എണ്ണയിലാണ് കണ്ണ്
text_fieldsഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് പ്രവേശനം തന്നെ മെർക്കന്റിലിസ്റ്റ് ചിന്തകളോടുള്ള ആഭിമുഖ്യം വ്യക്തമാക്കിക്കൊണ്ടായിരുന്നുവെന്ന് ഈ ലേഖകൻ മുൻപ് എഴുതിയ കുറിപ്പുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിർണായക പ്രകൃതിവിഭവങ്ങളുള്ള രാജ്യങ്ങളെ കീഴടക്കുകയും വരുതിയിലാക്കുകയും ചെയ്യുന്നത്, സാമ്പത്തികമായി അധികാരമുറപ്പിക്കുന്നതിനും മേൽക്കോയ്മ നേടുന്നതിനും വ്യാപാരം പോലെതന്നെ പ്രധാനപ്പെട്ട മാർഗങ്ങളായാണ് മെർക്കന്റിലിസ്റ്റുകൾ കണ്ടത്. മെർക്കന്റിലിസ്റ്റ് ചിന്തകൾ കോളനിവൽക്കരണത്തിന്റെ സാധൂകരണത്തിനായുള്ള തത്വശാസ്ത്രമായി ഉപയോഗിക്കപ്പെട്ടതും ഇക്കാരണം കൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് ട്രംപിന്റെ വ്യാപാര നയങ്ങളും അദ്ദേഹം പ്രകടിപ്പിക്കുന്ന യുദ്ധത്വരയും മറ്റു രാജ്യങ്ങളെ വരുതിയിലാക്കാനുള്ള ശ്രമങ്ങളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാകുന്നത്.
ജൈവ ഇന്ധനങ്ങൾ പ്രധാന ഊർജസ്രോതസ്സുകളായി മാറുകയും പുനരുൽപ്പാദനം അസാധ്യമായ അവയുടെ ലഭ്യത പരിമിതമാകുകയും ചെയ്തതോടെ ലോക സമ്പദ്ഘടനയിൽ അവയ്ക്കുള്ള സ്ഥാനം പതിന്മങ്ങ് വർധിച്ചു. എണ്ണയുടെ സ്രോതസ്സുകൾ കൈക്കലാക്കുകയോ അല്ലെങ്കിൽ തങ്ങളുടെ വരുതിയിലാക്കുകയോ ചെയ്യുക എന്നത് സമ്പന്ന-വ്യാവസായിക രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായി മാറുന്നു. വെനിസ്വേലയിൽ നടത്തിയ അട്ടിമറിക്ക് കാരണമായി പറഞ്ഞ ‘മയക്കുമരുന്ന് കച്ചവട’വും, ഇറാനെ ആക്രമിക്കുന്നതിന് കാരണമായി പറയുന്ന അണുബോംബ് നിർമാണ ശേഷിയും യുറേനിയം സമ്പുഷ്ടീകരണവുമൊക്കെ എണ്ണക്കൊള്ളക്ക് മുന്നോടിയായി ലോകത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രമാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ഉപയോഗിക്കുന്ന രാഷ്ട്രമാണ് അമേരിക്ക. പ്രതിദിനം 19 മുതൽ 20 ദശലക്ഷം ബാരൽ വരെ വരുന്ന ഇവരുടെ ഉപഭോഗം ആഗോള ഉപഭോഗത്തിന്റെ 18 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ്. എന്നാൽ അവരുടെ ഒരു ദിവസത്തെ ഉൽപ്പാദനം 13 ദശലക്ഷം ബാരൽ മാത്രമാണ്. അതായത്, പ്രതിദിനം ആറ് മുതൽ ഏഴ് ദശലക്ഷം ബാരൽ വരെ അമേരിക്ക ഇറക്കുമതി ചെയ്യുന്നു. 2011-ലെ കണക്കനുസരിച്ച് അമേരിക്കയുടെ വ്യാപാരക്കമ്മിയുടെ 45 ശതമാനവും പെട്രോളിയം ഇറക്കുമതിയുമായി ബന്ധപ്പെട്ടതായിരുന്നു.
