Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആ സ്വിസ് ഗ്രാമം...

ആ സ്വിസ് ഗ്രാമം വയനാടിന് നൽകുന്ന പാഠം

text_fields
bookmark_border
ആ സ്വിസ് ഗ്രാമം വയനാടിന് നൽകുന്ന പാഠം
cancel

സ്വിറ്റ്സർലൻഡിലെ വലൈസ് പ്രവിശ്യയിൽ സ്വിസ് ആൽപ്സ് പർവതനിരകളിലാണ് ബർച്ച് ഹിമാനി. ലോച്ചൻറാൾ താഴ്വരയിൽ ബ്ലാറ്റൻ ഗ്രാമത്തിന് മുകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. ആൽപ്സിന്റെ മുഗ്ധ സുരഭില കാഴ്ചകൾക്ക് പേരുകേട്ട ഏറെ ഉയരെയുമുള്ള സ്ഥലം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അതിമനോഹരമായ ഈ സ്വിസ് ഗ്രാമത്തിനുമേൽ കൊടും മഞ്ഞും പാറകളും വന്നുമൂടി. ബർച്ച് ഹിമാനിയുടെ വലിയ ഭാഗം ഒന്നാകെ നിലംപതിച്ചതിനെ തുടർന്നായിരുന്നു ഈ അപകടം. ഗ്രാമം സമ്പൂർണമായി അപ്രത്യക്ഷമായി. എന്നിട്ടും പക്ഷേ, ഒരു ജീവൻ പോലും നഷ്ടമായില്ല. എന്തുകൊണ്ടാകും ഇത്? അവർ അതിനായി തയാറെടുത്തിരുന്നു എന്നതു തന്നെ കാരണം. 300 ഓളം ഗ്രാമീണരും അവർക്കൊപ്പം...

സ്വിറ്റ്സർലൻഡിലെ വലൈസ് പ്രവിശ്യയിൽ സ്വിസ് ആൽപ്സ് പർവതനിരകളിലാണ് ബർച്ച് ഹിമാനി. ലോച്ചൻറാൾ താഴ്വരയിൽ ബ്ലാറ്റൻ ഗ്രാമത്തിന് മുകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. ആൽപ്സിന്റെ മുഗ്ധ സുരഭില കാഴ്ചകൾക്ക് പേരുകേട്ട ഏറെ ഉയരെയുമുള്ള സ്ഥലം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അതിമനോഹരമായ ഈ സ്വിസ് ഗ്രാമത്തിനുമേൽ കൊടും മഞ്ഞും പാറകളും വന്നുമൂടി. ബർച്ച് ഹിമാനിയുടെ വലിയ ഭാഗം ഒന്നാകെ നിലംപതിച്ചതിനെ തുടർന്നായിരുന്നു ഈ അപകടം. ഗ്രാമം സമ്പൂർണമായി അപ്രത്യക്ഷമായി. എന്നിട്ടും പക്ഷേ, ഒരു ജീവൻ പോലും നഷ്ടമായില്ല. എന്തുകൊണ്ടാകും ഇത്?

അവർ അതിനായി തയാറെടുത്തിരുന്നു എന്നതു തന്നെ കാരണം. 300 ഓളം ഗ്രാമീണരും അവർക്കൊപ്പം കഴിഞ്ഞുപോന്ന പശുക്കൾ, ആടുകൾ, വളർത്തുമൃഗങ്ങൾ എല്ലാവരെയും ദുരന്തമെത്തും മുമ്പ് സുരക്ഷിതമായി അധികൃതർ മാറ്റിപ്പാർപ്പിച്ചിരുന്നു. സ്വിറ്റ്സർലൻഡിലെ ഒരു ഉന്നത ഗവേഷണ സർവകലാശാലയായ ഇ.ടി.എച്ച് സൂറിക്കിലെ ശാസ്ത്രജ്ഞർ വർഷങ്ങളായി അതിസൂക്ഷ്മമായി ഈ പർവത ഹിമാനിയുടെ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയായിരുന്നു. അപകടത്തെക്കുറിച്ച ആദ്യ സൂചനകൾ ശാസ്ത്രജ്ഞർ നൽകിയ ഉടൻ, അധികൃതർ ജനങ്ങളെ സമയം തെറ്റാതെ മാറ്റിപ്പാർപ്പിച്ചു.

