പാതി മുറിഞ്ഞ പന്ത്! ലോകരാജ്യങ്ങളെ വ്യത്യസ്ത ധ്രുവങ്ങളായി ചേരിതിരിക്കുകയാണ് 2026 ലോകകപ്പിലെ വിവാദങ്ങൾ
text_fieldsFootball unites the world എന്നതാണ് ഫിഫയുടെ ആപ്തവാക്യങ്ങളിലൊന്ന്. എന്നാൽ, 2026 ലോകകപ്പ് അതിന്റെ എതിർദിശയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. യു.എസിലേക്കുള്ള വിസ നിഷേധം മുതൽ റഫറീയിങ്ങിലെ പക്ഷപാതിത്വം വരെ വിവാദങ്ങൾ ചൂടുപിടിച്ചതോടെ പല കാര്യങ്ങളിലും ചേരിതിരിഞ്ഞു നിൽക്കുകയാണ് ഇപ്പോൾ ലോകം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഡെപ്യൂട്ടി പോലെ പ്രവർത്തിക്കുന്ന ജിയാനി ഇൻഫാന്റിനോക്കുകീഴിൽ ഇപ്പോൾ ഫിഫക്ക് ചേരുന്ന വിശേഷണം ഇതാകും- Football unites the world, But FIFA divides the world!
രണ്ടു ചുവപ്പു കാർഡുകളിൽ ഈ ലോകകപ്പിന്റെ രാഷ്ട്രീയ കഥ തുടങ്ങാം. രണ്ടിലും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പങ്കുണ്ട്. ലോകകപ്പിനായി ഫിഫ തിരഞ്ഞെടുത്ത സോമാലിയൻ റഫറി ഒമർ അർതാന് യു.എസിലേക്ക് വിസ നിഷേധിക്കപ്പെട്ടതാണ് ആദ്യത്തേത്. അമേരിക്കയുടെ കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായിട്ടായിരുന്നു ആ രാഷ്ട്രീയ ചുവപ്പു കാർഡ്. അതായത് പ്രഫഷനൽ കാരണങ്ങൾ കൊണ്ടല്ല,
സ്വന്തം പാസ്‌പോർട്ട് കാരണമാണ് അദ്ദേഹം ലോകകപ്പിന് പുറത്തായത്. ഈ സംഭവം ഒരു വ്യക്തിയുടെ ദുരനുഭവം മാത്രമായിരുന്നില്ല. ട്രംപ് ഭരണകൂടത്തിന്റെ വിലക്ക് പട്ടികയിലുള്ള ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിലെ ഫുട്ബാൾ പ്രതിനിധികൾക്കും ആരാധകർക്കുമെല്ലാം ഈ ദുരനുഭവം നേരിടേണ്ടിവന്നു. അതോടെ കിക്കോഫിനു മുമ്പേ പുറന്തള്ളലുകളുടെ ഒരു ലോകകപ്പായി മാറി ഇത്.
ആതിഥേയ രാജ്യത്തിന്റെ കുടിയേറ്റ നയങ്ങളിൽ ലോക ഫുട്ബാൾ ഭരണസമിതിക്ക് ഇടപെടാനാവില്ല എന്നതായിരുന്നു ഇക്കാര്യത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നിലപാട്. എന്നാൽ, ഫിഫയുടെ ലോകകപ്പ് നടത്തിപ്പിൽ ഒരു രാജ്യത്തെ ഭരണകൂടത്തിന് ഇടപെടാനാകുമോ?
