Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅഴിമതിക്കെതിരെ...

അഴിമതിക്കെതിരെ സുപ്രീംകോടതി ധര്‍മരോഷം കൊള്ളുമ്പോള്‍

text_fields
bookmark_border
അഴിമതിക്കെതിരെ സുപ്രീംകോടതി ധര്‍മരോഷം കൊള്ളുമ്പോള്‍
cancel

‘‘നാഗരിക സമൂഹത്തില്‍ അഴിമതി അര്‍ബുദംപോലെയാണ്. തക്കസമയത്ത് കണ്ടുപിടിച്ച് ചികിത്സിച്ചില്ളെങ്കില്‍ രാഷ്ട്രഗാത്രത്തെ അത് പിടികൂടുകയും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും. പ്ളേഗ് പോലെയാണ് അഴിമതി. അത് പകര്‍ച്ചവ്യാധിയായി വ്യാപിക്കും എന്നു മാത്രമല്ല, നിയന്ത്രിച്ചില്ളെങ്കില്‍ കാട്ടുതീപോലെ ആളിപ്പടരുകയും ചെയ്യും. അത് സമ്പദ്ഘടനയെയാണ് ബാധിക്കുന്നത്. അതുവഴി സാംസ്കാരിക പൈതൃകത്തെ നശിപ്പിക്കും. എത്രയുംപെട്ടെന്ന് മുളയില്‍തന്നെ നുള്ളിയില്ളെങ്കില്‍ എത്ര സമ്പന്നവും ആരോഗ്യപൂര്‍ണവും ചലനാത്മകവുമായ സമൂഹമാണെങ്കില്‍പോലും രാഷ്ട്രീയ- സാമൂഹിക-സാമ്പത്തിക ക്രമത്തെ അത് പിടിച്ചുലച്ച് പ്രക്ഷുബ്ധമാക്കാതിരിക്കില്ല’’ -അഴിമതിയില്‍ ആമൂലാഗ്രം മുങ്ങിത്താഴുന്ന നമ്മുടെ രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്യോഗസ്ഥ പ്രഭുക്കന്മാര്‍ക്കും നിരര്‍ഥകമായ പ്രഘോഷണമായി ഈ മുന്നറിയിപ്പ് തോന്നുന്നുണ്ടാവാം.

എന്നാല്‍, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയും അവരുടെ തോഴി ശശികലയും മറ്റും ചേര്‍ന്ന് നടത്തിയ അഴിമതിയുടെ വ്യാപ്തിയെ കണ്ട് നടുങ്ങിയ പരമോന്നത നീതിപീഠത്തിന് ഇത്തരം മൂര്‍ച്ചയുള്ള വാക്കുകളേ പ്രയോഗിക്കാനാവുകയുള്ളൂ. അധികാരത്തിന്‍െറ തണലില്‍ തീവെട്ടിക്കൊള്ള നടത്തുന്ന രാഷ്ട്രീയ നേതാക്കളുടെയും അഴിമതിയുടെ പങ്കുപറ്റുന്ന പിണിയാളുകളുടെയും യഥാര്‍ഥമുഖം തുറന്നുകാട്ടുന്നിടത്ത് സുപ്രീംകോടതി ജഡ്ജിമാരായ അമിതവ റോയിയും പിനാകി ചന്ദ്രഘോഷും ധര്‍മരോഷംകൊണ്ടത്് ഈ മാരക രോഗം അത്രകണ്ട് ബീഭത്സരൂപം പ്രാപിച്ചിട്ടുണ്ട് എന്ന ബോധ്യത്താലാവണം.

