Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅരക്ഷിതത്വത്തി​െൻറ...

അരക്ഷിതത്വത്തി​െൻറ വിത്തുകൾ

text_fields
bookmark_border
അരക്ഷിതത്വത്തി​െൻറ വിത്തുകൾ
cancel

കേന്ദ്ര ശുദ്ധജല ശുചീകരണ മന്ത്രാലയം സംഘടിപ്പിച്ച സ്വച്ഛ്‌ ശക്തി^2017 പരിപാടി ശ്രദ്ധേയം ആവേണ്ടത് ആ മന്ത്രാലയം വിഭാവനം ചെയ്ത പദ്ധതികളുടെയും അവിടെ എത്തിച്ചേർന്ന വനിതകളുടെ നേട്ടങ്ങളുടെയും അവർക്ക് സർക്കാർ നൽകുന്ന ആദരത്തി​​െൻറയും പേരിൽ ആ​േവണ്ടിയിരുന്നു. എന്നാൽ, അവിടെ സംഭവിച്ചത് സ്ത്രീകളെ അവമതിക്കൽ ആയിരുന്നു.

ഗാന്ധിയൻ ആദർശമായ മാലിന്യമുക്​ത കേരളം എന്ന പദ്ധതി അടിസ്ഥാനപ്പെടുത്തി വിഭാവനം ചെയ്ത സ്വച്ഛ്‌ ഭാരത് പദ്ധതിയുടെ വ്യാപനം, അതിന്​ ഉദാത്ത സംഭാവനകൾ ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത ജനപ്രതിനിധികളും കേന്ദ്ര സർക്കാറും ആയുള്ള മുഖാമുഖം,  പ്രധാനമന്ത്രിയും ആയുള്ള കൂടിക്കാഴ്ച എന്നിവ ആയിരുന്നു പരിപാടിയുടെ ലക്ഷ്യം. എന്നാൽ, ഇന്ന് ആ പരിപാടി അടയാളപ്പെട്ടത്, ന്യൂനപക്ഷങ്ങൾക്ക്​ നേരെയുള്ള മുൻവിധിയുടെയും അസഹിഷ്ണുതയുടെയും മറ്റൊരു അധ്യായമായാണ്​.  

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് അധ്യക്ഷ ഷഹർബാൻ സൈതലവി ഉൾപ്പെടെ മുസ്​ലിം വിഭാഗത്തിൽപെട്ട പ്രതിനിധികളോട് അവരുടെ ശിരോവസ്ത്രം മാറ്റാൻ ആവശ്യപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ആരുടെ നിയമം ആണ് നടപ്പാക്കുന്നത്?  സ്​റ്റേറ്റി​​െൻറയോ അതോ സംഘ് പരിവാറി​​െൻറയോ? ഈ ചോദ്യം ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഉയരാൻ തുടങ്ങിയിട്ട് രണ്ടു വർഷം ആകുന്നു. സംഘ്പരിവാർ സംഘടനകളുടെ സമാന്തരഭരണം നാടിനുമേൽ അശാന്തിയുടെ വാളുയർത്തി നിൽക്കുന്നത് പ്രധാനമന്ത്രിയുടെ മൗനാനുവാദത്തോടെയാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പരിവാറിലെ മതവെറിയന്മാർക്ക്​ വേണ്ടിയാണ്.

പൊതു ഇടങ്ങളിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥക്ക്​ പരിഹാരം കാണാൻ മോദി ബാധ്യസ്ഥനാണ്​. അഹ്​മദാബാദിൽ സർക്കാറി​​െൻറ ക്ഷണം സ്വീകരി​െച്ചത്തിയ ജനപ്രതിനിധികൾ, അതും വനിതകൾ, അവർ മുസ്​ലിം വിഭാഗത്തിൽ ഉള്ളവരും ആചാരപ്രകാരം ഉള്ള ശിരോവസ്ത്രം ധരിച്ചവരും ആയതു കൊണ്ടുമാത്രം സുരക്ഷാ ഭീഷണി ആണ് എന്ന് ധരിച്ചുവെച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സർക്കാർ ഒന്നോർക്കണം; അന്ധമായ മുസ്​ലിം വിരുദ്ധത കൊണ്ട് നിങ്ങൾ മലിനപ്പെടുത്തുന്നത് ഭരണഘടനാദത്തമായ അവകാശങ്ങളാണ്.

