Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാലാഖമാരുടെ കണ്ണീർ

മാലാഖമാരുടെ കണ്ണീർ

text_fields
bookmark_border
മാലാഖമാരുടെ കണ്ണീർ
cancel

ആരോഗ്യമുള്ളവര്‍ക്ക്, പ്രത്യേകിച്ച് ആണുങ്ങള്‍ക്ക് നഴ്​സ്​ എന്നാല്‍ വായില്‍ നോക്കാനുള്ള പെണ്ണ് മാത്രമാണ്. കണ്ടാല്‍ വളയ്​ക്കാന്‍ തോന്നുന്ന, വിദേശ ജോലിയില്ലെങ്കിൽ കെട്ടാന്‍ തോന്നാത്ത വെറുമൊരു ‘ചരക്ക്’. പക്ഷേ വണ്ടിയിടിച്ചും രോഗം വന്നുമൊക്കെ ചാകാറായി കിടക്കുമ്പോള്‍ ഇതേ പെണ്ണ് പെങ്ങളാവും. ഒരു സ്​പൂണ്‍ വെള്ളത്തിന്​ വേണ്ടി ചുണ്ട് വിടര്‍ത്താൻ പാടുപെടുമ്പോള്‍ സാക്ഷാൽ മാലാഖയും.

കേൾക്കു​േമ്പാൾ അത്​ഭുതപ്പെടേണ്ട, എണ്‍പതുകളുടെ തുടക്കത്തിൽ കേരളത്തിലെ ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു സമരം നടത്തി. ശമ്പളവര്‍ധനയോ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തലോ ആയിരുന്നില്ല ആവശ്യം. നഴ്സുമാരുടെ യൂണിഫോം ഫ്രോക്കില്‍ നിന്ന് മാറ്റി സാരിയും ഓവര്‍കോട്ടുമാക്കരുത്​. അത്രയും നാള്‍ കോട്ടിടാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്. നഴ്സുമാര്‍ കോട്ടിട്ടാല്‍ ഡോക്ടര്‍മാര്‍ക്ക് കുറച്ചിലാണത്രേ. നഴ്​സുമാരുടെ കോട്ട് എടുത്തുമാറ്റുംവരെ ഞങ്ങള്‍ കോട്ടിടില്ല എന്നായിരുന്നു വാശി. നഴ്സുമാര്‍ വെള്ളസാരി ഉടുക്കുന്നതിനാല്‍ അവരെ തിരിച്ചറിയാന്‍ പ്രയാസമില്ല എന്ന ന്യായത്തില്‍ സമരം പൊളിഞ്ഞു. 

പതിറ്റാണ്ടുകള്‍ക്കിപ്പുറം, ദല്‍ഹിയിലെ ചില ആശുപത്രി അധികൃതര്‍ അവിടുത്തെ നഴ്​സുമാർക്ക്​ വിചിത്രമായ ഒരു നിര്‍ദേശം നല്‍കി. എല്ലാവരും കഴിയുന്നത്ര അണിഞ്ഞൊരുങ്ങി ജോലിക്കെത്തണം. ഓപ്പറേഷന്‍ തിയറ്ററിലും തീവ്രപരിചരണ വിഭാഗത്തിലും ഉള്ളവരടക്കം ലിപ്സ്റ്റിക് ഇടണം. ഒൗദ്യോഗിക പരിപാടികളില്‍ സാരിയോ ചുരിദാറോ അണിയരുത്. പകരം ഫ്രോക്കോ മിഡിയോ ആകാം. ദല്‍ഹിയിലെ അന്താരാഷ്ട്ര പ്രശസ്തമായ ആശുപത്രിയാണ് ഈ രീതിക്ക് തുടക്കമിട്ടത്.
സാന്ത്വനം എന്ന വാക്കി​​​െൻറ ആള്‍ രൂപങ്ങളെയാണ് ഇത്രകാലം നാം നഴ്​സ്​ എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. രോഗവിമുക്തിയുണ്ടാകുന്ന വിധത്തിൽ ഒരു രോഗി ജീവിക്കുന്ന ചുറ്റുപാടിനെ രൂപപ്പെടുത്തുന്ന പ്രക്രിയ എന്നാണ് ആധുനിക നഴ്​സിംഗി​​​െൻറ മാതാവ് എന്നറിയപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിംഗേല്‍ നഴ്​സിംഗിന്​ നല്‍കിയിരിക്കുന്ന നിര്‍വചനം. എന്നാല്‍ ആധുനിക യുഗത്തിൽ സ്വകാര്യ ആശുപത്രികള്‍ക്കു രോഗി ഉപഭോക്താവും നഴ്​സുമാർ അവരെ ആകര്‍ഷിക്കുന്ന ‘കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവു’കളുമാണ്.