അതിന്റെ ഉത്തരം അവിശ്വസനീയമായിരുന്നു- യെസ്! ലോകകപ്പിലെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനക്കെതിരെ അമേരിക്കൻ താരം ഫൊലാരിൻ ബലോഗൻ ചുവപ്പുകാർഡ് കണ്ടു. ഫിഫയുടെ ചട്ടപ്രകാരം അടുത്ത മത്സരം നഷ്ടമാകേണ്ട താരത്തിന്റെ വിലക്കിനെച്ചൊല്ലി അമേരിക്കയിൽ വലിയ രാഷ്ട്രീയ ചർച്ചയുണ്ടായി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടതിനു പിന്നാലെ ഫിഫ അച്ചടക്ക സമിതി കേസ് പുനഃപരിശോധിക്കുകയും ബലോഗന് അടുത്ത മത്സരത്തിൽ കളിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.
അതായത്, ഒമർ അർതാന് ട്രംപ് നൽകിയ രാഷ്ട്രീയ ചുവപ്പുകാർഡിൽ ഫിഫക്ക് ഒന്നും ചെയ്യാനായില്ല. എന്നാൽ, ബലോഗന് ഫിഫ നൽകിയ ചുവപ്പു കാർഡ് പിൻവലിപ്പിക്കാൻ ട്രംപിനു സാധിച്ചു. ഈ ലോകകപ്പിലെ യഥാർഥ റഫറി ആരാണെന്നു തെളിഞ്ഞ നിമിഷം!
രംഗബോധമില്ലാത്ത കോമാളി
രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കടന്നു വരുന്ന വി.എ.ആർ, ഗാലറികളിൽ വരെ മാറ്റം തീർത്ത ലോകകപ്പാണിത്. ഒരു ഗോൾ വീണാൽ ഉടൻ ആഹ്ലാദത്താൽ പൊട്ടിത്തെറിച്ചിരുന്ന കാണികൾ ഇപ്പോൾ ആഘോഷിക്കുന്നതിനുള്ള അനുവാദത്തിനായി റഫറിയെയും വി.എ.ആറിനെയും ഉറ്റുനോക്കാൻ തുടങ്ങി. മനുഷ്യവികാരങ്ങളെ നിയന്ത്രിക്കുന്ന അൽഗോരിതങ്ങളുടെ മൈതാനപ്പതിപ്പുകളായി വി.എ.ആർ. ‘VAR Check Over’ എന്ന സന്ദേശം തെളിയുന്നതുവരെ സന്തോഷം പോലും പൂർണമാകുന്നില്ല. വേലി തന്നെ വിളവു തിന്നുന്നു എന്നു പറഞ്ഞപോലെ വിധിനിർണയങ്ങളെ കുറ്റമറ്റതാക്കാൻ കൊണ്ടുവന്ന ഈ സംവിധാനവും പക്ഷപാതപരമാവുന്നു എന്ന് ലോകകപ്പിലെ പല മത്സരങ്ങൾക്കും പിന്നാലെ ആക്ഷേപമുയർന്നു. മനുഷ്യശേഷിയുടെ ഉദാത്ത പ്രദർശനമായ ലോകകപ്പിൽ സാങ്കേതിക വിദ്യ ഇത്രയേറെ ഇടപെടേണ്ടതുണ്ടോ എന്ന ചർച്ചകളും അതോടെ ചൂടുപിടിച്ചു.
മനുഷ്യന്റെ കണ്ണ് തെറ്റിയേക്കാവുന്ന നിമിഷങ്ങളിൽ അന്തിമനീതി ഉറപ്പാക്കുന്ന ദിവ്യദൃഷ്ടി നിലയിലാണ് വി.എ.ആർ ആദ്യം സ്വീകരിക്കപ്പെട്ടത്. 2018 ലോകകപ്പിൽ അത് ശോഭനമായ ഒരു പ്രതീക്ഷയായിരുന്നു. എന്നാൽ, 2026ൽ എത്തുമ്പോഴേക്കും വി.എ.ആർ തന്നെ സംശയദൃഷ്ടിയിലായി. എന്നാൽ, ഒരു ഫ്രാങ്കൻസ്റ്റൈൻ കണ്ടുപിടിത്തം എന്നു വിശേഷിപ്പിക്കാനാവില്ല അതിനെ. കാരണം കാമറക്ക് പക്ഷപാതമില്ല. എന്നാൽ, കാമറയിലെ ദൃശ്യങ്ങൾ എപ്പോൾ പരിശോധിക്കണം, ഏത് കോണിൽ നിന്ന് പരിശോധിക്കണം എന്നതെല്ലാം തീരുമാനിക്കുന്നത് മനുഷ്യരാണ്. അതിനാൽ, മനുഷ്യന്റെ വിവേചനങ്ങളും മുൻവിധികളും ഈ സംവിധാനത്തിനകത്ത് അതേപടി നിലനിൽക്കുന്നു എന്നതാണ് സത്യം.
