സങ്കുചിത കാലത്തെ പ്രതിമയും, ബഹുസ്വരത കാത്ത രാജാജിയും
text_fieldsരാഷ്ട്രപതി ഭവനിലെ രാജാജി പ്രതിമ രാഷ്ട്രപതി ദ്രൗപതി മുർമു അനാച്ഛാദനം ചെയ്തപ്പോൾ
ത്യാഗോജ്വലനായ സ്വാതന്ത്ര്യസമര സേനാനി, ഭരണാധികാരി, എഴുത്തുകാരൻ, അപൂർവമായ ചിന്താശുദ്ധിയുള്ള രാഷ്ട്രീയ ചിന്തകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സി.രാജഗോപാലാചാരിയുടെ (രാജാജി) പ്രതിമ രാഷ്ട്രപതി ഭവൻ പരിസരത്ത് സ്ഥാപിക്കുക എന്നത് സാധാരണഗതിയിൽ എല്ലാ ഇന്ത്യാക്കാരിലും അഭിമാനമുണ്ടാക്കേണ്ട ഒന്നായിരുന്നു. മഹാത്മാ ഗാന്ധിയുടെ അടുത്ത അനുയായിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ഗവർണർ ജനറലുമായിരുന്ന രാജാജിയുടെ പ്രതിമ സ്ഥാപിക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചത് അദ്ദേഹത്തെ ആദരിക്കാൻ വേണ്ടിയാണെന്ന് ഉൾക്കൊള്ളാൻ, അദ്ദേഹത്തെ മനസ്സിലാക്കുന്ന വലിയൊരു വിഭാഗം ആളുകൾക്കും കഴിയുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയ് ഭവനം അടക്കം ഡൽഹി എന്ന തലസ്ഥാന നഗരത്തിന് രൂപകൽപന ചെയ്ത എഡ്വിൻ ല്യൂട്ടൻസിന്റെ പ്രതിമ മാറ്റി അവിടെയാണ് രാജാജിയെ പ്രതിഷ്ഠിച്ചത്.
മോദിക്കും സംഘത്തിനും രാജാജി പ്രിയപ്പെട്ടയാളാകുന്നത് അദ്ദേഹം കടുത്ത നെഹ്റു വിമർശകനായിരുന്നു എന്നതിനാലാണ്. തങ്ങൾ ഉൾക്കൊള്ളുന്ന തീവ്രവലതുപക്ഷ യാഥാസ്ഥിതികതയുടെ ഭാഗമായി രാജാജിയുടെ പൈതൃകത്തെ മാറ്റാൻ ബി.ജെ.പിയും ആർ.എസ്.എസും നടത്തുന്ന ശ്രമങ്ങളോടും ഇതിനെ കൂട്ടിവായിക്കണം. എന്നാൽ, സമാനതകളില്ലാത്ത ജനാധിപത്യബോധം പുലർത്തിയ രാജാജിയുടെ രാഷ്ട്രീയം ഒരിക്കലും സങ്കുചിതമായിരുന്നില്ല. ഇത് മനസ്സിലാക്കാൻ ഏറ്റവും നല്ല ഉദാഹരണം കേരളവുമായി ബന്ധപ്പെട്ടതാണ്. 1959-ൽ കേരളത്തിലെ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാരിനെ അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ പിരിച്ചുവിട്ടു. രാജാജി എന്നും കമ്മ്യൂണിസത്തിന്റെ ആശയപരമായ എതിരാളിയായിരുന്നു. കമ്യൂണിസം ഏകാധിപത്യവും സ്വേച്ഛാധിപത്യവുമായി മാറുമെന്നും, ജനാധിപത്യബോധമില്ലാത്ത നേതാക്കൾ ഏകാധിപത്യ പ്രവണതകൾ കാണിക്കുമെന്നും, ബഹുസ്വരതയുടെ ശത്രുക്കളാകുമെന്നും ഭയപ്പെട്ടയാളായിരുന്നു. എന്നിരുന്നാലും, കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട നടപടിയെ അദ്ദേഹം അതിശക്തമായി വിമർശിച്ചു. നെഹ്റുവുമായുള്ള വ്യക്തിഗതമായ അഭിപ്രായവ്യത്യാസങ്ങൾ കാരണമായിരുന്നില്ല അത്; മറിച്ച്, ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാരിനെ ജനാധിപത്യ മാർഗങ്ങളിലൂടെയേ മാറ്റാവൂ എന്ന ഉറച്ച ബോധ്യത്താലായിരുന്നു. എതിർചേരിയിലുള്ളവരോട് രാഷ്ട്രീയ ഭിന്നത എത്ര ശക്തമായാലും, അതൊരിക്കലും ഏകപക്ഷീയമായ ഭരണകൂട ഇടപെടലിന് ന്യായീകരണമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സഹിഷ്ണുതയിലും തുല്യനീതിയിലും അധിഷ്ഠിതമായ ഈ പ്രതിബദ്ധത, കോൺഗ്രസുമായുള്ള അദ്ദേഹത്തിന്റെ ദീർഘകാല ബന്ധത്തിൽ നിന്നും സ്വാതന്ത്ര്യസമര അനുഭവങ്ങളിൽ നിന്നും രൂപപ്പെട്ട ഒന്നാണ്. പിന്നീട് കോൺഗ്രസിൽ നിന്ന് വേർപെട്ടെങ്കിലും ആ പഴയ വിശാല രാഷ്ട്രീയ സംസ്കാരത്തിന്റെ ഉൽപ്പന്നമായി അദ്ദേഹം തുടർന്നു.
