ആയുധക്കമ്പനികൾ കൊഴുക്കുമ്പോൾ
text_fieldsയുദ്ധഭൂമിയിൽ ഒരു മിസൈൽ പൊട്ടിത്തെറിക്കുമ്പോൾ ആയുധക്കമ്പനികളുടെ ഓഹരിവില ഉയരുന്നു. അവർക്ക് പുതിയ കരാറുകൾ ലഭിക്കുന്നു. ആയുധനിർമാണശാലകൾ കൂടുതൽ സജീവമാകുന്നു. അതുകൊണ്ടുതന്നെ യുദ്ധം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു ബിസിനസാണെന്നും അത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നുവെന്നും പലരും പറയാറുണ്ട്. എന്നാൽ യുദ്ധത്തിന്റെ കണക്കുപുസ്തകം ആയുധക്കമ്പനികളുടെ ബാലൻസ് ഷീറ്റിൽ മാത്രം ഒതുങ്ങുന്നില്ല. സർക്കാരിന്റെ ഖജനാവ്, പൊതുകടം, നാണയപ്പെരുപ്പം, കുടുംബബജറ്റ്, സൈനികസന്നദ്ധത എന്നിവ കൂടി പരിശോധിക്കുമ്പോൾ മറ്റൊരു ചിത്രമാണ് തെളിയുന്നത്. ആയുധക്കമ്പനികൾക്ക് യുദ്ധം ലാഭമാകാം; എന്നാൽ യുദ്ധത്തിനിറങ്ങുന്ന രാജ്യത്തിന് അത് ദീർഘകാല നഷ്ടമായി മാറും.
ജോൺ എഫ്. കെന്നഡിയുടെ വധത്തിന്റെ പശ്ചാത്തലത്തിൽ 1991-ൽ പുറത്തിറങ്ങിയ ഒലിവർ സ്റ്റോണിന്റെ വിഖ്യാത ഹോളിവുഡ് ചിത്രമായ JFKയിലെ ശ്രദ്ധേയമായ രംഗങ്ങൾ ഇവിടെ ഓർമവരുന്നു. ചിത്രത്തിലെ മിസ്റ്റർ എക്സ് എന്ന കഥാപാത്രം, വിയറ്റ്നാം യുദ്ധത്തോടെ അമേരിക്കയുടെ പ്രതിരോധബജറ്റ് കുതിച്ചുയർന്നതും ഹെലികോപ്റ്റർ–യുദ്ധവിമാന കമ്പനികൾ വലിയ നേട്ടമുണ്ടാക്കിയതും ജിം ഗാരിസനോട് വിശദീകരിക്കുന്നുണ്ട്. പിന്നീട് കോടതിയിലെ അവസാനവാദത്തിൽ ജില്ലാ അറ്റോർണി ജിം ഗാരിസൺ പറയുന്നു: “War is the biggest business in America, worth $80 billion a year.” ( “പ്രതിവർഷം 80 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കയിലെ ഏറ്റവും വലിയ വ്യവസായമാണ് യുദ്ധം.” )കെന്നഡിയുടെ വധത്തിനു പിന്നിൽ പെന്റഗൺ, സി.ഐ.എ., സൈനിക–വ്യവസായ താത്പര്യങ്ങൾ ഉൾപ്പെട്ട ഗൂഢാലോചനയുണ്ടായിരുന്നുവെന്ന സിനിമയുടെ കേന്ദ്രവാദത്തോടു ചേർന്നാണ് ഈ വാക്കുകൾ വരുന്നത്.
യുദ്ധവും ആയുധവ്യവസായവും തമ്മിലുള്ള സാമ്പത്തികബന്ധത്തെക്കുറിച്ച് JFK സിനിമ ഉയർത്തിയ ചോദ്യം മൂന്നര പതിറ്റാണ്ടുകൾക്കുശേഷവും പ്രസക്തമാണ്.ഇറാനെതിരായ അമേരിക്കൻ സൈനികനടപടികളുടെ ചെലവിനെക്കുറിച്ച് സെപ്റ്റംബർ 15-ന് യു.എസ്. കോൺഗ്രഷണൽ ബജറ്റ് ഓഫീസ് പുറത്തുവിട്ട വിലയിരുത്തൽ ഈ വൈരുധ്യം വീണ്ടും തുറന്നുകാട്ടുന്നു. 2026 ഫെബ്രുവരി 28-ന് ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ആഗസ്റ്റ് ഒന്നുവരെയുള്ള കാലയളവിൽ അമേരിക്കൻ പ്രതിരോധവകുപ്പിന് ഏകദേശം 38 ബില്യൺ ഡോളർ ചെലവുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. സംഘർഷം കുറഞ്ഞ തീവ്രതയിൽ തുടർന്നാലും ഓരോ മാസവും രണ്ടുമുതൽ മൂന്ന് ബില്യൺ ഡോളർവരെ അധിക ചെലവുണ്ടാകും. യുദ്ധം രൂക്ഷമായാൽ അത് ഇനിയും ഉയരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പശ്ചിമേഷ്യയിൽ തകർന്ന അമേരിക്കൻ സൈനികകേന്ദ്രങ്ങളുടെ പുനർനിർമാണച്ചെലവ് ഇതിന് പുറമെയാണ്.