അല്‍പം ദീനാനുകമ്പയും സഹജീവി സ്നേഹവുമുള്ളവര്‍ മാത്രമെ ഈ ജീവിതം തെരഞ്ഞെടുക്കൂ. കുഷ്ഠരോഗിയുടെ പഴുത്തളിഞ്ഞ മുറിവില്‍ നിന്ന് പുഴുക്കളെ പുറത്തെടുക്കാനും ക്ഷയരോഗി തുപ്പുന്ന മഞ്ഞ നിറമുള്ള കഫം തുടച്ചുനീക്കാനുമൊക്കെ കുറച്ചു മനക്കട്ടിയും ആവശ്യമാണ്​.
മരുന്നും ഭക്ഷണവും വേണ്ടത്ര അളവില്‍ വേണ്ട സമയത്ത്​ നല്‍കുക മാത്രമല്ല നഴ്​സ്​ ചെയ്യേണ്ടത്. പ്രതീക്ഷയറ്റ രോഗിയെ പ്രത്യാശയിലേക്ക് നയിക്കണം. മരിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് പോലും ആത്മവിശ്വാസം പകരണം.

ഏതൊരു സ്ത്രീയുടെയും പതിവുപ്രശ്നങ്ങള്‍ക്കു പുറമെ ആശുപത്രികളില്‍ അനുഭവിക്കുന്ന ദുരിതങ്ങളും മറച്ചുവച്ചാണ് ഇവര്‍ നമ്മെ പരിചരിക്കുന്നത്. വിളിച്ചിടത്ത്​ ഉടന്‍ എത്തിയില്ലെങ്കിൽ തട്ടിക്കയറുന്ന രോഗികളും കൂട്ടിരിപ്പുകാരും, സീനിയര്‍ നഴ്സുമാരുടെയും സൂപ്രണ്ടുമാരുടെയും അധികാര പ്രകടനങ്ങൾ,  മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കിൽ ചീത്ത വിളിച്ച് കണ്ണുപൊട്ടിക്കുന്ന ഡോക്ടര്‍മാര്‍ ഇതൊക്കെ ഓരോ നഴ്​സും നിത്യജീവിതത്തിൽ നേരിടുന്നുണ്ട്. മറുത്ത്​ ഒരക്ഷരം പറഞ്ഞാല്‍ അച്ചടക്ക നടപടിയും പുറത്താക്കലും.

നല്ല നഴ്​സുമാര്‍ ഡോക്ടര്‍മാരുടെ പണി എളുപ്പമാക്കും. രോഗം കണ്ടെത്തിയാൽ ശ്രുശ്രൂഷയില്‍ ഡോക്ടറേക്കാള്‍ പങ്ക് വിദഗ്​ധ നഴ്സിനുണ്ട്. രോഗങ്ങളെ നേരിട്ടുള്ള പരിചയവും ജ്ഞാനവും അവര്‍ക്കായിരിക്കും കൂടുതല്‍. രോഗിയെ കേന്ദ്രീകരിച്ചുള്ള പരിചരണം എന്നാണ് നഴ്​സസ്​ മാന്വലില്‍ നഴ്​സി​​​െൻറ ജോലിയെകുറിച്ച് പറയുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതിന് അവസരം കുറവാണ്. ഏകാഗ്രതയോടെ രോഗികളെ പരിചരിക്കേണ്ടവര്‍ക്ക്​ തങ്ങളുടേതല്ലാത്ത ജോലികള്‍ ചെയ്യേണ്ടിവരുമ്പോള്‍ അപകര്‍ഷതാ ബോധം ഉണ്ടാവും. അധിക ജോലി അടിച്ചേല്‍പ്പിക്കപ്പെടുന്നതിനാല്‍ രോഗികളെ ശരിയായ രീതിയില്‍ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്.