എന്നാൽ ഇതിലും പ്രധാനപ്പെട്ടത് അമേരിക്കയുടെ പെട്രോളിയം നിക്ഷേപത്തിന്റെ കണക്കാണ്. യു.എസ്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ 2022-ലെ കണക്കനുസരിച്ച് 46,400 ദശലക്ഷം (46.4 ബില്യൺ) ബാരലാണ് അമേരിക്കയുടെ ആകെ പെട്രോളിയം നിക്ഷേപം. ഈ ലേഖകന്റെ കണക്കുകൂട്ടൽ പ്രകാരം അമേരിക്കയുടെ പെട്രോളിയം നിക്ഷേപവും ഉൽപ്പാദനവുമായുള്ള അനുപാതം (Reserve-to-Production Ratio) 2024-ൽ കേവലം 7.78 മാത്രമാണ്. അതായത്, അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി സ്ട്രാറ്റജിക് പെട്രോളിയം റിസർവ് എന്ന പേരിൽ ലൂസിയാനയിലും ടെക്സസിലുമായി സൂക്ഷിച്ചിട്ടുള്ള 714 ദശലക്ഷം ബാരലും, അമേരിക്കൻ ഭൂഗർഭ സർവ്വേ ‘കണ്ടുപിടിക്കപ്പെടാത്തതും എന്നാൽ സാങ്കേതികമായി കണ്ടെത്താവുന്നതുമായ’ഗണത്തിൽപ്പെടുത്തിയിട്ടുള്ള 1,98,000 ദശലക്ഷം ബാരലും മാറ്റിനിർത്തിയാൽ, ഇപ്പോഴുള്ള പെട്രോളിയം നിക്ഷേപം ഇന്നത്തെ നിലയിൽ കഷ്ടിച്ച് 7.8 വർഷത്തെ ഉൽപ്പാദനത്തിന് മാത്രമേ തികയൂ.
രണ്ട് മാർഗങ്ങളാണ് അമേരിക്കയുടെ മുൻപിലുള്ളത്. ഒന്നുകിൽ ആഭ്യന്തര ഉൽപ്പാദനം കുറച്ചുകൊണ്ട് ആവശ്യമായതിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുക-എന്നാൽ വർധിച്ചുവരുന്ന വ്യാപാരക്കമ്മി ട്രംപിന്റെ പ്രഖ്യാപിത നയത്തിന് എതിരായതിനാൽ ഈ സാധ്യത കുറവാണ്. രണ്ടാമത്തേതാകട്ടെ, പെട്രോളിയം നിക്ഷേപമുള്ള രാജ്യങ്ങളെ ഏതെങ്കിലും തരത്തിൽ കീഴടക്കി ആധിപത്യം സ്ഥാപിക്കുക . ഇവിടെയാണ് അമേരിക്കയുടെ പുതിയ ആക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും ചുരുളഴിയുന്നത്.
കഷ്ടിച്ചൊരു മാസം മുൻപാണ് അമേരിക്കൻ പട്ടാളം വെനിസ്വേലയിൽ കടന്ന്, ഒരു ചെറുത്തുനിൽപ്പിന് പോലും ഇടം നൽകാതെ അവിടുത്തെ പ്രസിഡന്റായിരുന്ന മഡൂറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്.
ലോകത്തിൽ ഏറ്റവും വലിയ പെട്രോൾ നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല. 3,03,008 ദശലക്ഷം ബാരലാണ് ആ രാജ്യത്തിന്റെ നിക്ഷേപം. ഇത് ലോകത്തിലെ ആകെ നിക്ഷേപത്തിന്റെ 17.17% വരും. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും (15.14%), മൂന്നാം സ്ഥാനത്ത് ഇറാനുമാണ് (11.82%).
വെനിസ്വേലയെയും ഇറാനെയും വരുതിയിലാക്കുമ്പോൾ ലോകത്തിലെ മൊത്തം എണ്ണ നിക്ഷേപത്തിന്റെ 28.99 ശതമാനവും അമേരിക്കയുടെ നിയന്ത്രണത്തിലാകുന്നു. തങ്ങളുടെ സ്വന്തം എണ്ണക്കിണറുകൾ വറ്റിയാലും ഈ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പാദനം അമേരിക്കയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം, എണ്ണക്കമ്പോളത്തിലെ മേൽക്കൈ വഴി ലോക സാമ്പത്തിക ക്രമത്തെ കൂടുതൽ ശക്തമായി നിയന്ത്രിക്കാൻ അവരെ സഹായിക്കുകയും ചെയ്യും.
കാനഡ തങ്ങളുടെ ഭാഗമാകണമെന്ന ട്രംപിന്റെ ആവശ്യത്തിന് പിന്നിലെ ലക്ഷ്യവും ആ രാജ്യത്തിന്റെ എണ്ണ ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളാണ്.
ആഗോള എണ്ണ നിക്ഷേപത്തിൽ നാലാം സ്ഥാനത്തുള്ള (9.24%) കാനഡയുടെ ആകെ നിക്ഷേപം 1,63,108 ദശലക്ഷം ബാരലാണ്. കാലക്രമത്തിൽ അമേരിക്കൻ ടാങ്കുകൾ കാനഡയിലേക്കും, ധാതുസമ്പത്തിന്റെ അക്ഷയഖനിയായ ഗ്രീൻലാൻഡിലേക്കും നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
yemkabir@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

