Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേരള നവോത്ഥാനത്തിന്‍റെ...

കേരള നവോത്ഥാനത്തിന്‍റെ ‘തങ്കത്തിളക്കം’

text_fields
bookmark_border
കേരള നവോത്ഥാനത്തിന്‍റെ ‘തങ്കത്തിളക്കം’
cancel

പലജാതി മനുഷ്യരുടെ ആവാസകേന്ദ്രമായ ഒരുജാതി സ്ഥലമാണ് കേരളമെന്ന് ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഒന്നുപോലെ ദിനേന ആണിയടിച്ചുറപ്പിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആര് ഭരിച്ചാലും എവിടെ ചെന്നാലും എന്തൊക്കെയോ കാരണങ്ങളാൽ ചില ഒന്നാം സ്ഥാനമോ ചില നേട്ടങ്ങളോ ലോകത്തിന് മുന്നിൽ തലയുയർത്തിനിൽക്കാവുന്ന ചില പ്രത്യേകതകളോ ഒക്കെ ഈ നാടിനുണ്ട്. എന്നാൽ, അതിലേറെ തലതാഴ്ത്തിനിൽക്കേണ്ടുന്ന ഒരു സ്ഥിരരാശി കൂടെയുണ്ട് കേരളത്തിന്.

നേട്ടങ്ങളുടെയും നവോത്ഥാന വായ്‌പാട്ടുകളുടെയും മറക്കുടക്ക് പിന്നിൽ ജാതീയത, വംശീയത, സ്ത്രീവിരുദ്ധത തുടങ്ങി ആധുനിക ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമായ എല്ലാ ചേരുവകളുടെയും പാചകപ്പുരയാണ് കേരളം. ഇത് എല്ലാം ചേർത്ത് മലയാളിയുടെ ദൈനംദിന ജീവിതത്തിൽ വിളമ്പുന്നതിൽ രാഷ്ട്രീയപാർട്ടിക്കാർക്കോ ഉദ്യോഗസ്ഥർക്കോ സമൂഹമാധ്യമങ്ങളിൽ പടവെട്ടുന്ന സൈബർ പോരാളികൾക്കോ സിനിമ, സാഹിത്യ, സാംസ്കാരിക പ്രതിഭകൾക്കോ മടിയൊന്നുമില്ലതാനും. എന്തൊക്കെ ജനാധിപത്യവിരുദ്ധത പറഞ്ഞാലും അതിലൊക്കെ നവോത്ഥാനം, വിശ്വാസം, ആചാരം എന്നിങ്ങനെയുള്ള ചില ഉപ്പും പുളിയും ചേർത്ത് മുളകരച്ച് തേക്കാൻ ഒരാളും പിന്നിലുമല്ല.

അതിശക്തമായ സമരങ്ങളിലൂടെ കേരളത്തിലെ ദലിതരും മറ്റ് പിന്നാക്ക ജനവിഭാഗങ്ങളും ഒരുകാലത്ത് തങ്ങൾ നേരിട്ട അയിത്താചരണത്തെ മറികടന്നുവെങ്കിൽ അതൊക്കെ പഴങ്കഥയാക്കുകയാണ് ഇന്ന്. അധികാരം രാജഭരണകാലത്തെ പോലെ തന്നെ ധനാഢ്യരുടെയും വരേണ്യരുടെയും കൈവെള്ളയിലെ കുന്നിക്കുരുവായി തുടരുന്നു. അവരുടെ വേദനകളും വ്യാഖ്യാനങ്ങളും ഭരണകൂടത്തെ പോലും കരയിപ്പിക്കും.

അവർ ഓടിയെത്തും, പതംപറയും, കണ്ണീർ തുടയ്ക്കും, കാലുപിടിക്കും, കേണപേക്ഷിക്കും. അപ്പോൾതന്നെ, ക്ഷിപ്രസാദികൾ പ്രസാദിക്കും. ദലിതരെയും ആദിവാസികളെയും മറ്റ് അപരരെയും ആരെങ്കിലും തല്ലിക്കൊന്നാലും വിദ്വേഷത്തിനിരയാക്കിയാലും കള്ളിയും കള്ളനുമാക്കിയാലും കുമ്പിളിൽ കഞ്ഞിപോയിട്ട് പച്ചവെള്ളംപോലും കൊടുക്കില്ല അധികാരത്തമ്പുരാക്കന്മാർ.

