രസില രാജുവിന്‍െറയും ലക്ഷ്മിയുടെയും ദാരുണമായ കൊലപാതകങ്ങള്‍ അപകടകരമായ സൂചനകളാണ് നല്‍കുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗരൂകരാകണം. എണ്ണമറ്റ സ്ത്രീപക്ഷ നിയമങ്ങള്‍ ഇവിടെയുണ്ട്. പക്ഷേ, ഇത് ശരിയായി നടപ്പാക്കുന്നോ എന്ന് ആരാണ് നോക്കാറുള്ളത്? ഏതു സ്ത്രീപീഡനക്കേസിലാണ് കൃത്യമായി അന്വേഷണം നടന്നിട്ടുള്ളത്?
ദൈവത്തിന്‍െറ സ്വന്തം നാട് എന്ന പേരും പെരുമയും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. സ്ത്രീസുരക്ഷയും സംരക്ഷണവും ഇന്ന് വെറും കടലാസിലൊതുങ്ങുന്നു. അടുത്തകാലത്തെ സംഭവവികാസങ്ങള്‍ അമ്പരപ്പോടെ നോക്കിനില്‍ക്കുകയാണ് കേരളം. കോഴിക്കോട് കുന്ദമംഗലത്ത് ഇന്‍ഫോസിസ് എന്‍ജിനീയര്‍ രസില രാജുവിന്‍െറ ദാരുണാന്ത്യം. നന്നായി പഠിച്ച് സാമര്‍ഥ്യത്തോടെ തൊഴിലെടുത്ത് ജീവിക്കാന്‍പോയ പെണ്‍കുട്ടി. സുരക്ഷ ജീവനക്കാരന്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തിയെന്ന് ഭാഷ്യം. ഇന്‍ഫോസിസുപോലുള്ള സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ ജോലിചെയ്യുമ്പോള്‍ അധികാരികള്‍ അവരുടെ സുരക്ഷയെക്കുറിച്ച് വെളിപ്പെടുത്തണം.
സെക്യൂരിറ്റി ജീവനക്കാരന് കേബിളുംകൊണ്ട് എവിടെയും കയറിച്ചെല്ലാന്‍ അനുവാദമുണ്ടോ? ഉന്നതാധികാരികള്‍ ദുര്‍ബലമായ പ്രതികരണങ്ങള്‍ നടത്തി കൈകഴുകുന്നത് അവസാനിപ്പിക്കണം. ഇന്‍ഫോസിസ് ചെയര്‍മാന്‍ നേരിട്ട് വീട്ടിലത്തെിക്കുമെന്ന് പറഞ്ഞ ഒരുകോടി രൂപയുടെ വിലയല്ല ആ പെണ്‍കുട്ടിക്ക്. ഊണും ഉറക്കവും ഉപേക്ഷിച്ച് നടുക്കത്തോടെ പകച്ചുനില്‍ക്കുന്ന എണ്ണമറ്റ രക്ഷിതാക്കള്‍ രസിലയുടെ വീടിനുചുറ്റും നില്‍ക്കുന്നതു ഞാന്‍ കണ്ടു. അടക്കിപ്പിടിച്ച ശബ്ദത്തില്‍ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ആരുപറയും? പഠിക്കാന്‍ വിടുന്ന പെണ്‍കുട്ടികളുടെ പഠനം നിര്‍ത്തുന്നതും ജോലിതേടിപ്പോയവരെ തിരിച്ചുവിളിക്കുന്നതുമാണവരുടെ മനസ്സില്‍. മകളെ നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ നിരാലംബരായി ദിവസങ്ങള്‍ തള്ളിനീക്കുന്നു.
