Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകിം കി ഡുക്​​ എന്ന...

കിം കി ഡുക്​​ എന്ന മാന്ത്രികൻ

text_fields
bookmark_border
കിം കി ഡുക്​​ എന്ന മാന്ത്രികൻ
cancel
സംവിധായകൻ ജി. പ്രജേഷ്​സെൻ 2012 ഡിസംബറിൽ വാരാദ്യ മാധ്യമത്തിൽ എഴുതിയ ലേഖനം

ചെമ്പക മരത്തിന്‍െറ ചുവട്ടില്‍ ഒരു ധ്യാന ബുദ്ധനെപ്പോലെയായിരുന്നു ആ ഇരിപ്പ്. തിരക്കുകള്‍ക്കിടയില്‍ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയ കുഞ്ഞിനെപ്പോലെ നിസ്സഹായമായ ഇരിപ്പ്. ആദ്യദിവസത്തെ പരിചയം പുതുക്കി അടുത്തുചെന്നപ്പോള്‍ തലമുടിക്കെട്ടില്‍നിന്ന് ഒരു കറന്‍സി നോട്ടെടുത്ത് എനിക്കുനേരെ നീട്ടി. പിന്നെ പതിയെ അത് ചുരുട്ടി മുഖത്തോടടുപ്പിച്ചു. ഞൊടിയിടയില്‍ ആ കറന്‍സി വായുവില്‍ അലിഞ്ഞുപോയതുപോലെ തോന്നി.

എന്‍െറ മുഖത്തെ വിസ്മയം കണ്ടപ്പോള്‍ ആ മുഖത്ത് ചിരിപടര്‍ന്നു; പിന്നെ ചെമ്പകപ്പൂവെടുത്ത് മറ്റൊരു ജാലവിദ്യ. ഒരുവേള ഇതൊരു തെരുവു മാന്ത്രികനാണോ എന്ന് സംശയിച്ചുനിന്നപ്പോള്‍ കൊറിയന്‍ ചുവയുള്ള ഇംഗ്ലീഷില്‍ എങ്ങനെയുണ്ട് മാജിക് എന്ന് ചോദിച്ചു. ലോക സിനിമയുടെ ചിറകില്‍നിന്ന്, ഇന്ത്യന്‍ ചലച്ചിത്ര ലോകം സ്നേഹത്തോടെ അടര്‍ത്തിയെടുത്ത കിം കി ഡുക്ക് ആയിരുന്നു ആ മാന്ത്രികന്‍.

ഗോവയില്‍ നടക്കുന്ന 43ാം അന്താരാഷ്​ട്ര ചലച്ചിത്രമേളയില്‍ തന്‍െറ ചിത്രങ്ങളുടെ പാക്കേജുകളുമായത്തെിയ ഡുകിന്‍െറ ചലച്ചിത്ര ജാലവിദ്യ പോലത്തെന്നെയായിരുന്നു വ്യക്തി എന്ന വിസ്മയവും. മണ്ഡോവി നദീതീരത്തെ ചലച്ചിത്ര മാമാങ്കത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പറന്നത്തെുമ്പോള്‍ കൈയില്‍ കരുതിയിരുന്ന ടാബില്‍ പുതിയ സിനിമയുടെ തിരക്കഥകൂടി എഴുതുകയായിരുന്നു ഡുക്ക്.



വാര്‍ത്താസമ്മേളനത്തിനുശേഷം അധികമൊന്നും മിണ്ടാതെ മീഡിയാ സെൻറര്‍ വിട്ട ഡുക്ക് തന്‍െറ ഇംഗ്ളീഷ് ഭാഷയിലുള്ള പരിചയക്കുറവ് കാരണം ആരുമായും സംസാരിക്കാന്‍ ഇഷ്​ടപ്പെട്ടില്ല. പുറത്തിറങ്ങും മുമ്പേ മാധ്യമങ്ങളില്‍നിന്ന് രക്ഷപ്പെടുത്തി ഡുക്കിനെ സംഘാടകര്‍ ഒരു ശീതീകരിച്ച മുറിയിലടച്ചു.