കുറച്ചുകാലമായി കേരളത്തിന്റെ പുറംമേനി പൊള്ളിയടർന്ന്, വിഷലിപ്തമായ ഉള്ളിനെ പുറത്തുകാണിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് കേരളം കടന്നുപോയ ചില സംഭവങ്ങൾ മാത്രമെടുത്താൽ ഈ വിഷബാധ നേരിൽ കാണാൻ കഴിയും. തടിക്കുപിടിക്കുന്ന സംഭവങ്ങളിൽ പ്രതികരിക്കാൻ ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾക്കോ നവോത്ഥാന പ്രസ്ഥാനങ്ങളെന്ന് അവകാശപ്പെടുന്നവർക്കോ സാധിക്കാത്തവിധം നവോത്ഥാനം എന്ന ഉള്ളി തൊലിച്ചുതീർത്തുകഴിഞ്ഞിരിക്കുന്നു.

അട്ടപ്പാടിയിൽ അത്താഴപ്പട്ടിണിക്കാരനായ ആദിവാസിയെ അടിച്ചുകൊന്ന് ആ കേസ് അട്ടിമറിക്കാൻ ആവുംവിധമൊക്കെ ശ്രമിക്കുകയും ചെയ്തുവരുന്ന നാടാണ് കേരളം. ഭക്ഷണസാധനം മോഷ്ടിച്ചുവെന്നാരോപിച്ച് ആദിവാസിയായ ഒരാളെ ആൾക്കൂട്ടം അടിച്ചുകൊന്നപ്പോൾ അന്ന് കേരളം ഞെട്ടി. ജനരോഷം ഉയർന്നു, പ്രതികളെ അറസ്റ്റ് ചെയ്തു. അവിടെ തീർന്നു കഥ. അഞ്ചു വർഷം കഴിഞ്ഞു, കേരളം പിന്നെയും ആ ആക്രമികളുടെ അധമ ചെരിപ്പിട്ടുതന്നെ ഇന്നും നടക്കുന്നു. അതിന് കൂടുതൽ ഉദാഹരണമൊന്നും തേടി അലയേണ്ട.

മധുവിനെ അടിച്ചുകൊന്നത് അധികാരമൊന്നുമില്ലാത്ത സാധാരണ പൗരന്മാരായിരുന്നുവെങ്കിൽ പൗരന് സുരക്ഷിതത്വം നൽകാൻ ബാധ്യസ്ഥരായ പൊലീസ് ആണ് മറ്റൊരു കൊല്ലാക്കൊല നടത്തിയത്. അതും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി സർക്കാർ കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കുന്ന പിങ്ക് പൊലീസ്. അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടമാണ് കൊലപ്പെടുത്തിയതെങ്കിൽ ആറ്റിങ്ങലിൽ പട്ടികജാതിക്കാരനായ ജയചന്ദ്രൻ എന്ന ടാപ്പിങ് തൊഴിലാളിയെയും അദ്ദേഹത്തിന്റെ മൂന്നാം ക്ലാസുകാരിയായ മകളെയും പൊതുജനമധ്യത്തിൽ വെച്ച് മോഷണക്കുറ്റം ആരോപിച്ച് കൊല്ലാക്കൊല നടത്തിയത് ഈ പിങ്ക് പൊലീസാണ്.

പൊലീസ് ജീപ്പിലെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു അച്ഛനും മകൾക്കും നേരെ പൊതുനിരത്തിൽ, പൊതുജനമധ്യത്തിൽ നടത്തിയ ചിത്രവധം. അതിനിടയിൽ ഫോൺ പൊലീസ് വാഹനത്തിൽനിന്ന് കിട്ടിയതോടെ ചിത്രം മാറി.ഈ വിഷയത്തിൽ കുട്ടിയോടും രക്ഷിതാവിനോടും മാപ്പ് പറയാൻപോലും തയാറായില്ലെന്നു മാത്രമല്ല, കുട്ടിയോട് മാപ്പ് പറഞ്ഞതായുള്ള വാർത്തക്ക് ഡി.ജി.പി നിഷേധക്കുറിപ്പുമിറക്കി.

ജാതീയമായ അടിച്ചമർത്തലിനെ കുറിച്ച് അന്വേഷിക്കാൻ പട്ടികജാതി കമീഷൻ ഉത്തരവോ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയോ പൊലീസോ സർക്കാറോ സ്വീകരിച്ചില്ല. നഷ്ടപരിഹാരം നൽകിക്കൊണ്ടുള്ള ഹൈകോടതി വിധിക്കെതിരെയും സർക്കാർ മുഖംതിരിച്ചു. പൊലീസിനെ കാണുമ്പോൾ വിപ്ലവവീര്യത്തിന് വിറയൽ സംഭവിക്കുന്നത് പിണറായി സർക്കാറിന്‍റെ തുടക്കംമുതൽ കാണുന്നതിനാൽ ഇതിലാർക്കും അത്ഭുതവും തോന്നിയില്ല.