കുറെ വർഷം മുൻപ് നഴ്​സിംഗ്​ പഠിച്ചാല്‍ പട്ടിണി കിടക്കേണ്ടിവരില്ല എന്ന വിശ്വാസത്തി​​​െൻറ സ്ഥാനത്ത്​ നഴ്​സായാല്‍ കാശുവാരാം എന്ന് ഉറപ്പായതിനാല്‍ താല്‍പര്യമുള്ളവരും ഇല്ലാത്തവരുമെല്ലാം ശുശ്രൂഷകരാകാന്‍ തിക്കിത്തിരക്കുകയായിരുന്നു. വിദേശത്തേക്ക്​ കടന്നാല്‍ പ്രതിമാസം കിട്ടുന്ന ലക്ഷങ്ങളായിരുന്നു ഇവരുടെ ലക്ഷ്യം. തുടക്കത്തിൽ ഇതൊരു നല്ലകാര്യമായിരുന്നു. വന്‍തോതില്‍ വിദേശനാണ്യം നമ്മുടെ നാട്ടിലെത്തി.ഇതൊക്കെ കണ്ട് കണ്ണുമഞ്ഞളിച്ച മാതാപിതാക്കള്‍ക്ക് മക്കളെ എങ്ങനെയും നഴ്​സാക്കിയാല്‍ മതിയെന്നായി. മറ്റ് പലതിലുമെന്നപോലെ കിട്ടിയ അവസരം കളയാതെ തട്ടിപ്പുകാര്‍ ഈ ഭ്രമവും മുതലെടുത്തു.

ഇതിനിടയിലൊന്നും ഈ പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം നല്ല ശമ്പളത്തില്‍ ജോലികിട്ടാന്‍ മാത്രം ഒഴിവ് ഈ ലോകത്തെ ആശുപത്രികളിലുണ്ടോ എന്ന് ആരും അന്വേഷിച്ചില്ല. മാത്രമല്ല അന്യസംസ്ഥാനങ്ങളിലെയും അന്യ രാജ്യങ്ങളിലെയും കുട്ടികള്‍ ഇതേപാത പിന്തുടര്‍ന്നാല്‍ എന്താകും സ്ഥിതിയെന്നും ആരും ചോദിച്ചില്ല. ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു. നാട്ടിൽ നഴ്​സുമാരുടെ പ്രളയമായി.

അധികമായാല്‍ അമൃതും വിഷമെന്ന പഴഞ്ചൊല്ലോ ലഭ്യത കൂടുമ്പോള്‍ ആവശ്യം കുറയുമെന്ന ധനത്വശാസ്ത്ര തത്വമോ ഈ സാഹചര്യത്തെ മനസ്സിലാക്കാന്‍ നമുക്ക് ഉപയോഗിക്കാം. പക്ഷേ കടമെടുത്ത കാശിന് പലിശ ചോദിച്ച് വരുന്നവനോട് വേദമോതിയിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട് ഏത് തുക്കടാ ആശുപത്രിയിലും നഴ്​സിംഗ്​ ഹോമിലും ജോലിചെയ്യാന്‍ കേരളത്തിലെ നഴ്​സുമാര്‍ തയാറായി.നാട്ടുനടപ്പനുസരിച്ചുള്ളതി​​​െൻറ നാലിലൊന്ന് പൈസപോലും കിട്ടിയില്ലെന്ന്​ മാത്രം. ശമ്പളം കൂട്ടിത്തരാന്‍ ആവശ്യപ്പെടുന്നവരെ നാവടക്കൂ പണിയെടുക്കൂ എന്ന മുദ്രാവാക്യവുമായാണ് ആശുപത്രി മാനേജ്മെന്‍റ് നേരിടുന്നത്. പഠിക്കാന്‍ ചെലവായ പണം പാഴാകുന്ന സ്ഥിതിയിലായി കാര്യങ്ങൾ.