ജയലളിത മൊത്തം 15 വര്‍ഷം തമിഴകം വാണിട്ടുണ്ട്. 1991 ജൂണ്‍ തൊട്ട് 1996 മേയ് വരെ നാട് ഭരിച്ച അഞ്ചുകൊല്ലത്തിനിടയില്‍ പോയസ് ഗാര്‍ഡന്‍ കേന്ദ്രീകരിച്ച് തന്‍െറ കൂട്ടാളികളോടൊപ്പം ചേര്‍ന്ന് നടത്തിയ  അഴിമതിയുടെ സൂക്ഷ്മതലങ്ങളിലേക്കാണ് നീതിപീഠം ടോര്‍ച്ചടിച്ചുനോക്കിയത്. സുപ്രീംകോടതിയുടെ വിധിന്യായത്തിലൂടെ കടന്നുപോകുമ്പോള്‍ നാമറിയാതെ  നടുങ്ങിപ്പോവുന്നത് ഒരു രൂപ മാത്രം ശമ്പളം പറ്റി ‘ജനസേവക’യുടെ ഉത്തരീയമണിഞ്ഞ ‘അമ്മ’യും കൂട്ടരും ചേര്‍ന്ന് എത്ര നിഷ്ഠുരമായാണ് പകല്‍വെളിച്ചത്തില്‍ അധികാരദുര്‍വിനിയോഗം നടത്തിയിരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോഴാണ്. 66 കോടി രൂപ അവിഹിതമായി സമ്പാദിച്ചു എന്നതിനപ്പുറം മുഖ്യമന്ത്രിയുടെ വസതി ആസ്ഥാനമാക്കി അധികാരത്തിന്‍െറ ബലത്തില്‍ നടന്ന ഗൂഢാലോചനയും അവിഹിത സ്വത്തുസമ്പാദനവും ലളിത കലയാക്കി മാറ്റുന്നതില്‍ കാണിച്ച വിരുതാണ് ആശ്ചര്യപ്പെടുത്തുന്നത്.

എന്നാല്‍, ഇവരെ നിയമപരമായി പിടികൂടി ശിക്ഷിക്കാന്‍ രണ്ടു പതിറ്റാണ്ടെടുത്തു. ബംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി 2014ല്‍ ജയയും ശശികലയും അവരുടെ ബന്ധുക്കളായ വി.എന്‍. സുധാകരനും ഇളവരശിയും കുറ്റവാളികളാണെന്ന് അഖണ്ഡനീയമായ തെളിവുകളുടെ ബലത്തില്‍ കണ്ടത്തെിയിട്ടും കര്‍ണാടക ഹൈകോടതി ജഡ്ജി സി.ആര്‍. കുമാരസ്വാമി പ്രതികളെ കുറ്റമുക്തരാക്കാന്‍ കാണിച്ച ആവേശം, അഴിമതിക്കെതിരായ പോരാട്ടം  നീതിന്യായ വ്യവസ്ഥയെ മാത്രം ഏല്‍പിച്ചുകൊടുക്കുന്നതില്‍ അര്‍ഥമില്ല എന്ന മുന്നറിയിപ്പാണ് കൈമാറുന്നത്. ഈ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്‍െറ ക്രെഡിറ്റ് രണ്ടു വ്യക്തികള്‍ക്കാണ്.

ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍െറ  കൃത്യതയെയും കണിശതയെയും വെല്ലുംവിധം ‘ജയ കമ്പനി’യുടെ കള്ളക്കച്ചവടത്തിന്‍െറ അടിവേരുകള്‍ തുരന്ന് മുഴുവന്‍ കണക്കും ശേഖരിക്കുകയും ബലമുള്ള തെളിവുകളായി അവതരിപ്പിക്കുകയും ചെയ്ത സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ബി.വി. ആചാര്യയാണ് ഒന്നാമത്തെയാള്‍. രണ്ടാമതായി നീതിന്യായ വ്യവസ്ഥ എന്താണെന്ന് തന്‍െറ സഹ ജഡ്ജിമാര്‍ക്ക് കാണിച്ചുകൊടുത്ത വിചാരണകോടതി ജഡ്ജി ജോണ്‍ മൈക്കള്‍ ഡിസൂസ. കുറ്റവാളികളെ നിയമത്തിന്‍െറ പിടിയില്‍നിന്ന് തട്ടിയെടുക്കാന്‍ അപ്പോഴും ഉത്തരവാദപ്പെട്ട ചിലര്‍ കളിച്ചുവെന്ന നാണക്കേട് മറക്കാനാവില്ല.