കാരണം, നമ്മുടേത് നവോത്ഥാന കേരളമല്ലേ. അതുകൊണ്ടാണല്ലോ ‘കണ്ടാലറിയില്ലേ’ എന്നചോദ്യം പ്രത്യക്ഷമായും പരോക്ഷമായും ഈ രണ്ട് സംഭവങ്ങളിലും ഇരകളായ മനുഷ്യർക്കെതിരെ ഉയർന്നത്. ‘വസ്ത്രം കണ്ടാലറിയാം’ എന്ന് പ്രഖ്യാപിച്ച മേലാവിക്ക് അനുയോജ്യരായ കോൽക്കാരും പൗരസമൂഹവുമാണ് നവോത്ഥാന കേരളത്തിലുള്ളതെന്ന് അടിവരയിടുന്നതാണ് ഈ രണ്ട് സംഭവങ്ങളും.

ഇനി, ഇതൊക്കെയെന്ത് എന്ന് ചോദിച്ചുപോകും, രാജ്യത്തെ ആദ്യ ദലിത് രാഷ്ട്രപതിയോട് നമ്മുടെ ഭരണാധികാരികളും സാംസ്കാരിക നായകരും കാണിക്കുന്നത് കണ്ടാൽ. ഡോ. കെ.ആർ. നാരായണൻ എന്ന മലയാളിയായ മുൻ രാഷ്ട്രപതിയുടെ പേരിലുള്ള കോട്ടയത്തെ കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ജാതിവിവേചനം ആരോപിക്കപ്പെട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും ഡയറക്ടർ ശങ്കർമോഹനും ആ വിലാസങ്ങളിൽതന്നെ വിലസുകയാണ്.

ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിപീഡനത്തിനിരയായി എന്ന ആരോപണം ഉന്നയിച്ച സ്ത്രീകളെ കുറിച്ച് ‘തൊഴിലാളികളായ നാലഞ്ചുപെണ്ണുങ്ങൾ, ഡബ്ല്യൂ.സി.സിക്കാരെ പോലെ ഉടുത്തൊരുങ്ങി വരുന്നുവെന്നൊക്കെയാണ് ‘നാലു പെണ്ണുങ്ങൾ’ എന്ന സിനിമ എടുത്ത, ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങി എപ്പോഴും കാണപ്പെടുന്ന, അടൂർ ഗോപാലകൃഷ്ണൻ എന്ന ലോകപ്രശസ്ത ചലച്ചിത്ര സംവിധായകൻ പറഞ്ഞത്.

രോഹിത് വെമുല അങ്ങ് ഹൈദരാബാദിലല്ലേ, ഇവിടെയോ ജാതിയോ എന്നനിലയിൽ, പുകമറയ്ക്കുള്ളിലാണ് പു.ക.സ. ഒരു അഴകൊഴമ്പൻ പ്രസ്താവനക്കപ്പുറം വിദ്യാർഥികൾ നടത്തുന്ന സമരത്തോട് എന്ത് അനുകൂല നിലപാടാണ് ഇടതുപക്ഷ സാംസ്കാരിക നായകരും വിദ്യാർഥി യുവജന സംഘടനകളും സ്വീകരിച്ചത്. അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനയോട് കേരളത്തിലെ വ്യവസ്ഥാപിത വനിതാസംഘടനകൾക്ക് എന്തായിരുന്നു നിലപാട്. അതുകാണുമ്പോഴറിയാം നമ്മുടെ പത്തരമാറ്റ് നവോത്ഥാനത്തിന്റെ തങ്കത്തിളക്കം.