പലരീതികളിലാണ് അവർ പരിശോധനകളും പഠനങ്ങളും നടത്തിയിരുന്നത്. അതിനുപയോഗിച്ച പ്രധാന സംവിധാനങ്ങളിലൊന്ന് ഇൻസാർ (ഇന്റർഫെറോമെട്രിക് സിന്തറ്റിക് അപ്പർച്വർ റഡാർ) ആയിരുന്നു.സങ്കീർണമെന്ന് തോന്നാവുന്ന ഒന്നാണിത്. എന്നാൽ, പർവതത്തിന്റെയും ഹിമാനിയുടെയും സ്ഥാനചലനം മനസ്സിലാക്കാൻ ഉപഗ്രഹ റഡാർ ചിത്രങ്ങൾ ഉപയോഗിച്ചുള്ള ലളിതമായ രീതിയാണിത്. ഈ റഡാർ ചിത്രങ്ങൾക്ക് ഹിമാനികൾ, മലനിരകൾ മാത്രമല്ല, കെട്ടിടങ്ങളുടെ പോലും ചലനങ്ങൾ മില്ലിമീറ്റർ കൃത്യതയോടെ മനസ്സിലാക്കാൻ സഹായിക്കും. അവസാനം നിലംപൊത്തുംവരെ മനുഷ്യർക്കിത് തിരിച്ചറിയാൻ കഴിയില്ല. അതുകൊണ്ടാണ് നേരത്തെയുള്ള കണ്ടെത്തലിന് സെൻസറുകൾ നിർണായകമായിരിക്കുന്നത്. മലനിരകൾക്ക് ചുറ്റും സ്ഥാപിച്ച സീസ്മിക് സെൻസറുകൾ ഉപയോഗിച്ച് ഗ്രൗണ്ട് വൈബ്രേഷനും രേഖപ്പെടുത്തിക്കൊണ്ടിരുന്നു.ഇതും അവരുടെ നിരീക്ഷണത്തിനായി പ്രയോജനപ്പെടുത്തി.


ഈ വൈബ്രേഷൻ വിവരങ്ങൾ പർവത ഹിമാനിയുടെ സ്ഥാനചലനങ്ങൾ മനസ്സിലാക്കാൻ സഹായിക്കും. ഇത്രയും വിവരങ്ങൾ ചേർത്തുവെച്ചാൽ ഹിമാനികളിൽ വിള്ളൽ രൂപപ്പെടുന്നോയെന്നും പതിവിനേക്കാൾ വേഗത്തിൽ ഹിമാനികൾ ചലിക്കുന്നോ എന്നും കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിയും. ഇവിടെയും ഈ സൂചകങ്ങൾ ചേർത്തുവെച്ചപ്പോൾ ഹിമാനി വല്ലാതെ അസ്ഥിരാവസ്ഥയിലായിട്ടുണ്ടെന്ന് തിരിച്ചറിയാനായി. വർഷങ്ങളായി ഗവേഷകർ ഇവ സൂക്ഷ്മ നിരീക്ഷണം നടത്തുകയായിരുന്നതിനാൽ മുന്നറിയിപ്പ് നൽകേണ്ട സമയം എപ്പോഴെന്ന് നിർണയിക്കലും ദുഷ്കരമായില്ല. അങ്ങനെയാണ് അപായം വന്നുവീഴുംമുമ്പ് അവർ മുന്നറിയിപ്പ് നൽകിയത്. മൊത്തം ഗ്രാമവും സമയത്തിനകം മാറ്റിപ്പാർപ്പിക്കാനായതും. എല്ലാവരും നാടുവിട്ട് ദിവസങ്ങൾക്കകം ഹിമാനി നിലംപതിച്ചുവെന്ന് മാത്രമല്ല, ബ്ലാറ്റൻ ഗ്രാമം മൊത്തമായി തുടച്ചുനീക്കപ്പെടുകയും ചെയ്തു. പക്ഷേ, ഏവരും അവിടെ സുരക്ഷിതമായിരുന്നു.

ഇനി കേരളത്തെക്കുറിച്ച് പറയാം. കഴിഞ്ഞ വർഷം വയനാട്ടിൽ സംഭവിച്ച മണ്ണിടിച്ചിൽ ദുരന്തത്തിൽ നൂറുകണക്കിന് വിലപ്പെട്ട ജീവനാണ് നഷ്ടമായത്. 600ഓളം വീടുകൾ തകർന്നു. സമീപകാല ഓർമകളിലെ ഏറ്റവും ഭീതിദമായ ദുരന്തങ്ങളിലൊന്നായിരുന്നു അത്. അതുകഴിഞ്ഞിട്ട് എന്ത് മാറ്റം സംഭവിച്ചു. ഒരു സംസ്ഥാനമെന്ന നിലക്ക് നാം വല്ല പാഠവും പഠിച്ചിട്ടുണ്ടോ? സുപ്രധാനമായി, ഭാവിയിൽ അത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ വല്ലതും സ്വീകരിക്കുന്നുണ്ടോ? ചോദ്യം ലളിതമാണ്. ഹിമാനി പതനം ഇല്ലാതാക്കുമായിരുന്ന ഒരു ഗ്രാമത്തിലെ ആളുകളെ സ്വിസ് അധികൃതർക്ക് സമ്പൂർണമായി രക്ഷപ്പെടുത്താനായെങ്കിൽ, മൺസൂൺ ദുരന്തങ്ങൾക്കിടെ പ്രളയത്തിലും മണ്ണിടിച്ചിലിലും എന്തുകൊണ്ട് നമുക്കും വിലപ്പെട്ട മനുഷ്യജീവൻ രക്ഷിക്കാനാകുന്നില്ല. അപകടകരമായ കുന്നിൻചരിവുകൾ നിരീക്ഷിക്കാൻ നമുക്ക് കൃത്യമായ സംവിധാനങ്ങളില്ല. മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളില്ല. വ്യവസ്ഥാപിതമായ കുടിയൊഴിപ്പിക്കൽ പദ്ധതികളുമില്ല. ഇനിയെത്ര കാലമാണ് മുന്നേ തയാറെടുക്കുന്നതിനുപകരം, ദുരന്തം വന്ന് നാശം വിതച്ചിട്ട് നാം പ്രതികരണവുമായി ഇറങ്ങുക? അത്യാധുനിക സാങ്കേതികതയുടെയും വിവരാധിഷ്ഠിത ടൂളുകളുടെയും കാലത്താണ് നാം ജീവിക്കുന്നത്. കുവൈത്തിൽ തന്ത്രപ്രധാന നിർമിതികളുടെ സുരക്ഷയും സ്ഥിതിഗതികളും നിരീക്ഷിക്കാൻ ഈ സാങ്കേതികതകൾ ഞാൻ ഉപയോഗിച്ചുവരുന്നതാണ്.