പണ്ട് നഴ്സിംഗിലൂടെ മറുനാടുകളില്‍ നിന്ന് മലയാളി പെണ്‍കുട്ടികള്‍ ഇവിടെ എത്തിച്ച പണം ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ നഴ്സിംഗ് പഠനത്തി​​​െൻറ പേരില്‍ മറുനാട്ടുകാര്‍ക്ക് തിരിച്ചുകൊടുത്തു എന്നുവേണമെങ്കില്‍ ആശ്വസിക്കാം. ഈ പെണ്‍കുട്ടികളുടെ നിസ്സഹായാവസ്ഥ ആശുപത്രി വ്യവസായത്തിന് വളരെയധികം പ്രയോജനപ്പെട്ടു.

മെഡിക്കല്‍ ടൂറിസം എന്നൊക്കെ പറഞ്ഞ് ഹരം കൊണ്ടിരിക്കുന്നവര്‍ക്ക് ഏറ്റവുമധികം ആവശ്യമുള്ള അസംസ്കൃത വസ്തുവാണ് നഴ്​സുമാർ. അതിങ്ങനെ വളരെ ചെലവുകുറഞ്ഞ് മുന്തിയ നിലവാരത്തിൽ യഥേഷ്ടം കിട്ടുന്ന സമയത്ത്​ മുതലാളിമാർ പത്ത്​ കാശുണ്ടാക്കാന്‍ നോക്കുമോ അതോ മനുഷ്യാവകാശവും പറഞ്ഞിരിക്കുമോ...? ആശുപത്രി ബിസിനസുകാര്‍ ആദ്യത്തെ വഴി തെരഞ്ഞെടുത്തു. കൂടുതല്‍ ലാഭം തരുന്ന ഉല്‍പന്നമായി ‘ഈ അസംസ്കൃത വസ്തുവിനെ’ മാറ്റിയെടുക്കുന്നതി​​​െൻറ ഭാഗമായാണ് നഴ്​സുമാര്‍ ചുണ്ട് ചുവപ്പിക്കണമെന്ന നിര്‍ദേശം വന്നത്. നഴ്​സുകുട്ടികള്‍ കരഞ്ഞ് കണ്ണുചുവപ്പിക്കുന്നത് പതിവായതിനാല്‍ ചുണ്ടു ചുവപ്പിക്കുന്നതൊരു വലിയ പ്രശ്നമായി അന്ന്​ ആരും കണ്ടില്ല.

കുറച്ചുനാള്‍ മുമ്പ് ആശുപത്രികൾക്ക്​ മുമ്പിൽ ചില നഴ്​സുമാര്‍ പ്ലക്കാര്‍ഡും പിടിച്ച് കുത്തിയിരുന്നത്​ ഒാർക്കു​ന്നുണ്ടോ. സത്യത്തില്‍ ശിപ്പായി ലഹളക്കും ക്വിറ്റ് ഇന്ത്യാ സമരത്തിനുമൊക്കെ ഒപ്പം ​െവക്കേണ്ടതായിരുന്നു ഇത്. കാരണം, പ്രതികരണശേഷി ഇല്ലെന്ന്​ എല്ലാവരും കരുതിയിരുന്ന നഴ്​സുമാർ അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിച്ച് നടത്തിയ സമരമായിരുന്നു അത്. ദൽഹിയിലായിരുന്നു തുടക്കം. സിരകളില്‍ തിളക്കുന്ന വിപ്ലവമോ ചെഗുവേരയുടെ ഓര്‍മകളോ ഒന്നുമല്ല അവരെ തെരുവിലിറക്കിയത്. മറിച്ച് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ആശുപത്രികളില്‍ അനുഭവിക്കേണ്ടി വന്ന നരകയാതനകളാണ്.

