മുറിയാത്ത ആത്മബന്ധം
text_fieldsവി.കെ. ഇബ്രാഹിംകുഞ്ഞ്
ഞാനും ഇബ്രാഹിംകുഞ്ഞും തമ്മിൽ എം.എസ്.എഫിൽ പ്രവർത്തിക്കുന്ന കാലം മുതൽ തുടങ്ങിയ ആത്മബന്ധമാണ്. അതിനുശേഷം ഞാൻ മുസ്ലിംലീഗിന്‍റെ ജില്ല ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ നാല് ജോയന്‍റ് സെക്രട്ടറിമാരിൽ ഒരാളായിരുന്നു ഇബ്രാഹിംകുഞ്ഞ്. അക്കാലത്ത് ഒരു ടീമായാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ ആ പ്രവർത്തനങ്ങൾ സഹായിച്ചു. അതിൽ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്കും വളരെ വലുതാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ ഞാൻ ഇരവിപുരത്തും ഇബ്രാഹിംകുഞ്ഞ് മട്ടാഞ്ചേരിയിലുമാണ് മത്സരിച്ചത്. എനിക്ക് വിജയിക്കാനായില്ല, ഇബ്രാഹിംകുഞ്ഞ് വിജയിച്ചു. കളമശ്ശേരി എന്‍റെ നാടാണ്. അവിടെനിന്ന് അദ്ദേഹം രണ്ടുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവസാനം ആശുപത്രിയിലേക്ക് പോകുമ്പോൾ കേരള മുസ്ലിം എജുക്കേഷനൽ അസോസിയേഷന്‍റെ (കെ.എം.ഇ.എ) യോഗത്തിൽ അതിന്‍റെ വൈസ് പ്രസിഡന്‍റുമാർ എന്നനിലയിൽ ഞങ്ങൾ പങ്കെടുത്തിരുന്നു.
വ്യക്തിബന്ധങ്ങൾ നിലനിർത്തുന്നതിൽ ഒരു കുറവും അദ്ദേഹം വരുത്തിയിരുന്നില്ല. ജനങ്ങളുമായും സഹപ്രവർത്തകരുമായും അടുത്ത ബന്ധം ചെറുപ്പം മുതലേ സൂക്ഷിച്ചിരുന്നു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയം മറന്ന് സത്യത്തിന്‍റെ പക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിച്ചു. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തങ്ങൾ ജാഗ്രതയോടെയും അർപ്പണബോധത്തോടെയും നിറവേറ്റി പൊതുപ്രവർത്തനത്തിന് മാതൃകയായി.
എല്ലാ സംഘടന കാര്യങ്ങളിലും ഞങ്ങൾ സഹകരിച്ചാണ് പ്രവർത്തിച്ചത്. അവസാനംവരെ ആ സൗഹൃദം നിലനിന്നിരുന്നു. ധാരാളം ഓർമകൾ നിരത്താനുണ്ട്. രണ്ടുതവണ വീതം മട്ടാഞ്ചേരിയിൽനിന്നും കളമശ്ശേരിയിൽനിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവസരങ്ങളിലൊക്കെ സൗഹൃദം നിലനിർത്താൻ അദ്ദേഹം താൽപര്യം എടുത്തിരുന്നു. സംഘടന രംഗത്തും ഭരണരംഗത്തും ഒന്നുപോലെ മികവ് പ്രകടിപ്പിച്ച് മടങ്ങുന്ന പ്രിയ സഹോദരന് വിട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