എന്റെ പരിചയം വെച്ച്, ഇന്ന് ഇത്തരം വിവരങ്ങൾ ഏറെ പ്രയോജനകരമാണെന്ന് മാത്രമല്ല, കൃത്യമായ മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിലും അവ സഹായകമാണ്. ശരിയായ സെൻസറുകൾ, യഥാർത്ഥ ഡാറ്റ, മികച്ച ഗണിത ശാസ്ത്ര മോഡലുകൾ എന്നിവയുണ്ടെങ്കിൽ നമുക്കും പ്രകൃതിയെയോ അടിസ്ഥാന സൗകര്യങ്ങളെയോ കൂടുതൽ കൃത്യമായും സൂക്ഷ്മമായും നിരീക്ഷിക്കാം. മുന്നറിയിപ്പില്ലാതെയെത്തുന്ന ഭൂചലനത്തിൽ നിന്ന് വ്യത്യസ്തമായി, പ്രളയവും മണ്ണിടിച്ചിലുമെല്ലാം കൃത്യമായി നേരത്തെ മനസ്സിലാക്കാൻ നമുക്കാകുമെന്നതാണ് പരമാർഥം. അവയെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നു മാത്രം. ദുരന്തം വന്നുപതിക്കാൻ ഇനിയും കാത്തിരിക്കരുത്. ശരിയായ വിവരങ്ങൾവെച്ച് നമുക്ക് നേരത്തെ മുന്നറിയിപ്പ് നൽകുന്ന സംവിധാനം വികസിപ്പിക്കാം. എന്നിട്ട്, മുൻകൂറായി നടപടികൾ സ്വീകരിക്കാം.

ഞാൻ മനസ്സിലാക്കിയിടത്തോളം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ മാറ്റങ്ങളോ ഇടുക്കി അണക്കെട്ട് പോലെ തന്ത്രപ്രധാന നിർമിതികളുടെ ഘടനാപരമായ സുരക്ഷയോ നിരന്തരം നിരീക്ഷിക്കാൻ കേരളത്തിൽ ഗവേഷണ പരിപാടികൾ നിലവിൽ ഇല്ല. പ്രളയ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം ഓരോ വർഷവും പുതുക്കുന്നുണ്ടോ എന്നും എനിക്കറിയില്ല.

കഴിവുള്ള നിരവധി ഗവേഷകർ നമുക്കുണ്ട്. അത്യാധുനിക ഗവേഷണ സൗകര്യങ്ങളുള്ള നിരവധി സ്ഥാപനങ്ങളുമുണ്ട്. എന്നിട്ടും ദീർഘകാലാടിസ്ഥാനത്തിൽ ദുരന്ത നിവാരണ പദ്ധതി തയാറാക്കാൻ അവ പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന് വ്യക്തമല്ല. ഇത് മാറണം. എന്തുകൊണ്ട് നാം നമ്മുടെ സാങ്കേതികതകളും മിടുക്കരായ ശാസ്ത്രജ്ഞരെയും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നില്ല. ലോകത്തുടനീളം നിരവധി രാജ്യങ്ങൾക്ക് പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യാൻ ദീർഘകാല പദ്ധതികളുണ്ട്. കേരളവും ഇതുതന്നെ ചെയ്യണം. കാരണം, കേരളത്തിന്റെ പ്രധാന അപകടസാധ്യതകൾ, മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, എല്ലാവർക്കും അറിയാവുന്നതും നിരീക്ഷിക്കാൻ താരതമ്യേന എളുപ്പവുമാണ്. നമുക്ക് വേണ്ടത്, ജീവനും വീടും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായി നിലനിർത്താൻ കരുത്തുറ്റ, ശാസ്ത്ര പിന്തുണയുള്ള, പുരോഗമനാത്മക സമീപനമാണ്. കാലവർഷം പ്രകൃതിയുടെ വരദാനമാണ്. എന്നുവെച്ച് ഒരുക്കമില്ലെങ്കിൽ അത് ദുരന്തമായി മാറും.

(കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിൽ ശാസ്ത്രജ്ഞനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swiss villageBirch Glacier
News Summary - Swiss village teaches lesson Wayanad
Next Story