Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആരും പൊളിക്കാത്ത...

ആരും പൊളിക്കാത്ത പള്ളി

text_fields
bookmark_border
ആരും പൊളിക്കാത്ത പള്ളി
cancel
camera_alt

ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ക്കു​ന്ന​തി​െൻറ ത​ലേ​ദി​വ​സം 1992 ഡി​സം​ബ​ർ അ​ഞ്ചി​ന്​ മൺവെട്ടിയും ചു​റ്റി​ക​യും മ​റ്റു​മാ​യി വ​രി​നി​ൽ​ക്കു​ന്ന ക​ർ​സേ​വ​ക​ർ

കടപ്പാട്​: പ്ര​വീ​ൺ ജെ​യ്​​ൻ

ബാബരി മസ്ജിദ് തകർത്തതിൽ കുറ്റകരമായ ഗൂഢാലോചനയോ അതിനുള്ള തെളിവുകളോ ഇല്ല എന്നല്ല ആ കേസിലെ പ്രതികളെ മുഴുവൻ കുറ്റമുക്തരാക്കിയ വിധിയുടെ രാഷ്​ട്രീയ ഭരതവാക്യം. അതൊരു കുറ്റകൃത്യമായി ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയും ഭരണകൂടവും കാണുന്നില്ല എന്നതാണ്. അത്രയേറെ സ്വാഭാവികമായ ഒന്നായി മാറിയിരിക്കുന്നു ഇന്ത്യയുടെ പൗര-രാഷ്​ട്രീയ സമൂഹത്തിൽ ഹിന്ദുത്വ രാഷ്​ട്രീയവും അതി​െൻറ പ്രത്യയശാസ്ത്ര ബാധയും.

1992 ഡിസംബർ ആറിനു ബാബരി മസ്ജിദ് തകർക്കുമ്പോൾ അതിലേക്ക് സംഘ്​പരിവാർ രഥമുരുട്ടിയെത്തിയ ദൂരം മുഴുവൻ പിന്നീട് പൊടിപ്പുകളുണ്ടാകാത്തവിധത്തിൽ ഇന്ത്യ എന്ന മതേതര-ജനാധിപത്യ ദേശരാഷ്​ട്ര ആശയത്തെ ചവിട്ടിമെതിച്ചിരുന്നു. അദ്വാനിയുടെ രഥയാത്ര കടന്നുപോയിടത്തു മുഴുവൻ ആസൂത്രിതമായ വർഗീയലഹളകളായിരുന്നു സംഘ്​പരിവാർ നടത്തിയത്. ബാബരി മസ്ജിദ് തകർക്കാനും അതേ സ്ഥലത്ത് രാമക്ഷേത്രം പണിയാനും പതിറ്റാണ്ടുകളായി സംഘ്​പരിവാർ നടത്തിയ സംഘടിതമായ പരസ്യശ്രമങ്ങളെയാണ് സി.ബി.ഐ പ്രത്യേക കോടതി തെളിവുകളില്ല എന്നു പറഞ്ഞ്​ ഒഴിവാക്കിയത്. ബാബരി മസ്ജിദ്​ തകർത്ത ഹിന്ദുത്വ രാഷ്​ട്രീയ ശക്തികൾക്ക് അതേ സ്ഥലത്ത് രാമക്ഷേത്രം പണിയാൻ അനുവാദം നൽകിയ സുപ്രീംകോടതി വിധി വഴിവിളക്കായി മുന്നിലുള്ളപ്പോൾ ഒരു വിചാരണക്കോടതിയുടെ വിധി മറിച്ചാകുമെന്ന് കരുതിയെങ്കിൽ അതും പുതിയ ഇന്ത്യയിൽ യുക്തിയല്ല.

