Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൗതുകക്കാരന്റെ...

കൗതുകക്കാരന്റെ സ്വാതന്ത്ര്യദിനം

text_fields
bookmark_border
കൗതുകക്കാരന്റെ സ്വാതന്ത്ര്യദിനം
cancel

ഇന്ന് ജൂൺ 19; വായനദിനം. പ്രമുഖ ഗാന്ധിയനും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് നാം വായനദിനമായി ആചരിക്കുന്നത്. 1909 മാർച്ച് ഒന്നിന് ആലപ്പുഴ ജില്ലaയിലെ നീലംപേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം, 1926ലാണ് ആദ്യമായി ‘സനാതനധർമം’ എന്ന പേരിൽ ഒരു വായനശാല ആരംഭിക്കുന്നത്.

1938ൽ സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ പേരിൽ സ്ഥാപിതമായ ഗ്രന്ഥശാലയുടെ സ്ഥാപക സെക്രട്ടറിയായും ‘ഗ്രന്ഥാലോകം’, ‘നാട്ടുവെളിച്ചം’ എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന് സർഗപ്രവർത്തനം എന്നത് എപ്പോഴും ഒരു ‘നവീകരണ പ്രവർത്തനമായിരുന്നു’-തന്നെയും സമൂഹത്തെയും നിരന്തരം വിമലീകരിക്കുന്ന ഒന്ന്. അടങ്ങാത്ത കൗതുകവും സ്ഥിരോത്സാഹവും അദ്ദേഹത്തെ ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് നടത്തിച്ചു; തന്റെ ഗ്രന്ഥശാലയിലേക്ക് പത്രം എത്തിക്കാനായിരുന്നു ആ യാത്ര.

വായനക്കാരനല്ല, കൗതുകക്കാരൻ...!

ഏതൊരു കണ്ടെത്തലിനുപിന്നിലും ഒരു ‘ക’ ഉണ്ടായിരുന്നിരിക്കണം; അത് ‘കൗതുകം’ ആയിരുന്നിരിക്കണം. കൗതുകമില്ലാതെ വായിക്കുക എന്നത് ക്ഷിപ്രസാധ്യവുമല്ല. കൗതുകം (Thirst for wisdom) തെളിച്ച വഴിയേ നടന്ന്, ആരുമെത്താത്തിടത്താണ് കാളിദാസൻ എത്തിച്ചേരുന്നത്. അനട്ടോലിയയാണ് ജിജ്ഞാസയുടെ ജന്മദേശം. പ്ലാറ്റോയും സോക്രട്ടീസുമെല്ലാം അവിടത്തെ കൗതുകവാഹകരായിരുന്നു. ഇരുട്ടെങ്ങനെയുണ്ടായി എന്ന് ചോദിച്ചാൽ, വെളിച്ചമുണ്ടായതിന്റെ കഥ പറയാനുണ്ടാകും അവർക്ക്. ‘‘എന്താണ് നിങ്ങളുടെ അവസാനത്തെ ആഗ്രഹം?’’ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ, ‘‘എനിക്ക് വേറൊരു ഡോക്ടറെ കാണണം!’’ എന്ന് രോഗിയുടെ മറുപടി. ഇതിനു പിന്നിലുള്ള മരണബോധവും അറിയാനുള്ള ആഗ്രഹവുമാണ് ഒരു വായനക്കാരനെ രൂപപ്പെടുത്തുന്നത്. പി.എൻ. പണിക്കരുടെ പ്രവർത്തനഘടനയിലും ഉണ്ടായിരുന്നത് ഇതുതന്നെയാകാം. അതുകൊണ്ട് വായനക്കാരൻ എന്നതിനേക്കാൾ ‘കൗതുകക്കാരൻ’ എന്ന പദമാണ് അദ്ദേഹത്തിന് കൂടുതൽ യോജിക്കുന്നത്.

സർഗപ്രവർത്തനവും നവലിബറലിസവും

ഇന്ത്യയിൽ ഏറ്റവുമധികം വായനശാലകളുള്ള കേരളത്തിൽ, റെക്കോഡ് വേഗത്തിൽ പുസ്തകങ്ങൾ വിറ്റഴിക്കപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ, അവയൊന്നും വേണ്ടത്ര വായിക്കപ്പെടുന്നില്ല എന്നൊരു മറുപുറം കൂടി ഇതിനുണ്ട്. ഇവിടെയാണ് നവലിബറലിസവും സർഗപ്രവർത്തനവും തമ്മിൽ ബന്ധപ്പെടുന്നത്. വിറ്റഴിക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ മാർക്കറ്റ് നിശ്ചയിക്കുന്നതുവഴി, വിപണിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാത്ത പുസ്തകങ്ങൾ ‘പൊതു’വായ ലോകത്തുനിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്തിന്റെ നവലിബറൽ നയങ്ങൾ വെല്ലുവിളികൾ ഉയർത്തുമ്പോഴും, വായിക്കേണ്ടതും പൊളിച്ചെഴുതേണ്ടതും എഴുത്തുകാരന്റെ ചുമതലയാണ്. ‘‘നീ ഉറങ്ങിക്കോളൂ, ഞാൻ ഉണർന്നിരിക്കാം’’ എന്ന് ഒ.എൻ.വി എഴുതുന്നുണ്ട്. ലോകം മുഴുവൻ ഉറങ്ങുമ്പോൾ സാംസ്കാരിക പ്രവർത്തകർ ഉണർന്നിരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും സാരം.

വായനദിനമല്ല, സ്വാതന്ത്ര്യദിനം!

ലോകം പുസ്തകം വായിക്കാൻ തുടങ്ങിയതിനു ശേഷമാണ് ‘എന്റെ ലോകം’ (Individuality) ഉണ്ടായതെന്ന് കൽപറ്റ അഭിപ്രായപ്പെടുന്നുണ്ട്. പുസ്തകം നമ്മെ തനിച്ചാവശ്യപ്പെടുന്നു; മുഴുവനായി ആവശ്യപ്പെടുന്നു. നമുക്ക് പരിചയമില്ലാത്തതെല്ലാം അത് പരിചയപ്പെടുത്തുകയും, അപരോന്മുഖതയും മൈത്രിയും വളർത്തുകയും ചെയ്യുന്നു. നിങ്ങൾ ജയിലിലാണെങ്കിൽപ്പോലും കൈയിലൊരു പുസ്തകമുണ്ടെങ്കിൽ അത് ജയിലല്ല. ഗാന്ധിജി എഴുതി: ‘‘തടങ്കലിലാണെന്ന ദുഃഖം ഒരു നിമിഷം പോലും എന്നെ അലട്ടിയില്ല. എനിക്ക് ചുറ്റും മതിലുകൾ തീർത്ത് വ്യഥാ കല്ലും കുമ്മായവും പാഴാക്കിക്കളഞ്ഞല്ലോ എന്ന് എനിക്കുതോന്നി.’’ അതുകൊണ്ടുതന്നെ, ഏത് ചങ്ങലകളെയും ഭേദിക്കുന്ന മറ്റൊരു ‘സ്വാതന്ത്ര്യദിനം’ കൂടിയാണ് വായനദിനം. കൗതുകക്കാർ ആകട്ടെ, അതിലെ സമരസേനാനികളും.

manavendranka@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksarticlereading daypn panicker
News Summary - The Curious Person's Independence Day
Next Story