സാധാരണ തൊഴിലാളികള്‍ സമരം ചെയ്യുന്നതുപോലെയല്ല അന്ന്​ നഴ്​സുമാരുടെ സമരം നടന്നത്​. വ്യവസ്ഥാപിതമായ സംഘടനയോ രാഷ്​​്​ട്രീയ പാര്‍ട്ടികളുടെ സംരക്ഷണമോ ഇവര്‍ക്കില്ലായിരുന്നു. സമരം ചെയ്താല്‍ ജോലി പോകുമെന്നു മാത്രമല്ല പ്രതികാര ബുദ്ധിയോടെ മാനേജ്മെന്‍റ് പരത്തുന്ന അപവാദങ്ങളില്‍ പെട്ട് മാനം പോവുകയും ചെയ്യും. 

അന്നത്തെ സമരത്തിൽ നഴ്​സുമാര്‍ ഉന്നയിച്ച ആവശ്യം കേട്ടാല്‍ കണ്ണു നിറഞ്ഞുപോകും. മിനിമം കൂലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുക, ചികില്‍സാ സൗകര്യം ലഭ്യമാക്കുക, വര്‍ഷത്തില്‍ കുറഞ്ഞത് ഒരു മാസം അവധി അനുവദിക്കുക -ആവശ്യങ്ങള്‍ കഴിഞ്ഞു. വര്‍ഷം 15 ദിവസത്തെ അവധി മാത്രമാണ് നല്‍കിയിരുന്നത്. മെഡിക്കല്‍ ലീവ് എന്നത് ആശുപത്രി അധികൃതര്‍ കേട്ടിട്ടുകൂടിയില്ല. എത്ര ഗുരുതരാവസ്ഥയിലെത്തിയാലും നഴ്​സുമാർക്ക്​ സ്വന്തം ആശുപത്രിയില്‍ ചികില്‍സ നിഷേധിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം.

മറ്റ് മേഖലകളില്‍ തൊഴില്‍ സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷിതതത്വവും ഉറപ്പുവരുത്താന്‍ തൊഴിലാളികള്‍ തന്നെയാണ് സമരം ചെയ്യുന്നതെങ്കില്‍ ആരോഗ്യമേഖലയിലുള്ളവര്‍ക്ക് വേണ്ടി മാതാപിതാക്കളാണ്​ സമരം നടത്തുന്നത്​. അപ്പോൾ തന്നെ സ്ഥിതിഗതികള്‍ എത്ര രൂക്ഷമാണ് എന്ന് ഊഹിക്കാമല്ലോ. നഴ്​സുമാരെ സംബന്ധിച്ചിടത്തോളം പഠനകാലം മുതല്‍ തുടങ്ങുന്ന വിവിധതരം ചൂഷണങ്ങളും പീഡനങ്ങളും സേവനകാലത്തും തുടരുന്നു എന്നതിനാലാണ് സംരക്ഷണം ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ക്ക് മുന്നോട്ടുവരേണ്ടിവന്നത്. അങ്ങനെയാണ്​ ‘ഇന്ത്യന്‍ നഴ്​സസ്​ പേരൻറ്​സ്​ അസോസിയേഷൻ’ എന്ന സംഘടന ഉണ്ടായത്​.