മുസ്‌ലിം എന്ന അപരസ്വത്വത്തി​െൻറയും അതിനെ നിരന്തര ആഭ്യന്തരശത്രുവാക്കി കൊണ്ടുനടക്കുന്നതി​െൻറയും ആഖ്യാനത്തുടർച്ചയുടെ വലിയൊരു ഘട്ടമാണ് ബാബരി മസ്ജിദ് തകർക്കൽ കേസിലെ പ്രതികളായ സംഘ്​പരിവാർ നേതാക്കളെ മുഴുവൻ വെറുതെവിട്ട കേസിലൂടെ കഴിഞ്ഞത്. ബാബരി മസ്ജിദ് നിലനിന്ന ഭൂമി രാമക്ഷേത്രം പണിയാൻ വിട്ടുകൊടുത്ത കോടതിവിധിയോടെത്തന്നെ ഇതേതാണ്ട് പൂർണമായിരുന്നു. തുടർന്നു നടന്നത് കീഴടക്കിയ മുസ്‌ലിം എന്ന ശത്രുവി​െൻറ മുകളിൽ വിജയിയായ ഹിന്ദുത്വസേന നടത്തുന്ന പിഴയീടാക്കലായിരുന്നു. അതാണ് ഇനിയും നടക്കാൻ പോകുന്നത്. പൗരത്വഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ പൗരത്വം മതാടിസ്ഥാനത്തിൽ നിർവചിക്കപ്പെടുകയും പൗരത്വമുൻഗണന ഹിന്ദുമതത്തിനു ലഭിക്കുകയും ചെയ്തു. മുസ്‌ലിം എന്നത് പൗരത്വം തെളിയിക്കേണ്ട ഒരു ബാധ്യതയുടെ പേരായി മാറി.

ഹിന്ദുത്വരാഷ്​ട്രീയം ഒരു രാജ്യത്തി​െൻറ മറുപേരായി മാറ്റാനുള്ള സംഘ്​പരിവാറി​െൻറ ഒരു നൂറ്റാണ്ടു നീണ്ട സംഘടിത ശ്രമങ്ങളുടെ യുക്തിസഹമായ പരിണതിയാണ് നാം കാണുന്നത്. ഈ നീണ്ട കാലയളവിൽ അവർ നടത്തിയ രാഷ്​ട്രീയപ്രവർത്തനം കേവലമായ തെരഞ്ഞെടുപ്പ്​ അധികാരം എന്നതിലേക്കു മാത്രം ലക്ഷ്യംവെച്ചായിരുന്നില്ല. അത് ഇന്ത്യയുടെ സാമൂഹികശരീരത്തെ ഹിന്ദുത്വവത്കരിക്കുക എന്ന സൂക്ഷ്മമായ രാഷ്​ട്രീയപ്രവർത്തനമായിരുന്നു. 1949 ഡിസംബർ 22നു പാതിരാത്രിയിൽ ബാബരി മസ്ജിദി​െൻറ താഴുതകർത്ത് രാം ലല്ലയുടെ വിഗ്രഹം കൊണ്ടുവെച്ചശേഷം നീണ്ട നാലു പതിറ്റാണ്ട് കഴിഞ്ഞ്​ ബാബരി മസ്ജിദ് തകർത്തപ്പോൾ അതിനെ തടയാനാകാത്തവിധം ദുർബലമായ മതേതരദാർഢ്യമേ ഇന്ത്യ എന്ന രാജ്യത്തിനുള്ളൂ എന്ന്​ ഉറപ്പുവരുത്തലായിരുന്നു ആ നാലു പതിറ്റാണ്ടിൽ സംഘ്​പരിവാർ നടത്തിയ രാഷ്​​ട്രീയപ്രവർത്തനം.

1980കൾ ഇന്ത്യയുടെ പൗരസമൂഹത്തിലും സാംസ്കാരിക ജീവിതത്തിലും ഹിന്ദുത്വ അജണ്ട വെല്ലുവിളികളില്ലാതെ നടപ്പാക്കപ്പെടുകയായിരുന്നു. രാമൻ ഒരു മര്യാദദൈവം എന്ന നിലയിൽനിന്ന്​ സംഘ്​പരിവാറി​െൻറ ഹിംസാത്മകമായ പൗരുഷപ്രയോഗത്തിനായി വില്ലുകുലച്ചുനിൽക്കുന്ന അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കാനുള്ള കർസേവകരുടെ നേതാവായി രാജ്യത്തെ ഇടവഴികളിൽപ്പോലും നിന്നു. കുളിച്ചുകുറിയിട്ട് ആരതിയുഴിഞ്ഞ്​ ആളുകൾ പലപ്പോഴും ഭക്തിയൊഴികെയുള്ള അജണ്ടകൾ ഒന്നുമില്ലാതെത്തന്നെ രാമായണവും മഹാഭാരതവും കണ്ടു. പക്ഷേ, വരാനിരിക്കുന്ന അതിദേശീയതയുടെയും അതി​െൻറ മതസ്നാനത്തി​െൻറയും ദിവസങ്ങളിലേക്ക് അങ്ങനെ പാകപ്പെടുത്തിയെടുത്ത ഇന്ത്യ ധാരാളമായിരുന്നു സംഘ്​പരിവാറിന്.