അത് ഓരോ വ്യക്തിക്കും നൽകുന്ന സ്വാതന്ത്രത്തെ ആണ്. ആ സ്ത്രീകൾ എന്ത് തെറ്റാണു ചെയ്തത് ? അവരുടെ മൗലിക അവകാശങ്ങൾ   വിനിയോഗിച്ചതോ? അതോ അവരുടെ ശിരോവസ്ത്രങ്ങൾ നിങ്ങളുടെ ഉള്ളിലെ അബദ്ധധാരണയെ, അതായത് മുസ്​ലിം സമം തീവ്രവാദം എന്ന ധാരണയെ ഉണർത്തിയതോ? ബാബരി മസ്ജിദ് തകർത്തശേഷം,  വർഗീയശക്​തികൾ ഒന്നിച്ചു ശ്രമിച്ചിട്ടും ഒരു ചെറു തീപ്പൊരിപോലും ഉയരാതെ കേരളത്തി​​െൻറ സാഹോദര്യത്തെ പൊതിഞ്ഞുപിടിച്ച, ​ശ്രേഷ്​ഠപാരമ്പര്യം ഉള്ളവരാണ് കേരളത്തിലെ ന്യൂനപക്ഷങ്ങൾ.  അവരിൽ  ‘അപകടം’ മണക്കുന്ന മോദി ഭരണകൂടം, അവരുടെ ഈ രാജ്യത്തിലും അതി​​െൻറ നിയമവ്യവസ്ഥയിലും ഉള്ള വിശ്വാസത്തിന്മേലാണ് കളങ്കം ചാർത്തുന്നത്. സ്വച്ഛ്‌ ശക്തി സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി തൻെറ വാക്കുകൾ പൊള്ളയാണെന്ന് തെളിയിച്ചു. 

ഗുണപരമായ മാറ്റം ഈ വനിത നേതാക്കൾ കൊണ്ടുവരും എന്ന് പറയുന്ന പ്രധാനമന്ത്രി മറന്നുപോയ ഒരുകാര്യമുണ്ട്. ഈ വനിതകൾ ഒന്നുംതന്നെ വെറുതെ അഹ്​മദാബാദിൽ എത്തിയവർ അല്ല. തികച്ചും  വിപ്ലവകരമായ തീരുമാനങ്ങൾ തങ്ങളുടെ കർമമണ്ഡലങ്ങളിൽ നടപ്പാക്കിയ നേതാക്കളാണിവർ. അവരെയാണ് അങ്ങയുടെ സുരക്ഷക്ക് ഭീഷണി ആയി ഉദ്യോഗസ്ഥർ കണ്ടതും അവരുടെ ശിരോവസ്ത്രം മാറ്റി അവരുടെ സ്വകാര്യ അവകാശമായ മത വിശ്വാസത്തെ അപമാനിച്ചതും.

പ്രധാനമന്ത്രിയുടെ  പ്രസംഗത്തിൽ ഉപമകൾക്കും അലങ്കാരങ്ങൾക്കും കുറവ് ഉണ്ടാവാറില്ല. ഈ പ്രസംഗത്തിലും സ്ത്രീകളുടെ പ്രാധാന്യം വിവരിക്കാൻ  അദ്ദേഹം കൂട്ടുപിടിച്ചത് പുരാണ സൂക്​തങ്ങളാണ്​. ഗംഗയും കുരുക്ഷേത്രവും ഹിമാലയവും ഉള്ളിടത്തോളം സീതയുടെ ഗാഥ ഉണ്ടാവും. എന്നാൽ ഭേദഭാവങ്ങൾക്കെതിരെ വാചാടോപം നടത്തിയ പ്രധാനമന്ത്രി ത​​െൻറ മൂക്കിനുതാഴെ സ്ത്രീകളെ, അവരുടെ മതത്തി​​െൻറ പേരിൽ മാത്രം അപമാനിച്ചത് അറിഞ്ഞിട്ടും മൗനി ആയി നിലകൊണ്ടു.  ഒരു ഖേദപ്രകടനം പോലും അദ്ദേഹത്തി​​െൻറ ഭാഗത്തുനിന്ന്​  ഉണ്ടായില്ല.

ഈ വിഷയത്തി​​െൻറ നിയമവശങ്ങൾ കൂടി ചർച്ച ചെയ്യേണ്ടതുണ്ട് . 2016ൽ  കേരള ഹൈകോടതി പുറപ്പെടുവിച്ച വിധി ഈ വിഷയത്തി​​െൻറ മറ്റൊരു  വശം ആണ് ചർച്ച ചെയ്യുന്നത്. പ്രസ്തുത വിധി പ്രകാരം ഹരജിക്കാരായ പെൺകുട്ടികൾക്ക് ഫുൾ സ്ലീവ് വസ്ത്രവും ശിരോവസ്ത്രവും ധരിച്ചുകൊണ്ടുതന്നെ ഒാൾ ഇന്ത്യ പ്രീ മെഡിക്കൽ പരീക്ഷ എഴുതാൻ അനുവദിച്ചു. ഹരജിക്കാരുടെ മതവിശ്വാസം എന്ന അവകാശത്തെ മാനിച്ച വിധി പ്രസ്താവം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് പ്രത്യാശ പകരുന്നതായിരുന്നു. ഭരണഘടന വകുപ്പ്​ ഇരുപത്തിയഞ്ച് (ഒന്ന് ) പ്രകാരം മതസ്വാതന്ത്രത്തിനുള്ള അവകാശം ഉയർത്തിപ്പിടിച്ച ഈ വിധി കേന്ദ്രസർക്കാർ ഇരുത്തിവായിക്കേണ്ടതാണ്. 