അവിടെ നിര്‍ഭാഗ്യവശാല്‍ കടന്നുകൂടിയപ്പോഴാണ് ആ ചലച്ചിത്ര വിസ്മയത്തെ അടുത്തറിയാനായത്. വിഖ്യാത സംവിധായകന്‍ ഷാജി എന്‍. കരുണ്‍ മാത്രമാണ് ഡുക്കിനൊപ്പം ആ മുറിയില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ സിനിമകളെക്കുറിച്ചും ലോക സിനിമകളെക്കുറിച്ചും ഡുക്ക് ചര്‍ച്ചകളിലേക്ക് തിരിഞ്ഞു. ഇന്ത്യന്‍ ഹൃദയം തുടിക്കുന്ന സിനിമയാണ് ആങ് ലീയുടെ 'ലൈഫ് ഓഫ് പൈ' എന്നു പറഞ്ഞു. പക്ഷേ, കൊട്ടിഘോഷിക്കപ്പെട്ട 'സ്ളംഡോഗ് മില്യനെയര്‍' തന്നെ അത്രത്തോളം ആകര്‍ഷിച്ചില്ലെന്ന് സമ്മതിക്കാനും ധൈര്യം കാട്ടി. പുരസ്കാരങ്ങളും പ്രോത്സാഹനവുമാണ് സിനിമയിലെ പുതിയ പരീക്ഷണങ്ങള്‍ക്ക് ധൈര്യം പകരുന്നതെന്നും ഹൃദയവും ലെന്‍സും ചേര്‍ത്തുവെച്ച് രചിക്കുന്ന കവിതയാണ് സിനിമയെന്നും ഡുക്ക് പറഞ്ഞിരുന്നു.

ഒരു മണിക്കൂര്‍ നേരം ആ തണുത്ത മുറിയില്‍ ചെലവഴിച്ചിട്ടും ഭാഷയുടെ വരമ്പുകള്‍ നോവിച്ചതുകാരണം അധികമൊന്നും സംസാരിക്കാതെ ഒഴിഞ്ഞുമാറാനാണ് ഡുക്​ ശ്രമിച്ചത്. യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ചിരിച്ചു. പിന്നെ രണ്ടുവര്‍ഷം കഴിഞ്ഞ് കേരളത്തില്‍ കാണാമെന്ന് മുറിഞ്ഞ ഇംഗ്ളീഷില്‍ പറഞ്ഞൊപ്പിച്ച് കൊറിയന്‍ വിസ്മയം നടന്നു നീങ്ങി. 20ാം അന്താരാഷ്​ട്ര ചലച്ചിത്രമേളയില്‍ കേരളത്തിലെ തന്നെ സ്നേഹിക്കുന്നവരുടെ അടുത്തേക്ക് മികച്ചൊരു സിനിമയുമായി എത്തുമെന്ന് വാക്കു പറഞ്ഞിട്ടായിരുന്നു ആ യാത്ര. സിനിമക്ക് ഭാഷയില്ലെന്നും എന്‍െറ സിനിമകള്‍ എനിക്കുവേണ്ടി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിറങ്ങി.



നവംബര്‍ 23നായിരുന്നു ഗോവന്‍ അന്താരാഷ്​ട്ര മേളയില്‍ കിം കിയുടെ നാട്ടുകാരന്‍ ജിയോന്‍ സൂയില്‍ സംവിധാനം ചെയ്ത 'പിങ്ക്' പ്രദര്‍ശിപ്പിച്ചത്. ഇനോക്സ് ഒണ്‍ എന്ന തിയറ്ററില്‍ സിനിമയുടെ അവസാന മിനിറ്റില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അവശേഷിച്ചത്. ആ കൂട്ടത്തില്‍നിന്ന് കിം കി ഡുക്ക് പതിയെ പുറത്തേക്ക് നടന്നു. സിനിമയെക്കുറിച്ച് അഭിപ്രായമൊന്നും പറയാതെ പുറത്തെ ചെമ്പക മരച്ചുവട്ടില്‍ വന്നിരുന്നു. സൗഹൃദം പുതുക്കാന്‍ ചെന്നപ്പോള്‍ ചിരിച്ച് എതിരേല്‍ക്കുന്നതിനു പകരം മാജിക് കാട്ടിയാണ് സ്വീകരിച്ചത്.