ആ ഇന്ത്യയിലാണ് ബാബരി മസ്ജിദ് തകർത്തത്. അവിടെനിന്നു നരേന്ദ്ര മോദിയിലേക്കെത്താൻ ഗുജറാത്ത് കലാപത്തി​െൻറ ഒരു പാഠംകൂടി മതിയായിരുന്നു. മോദിയിലെത്തിയ ഇന്ത്യയിൽ രാമജന്മഭൂമി ഒരു വിവാദവിഷയമല്ല, ഒരു ഭരണകൂട അജണ്ടയായി മാറി. പൗരത്വഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്​ട്രമായി പ്രഖ്യാപിക്കുന്ന പദ്ധതിയുടെ പ്രത്യക്ഷപ്രകടനമായിരുന്നു എങ്കിൽ ബാബരി മസ്ജിദ് കേസിലെ രണ്ടു വിധികളും അതി​െൻറ ഹുങ്കാരമാണ്. ഇന്ത്യൻ റിപ്പബ്ലിക്കിലെ ഭരണഘടന സ്ഥാപനങ്ങൾ ഒന്നൊന്നായി സംഘ്​പരിവാറി​െൻറ അനുബന്ധ സ്ഥാപനങ്ങളാവുകയാണ്. ആ പ്രക്രിയ അത്രമേൽ സ്വാഭാവികമായിരിക്കുന്നു. മോദി സർക്കാർ ആവശ്യപ്പെടുന്ന വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്ന ഒരു വിധേയസ്ഥാപനമായി സുപ്രീംകോടതി മാറിയത് ഒരുതരം മരവിപ്പോടെയാണ് രാജ്യം കണ്ടുനിന്നത്.

പ്രതിഷേധത്തി​െൻറ മുദ്രാവാക്യങ്ങളുടെ അറ്റത്ത് തടവറ എന്നുകൂടി പ്രതിധ്വനിക്കുന്ന ഒരന്തരീക്ഷം രാജ്യത്ത് ഫാഷിസ്​റ്റ്​ ശൈത്യത്തോടൊപ്പം പടർന്നുകയറി. രാജ്യത്തെ പിന്നാക്കസമുദായങ്ങൾക്ക് രാഷ്​ട്രീയാധികാരത്തിലേക്ക് വഴിതുറന്ന, ബ്രാഹ്മണ്യ മേൽക്കോയ്മയുടെ സാമൂഹികഘടനയെ ഘടനാപരമായിത്തന്നെ വെല്ലുവിളിച്ച മണ്ഡൽ രാഷ്​ട്രീയത്തിന് ചെറുക്കാൻകൂടിയായി നിർമിച്ചെടുത്ത സംഘ്​പരിവാറി​െൻറ കമണ്ഡൽ രാഷ്​ട്രീയം പിന്നാക്ക-ദലിത് രാഷ്​ട്രീയത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. രാഷ്​ട്രീയാധികാരവും സാമൂഹികാധികാരവും തമ്മിൽ ഉണ്ടാകാനിടയുള്ള സംഘർഷങ്ങളെയാണ് ഹിന്ദുത്വരാഷ്​ട്രീയം ഇതുവഴി നിർവീര്യമാക്കാൻ ശ്രമിക്കുന്നത്.

മുസ്‌ലിം എന്ന ശത്രുവിൽനിന്ന്​ ജനാധിപത്യം, മതേതരത്വം തുടങ്ങിയ വിപുലമായ ആശയനിർമാർജനയജ്ഞങ്ങളിലേക്ക് സംഘ്​പരിവാറി​െൻറ സോമയാജികൾ പ്രവേശിച്ചുകഴിഞ്ഞു. ഭീമ-കൊറേഗാവ് കേസിൽ ഒന്നിനു പിറകെ ഒന്നായി രാജ്യത്തെ പൗരാവകാശ രാഷ്​ട്രീയപ്രവർത്തകരെയും ബുദ്ധിജീവികളെയും തടവിലാക്കുമ്പോൾ അത് മറവി ഒരു രാഷ്​ട്രീയപ്രവർത്തനമാക്കിയ സമൂഹത്തി​െൻറ മൗനത്തിലേക്കാണ് കണക്കുവെക്കുന്നത്. ജനാധിപത്യംതന്നെയാണ് ഇപ്പോൾ ശത്രു. അതിനെ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിലും സൗകര്യം നീളൻ മുറിവുകളിലൂടെ രക്തം വാർന്നുള്ള ജനാധിപത്യശരീരത്തി​െൻറ മരണമാണ്. അതാണിപ്പോൾ സംഭവിക്കുന്നത്.