ഇറാന് ഊരുവിലക്ക്
ഈ ലോകകപ്പിന് കടുത്ത മത്സരങ്ങളിലൂടെ യോഗ്യത നേടിയവരാണ് ഇറാൻ ദേശീയ ഫുട്ബാൾ ടീം. എന്നാൽ, അതിലും കടുത്ത വെല്ലുവിളികളാണ് അവരെ അമേരിക്കയിൽ കാത്തിരുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നയതന്ത്ര സംഘർഷം, സുരക്ഷാ ആശങ്കകൾ, കുടിയേറ്റ നിയന്ത്രണങ്ങൾ, ഇവയെല്ലാം ലോകകപ്പിലും നിഴൽ വീഴ്ത്തി. തങ്ങളുടെ മത്സരങ്ങൾ കാനഡയിലേക്കോ മെക്സികോയിലേക്കോ മാറ്റണമെന്ന ഇറാന്റെ ആവശ്യം നിരസിച്ച ഫിഫ ലോസ് ആഞ്ജലസിലെ മത്സരശേഷം അവരെ നഗരത്തിൽ തങ്ങാനും അനുവദിച്ചില്ല.
രായ്ക്കുരാമാനം ടീമിന്റെ ബേസ് ക്യാമ്പായ മെക്സികോയിലെ ടിജുവാനയിലേക്കു മടങ്ങേണ്ടി വന്നു ടീമിന്. ‘ഞങ്ങളുടെ ഈ അവസ്ഥ ഇനി ലോകകപ്പിനു വരുന്ന മറ്റൊരു ടീമിനും ഇല്ലാതിരിക്കട്ടെ’- ക്യാപ്റ്റൻ മെഹ്ദി തരേമിയുടെ വാക്കുകൾ. ഭൗമരാഷ്ട്രീയം ഫുട്ബാളിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും ദൃശ്യമായ ഉദാഹരണമായി ഇറാൻ ദേശീയ ടീമിന്റെ ലോകകപ്പ് അനുഭവം. മൈതാനത്തും ഇറാൻ ടീമിനു കഷ്ടകാലം തന്നെയായിരുന്നു. ഗ്രൂപ് ഘട്ടത്തിൽ ഒരു മത്സരം പോലും തോറ്റില്ലെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലായതോടെ അവർക്കു നോക്കൗട്ടിലെത്താൻ കഴിഞ്ഞില്ല.
മറഡോണയുടെ പ്രവചനം അഥവാ ഹൈഡ്രേഷൻ ബ്രേക്ക്
അമേരിക്കക്കാർ കളിയെ രണ്ടിനുപകരം നാലു പകുതികളാക്കി മുറിക്കും. എന്നിട്ട് അതിൽ പരസ്യങ്ങൾ തിരുകിക്കയറ്റും-അമേരിക്കക്ക് ലോകകപ്പ് ആതിഥ്യം അനുവദിച്ചു കിട്ടിയതിനു പിന്നാലെ 2018ൽ അർജന്റീന ഇതിഹാസം ഡിയേഗോ മറഡോണ പറഞ്ഞ വാക്കുകൾ അച്ചട്ടായി പുലർന്ന ലോകകപ്പാണിത്. ഓരോ പകുതിയുടെയും 22ാം മിനിറ്റിൽ മൂന്നു മിനിറ്റ് ഹൈഡ്രേഷൻ ബ്രേക്കിനായി കളിക്കാർ പിരിയുമ്പോൾ സ്ക്രീനുകളിൽ പരസ്യങ്ങൾ നിറഞ്ഞു.