പ്രാധാന്യമേറിയ നിരീക്ഷണങ്ങൾ ഉള്ള ഈ വിധി പ്രസ്താവത്തിലെ   പ്രസക്​തഭാഗങ്ങൾ ചിന്തനീയമാണ്. ഖുർആനിലെ  പ്രസക്​ത ഭാഗങ്ങൾ ഈ വിധിയിൽ പ്രതിപാദിക്കപ്പെടുന്നു എന്നതുതന്നെ വ്യക്തിയുടെ മതപരമായ സ്വാതന്ത്രത്തെ, മാനിക്കാൻ നമ്മുടെ വ്യവസ്ഥ എത്രത്തോളം ശ്രദ്ധവെക്കുന്നു എന്ന് തെളിയിക്കുന്നു. സൂറ അന്നൂർ ഉൾപ്പെടെ പ്രധാന അധ്യായങ്ങളിലൂടെ കടന്നുപോവുകയും ഇസ്​ലാമിക ജീവിതത്തിൽ ഇസ്​ലാം അനുശാസിക്കുന്ന ചിട്ടകൾ അവയുടെ പ്രാധാന്യവും വിധി എടുത്തുകാണിക്കുകയും ചെയ്തു. ഇസ്​ലാം  മതവിശ്വാസികൾക്ക് തങ്ങളുടെ മതാചാരങ്ങൾ പാലിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ശരിവെക്കുകയും അതോടൊപ്പം പരീക്ഷയുടെ സുഗമവും സുതാര്യവും ആയ നടത്തിപ്പ്​ഉറപ്പുവരുത്താൻ തക്ക നിർദേശങ്ങൾ നൽകുകയും ചെയ്തു. അത്തരത്തിലുള്ള സമവായം ഉറപ്പുവരുത്തുന്ന നടപടികളാണ്​  ഭരണകൂടങ്ങളിൽനിന്ന്​​ ജനസാമാന്യം പ്രതീക്ഷിക്കുന്നത്.

ഇതിന്​ തുല്യമായ നടപടികളാണ് സ്​റ്റേറ്റ്​  ഏജൻസികളിൽനിന്ന്​ ന്യൂനപക്ഷങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, അഹ്​മദാബാദിൽ നാം കണ്ടത് എല്ലാത്തരം അവകാശങ്ങളുടെയും ലംഘനം ആണ്. സുരക്ഷാ ഉദ്യോഗസ്​ഥർ തടഞ്ഞുവെച്ചതും വിവേചനരഹിതമായി പെരുമാറിയതും കേവലം അജ്​ഞത കൊണ്ടുണ്ടായ ഒന്നല്ല. മറിച്ച് മതത്തി​​െൻറ ഇടുങ്ങിയ കണ്ണുകളിൽകൂടി മാത്രം ന്യൂനപക്ഷങ്ങളെ കാണുന്ന ഏജൻസികളുടെ വികല വീക്ഷണം കൊണ്ടുകൂടിയാണ്​. ഇത്തരം തെറ്റുകളാണ് അരക്ഷിതത്വത്തി​​െൻറ  വിത്ത് പാകുന്നതും ഭീതിയുടെ നിഴലിൽ ജീവിക്കുന്ന സാധാരണക്കാരായ ന്യൂനപക്ഷങ്ങളെ മുൻവിധികളുടെ ഘെറ്റോകളിൽ തളച്ചിടുന്നതും. 

യൂറോപ്യൻ രാജ്യങ്ങളിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന വലതുപക്ഷ തീവ്ര ദേശീയതയുടെ പുനരാവിഷ്കാരത്തിൽ തീവ്രവാദ സംഘടനകളുടെ പങ്ക്  നിഷേധിക്കാനാവില്ല. പ​ക്ഷേ, ബഹുസ്വരതയും സമഭാവനയും മുഖമുദ്രയാക്കിയ രാജ്യമായ ഇന്ത്യയിൽ അത്തരം പ്രവണതകൾ ഒഴിവാക്കിയേ മതിയാകൂ. അതിന്​ മുൻകൈയെടുക്കേണ്ടത് പ്രധാനമന്ത്രി തന്നെയാവണം. സബ്കാ ഹാഥ് സബ്‌കാ വികാസ് (എല്ലാവർക്കുമൊപ്പം , എല്ലാവർക്കും പുരോഗതി) മാത്രം അല്ല സബ്കാ ഭറോസാ (എല്ലാവരുടെയും വിശ്വാസം ) കൂടി ആർജിക്കണം.

 

Show Full Article
TAGS:swach sakthy 2017 
News Summary - swach sakthi 2017
Next Story