അരാജകവാദികളായ ആൾക്കൂട്ടമാണ് ബാബരി മസ്ജിദ് തകർത്തത് എന്ന വിചാരണക്കോടതിയുടെ നിരീക്ഷണം സംഘ്​പരിവാറി​െൻറ പ്രത്യയശാസ്ത്ര ഉൽപന്നമാണ്. പ്രത്യക്ഷത്തിൽ അസംഘടിതവും പൊടുന്നനെ ഉണ്ടാകുന്നതെന്നും തോന്നിപ്പിക്കുന്ന ഇത്തരം ആൾക്കൂട്ടങ്ങൾ വാസ്തവത്തിൽ എപ്പോൾ വേണമെങ്കിലും സംഘടിപ്പിക്കാവുന്ന ഏറ്റവും മാരകമായ ഹിന്ദുത്വഭീകരവാദ ആയുധമായി മാറിയിരിക്കുന്നു. ജയ് ശ്രീരാം വിളിച്ചില്ലെങ്കിൽ, ഹിന്ദു ദേശീയതയുടെ രൂപഭാവങ്ങൾക്ക് യോജിക്കാത്ത രൂപമാണെങ്കിൽ, മതേതര രാഷ്​ട്രീയത്തി​െൻറ ജനാധിപത്യഭാഷയിൽ സംസാരിക്കുന്നുണ്ടെങ്കിൽ എവിടെവെച്ചും, ആർക്കു ചുറ്റും രൂപപ്പെടാവുന്ന ഒരാൾക്കൂട്ടം ഇന്ത്യയുടെ സാമൂഹികശരീരത്തിൽ ഹിംസാത്മകമായ ക്രൗര്യത്തോടെ രൂപപ്പെട്ടിരിക്കുന്നു. ആ ആൾക്കൂട്ടം അരാജകവാദികളുടേതല്ല, ഹിന്ദുത്വ രാഷ്​ട്രീയത്തി​െൻറ ഭീകരവാദികളുടേതാണ്.

ഒറ്റരാത്രിയിൽ ജമ്മു-കശ്മീരി​െൻറ എല്ലാ പ്രത്യേകാവകാശവും എടുത്തുകളയുകയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി തരംതാഴ്ത്തുകയും ചെയ്തപ്പോൾ അതൊരു വിദൂരപ്രദേശത്ത് ഇന്ത്യൻഭരണകൂടം നടത്തുന്ന ദേശീയതയുടെ ആഘോഷമായാണ് വാഴ്ത്തപ്പെട്ടത്. വിധേയരുടെ മൗനത്തിനു പാർക്കാൻ മാത്രമിടമുള്ള തുറന്ന തടവറയായി ഇന്ത്യ എന്ന രാജ്യം മാറി എന്നതി​െൻറ വെളിച്ചപ്പെടലായിരുന്നു അതെല്ലാം. അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന് സുപ്രീംകോടതി വിധിച്ചത് പിന്നീട് കോടതി തിരുത്തി.

ഇന്നിപ്പോൾ തിരുത്താൻ വിധിയില്ല, തർക്കമില്ല. പൗരാവകാശങ്ങളെ സംബന്ധിച്ച ചോദ്യമില്ല. ഹിന്ദുത്വ ഫാഷിസ്​റ്റ്​ ഭരണകൂട ഭീകരതയുടെ നീണ്ട ശൈത്യത്തിലേക്ക് നിസ്സഹായതയുടെയും വിധേയത്വത്തി​െൻറയും രോമക്കുപ്പായങ്ങൾ വാങ്ങണോ പോരാട്ടങ്ങളുടെ തീ കത്തിക്കണോ എന്നതൊരു രാഷ്​ട്രീയ തെരഞ്ഞെടുപ്പാണ്. ബാബരി മസ്ജിദ് തകർത്ത കേസിലെ കോടതി വിധി ആ തീയിൽ കത്തേണ്ടതാണ്.

(സുപ്രീംകോടതി അഭിഭാഷകനാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Masjid case
Next Story