കൊലപ്പെടുത്താന്‍ കൊണ്ടുപോയ പെട്രോള്‍ തീര്‍ഥജലംപോലെ കൈക്കുമ്പിളിലാണോ കൊണ്ടുപോയത്? സിനിമക്കഥയെ വെല്ലുന്ന ഈ സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്. ലക്ഷ്മിയുടെ ഗ്രാമമായ ഹരിപ്പാട് ചീങ്ങോലിയിലെ വീടിനുചുറ്റും രാവ് പകലാക്കി എണ്ണമറ്റ രക്ഷിതാക്കള്‍ പ്രത്യേകിച്ച് അമ്മമാര്‍ നെടുവീര്‍പ്പോടെ നില്‍ക്കുന്നു. മൗനം ഭഞ്ജിച്ച് ഒരമ്മ പറഞ്ഞത്: ‘‘കൊതു കടിക്കാതെ, പൂച്ച കടിക്കാതെ, പട്ടികടിക്കാതെ, തെന്നിവീഴാതെ വളര്‍ത്തുന്ന മക്കളെ ഇങ്ങനെ കൊലപ്പെടുത്തിയാല്‍.’’ പൊട്ടിക്കരച്ചിലായിരുന്നിവിടെ. വാദിയും പ്രതിയും ജീവിക്കുന്നില്ല എന്നുള്ളതുകൊണ്ട് കേസില്ളെന്ന് തീരുമാനിക്കാന്‍ പൊലീസിനെന്തവകാശം.
ഈ ആസൂത്രിത കൊലപാതകത്തിന്‍െറ പിന്നില്‍ നിഗൂഢതകളുണ്ടെന്ന രക്ഷിതാക്കളുടെ ആശങ്ക തികച്ചും ന്യായമാണ്. കേരളത്തിനിത് എന്തുപറ്റി. പെണ്‍കുട്ടിയെ പ്രസവിച്ചാല്‍ അവളെ സാരിത്തുമ്പില്‍ കൊണ്ടുനടക്കാന്‍ അമ്മമാര്‍ തയാറാകണമെന്നോ? മരിച്ചാലും ജീവിച്ചാലും പെണ്‍കുട്ടികള്‍ക്കുനേരെ ആക്ഷേപശരങ്ങള്‍! ഇന്നിപ്പോള്‍ ഉദയംപേരൂരില്‍ ഒരു സ്കൂള്‍വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പിച്ചിരിക്കുന്നു. ഉത്തരേന്ത്യയില്‍പോലും കേട്ടിട്ടില്ലാത്ത തരത്തിലുള്ള അനുഭവങ്ങളുടെ നേര്‍സാക്ഷിയായി നാം മാറുന്നു.
ഇവിടെ പൊതുസമൂഹം സംഘടിക്കേണ്ടിയിരിക്കുന്നു. രസിലയും ലക്ഷ്മിയും നമ്മുടെ മക്കളാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ജാഗരൂകരാകണം. എണ്ണമറ്റ സ്ത്രീപക്ഷ നിയമങ്ങള്‍ ഇവിടെയുണ്ട്. ഇത് ശരിയായി നടപ്പാക്കുന്നോ എന്ന് ആരാണ് നോക്കുന്നത്.
ഏതു സ്ത്രീപീഡനക്കേസിലാണ് കൃത്യമായി അന്വേഷണം നടന്നിട്ടുള്ളത്. ഒന്നുകില്‍ രാഷ്ട്രീയം അതല്ളെങ്കില്‍ മതം ഇതിന് വിലങ്ങുതടിയാകുന്നു. ബഹുമാനപ്പെട്ട കോടതികള്‍ക്കുമില്ളേ ഇതില്‍ ഉത്തരവാദിത്തം? ഇത്തരം കേസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പിക്കാന്‍ കഴിയണം.
സാംസ്കാരിക കേരളം 25 വര്‍ഷം പിന്നോട്ടടിച്ചിരിക്കുന്നു. സ്ത്രീ വിദ്യാഭ്യാസം, സ്ത്രീകളുടെ രാഷ്ട്രീയ പ്രബുദ്ധത, സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വം ഇവയിലെല്ലാം മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബഹുകാതം നാം മുന്നിലായിരുന്നു. പെണ്‍കുഞ്ഞുങ്ങളുടെ ജീവനില്‍ തൊട്ടുള്ള ഇത്തരം ഭീഷണികള്‍ അപകടകരമായ സൂചനയാണ്. മനോവൈകല്യങ്ങളും മയക്കുമരുന്നും മാത്രമല്ല ഇതിനുള്ള പ്രധാന കാരണം; സമീപനംകൂടിയാണ്. ഇതിന് ഉടനടി പരിഹാരമുണ്ടാകേണ്ടിയിരിക്കുന്നു.