Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസമുദായം...

സമുദായം കാത്തിരിക്കുന്നു സുന്നി ഐക്യത്തിന്​

text_fields
bookmark_border
സമുദായം കാത്തിരിക്കുന്നു സുന്നി ഐക്യത്തിന്​
cancel
camera_alt

പ്രതീകാത്മക ചിത്രം

പരസ്പരം ആദരിച്ചും അംഗീകരിച്ചും ആത്മാഭിമാനവും അന്തസ്സും മാനിച്ച് കൊണ്ടുള്ള ഒരു കണ്ണി ചേരൽ, പഴയതൊക്കെ മറവിക്ക് വിട്ടുള്ള സുതാര്യമായ ഊട്ടിയുറപ്പിക്കൽ- അതാണിനി വേണ്ടത്

ഏതാനും നാളുകളായി കേരളീയ മുസ്‍ലിം സമൂഹം നിറഞ്ഞ ആഹ്ലാദത്തിലായിരുന്നു. സുന്നി ഏകീകരണമെന്ന അവരുടെ സ്വപ്നം അന്തരീക്ഷത്തിൽ നിറംചാർത്തി നിൽക്കുന്നതായിരുന്നു നിമിത്തം. നമ്മുടെ പൊതുമണ്ഡലത്തിലെ രണ്ട് പ്രബല മുസ്‍ലിം ധാരകളായ സമസ്ത കേരള ജംഇയ്യതുൽ ഉലമകൾ നാല് പതിറ്റാണ്ടിനപ്പുറം പരസ്പരം പഴിചാരി ഭിന്നിച്ചുപോയതിന്റെ സങ്കടമനുഭവിക്കുന്ന ഓരോ സമുദായ സ്നേഹികൾക്കും ആശ്വാസം പകരുന്നതായിരുന്നു ഐക്യാഹ്വാനത്തിന്റെ പുതു വർത്തമാനങ്ങൾ. കലഹിച്ചു പിരിയാനുള്ള കാരണങ്ങളെപ്പറ്റിയോ അതിന്റെ കർമശാസ്ത്ര വിശദാംശങ്ങളോ ചർച്ചചെയ്യുന്നതിൽ ഇന്നിനി ഒരർഥവുമില്ല. ഈ സമുദായത്തെത്തന്നെ ഉന്മൂലനം ചെയ്യാൻ ഫാഷിസം തന്ത്രം മെനയുന്ന ഈയൊരു സന്ദിഗ്ധകാലത്ത് ഭിന്നിക്കാനുള്ള കാരണങ്ങൾ ചികയുന്നതല്ല യുക്തി.

പോയവാരം കാസർകോട് കുണിയയിൽ നടന്ന സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ മുഴങ്ങിയത് ഐക്യത്തിന്റെ സന്ദേശമായിരുന്നു. ഇരു സംഘടനകളുടെയും മുശാവറ പ്രതിനിധികൾ ഒത്തിരുത്തത്തിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് നേരത്തേതന്നെ പലതവണ സംസാരിക്കുകയും വിശദാംശങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമകരമായ യത്നത്തിൽ മുഴുകുകയും ചെയ്തിട്ടുണ്ടെന്നും, നാം അറിയുന്നു. അതിനാൽതന്നെ, അതിന്റെ കർമ വഴികളിൽ വിഘ്നം വരുന്ന സമീപനങ്ങൾ ഒരു ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാവരുതെന്നതും ഈ സമ്മേളനത്തിൽ നാം കേട്ട സന്തോഷംതന്നെയാണ്. മറുവിഭാഗത്തിലെ മുൻനിര നായകർ ഈ ആഹ്വാനത്തെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്തുവെന്നതും ആഹ്ലാദകരം.

സമസ്ത സുന്നീ ഭാഗങ്ങളുടെ പുനരേകീകരണത്തിലൂടെയും അതിലൂടെ നിലവിൽവരുന്ന ഖാദി സംവിധാനത്തിന്റെ ബലത്തിലും ഓരോരോ മഹല്ലുകളും കാലമാവശ്യപ്പെടുന്ന നവോത്ഥാന നവീകരണ പ്രക്രിയകളുടെ വിളനിലമായി മാറിക്കാണാൻ ആഗ്രഹിക്കാത്ത സമുദായ സ്നേഹികൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇരുവിഭാഗങ്ങൾക്കും നേതൃത്വം നൽകുന്ന ലോകം ആദരിക്കുന്ന പണ്ഡിതവര്യരുടെ പക്വവും ഏറെ സ്വാഗതാർഹവുമായ തിളക്കമുറ്റ വാക്കുകൾ മുന്നിൽനിൽക്കെ മാധ്യമങ്ങൾ കുഴിച്ച കുഴിയിൽ വീണും സമൂഹ മാധ്യമ ലൈക്കുകളിൽ അഭിരമിച്ചും ഐക്യനീക്കത്തിന് വിഘാതം വരുത്തുംവിധത്തിൽ ഇക്കൂട്ടത്തിൽനിന്ന് ആരെങ്കിലും ഇറങ്ങിക്കളിക്കുന്നുവെങ്കിൽ അവരെ നയിക്കുന്നത് സമുദായ താൽപര്യമല്ല എന്നത് തീർച്ച.

80കളുടെ മധ്യത്തിൽ ഇരു സുന്നി വിഭാഗങ്ങളെയും ഒന്നിച്ചിരുത്താനും, പരസ്പരം ഐക്യപ്പെടലിന്റെ വഴിയിൽ ചർച്ചകൾ നടക്കാനും, മുൻ മന്ത്രി പി.എം. അബൂബക്കർ സാഹിബ് നടത്തിയ വിലപ്പെട്ട ശ്രമങ്ങളെ അടുത്തുനിന്ന് നോക്കിക്കണ്ട ഒരാളാണ് ഈ കുറിപ്പുകാരൻ. അന്നും ഏതാണ്ട് സാധ്യമായെന്നു വന്ന ഘട്ടത്തിൽ ഐക്യത്തിന് ഭംഗം വരുത്തിയത് ചില അപക്വ പരാമർശങ്ങളാണ്. ഒന്നിച്ചിരുന്ന് സംസാരിക്കുന്നവർ വർത്തമാന വിഹ്വലതകൾ തിരിച്ചറിഞ്ഞ് പരസ്പരം ആദരിച്ചും അംഗീകരിച്ചും ആത്മാഭിമാനവും, അന്തസ്സും മാനിച്ചുകൊണ്ടുള്ള ഒരു കണ്ണി ചേരൽ, പഴയതൊക്കെ മറവിക്ക് വിട്ടുള്ള സുതാര്യമായ ഊട്ടിയുറപ്പിക്കൽ- അതാണിനി വേണ്ടത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംയോജനത്തിന്റെ ഹൃദയഹാരിയായ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ ഈ സമുദായം പ്രാർഥനാപൂർവം കാത്തിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samasthamuslim communitySunni UnityAP Aboobacker Musliyar
News Summary - The community is waiting for Sunni unity
Next Story