Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസോഷ്യൽ മീഡിയ...

സോഷ്യൽ മീഡിയ നിരോധനത്തിന്റെ ആസ്ട്രേലിയൻ മോഡൽ

text_fields
bookmark_border
സോഷ്യൽ മീഡിയ നിരോധനത്തിന്റെ ആസ്ട്രേലിയൻ മോഡൽ
cancel

ആസ്ട്രേലിയയിലെ സിഡ്നി ഹാർബർ ബ്രിഡ്ജിന്റെ തൂണിൽ എഴുതിവെച്ച വാചകം ഇപ്രകാരമാണ് LET THEM BE KIDS (കുട്ടികളെ കുട്ടികളായിരിക്കാൻ അനുവദിക്കുക). ഡിസംബർ 10 മുതൽ 16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന സർക്കാർ നിയമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ആസ്ട്രേലിയ മാറി. ഈ നിരോധനം വഴി എക്സ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള ഏകദേശം 20 വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽനിന്ന് കുട്ടികൾക്ക് തടസ്സം നേരിടുകയും ചെയ്യും.

2024 നവംബറിലാണ് ആസ്ട്രേലിയൻ സർക്കാർ ഓൺലൈൻ സേഫ്റ്റി അമെൻഡ്മെന്റ് അഥവാ സോഷ്യൽ മീഡിയ മിനിമം ഏജ് ബിൽ അവതരിപ്പിച്ചത്. കുട്ടികളുടെ മാനസികാരോഗ്യവും ക്ഷേമവും സംരക്ഷിക്കാൻ സോഷ്യൽ മീഡിയ നിരോധനം വഴി സാധിക്കുമെന്നാണ് സർക്കാർ വാദിക്കുന്നത്. നിലവിൽ കുട്ടികൾ ശക്തവും ഹാനികരവുമായ മാനസിക, സാമൂഹിക പ്രശ്നങ്ങൾ സോഷ്യൽ മീഡിയ വഴി അനുഭവിക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ സൈബർ ബുള്ളിയിങ്ങിന്റെയും വ്യക്തിത്വ ശോഷണത്തിന്റെയും അനുയോജ്യമായ വേദിയായാണ് സർക്കാർ സോഷ്യൽ മീഡിയയെ കാണുന്നത്. ഇ-സേഫ്റ്റി കമീഷണറുടെ ഡിജിറ്റൽ യൂസ് ആൻഡ് റിസ്ക് റിപ്പോർട്ട് പ്രകാരം 10, 15 വയസ്സുകൾക്കിടയിലുള്ള കുട്ടികളിൽ 96 ശതമാനം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായും, 70 ശതമാനം പേർ ഹാനികരമായ ഉള്ളടക്കത്തിനും, 57 ശതമാനം പേർ വിദ്വേഷത്തിനും, 52 ശതമാനം പേർ സൈബർ ബുള്ളിയിങ്ങിനും വിധേയരായിക്കൊണ്ടിരിക്കുന്നു എന്നാണ്. കൂടാതെ ലിംഗപരമായ അപഹാസത്തിനും മറ്റ് അപകീർത്തിക്കും ഇരകളാകുകയും ചെയ്യുന്നു. ആസ്ട്രേലിയൻ നാഷനൽ യൂനിവേഴ്സിറ്റിയുടെ 2024ലെ ലൈഫ് സ്റ്റാറ്റിസ്റ്റിക്സ് പഠനത്തിലും പറയുന്നത് 98 ശതമാനം കൗമാരക്കാരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുവെന്നും എന്നാൽ ടിക് ടോക്, റെഡിറ്റ്, ട്വിച്ച് മുതലായ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുക വഴി താഴ്ന്ന ജീവിത സംതൃപ്തിയാണ് അവർ അനുഭവിക്കുന്നത് എന്നുമാണ്.