38 ബില്യൺ ഡോളറിൽ ഏറ്റവും വലിയ വിഹിതം യുദ്ധത്തിൽ ഉപയോഗിച്ചുതീർന്ന ആയുധങ്ങളുടേതാണ്. മിസൈലുകളും മിസൈൽ പ്രതിരോധസംവിധാനങ്ങളും പുനഃസ്ഥാപിക്കാൻ മാത്രം 21.7 ബില്യൺ ഡോളർ വേണ്ടിവരുമെന്നാണ് കണക്ക്. അധിക വിമാനപ്പറക്കലുകൾക്ക് 10.4 ബില്യണും യുദ്ധത്തിൽ നഷ്ടപ്പെട്ട ഉപകരണങ്ങൾ മാറ്റിവയ്ക്കാൻ 1.9 ബില്യണും ഉയർന്ന ഇന്ധനച്ചെലവിനായി 2.7 ബില്യണും വേണ്ടിവരും. മനുഷ്യജീവന്റെ വില, പരിക്കേറ്റ സൈനികരുടെ ദീർഘകാല ചികിത്സ, ഭാവിയിൽ വിമുക്തഭടന്മാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നില്ല. .
ഇവിടെയാണ് യുദ്ധസമ്പദ്‌വ്യവസ്ഥയുടെ ക്രൂരമായ വൈരുധ്യം വെളിപ്പെടുന്നത്. സർക്കാർ ആയുധക്കമ്പനികളിൽനിന്ന് മിസൈലുകളും യുദ്ധവിമാനങ്ങളും പ്രതിരോധസംവിധാനങ്ങളും വാങ്ങുമ്പോൾ പൊതുപണം ആ കമ്പനികളിലേക്ക് ഒഴുകുന്നു. കമ്പനികളുടെ ലാഭവും ഓഹരിയുടമകളുടെ നേട്ടവും വർധിക്കുന്നു. അങ്ങനെ ഓരോ യുദ്ധവും ആയുധക്കമ്പനികൾക്ക് പുതിയ വിപണി തുറക്കുന്നു. ഇന്ന് പ്രയോഗിക്കുന്ന ഓരോ മിസൈലും നാളത്തെ മറ്റൊരു സർക്കാർ ഓർഡറായി മാറുന്നു. എന്നാൽ അതിന്റെ സാമ്പത്തികഭാരം വഹിക്കേണ്ടിവരുന്നത് നികുതിദായകരും വരുംതലമുറകളുമാണ്.
ആലോചിച്ചു നോക്കൂ, മറ്റെന്തിനെല്ലാം ചെലവാക്കാമായിരുന്ന പണമാണ് യുദ്ധത്തിലേക്ക് തിരിച്ചുവിടുന്നത്. ആശുപത്രികൾ, വിദ്യാഭ്യാസം, പാലങ്ങൾ, റോഡുകൾ, കാലാവസ്ഥാമാറ്റ പ്രതിരോധം, സാമൂഹികസുരക്ഷ എന്നിവയ്ക്കായി വിനിയോഗിക്കാവുന്ന പൊതുവിഭവമാണ് മണിക്കൂറുകൾക്കുള്ളിൽ പൊട്ടിത്തെറിക്കുന്ന മിസൈലുകളായി മാറുന്നത്. മിസൈൽ നിർമാണവും സ്കൂൾ നിർമാണവും ദേശീയവരുമാനത്തിൽ സാമ്പത്തികപ്രവർത്തനമായി രേഖപ്പെടുത്താം. എന്നാൽ സമൂഹത്തിന് അവ നൽകുന്ന മൂല്യം ഒരുപോലെയല്ല.