അമേരിക്കൻ മൈതാനങ്ങളിലെ കടുത്ത ചൂടിൽ കളിക്കാരുടെ ആരോഗ്യ സംരക്ഷണത്തിനാണ് ഈ ഇടവേളകൾ എന്നാണ് ഫിഫയുടെ ഭാഷ്യം. എന്നാൽ, പല മത്സരങ്ങളുടെയും ഗതിയും ദിശയും തന്നെ ബ്രേക്കുകൾക്കു ശേഷം മാറിമറിഞ്ഞു. പരിശീലകർക്ക് നിർദേശങ്ങൾ നൽകാനും, ടീമുകൾക്ക് താളം വീണ്ടെടുക്കാനും ഇത് അവസരമൊരുക്കി. ഒഴുക്കോടെ മുന്നേറുന്ന ഒരു ടീമിന്റെ ആക്രമണങ്ങൾക്ക് പെട്ടെന്നു ചിറകെട്ടുന്ന പോലെയായി പലപ്പോഴും ഈ ഇടവേളകൾ. പരസ്യവരുമാനം എന്ന വലിയ സാധ്യത മൂലം ഫുട്ബാളിലെ ന്യൂ നോർമൽ ആയി ഇതു മാറുമെന്ന ആശങ്കയും ശക്തം.
തുല്യരിലെ ഒന്നാമന്മാർ
‘All animals are equal, but some animals are more equal than others’ എന്ന് ജോർജ് ഓർവൽ അനിമൽ ഫാം എന്ന കൃതിയിൽ പറയുന്നുണ്ട്. ആ അനിമൽ അർജന്റീനയാണോ എന്നാണ് ഇപ്പോൾ ഫുട്ബാൾ വൃത്തങ്ങളിലെ ചോദ്യം. റഫറിയിങ്ങിൽ ഉൾപ്പെടെ അർജന്റീനക്ക് അനൂകൂല്യം ലഭിക്കുന്നു എന്ന് എതിർ ടീമുകൾ വാദമുയർത്തി. അർജന്റീനയുടെ ഫൗളുകൾ കാണാതെ പോകുന്ന കണ്ണുകൾ എതിർ ടീമിന്റെ ടാക്കിളുകൾ വരെ ഫൗളുകളുടെ കൂട്ടത്തിൽപ്പെടുത്തി എന്നാണ് ആക്ഷേപം. പ്രീക്വാർട്ടറിലെ അർജന്റീന-ഈജിപ്ത് മത്സരം ആരോപണങ്ങളുടെ നീണ്ട കുറ്റപത്രമായി മാറി. ഈജിപ്തിന്റെ രണ്ടാം ഗോളിനു പിന്നാലെ നൂറുവാര അകലെ നിന്നുള്ള ഫൗൾ പോലും മുഖവിലക്കെടുത്ത വി.എ.ആർ അർജന്റീന താരങ്ങളുടെ ഫൗളുകൾക്കുനേരെ കണ്ണടച്ചു എന്ന് ദൃശ്യങ്ങൾ സഹിതം വാദമുയർന്നു. ആരാധകപ്പോര് എന്നതിനപ്പുറം മുൻതാരങ്ങളും വിദഗ്ധരുമെല്ലാം ഏറ്റുപിടിച്ചതോടെ അവഗണിക്കാനാവാത്ത ഒരു വിഷയമായി ഇതു മാറി.