സോഷ്യൽ മീഡിയ കുട്ടികളിൽ ഉണ്ടാക്കിയ ദോഷങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് സർക്കാർതലത്തിൽ നടത്തിയ അന്വേഷണങ്ങളുടെയും പാർലമെന്റ് ചർച്ചകളുടെയും തുടർച്ചയായാണ് സോഷ്യൽ മീഡിയ നിരോധനം ആദ്യമായി ആസ്ട്രേലിയയിൽ ഏർപ്പെടുത്തിയത്. അതിന് മാതാപിതാക്കളുടെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. രക്ഷിതാക്കളുടെ കൂട്ടായ്മകൾ മെറ്റ, ടിക്ടോക് എന്നിവർക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്നുള്ള കോടതി നടപടിക്രമത്തിൽ കമ്പനിയുടെ ആഭ്യന്തര സത്യങ്ങൾ പുറത്തുപറയേണ്ടതായി വന്നു. കോടതിയിൽ സമർപ്പിക്കപ്പെട്ട കമ്പനികളുടെ ആഭ്യന്തര രേഖകളിൽ മെറ്റ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത് Instagram is like a Drug (ഇൻസ്റ്റഗ്രാം മയക്കുമരുന്ന് പോലെയാണ്) എന്നാണ്. ടിക് ടോക്ക് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് Minors lack the mental capacity to regulate screen time (സ്ക്രീൻ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള മാനസിക കഴിവ് കുട്ടികൾക്ക് ഇല്ല) എന്നു മാണ്. ഇങ്ങനെയുള്ള ആഭ്യന്തര സത്യങ്ങളും കുട്ടികൾ അനുഭവിക്കുന്ന വ്യത്യസ്ത രീതിയിലുള്ള മാനസിക സംഘർഷങ്ങളുടെ വർധനയുമാണ് സർക്കാറിനെ സോഷ്യൽ മീഡിയ നിരോധന നിയമത്തിലേക്ക് നയിച്ചത്.

ആസ്ട്രേലിയൻ ഇന്റർനെറ്റ് റെഗുലേറ്ററായ ആസ്ട്രേലിയൻ കമ്യൂണിക്കേഷൻസ് ആൻഡ് മീഡിയ അതോറിറ്റി (ACMA) അറിയിക്കുന്നത്, 15 വയസ്സിന് താഴെയുള്ളവരിൽ ഏകദേശം 1,50,000 പേർ ഫേസ്ബുക്കും 3,50,000 പേർ ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നു എന്നാണ്. പ്രധാനമന്ത്രി ആന്റണി ആൽബനീസ് നിർദേശിക്കുന്നത് സ്നാപ് ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ്, റെഡിറ്റ്, ട്വിറ്റ്, കിക്ക് എന്നിവ ഉൾപ്പെടെയുള്ള മൾട്ടിപ്ൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ലൈവ് സ്ട്രീമിങ് വെബ്സൈറ്റുകൾക്കും പ്രായപരിധി നിയന്ത്രണങ്ങൾ ബാധകമാണ് എന്നാണ്. ഈ നിയമത്തിനെതിരെ ഗുരുതരമായ ആശങ്കകളാണ് കമ്പനികൾ ഉയർത്തുന്നത്. ഈ നിയമങ്ങൾ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുമോ എന്ന സംശയം നിലനിൽക്കുന്നുണ്ടെന്നും, കൗമാരക്കാരെ അവരുടെ സമൂഹങ്ങളിൽനിന്ന് ഒറ്റപ്പെടുത്തുകയും വിവരങ്ങളിലേക്കുള്ള അവരുടെ പ്രവേശനം തടയുമെന്നും മെറ്റ വാദിക്കുകയുണ്ടായി. ഒരു സമ്പൂർണ നിരോധനം പരിഹാരമല്ല എന്നും കമ്പനികൾ വ്യക്തമാക്കി. എന്നാൽ, ഇതുപോലൊരു നിയമം ആദ്യമായാണ് നടപ്പാക്കുന്നത്. അതിനാൽ, അതിന്റെ പോരായ്മകൾ ഉണ്ടാകുമെന്നും ശക്തമായ ഭാഷയിൽ പ്രധാനമന്ത്രി ആൽബനീസ് മറുപടി നൽകി.

സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രായം നിർണയിക്കാൻ സർക്കാർ നൽകുന്ന ഓപ്ഷനുകൾ സർക്കാർ ഐ.ഡി, മുഖം അല്ലെങ്കിൽ ശബ്ദം തിരിച്ചറിയൽ തുടങ്ങിയവയാണ്. ആസ്ട്രേലിയൻ സർക്കാർ പ്രസിദ്ധീകരിച്ച ശബ്ദനിർണയ റിപ്പോർട്ട് പ്രകാരം മുഖം തിരിച്ചറിയുന്ന പ്രായപരിശോധന സംവിധാനങ്ങളിൽ 8.5 ശതമാനം മുതൽ 26 ശതമാനം വരെ പൊതുവെ നിരസിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും 16, 17 വയസ്സുള്ള ഉപയോക്താക്കളിൽ. നിലവിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരുടെ വിവരങ്ങൾ പുതുക്കാൻ മെറ്റ നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം 16 വയസ്സ് പൂർത്തീകരിക്കുന്നതോടെ അക്കൗണ്ടുകൾ സജീവമാക്കുന്നതിനും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതിനും അതല്ലെങ്കിൽ ഒഴിവാക്കുന്നതിനുമുള്ള ഉപദേശങ്ങളും സൗകര്യങ്ങളും മെറ്റ നൽകുന്നുണ്ട്. എന്നാൽ, വിമർശകർ മുന്നോട്ടുവെക്കുന്ന ആശങ്ക കുട്ടികളുടെ പ്രായം പരിശോധിക്കുന്ന സാങ്കേതികവിദ്യ അപകടങ്ങൾ നിറഞ്ഞതായും കാണുന്നു.

മെറ്റയുടെ വൈസ് പ്രസിഡന്റും ആഗോള സുരക്ഷാ മേധാവിയുമായ ആന്റിഗോൺ ഡേവിസ് പ്രസ്താവിക്കുന്നത് ആപ്പിൾ ഗൂഗ്ൾ പ്ലേ സ്റ്റോറുകളിൽ ഉപയോക്താക്കൾ സൈൻ അപ് ചെയ്യുമ്പോൾ അവരുടെ പ്രായവുമായി ബന്ധപ്പെട്ട ഡേറ്റ ശേഖരിക്കുകയും അവർക്ക് 16 വയസ്സ് പൂർത്തീകരിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുകയും ചെയ്യണം എന്നാണ്. ഉപയോക്താക്കളുടെ സുരക്ഷാ സംവിധാനങ്ങൾ സംരക്ഷിക്കണമെന്ന് അഭിപ്രായപ്പെടുന്നതോടൊപ്പം, 16 വയസ്സ് തികയാത്ത കുട്ടികൾ പ്രായപരിധി മറികടക്കാനുള്ള മാർഗങ്ങൾ എ.ഐ വഴി ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും ഡേവിസ് പങ്കുവെച്ചു. കുട്ടികൾ ആരാണ് എന്ന ചോദ്യത്തിന് നിയമസംഹിതയിൽ കാണാൻ സാധിക്കുന്നത്, ‘18 വയസ്സിന് താഴെയുള്ളവരും മറ്റുള്ളവരുടെ സംരക്ഷണവും പരിരക്ഷയും ആവശ്യമുള്ളവരും’ എന്നാണ്. കുട്ടികളുടെ ശോഭനമായ ഭാവിക്ക് വിഘാതം സൃഷ്ടിക്കുന്നതിൽ വലിയ പങ്കാണ് സോഷ്യൽ മീഡിയ നിർവഹിക്കുന്നത് എന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആസ്ട്രേലിയൻ സർക്കാർ ഡിസംബർ 10 മുതൽ 16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അതു ലംഘിക്കുന്ന കമ്പനികൾക്കെതിരെ 33 മില്യൺ ആസ്ട്രേലിയൻ ഡോളർ, ഏകദേശം 495 കോടി രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നതും.

Sydney Harbour Bridge

https://share.google/2wRF4G68qQkd8ODsG

എം.ഇ.എസ് മമ്പാട് കോളജ്

അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsSocial Media BanAustraliaLatest News
News Summary - The Australian model of social media bans
Next Story