അദ്ദേഹത്തിന്റെ ഭാരതീയതാ സംരക്ഷണവാദം ഭൂരിപക്ഷാധിപത്യപരമായിരുന്നില്ല, മറിച്ച് നൈതികവും തത്വചിന്താപരവുമായിരുന്നു. ഉറച്ച മതവിശ്വാസിയും ഭാരതീയ ദർശനങ്ങളിൽ വേരൂന്നി നിന്നയാളുമായിരുന്നെങ്കിലും, ഇന്ത്യ ഒരു മതാത്മക രാഷ്ട്രമാകണമെന്നോ ഭൂരിപക്ഷ മതത്തിന് ഇതര മതസ്ഥർ കീഴടങ്ങണമെന്നോ രാജാജി ഒരിക്കലും വാദിച്ചില്ല.
കോൺഗ്രസുമായുള്ള രാജാജിയുടെ അന്തിമമായ വേർപിരിയൽ സാംസ്കാരിക സംഘർഷത്തിന്റെ ഫലമായിരുന്നില്ല, നെഹ്റുവുമായുള്ള ആശയപരമായ ഭിന്നതകൾ മാത്രമായിരുന്നു കാരണം. സോവിയറ്റ് യൂണിയന്റെ സ്വാധീനത്തിൽ നിയന്ത്രിത സോഷ്യലിസത്തോടും കേന്ദ്രീകൃത പദ്ധതി നടത്തിപ്പുകളോടും നെഹ്റുവിനുണ്ടായിരുന്ന പ്രതിബദ്ധത, വ്യക്തിസ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയും അമിതമായ ബ്യൂറോക്രസിക്ക് വഴിവെക്കുകയും ചെയ്യുമെന്ന് രാജാജി ഭയപ്പെട്ടു. 1959-ൽ അദ്ദേഹം സ്വതന്ത്ര പാർട്ടി രൂപീകരിച്ചതുപോലും അന്ന് നിലനിന്ന പ്രബല രാഷ്ട്രീയ ഏകാഭിപ്രായത്തിന് ഒരു ലിബറൽ-സംരക്ഷണവാദ ബദൽ സൃഷ്ടിക്കാനായിരുന്നു. ജനാധിപത്യത്തിൽ ശക്തമായ പ്രതിപക്ഷം അനിവാര്യമാണെന്നും ഒരൊറ്റ പാർട്ടിക്ക് ചോദ്യം ചെയ്യപ്പെടാത്ത മേൽക്കോയ്മ അനുവദിക്കപ്പെടരുത് എന്നും അദ്ദേഹം വിശ്വസിച്ചു.
ആശയപരമായി അകന്നുനിന്ന് പോരടിക്കുമ്പോഴും രാജാജിയുടെയും നെഹ്റുവിന്റെയും ഇടയിൽ നിലനിന്നിരുന്ന സൗഹൃദം, ഇന്ത്യയുടെ ആദ്യകാല ജനാധിപത്യത്തിന്റെ പക്വതയെ തെളിയിക്കുന്നു. നെഹ്റുവിന്റെ നയങ്ങളെ രാജാജി ബൗദ്ധിക സത്യസന്ധതയോടെ വിമർശിച്ചെങ്കിലും, അദ്ദേഹത്തിന്റെ ഭരണപാടവത്തെയോ അറിവിനെയോ ആർജ്ജവത്തെയോ ദേശസ്നേഹത്തെയോ ഒരിക്കലും ചോദ്യം ചെയ്തില്ല.