ഫിഫ അർജന്റീനയെ അനുകൂലിക്കുന്നുവെന്ന് തെളിയിക്കുന്ന തെളിവുകൾ ഇതുവരെയില്ല. അതിനാൽ ഈ ആരോപണങ്ങളെ വസ്തുതകളായി അവതരിപ്പിക്കാൻ കഴിയില്ല. എന്നാൽ, കായിക മത്സരങ്ങളിൽ ധാരണകൾക്കും വലിയ പ്രാധാന്യമുണ്ട്. റഫറിമാർ നിഷ്പക്ഷരായാൽ മാത്രം പോരാ; അങ്ങനെയാണെന്ന് ലോകത്തിന് തോന്നുകയും വേണം. വിശ്വാസമാണ് വിധികർത്താവിന്റെ ഏറ്റവും വലിയ മൂലധനം. ആ വിശ്വാസത്തിന് മങ്ങലേൽക്കുമ്പോൾ ഓരോ വിസിലും ഓരോ പെനാൽറ്റിയും ഓരോ ചുവപ്പുകാർഡും സംശയദൃഷ്ടിയിലാകും.
രാജ്യവും രാഷ്ട്രീയവും
ഈ ലോകകപ്പിന് യോഗ്യത നേടാതിരുന്നിട്ടും ടൂർണമെന്റിൽ നിറഞ്ഞുനിൽക്കുന്ന രണ്ടു രാജ്യങ്ങളാണ് ഇസ്രായേലും ഫലസ്തീനും. ആഗോള ഭൗമരാഷ്ട്രീയത്തിലെ ഈ വലിയ മുറിപ്പാട് ലോകകപ്പ് ടീമുകളെ മാത്രമല്ല ലോകരാജ്യങ്ങളെയെല്ലാം ചേരിതിരിച്ചു. ഇസ്രായേലിനെ അനുകൂലിക്കുന്നവർ, ഫലസ്തീനിനായി വാദിക്കുന്നവർ എന്നിങ്ങനെ ഇരുധ്രുവങ്ങളായി ലോകം. ഗാലറികളിൽ ഫലസ്തീനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പതാകകളും ഇസ്രായേലിനെ പിന്തുണക്കുന്ന ശബ്ദങ്ങളും ഉയർന്നു. ലോകത്തെ ഏറ്റവും വലിയ ആഘോഷം രാഷ്ട്രീയ നിലപാടുകളുടെ ലിറ്റ്മസ് ടെസ്റ്റ് കൂടിയായി.
അർജന്റീന പോലെ ആരാധകരുടെ ഇഷ്ട ടീമുകൾ വരെ നിലപാടുകളുടെ സൂക്ഷ്മപരിശോധനക്ക് വിധേയരായി. പ്രസിഡന്റ് ഹവിയർ മിലെയുടെ വിദേശനയവും ഇസ്രായേലിനോടുള്ള അദ്ദേഹത്തിന്റെ പരസ്യ പിന്തുണയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. അതിന്റെ പ്രതിഫലനം ദേശീയ ടീമിനെക്കുറിച്ചുള്ള ആരാധക സംവാദങ്ങളിലും പ്രകടമായി.
രാഷ്ട്രീയ നിലപാടുകൾ നോക്കി ഒരു രാജ്യത്തിന്റെ ടീമിനെ പിന്തുണക്കുന്ന, പൊളിറ്റിക്കൽ ഫുട്ബാൾ ഫാൻഡം എന്നു വിളിക്കാവുന്ന പ്രതിഭാസവും ഇതോടെ ശക്തമായി. അതോടൊപ്പം മറ്റൊരു ചോദ്യവും ഉയരുന്നു. ഒരു ഫുട്ബാൾ ടീം ആ രാജ്യത്തിന്റെ രാഷ്ട്രീയ പ്രതിനിധികളാണോ? അതോ രാഷ്ട്രീയ നിലപാടുകൾക്കപ്പുറം ആ രാജ്യത്തെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന കളിക്കൂട്ടമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

