, ക്ഷേമപദ്ധതികളുടെ വ്യാപനത്തെ പിന്തുണക്കാനും, നവ-ഉദാരീകരണത്തെ വിമർശിക്കാനും കഴിഞ്ഞേക്കാം; എന്നാൽ, ഈ നിലപാടുകളെ നയങ്ങളിലേക്ക് മാറ്റുന്നതിന് കോൺഗ്രസ് രാഷ്ട്രീയംതന്നെ ചില പരിധികൾ നിശ്ചയിക്കുന്നുണ്ട്. മൂലധനത്തിന്‍റെ നിർബന്ധങ്ങൾ, ഉദാരീകരണ ഫെഡറലിസത്തിന് കീഴിൽ സാമ്പത്തിക അച്ചടക്കം പാലിക്കൽ, പ്രബല സാമൂഹികശക്തികളെ കൂടെനിർത്തൽ, മുന്നണി സമവാക്യങ്ങൾക്കുള്ളിൽ അതിജീവിക്കൽ എന്നിവ പലപ്പോഴും കൂടുതൽ സമൂലമായ പുനർവിതരണങ്ങളോ ജനാധിപത്യപരമായ ഇടപെടലുകളോ നടത്താനുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്നു. ആ അർഥത്തിൽ, പ്രശ്നം കേവലം വ്യക്തിഗത നേതൃത്വത്തിന്റേത് മാത്രമല്ല; മറിച്ച്, സമകാലിക മുതലാളിത്തത്തിന് കീഴിൽ ലിബറൽ രാഷ്ട്രീയത്തിന്‍റെതന്നെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന സാധ്യതകളുടേതാണ്.

നെഹ്റുവിയൻ-ജനാധിപത്യ ചിന്താഗതിയോടൊപ്പമാണ് അദ്ദേഹം പലപ്പോഴും സ്വയം അടയാളപ്പെടുത്താറുള്ളത്. എന്നാൽ, ഇത്തരം പ്രത്യയശാസ്ത്ര ലേബലുകളേക്കാൾ പ്രധാനം, മതേതരത്വം, പൗരസമൂഹത്തിന്‍റെ സ്വാതന്ത്ര്യം, പരിസ്ഥിതി ആശങ്കകൾ, ജനാധിപത്യപരമായ വിയോജിപ്പുകൾ, മനുഷ്യാവകാശങ്ങൾ എന്നിവക്ക് ഇന്നും വിലകൽപിക്കുന്ന കേരളത്തിന്‍റെ പൊതുമണ്ഡലത്തിലെ പുരോഗമന ചിന്താഗതികളുമായി സമരസപ്പെടാനുള്ള അദ്ദേഹത്തിന്‍റെ താല്‍പര്യമാണ്. വികസനം, പാരിസ്ഥിതിക ദുർബലത, ന്യൂനപക്ഷ അവകാശങ്ങൾ, ജനാധിപത്യ സംസ്കാരത്തിന്‍റെ ഭാവി എന്നിവയെക്കുറിച്ച് കേരളം കടുത്ത ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന കാലഘട്ടത്തിൽ ഈ സാംസ്കാരികമായ സ്വീകാര്യത രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറിയേക്കാം. അതോടൊപ്പംതന്നെ, ചില മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്ന അമിതമായ ആഘോഷശൈലി ഭാവിയിൽ അദ്ദേഹത്തിനുതന്നെ വെല്ലുവിളിയായി മാറാനും സാധ്യതയുണ്ട്. പരിവർത്തനഘട്ടങ്ങളിൽ നേതാക്കൾക്കുചുറ്റും അതിവേഗം നായകപരിവേഷമുള്ള രാഷ്ട്രീയവിവരണങ്ങൾ ചമയ്ക്കുന്ന പ്രവണത കേരളത്തിലെ മാധ്യമസംസ്കാരത്തിനുണ്ട്. ഒഴിവാക്കാനാവാത്ത യാഥാർഥ്യങ്ങളെ ഭരണം അഭിമുഖീകരിക്കാൻ തുടങ്ങുമ്പോൾ, ഈ അമിതമായ വാഴ്ത്തലുകൾ വളരെപ്പെട്ടെന്നുതന്നെ അക്ഷമയായും സൂക്ഷ്മപരിശോധനയായും നിരാശയായും മാറിയേക്കാം.

എങ്കിലും, രാഷ്ട്രീയമായി അസാധ്യമെന്ന് പലരും കരുതിയ അംഗീകാരം നിശ്ചയദാര്‍ഢ്യത്തോടെ നേടിയെടുത്തതിന് ഈ സന്ദര്‍ഭത്തിൽ അദ്ദേഹം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ട്. പ്രത്യാശയോടെ പുതിയ സർക്കാറിനെ നോക്കിക്കാണുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരായ മലയാളികളുടെ പ്രതീക്ഷകളാണ് അദ്ദേഹം ചുമലിലേറ്റുന്നത്. ജനാധിപത്യത്തോടുള്ള പൊതുവിരക്തിയും മടുപ്പും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ്‌ ശക്തികള്‍ ശക്തിപ്പെടുന്ന കാലഘട്ടത്തിൽ, തന്നിലർപ്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസം രാഷ്ട്രീയമായിത്തന്നെ മനസ്സിലാക്കപ്പെടും എന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerKerala CMexpectationsVD Satheesan
News Summary - New Chief Minister and Expectations
Next Story