ധനനഷ്ടത്തേക്കാൾ ഗുരുതരമാണ് അമേരിക്കയുടെ ആയുധശേഖരത്തിലുണ്ടായ കുറവ്. 2025 ജൂൺ മുതൽ മിസൈൽ ആക്രമണങ്ങളെ തടയാൻ ചില വിഭാഗങ്ങളിലെ പ്രതിരോധമിസൈലുകളുടെ പകുതിമുതൽ മൂന്നിൽ രണ്ടുഭാഗംവരെ അമേരിക്ക ഉപയോഗിച്ചിരിക്കാമെന്നാണ് സി.ബി.ഒയുടെ കണക്ക്. ഉത്പാദനം കൂട്ടിയാലും ഈ ശേഖരം പഴയ നിലയിലെത്തിക്കാൻ കുറഞ്ഞത് അഞ്ചുവർഷമെങ്കിലും വേണ്ടിവരും. ഇത്തരം ഒരു മിസൈലിന്റെ വില നാലുമുതൽ 28 മില്യൺ ഡോളർവരെയാണ്. പണം അനുവദിച്ചാലും ഇവ ഉടൻ നിർമിക്കാനാവില്ല. ആവശ്യമായ അസംസ്കൃതവസ്തുക്കൾ, വിദഗ്ധ തൊഴിലാളികൾ, നിർമാണസൗകര്യങ്ങൾ എന്നിവ ലഭ്യമാകാനും ഏറെ സമയമെടുക്കും. യുദ്ധച്ചെലവ് പെന്റഗണിന്റെ അക്കൗണ്ടിൽ മാത്രം ഒതുങ്ങുന്നില്ല. ഹുർമുസ് പ്രതിസന്ധി കാരണം എണ്ണവിലയും ചരക്കുഗതാഗതച്ചെലവും വർധിച്ചു. അതിന്റെ ആഘാതം എല്ലാ ഉത്പന്നങ്ങളുടെയും വിലയിൽ പ്രതിഫലിക്കുന്നുണ്ട്. ഭക്ഷണവും വസ്ത്രവും മുതൽ നിർമാണസാമഗ്രികളും സേവനങ്ങളുംവരെ എല്ലാറ്റിന്റെയും വില ഉയരുകയാണ്.
നാണയപ്പെരുപ്പം ഉയരുമ്പോൾ പലിശനിരക്കും ഉയരും. അതോടെ വീടുവായ്പ, വാഹനവായ്പ, ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ എന്നിവ ചെലവേറിയതാകും. സർക്കാരിന്റെ കടമെടുപ്പിനുള്ള പലിശഭാരവും വർധിക്കും. യുദ്ധത്തിനായി സർക്കാർ ചെലവഴിക്കുന്ന ഒരു ഡോളറിന്റെ ബാധ്യത അവിടെ അവസാനിക്കുന്നില്ലെന്നർഥം. കടത്തിന്റെ പലിശയായും വിലക്കയറ്റമായും കുറഞ്ഞ വാങ്ങൽശേഷിയായും അത് ജനങ്ങളിലേക്കുതന്നെ തിരിച്ചുവരുന്നു. യുദ്ധത്തിന്റെ സാമ്പത്തികഭാരം തുല്യമായി പങ്കിടപ്പെടുന്നുമില്ല. ആയുധകരാറുകളിൽനിന്നുള്ള ലാഭം ഏതാനും കമ്പനികളിലേക്കും ഓഹരിയുടമകളിലേക്കും കേന്ദ്രീകരിക്കുമ്പോൾ ഇന്ധനവിലയും ഭക്ഷ്യവിലയും സാധാരണ കുടുംബങ്ങളെ ഒന്നാകെ ബാധിക്കുന്നു.
ഒരു മഹാശക്തിയുടെ യഥാർത്ഥ ബലം മിസൈലുകളുടെ എണ്ണത്തിലല്ല, യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്രശേഷിയിലാണ്. ആയുധനിർമാണശാലകൾ കൂടുതൽ സജീവമാകുന്നതിനെ രാജ്യത്തിന്റെ വളർച്ചയായി കാണരുത്. യുദ്ധം ആയുധക്കമ്പനികൾക്ക് വലിയ ലാഭം നൽകുമ്പോൾ രാജ്യത്തിന്റെ ഖജനാവ് ചോരുകയും ആയുധശേഖരം കുറയുകയും ജനങ്ങളുടെ ജീവിതച്ചെലവ് ഉയരുകയും ചെയ്യുന്നു. യുദ്ധഭൂമിയിൽ ആര് ജയിച്ചാലും ആയുധനിർമാതാക്കൾ നേരത്തേതന്നെ ലാഭം നേടിയിട്ടുണ്ടാകും. എന്നാൽ അതിന്റെ കടവും വിലക്കയറ്റവും സുരക്ഷാഭീഷണിയും ചുമക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണ്. യുദ്ധം വിജയികളെ സൃഷ്ടിക്കുന്നില്ല; ലാഭം കൊയ്യുന്നവരെയും അതിന്റെ വില നൽകേണ്ടിവരുന്നവരെയും മാത്രമാണ് സൃഷ്ടിക്കുന്നത്. ഈ യാഥാർഥ്യം തിരിച്ചറിയാത്ത രാജ്യങ്ങളെ തകർക്കുന്നത് ശത്രുവിന്റെ ആക്രമണമല്ല, അവർതന്നെ സൃഷ്ടിച്ച യുദ്ധങ്ങളുടെ തീരാത്ത ഭാരമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