വെള്ളിത്തിരയില്‍ ജീവിതത്തിന്‍െറ ചൂടും തണുപ്പും കണ്ണീരിന്‍െറ കനവും സ്നേഹത്തിന്‍െറ ഗാഢമായ വേദനയുമെല്ലാം വരച്ചിടുന്ന മാന്ത്രികന്‍ ജീവിതത്തിലുമൊരു ജാലവിദ്യക്കാരനാണെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല.കൈയിലിരുന്ന ടാബ് അല്‍പനേരം അന്തരീക്ഷത്തില്‍ നിര്‍ത്താനും ചെമ്പകപ്പൂ സ്വന്തം കൈയില്‍നിന്ന് കൊറിയന്‍ താരത്തിന്‍െറ ചെവിയിലേക്ക് പറപ്പിക്കാനും കൈയടക്കമുള്ള ഒരു മാന്ത്രികനെപ്പോലെ ഡുക്കിനു കഴിഞ്ഞു. സ്വന്തം ജാലവിദ്യ സിനിമപോലെ അദ്ദേഹം ആസ്വദിക്കുന്നുണ്ട്.

1960 ഡിസംബറില്‍ സൗത് കൊറിയയിലെ ബംഗ്വായില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച ഡുക്കിന്‍െറ കുട്ടിക്കാലവും കൗമാരവും വേദനകള്‍ നിറഞ്ഞതായിരുന്നു.കാലം കൗമാരത്തിന്‍െറ മീശമുളപ്പിച്ചപ്പോള്‍ ജീവിതം ഉരുക്ക് ഫാക്ടറിയിലേക്ക് പറിച്ചുനടപ്പെട്ടു. കാരിരുമ്പിന്‍െറ പൊള്ളുന്ന കാഠിന്യമായിരുന്നു അന്നത്തെ ജീവിതത്തിന്. തൊഴിലിടം പീഡനത്തിന്‍െറയും വേദനയുടെയും വേലിയേറ്റക്കാലം കൂടിയായിരുന്നു.


കിം കി ഡുക്കി​െൻറ പിയാത്തയിലെ ഒരു രംഗം

ഉരുക്കു കമ്പനിയില്‍നിന്ന് ഡുക്ക് തന്‍െറ ജീവിതം ചിത്രശാലയിലേക്കാണ് പറിച്ചുനട്ടത്. അങ്ങനെ 1990ല്‍ പാരിസിലേക്ക് ഫൈന്‍ ആര്‍ട്സ് പഠിക്കാന്‍ തിരിച്ചു. ചിത്രകലയിലെ ജന്മവാസന പുതുക്കിപ്പണിയാന്‍ നവനഗരത്തില്‍ മൂന്നുവര്‍ഷം ഫൈന്‍ ആര്‍ട്സ് പഠനം കഴിഞ്ഞ് മടങ്ങിയത്തെിയ ഡുക്കിന്‍െറ ഉള്ളില്‍ ജീവന്‍തുളുമ്പുന്ന ചിത്രങ്ങളായിരുന്നു. കാന്‍വാസുകളും കടലാസും മതിയാവാതെവന്നു സ്വന്തം ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍. ഓരോ രാത്രികളിലും പകല്‍ക്കാഴ്ചയില്‍ കണ്ട ചിത്രങ്ങള്‍ വരച്ചുവെച്ചു. പിന്നെ പിന്നെ ആ ചിത്രങ്ങള്‍ കാന്‍വാസിന്‍െറ വെള്ള ചതുരത്തില്‍ ഒതുങ്ങാതായി. വലിയ വലിയ ജീവിത ചിത്രങ്ങള്‍ കഥാപാത്രങ്ങളായ വെള്ളിത്തിരയിലേക്ക് ആ രചനകള്‍ നടന്നു കയറി.