ഇങ്ങനെ വെടിവെച്ചുകൊല്ലലും തല്ലിക്കൊല്ലലും പരസ്യമായി അപമാനിക്കലുമൊക്കെയായി കേരളത്തിൽ, പൊലീസ് രാജ് അഴിഞ്ഞാടുകയാണെന്നോ ജാതി അതിക്രമം നടക്കുന്നുണ്ടെന്നോ തെറ്റിദ്ധരിക്കരുത്. കേരളം അങ്ങനെ കുഴപ്പംപിടിച്ച സ്ഥലമൊന്നുമല്ല. അങ്ങനെ കേരളവിരോധികളായ മലയാളികൾപോലും പറയില്ല. ഗുജറാത്തിന് പകരം നമ്പർ വൺ കേരളം എന്ന് പറയുന്നതിലും തങ്ങൾക്ക് സീറ്റ് കിട്ടാത്തതിലും മാത്രമേ ബി.ജെ.പിക്കാർക്കുപോലും കേരളത്തോട് യോജിക്കാതിരിക്കാനാവൂ. ഇനി പറയുന്ന സംഭവങ്ങൾ കണ്ടാൽ അവർ പോലും സമ്മതിക്കും കേരളം പാലും തേനും ഒഴുകുന്ന നാടാണെന്ന്.

കെ.എം. ബഷീർ എന്ന മാധ്യമപ്രവർത്തകനെ തിരുവനന്തപുരം നഗരത്തിൽ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐ.എ.എസുകാരനെ രക്ഷിക്കാൻ പൊലീസ് നടത്തിയ അതിതീവ്രയത്ന പരിപാടി അവരുടെ കൂറ് തെളിയിച്ചു. അതിനുശേഷം അദ്ദേഹത്തെ സർവിസിൽ തിരിച്ചെടുക്കാനും ആ കേസിൽ കോടതിയിൽ സ്വീകരിച്ച ആദ്യ നിലപാടുകളും നവോത്ഥാനകേരളത്തിന് പൊന്നിൻകുടത്തിലെ പൊട്ടാണ്. ഇനിയും സംശയമുണ്ടെങ്കിൽ, പ്രശസ്ത പാചകപ്രമാണി പഴയിടം മോഹനൻ നമ്പൂതിരിയുടെ കാര്യമെടുക്കാം.

സ്കൂൾ കലോത്സവത്തിൽ പച്ചക്കറിസദ്യ മാത്രം മതിയോ എന്നചോദ്യം എവിടെയൊക്കെ എത്തി എന്ന് നമ്മൾ കണ്ടു. പ്രതിഭാധനനായ പാചകക്കാരനാണ് പഴയിടം എന്നകാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ആരും അതിൽ തർക്കിച്ചുമില്ല. പക്ഷേ, പഴയിടം പാചകംചെയ്യുന്നത് കേരളീയനവോത്ഥാനം കൊണ്ടാണെന്ന് പു.ക.സയുടെ മുതലാളിയായ അശോകൻ ചരുവിൽ കണ്ടെത്തി. അടുത്ത നൊബേൽ സമ്മാനവും ഉറപ്പിച്ചു.

പക്ഷേ, കാര്യങ്ങൾ ഇതൊന്നും കൊണ്ട് നിന്നില്ല, അവസാനം പഴയിടത്തിന്റെ സൗന്ദര്യപ്പിണക്കത്തിലെത്തി കാര്യം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പഴയിടത്തിനൊപ്പം ഉറച്ചുനിന്നു. എന്നിട്ടും പിണക്കം മാറാതെ ഇനി കലോത്സവവേദിയിലേക്ക് ഇല്ല എന്ന് പ്രഖ്യാപനവും അദ്ദേഹം നടത്തി. ഉടനെ അടിയൻ ലച്ചിപ്പോം എന്നമട്ടിൽ മന്ത്രി വി.എൻ. വാസവൻ ‘തിരുമേനി’യുടെ വീട്ടിലെത്തി. അദ്ദേഹത്തെ കണ്ട് പ്രശ്നങ്ങൾ ‘കോംപ്ലിമെന്റ്സാക്കി’ (നാർകോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാപിതാവിന്‍റെ മുറിവുണക്കാൻ പോയതും ഈ വാസവൻ മന്ത്രിതന്നെയായിരുന്നു).

‘നമുക്ക് ജാതിയില്ല’ എന്ന ഗുരുവിന്റെ വിളംബരത്തിന്റെ വാർഷികം ആഘോഷിച്ച സർക്കാറിന്റെ തുടർച്ചയാണ് ഈ സർക്കാർ. അതുകൊണ്ട് കേരളത്തിലോ... ജാതിയോ, അതെല്ലാം മറന്നേക്കൂ.., നവോത്ഥാനമല്ലേ ഇവിടെ അരങ്ങുതകർക്കുന്നത്. ഇവിടെയെല്ലാം വിളംബരമല്ലേ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RenaissanceKerala Renaissance
News Summary - The 'Golden Glow' of Kerala Renaissance
Next Story