ദ്രാവിഡ രാഷ്ട്രീയത്തോടുള്ള രാജാജിയുടെ സമീപനവും കോൺഗ്രസിനോടും നെഹ്റുവിനോടും ഉണ്ടായിരുന്നതിനേക്കാൾ സങ്കീർണമായിരുന്നു. തുടക്കത്തിൽ അദ്ദേഹം ദ്രാവിഡ പ്രസ്ഥാനത്തെ സംശയത്തോടെ മാത്രം കണ്ടു. ബ്രാഹ്മണവിരുദ്ധ വാചകശൈലി, നാസ്തിക പ്രവണത, സ്വതവാദത്തിലൂന്നിയ ആവശ്യങ്ങൾ എന്നിവയെല്ലാം അംഗീകരിക്കാൻ ഗാന്ധിയൻ ദേശീയവാദിയായ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും, ജനാധിപത്യ രാഷ്ട്രീയ സാഹചര്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ അണ്ണാദുരൈയെയും പിന്നീട് കരുണാനിധിയെയും പോലുള്ള നേതാക്കളുമായി സഹകരിക്കാൻ അദ്ദേഹം തയ്യാറായി. മദ്യനിരോധനം പോലുള്ള വിഷയങ്ങളിൽ അവരുമായി ഉണ്ടായ ഇടക്കാല ഐക്യവും പിന്നീടുണ്ടായ വിയോജിപ്പും ആശയപരമായ ഏകീകരണമല്ല, നയപരമായ പൊരുത്തപ്പെടൽ മാത്രമായിരുന്നു. എത്ര ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും ശക്തിക്കും സംവാദവും പൊരുത്തപ്പെടലും ആവശ്യമാണെന്നായിരുന്നു രാജാജിയുടെ വിശ്വാസം.
ഭാഷാ രാഷ്ട്രീയത്തിലും രാജാജി കഠിന നിലപാടിനേക്കാൾ പ്രായോഗിക സമീപനമാണ് സ്വീകരിച്ചത്. ആദ്യം ഹിന്ദിയെ ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കുന്നതിനെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് അതിന്റെ നിർബന്ധിത അടിച്ചേൽപ്പിക്കലിനെ അദ്ദേഹം എതിർത്തു. ഇന്ത്യൻ യൂണിയനിലെ ഭാഷാ വൈവിധ്യങ്ങൾ എക്കാലത്തും ബഹുമാനിക്കപ്പെടണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒരുകാലത്തും അടിച്ചേൽപ്പിക്കലിലൂടെ ദേശീയ ഐക്യം നിലനിർത്താനാവില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ, രാജാജിയെ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആശയചട്ടക്കൂടിനുള്ളിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ചരിത്രപരമായി എത്രത്തോളം അസ്വാഭാവികമാണെന്ന് വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഭരണഘടനാപരമായ ജനാധിപത്യം, ബഹുസ്വരത, നൈതിക ആത്മനിയന്ത്രണം എന്നിവയിൽ അധിഷ്ഠിതമായിരുന്നു.
രാഷ്ട്രീയം ഒരു നൈതികമായ ആഹ്വാനമാണെന്ന് വിശ്വസിച്ച തലമുറയിലാണ് രാജാജി ഉൾപ്പെടുന്നത്. ജനാധിപത്യത്തിന് തെരഞ്ഞെടുപ്പുകൾ മാത്രം പോരാ; ആത്മനിയന്ത്രണം, വിനയം, വിയോജനത്തോടുള്ള ബഹുമാനം എന്നിവയും ആവശ്യമാണെന്ന് അദ്ദേഹം കരുതി. ബൗദ്ധിക രാഷ്ട്രീയത്തിനായുള്ള വാദമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആശയവ്യത്യാസങ്ങൾ ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതിന് പകരം ശക്തിപ്പെടുത്തേണ്ടതാണെന്ന വിശ്വാസത്തോടെ അദ്ദേഹം പ്രവർത്തിച്ചു. ഒരു പ്രതിമ സ്ഥാപിക്കൽ വഴി ആർക്കും പ്രതീകാത്മക തുടർച്ചകൾ അവകാശപ്പെടാം. എന്നാൽ ചരിത്രം ഒരിക്കലും അതിന്റെ അതിഭീകരമായ ലാളിത്യവത്കരണത്തെ അംഗീകരിക്കാറില്ല, അനുവദിക്കാറുമില്ല.
ആത്യന്തികമായി, രാജാജിയുടെ പാരമ്പര്യം എളുപ്പത്തിൽ അപഹരിച്ചെടുത്ത് ആരുടേയെങ്കിലും ഉടമസ്ഥതയിലാക്കാൻ കഴിയുന്നതല്ല. റിപ്പബ്ലിക്കിനെ രൂപപ്പെടുത്തിയ വിശാല ജനാധിപത്യ പാരമ്പര്യത്തിന്റെ അചഞ്ചല ഭാഗം തന്നെയാണത്. അവിടെ വാദപ്രതിവാദങ്ങൾ ശക്തമായിരുന്നെങ്കിലും പരസ്പര ബഹുമാനം നിലനിന്നിരുന്നു. എതിർപക്ഷത്തിന്റെ നിയമാനുസൃതതയും ജനാധിപത്യ അവകാശങ്ങളും ഒരിക്കലും നിഷേധിക്കപ്പെട്ടിരുന്നില്ല. ചരിത്രം ഓർക്കുന്ന രാജാജി അതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