അങ്ങനെ 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ മത്സരത്തില്‍ സ്വപ്നങ്ങളുടെ ചിത്രം വരച്ചിട്ട ആദ്യ തിരക്കഥ സമര്‍പ്പിച്ചു. ഉള്ളില്‍ ജീവിതത്തിന്‍െറ പച്ചരക്തം പുരട്ടിയെഴുതിയ തിരക്കഥ ആ മേളയില്‍ ഒന്നാമതത്തെി.പിന്നെ വൈകാതെ 1995ല്‍ ആദ്യ സിനിമ പിറന്നു -'ക്രോക്കൊഡൈല്‍.' സ്വന്തം തിരക്കഥയില്‍ എഴുതിവെച്ച ആ ലോ ബജറ്റ് സിനിമ കൊറിയയുടെ അതിര്‍വരമ്പുകള്‍ കടന്ന് ലോകത്തിന്‍െറ മേലാപ്പിലേക്ക് പറന്നു. പിന്നെ 'വൈല്‍ഡ് അനില്‍മസ്', 'ബ്രിഡ്കേജ് ഇന്‍', 'റിയല്‍ ഫിക്ഷന്‍' തുടങ്ങി ഓരോ വര്‍ഷവും ഓരോ വിസ്മയങ്ങള്‍ പുറത്തുവന്നുകൊണ്ടിരുന്നു.

2003ല്‍ 'സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്‍റര്‍ ആന്‍ഡ് സ്പ്രിങ്' എന്ന മാസ്റ്റര്‍പീസിലൂടെ ഡുക്ക് ലോക സിനിമാ ചരിത്രത്തില്‍ ഉരുക്കുകൊണ്ട് പേരെഴുതിവെച്ചു. തന്‍െറ എക്കാലത്തെയും മികച്ച സിനിമ സ്പ്രിങ് സമ്മര്‍ തന്നെയാണെന്ന് പറയുമ്പോഴും 'ത്രി അയേണ്‍', 'ബ്രീത്ത്', 'ഡ്രീം' എന്നിവ എന്നും സന്തോഷം നല്‍കുന്ന മക്കളാണെന്നാണ് ഡുക്ക് പറഞ്ഞത്.അല്‍പനാളത്തെ മൗനത്തിനുശേഷം ഗോവന്‍ ഫെസ്റ്റിവലിലൂടെ തിരിച്ചത്തെിയ ഡുക്കിന്‍െറ പുതിയ ചിത്രമായ 'പിയാത്ത'യിലുടനീളം ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന മാനസിക സമ്മര്‍ദവും പ്രതിഷേധവും കാണാമായിരുന്നു. അമ്മയെന്ന മഹിത സാന്നിധ്യം എത്രമാത്രം നിര്‍വചനാതീതമാണെന്ന് കാട്ടിത്തരാനാണ് പിയാത്ത എന്ന സിനിമയൊരുക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. അമ്മയുടെ നന്മ ഈ ലോക ജീവിതത്തില്‍ മറ്റൊരു ബന്ധത്തിനും നല്‍കാനാവില്ളെന്ന കാഠിന്യമുള്ള സത്യം പറയുക മാത്രമാണ് പിയാത്തയിലൂടെ ചെയ്തത്.


സ്​പ്രിങ്​ സമ്മർ ഫാൾ വിൻറർ ആൻഡ്​ സ്​പ്രിങ്​

തന്‍േറടിയായ ചെറുപ്പക്കാരനെ തേടി അമ്മയാണെന്ന അവകാശവുമായി എത്തുന്ന സ്ത്രീയിലൂടെ വികസിക്കുന്ന കഥ ദുഷ്ടനായ യുവാവിന്‍െറ ഉള്ളിലെ നന്മ ചികഞ്ഞെടുക്കുകയാണ്.സ്വന്തം അമ്മയാണോ എന്ന് പരീക്ഷിച്ചറിയാന്‍ അയാള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ സാധാരണ ഹൃദയമുള്ളവര്‍ക്ക് കണ്ടിരിക്കാന്‍ ആകാത്തവിധം പൈശാചികമാണ്. ഇത്ര പൈശാചിക രംഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നോ എന്നു ചോദിച്ചപ്പോള്‍ ഇതിലും പൈശാചികമാണ് മനുഷ്യന്‍െറ യഥാര്‍ഥ മനസ്സും ജീവിതവുമെന്നാണ് ഡുക്ക് പറഞ്ഞത്.