മെയില്‍ നഴ്​സുമാരുടെ സേവനം നിര്‍ബന്ധമാക്കണമെന്ന അവരുടെ ആവശ്യം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ആശുപത്രികളില്‍ പുരുഷ നഴ്​സുമാരുടെ എണ്ണം കൂടിയതോടെ സ്ത്രീ നഴ്​സുമാര്‍ക്കെതിരായ ചൂഷണത്തില്‍ വലിയ കുറവുണ്ടായി. ചിലയിടങ്ങളില്‍ ചെറുത്തുനില്‍പ്പുകള്‍ക്കും ആണ്‍കുട്ടികള്‍ മുന്നില്‍ നില്‍ക്കുന്നു. അതുകൊണ്ടുതന്നെ മിക്ക ആശുപത്രികളും മെയില്‍ നഴ്​സുമാരെ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുക. ജോലി സ്ഥലത്തെ പീഡനങ്ങള്‍ സ്ത്രീകള്‍ സഹിക്കുന്നപോലെ പുരുഷന്മാര്‍ സഹിക്കില്ലല്ലോ.

തൊഴിലാളി എന്ന സാമൂഹിക പദവി കിട്ടിയതോടെയാണ് അടിമകള്‍ രക്ഷപെട്ടതെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ പറയാറുണ്ട്. പക്ഷേ, ആധുനിക ലോകത്ത്​ അടിമകള്‍ നഴ്​സ്​ എന്നാണ് അറിയപ്പെടുന്നത്. ഇത് മറികടക്കാന്‍ ആരും ഒന്നും ചെയ്തില്ല എന്നു കരുതരുത്. സ്വകാര്യാശുപത്രികളില്‍ നിയമപരമായ വേതനവും ആനുകൂല്യവും ഉറപ്പുവരുത്താനുള്ള സമഗ്ര നിയമമൊക്കെ ഇവിടെ പണ്ടേയുണ്ട്​. കേരള സര്‍ക്കാര്‍ 2009 ഡിസംബര്‍ 16ന് തൊഴിലും പുനരധിവാസവും (ഇ) വകുപ്പ് പ്രകാരം പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ,  ഡിസ്പന്‍സറികള്‍, ഫാര്‍മസികള്‍ ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് നല്‍കേണ്ട കുറഞ്ഞ കൂലി നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2009 ജൂണ്‍ മാസം ഒന്നുമുതല്‍ ഇതിന് പ്രാബല്യവും കിട്ടി. പക്ഷേ, ഇങ്ങനെയൊരു സംഭവമുള്ള കാര്യം അധികം ആശുപത്രികളും അറിഞ്ഞമ​േട്ടയില്ല.

നഴ്​സിംഗ്​ എന്നത് രോഗികളുടെ ശ്രുശ്രുഷകയും ഡോക്ടറുടെ സഹായിയും എന്ന നിലയില്‍ നിന്ന് മാറി മികച്ച അക്കാദമിക വൈദഗ്ധ്യവും മനസ്സാന്നിധ്യവും പല രീതിയിലുള്ള കഴിവുകളും ഒക്കെ വേണ്ട പ്രൊഫഷനായി മാറിയിട്ടുണ്ട്. ആധുനിക ചികില്‍സയെന്നാല്‍ ഡോക്ടര്‍ തനിയെ നടത്തുന്ന സംഭവം എന്നതില്‍ നിന്ന് ഒരു സംഘം വിദഗ്​ധര്‍ നടത്തുന്ന കൂട്ടയ പ്രവര്‍ത്തനം എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. ഈ സംഘത്തില്‍ നിര്‍ണായക സ്ഥാനമുള്ള നഴ്​സിനെ ഇനിയും അവഗണിക്കാന്‍ പാടില്ല. പക്ഷേ, ഫാര്‍മസി ബിരുദം നേടിയവന്‍ മരുന്നുകടയിലെ വില്‍പനക്കാരനായും ഫിസിയോതെറാപ്പി പഠിച്ചവന്‍ എൽ.ഡി.ക്ലര്‍ക്കായും വൈദ്യ സൂക്ഷ്​മാണുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്തവന്‍ ലാബുകളില്‍ കിറ്റ് വിറ്റും നടക്കേണ്ടി വരുന്ന ഈ നാട്ടില്‍ നഴ്​സുമാരെ ആര് രക്ഷിക്കും, നമ്മളൊക്കെയല്ലാതെ.

Show Full Article
TAGS:problems of nurses 
News Summary - Tears of nurses
Next Story