പുതുതായി തയാറാക്കുന്ന സിനിമ മനുഷ്യബന്ധങ്ങളുടെ വ്യത്യസ്തമായൊരു കഥയാണ് പറയുന്നതെന്നും 21 സീനുകള്‍ എഴുതി പൂര്‍ത്തിയാക്കിയെന്നും ഡുക്ക് ചെമ്പക മരച്ചുവട്ടിലെ കൂടിക്കാഴ്ചക്കിടയില്‍ പറഞ്ഞു. യാത്രയിലും നടത്തത്തിലും ഒറ്റക്കിരിക്കുമ്പോള്‍ പുതിയ സിനിമയുടെ തിരരൂപം ടാബിള്‍ ടൈപ്പ് ചെയ്തിടും. ആ സീനുകള്‍ പിന്നെ ക്രമമായി അടുക്കിച്ചേര്‍ക്കുകയേ വേണ്ടൂ. സംസാരത്തിനിടയില്‍ അല്‍പം മൗനത്തിലായി. ടാബെടുത്ത് പുതിയ ചിത്രത്തിന്‍െറ തിരക്കഥയിലൊരു തിരുത്തല്‍ വരുത്തി. പിന്നെ കൊറിയന്‍ ഭാഷയില്‍ ടൈപ്പ് ചെയ്ത ആ തിരക്കഥ ഒരു മിന്നില്‍പോലെ വിരലമര്‍ത്തി കാണിച്ചുതന്നു. വരാന്‍ പോകുന്ന ഒരു മഹാദ്ഭുതത്തിന്‍െറ ചൈതന്യമുണ്ടായിരുന്നു ആ കാഴ്ചയില്‍.

അങ്ങകലെ കേരളമെന്നൊരു നാടുണ്ട്. അവിടെ ആത്മാവിനൊപ്പം ഡുക്കിന്‍െറ ചിത്രം ഒട്ടിച്ചുചേര്‍ത്തൊരു ജനതയുണ്ടെന്ന് പറഞ്ഞപ്പോള്‍ ചിരി മാത്രമല്ല, സന്തോഷമുള്ളൊരു ഉറപ്പും തന്നു.ഇന്ത്യയെന്നാല്‍ മുംബൈയും ഗോവയും ദില്ലിയും മാത്രമായിരുന്നു എനിക്ക്. പക്ഷേ, കേരളമെന്ന ലോകം കാണാന്‍ കൊതിയുണ്ട്. വരും, പുതിയ ചിത്രവുമായി ആ സ്വപ്നഭൂമിയില്‍'. ഇത്രയും പറഞ്ഞവസാനിപ്പിച്ചപ്പോള്‍ അടുത്ത തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന സ്വപ്നചിത്രമായ 'സ്പ്രിങ്, സമ്മര്‍...' കഴിഞ്ഞ് ഇരച്ചത്തെിയ ജനം ഡുക്കിനെ വളഞ്ഞു. അവിടെ ആ സ്നേഹത്തിരക്കിന്‍െറ ഓളങ്ങളില്‍നിന്ന് സംഘാടകര്‍ വെളുത്ത വി.ഐ.പി കാറില്‍ കയറ്റി യാത്രയാക്കി.

യാത്ര പറഞ്ഞുപോകുമ്പോഴും സംസാരിക്കുമ്പോഴും കൈയടക്കമുള്ള ആ മാന്ത്രികന്‍ കേരളമെന്ന കൊച്ചുനാട്ടില്‍ വരുമെന്ന് വിരല്‍ഭാഷയിലൂടെ ഉറപ്പുപറഞ്ഞു. കൈവീശി കവിള്‍ തടവി പോയിമറയുമ്പോള്‍ ഗോവയുടെ മണ്ണില്‍ ഡുക്കിന്‍െറ സ്നേഹത്തിന്‍െറ മുത്തുകള്‍ പൊഴിഞ്ഞുകൊണ്ടിരുന്നു




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kim KI DukKorean filmmaker
Next Story