ജയക്ക് ജാമ്യം അനുവദിച്ച അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, മൂന്നു മാസത്തിനകം ജയയുടെ അപ്പീലില്‍ വിധിത്തീര്‍പ്പ് കല്‍പിക്കണമെന്നാണ്് ഹൈകോടതിയോട് നിര്‍ദേശിച്ചത്. പ്രതിയുടെ ഭാഗത്തുനിന്ന് അത്തരമൊരാവശ്യം ഉയര്‍ന്നിരുന്നില്ല എന്നതാണ് വിചിത്രം. കേസ് അട്ടിമറിക്കാനും നീട്ടിക്കൊണ്ടുപോകാനും ജയയും ശശികലയുമൊക്കെ നടത്തിയ വൃത്തികെട്ട കളികള്‍ പലതായിരുന്നു. തനിക്ക് ഇംഗ്ളീഷ് അറിയില്ളെന്നും എല്ലാ രേഖകളുടെയും തമിഴ്ഭാഷ്യം വേണമെന്നും തോഴി വാദിച്ചപ്പോള്‍ വര്‍ഷങ്ങളാണ് കേസ് ഇഴഞ്ഞത്.

ഇപ്പോള്‍ അഴിമതിക്കെതിരെ ധര്‍മരോഷം കൊള്ളുന്ന സുപ്രീംകോടതിയാവട്ടെ, എട്ടുമാസം മുമ്പ് വാദപ്രതിവാദം പൂര്‍ത്തിയാക്കിയിട്ടും ഗാഢനിദ്രയില്‍നിന്ന് സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ ശശികല മുഖ്യമന്ത്രി മോഹവുമായി രംഗപ്രവേശം ചെയ്യേണ്ടിവന്നു. എന്തുകൊണ്ട് വിധി വൈകിപ്പിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇപ്പോഴത്തെ വിധി വിചാരണ കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിലായിരുന്നുവെങ്കില്‍  കര്‍ണാടക ഹൈകോടതി വിധിയിലൂടെ അധികാരത്തില്‍ തിരിച്ചത്തെിയ ജയലളിത പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങിപ്പോകുന്നത് കാണാന്‍ സാധിച്ചേനെ. ‘അമ്മ’ സ്വസ്ഥമായി ഭരിച്ചോട്ടെ എന്നും അവര്‍ക്കെതിരായ വിധി തല്‍ക്കാലം ഫ്രീസറില്‍ വെച്ചോളൂവെന്നും പരമോന്നത നീതിപീഠത്തെ ആരെങ്കിലും ഉപദേശിച്ചിരുന്നുവോ ആവോ?

അധികാരദുര്‍വിനിയോഗത്തിന്‍െറ ഏറ്റവും മ്ളേച്ഛമുഖമാണ് പോയസ് ഗാര്‍ഡനില്‍ അനാവൃതമാക്കപ്പെട്ടതെന്ന് വിധിന്യായം തൊട്ടുകാണിക്കുന്നു. 1991ല്‍ തമിഴകത്തിന്‍െറ ചെങ്കോല്‍ കൈയില്‍വരുന്നതുവരെ നിസ്സാരമായിരുന്നു ജയയുടെ സമ്പാദ്യം. സിനിമയില്‍ ആടിപ്പാടിയും രാജ്യസഭയിലും സംസ്ഥാന നിയമസഭയിലും അംഗത്വം നേടിയും 1987 വരെ ജയലളിതയുടെ പേരില്‍ ഉണ്ടായിരുന്നത് 7.5 ലക്ഷം രൂപയുടെ സ്വത്തും ബാങ്കില്‍ ഒരുലക്ഷം നിക്ഷേപവും ഏതാനും ഗ്രാം സ്വര്‍ണാഭരണങ്ങളും. മുഖ്യമന്ത്രിപദത്തിലത്തെിയ ഉടന്‍ പോയസ് ഗാര്‍ഡന്‍ കേന്ദ്രമാക്കി ഒരു കറക്കുകമ്പനി തുടങ്ങി. അവിടെയാണ് ‘മന്നാര്‍ഗുഡി മാഫിയ’യുടെ കഥ ആരംഭിക്കുന്നത്. അധികാരം കൈയില്‍വന്നതോടെ, അവിഹിതമായി എങ്ങനെ സ്വത്ത് സമ്പാദിക്കാം എന്നു മാത്രമാണ് ജയ അന്വേഷിച്ചത്. ശശികലയും ബന്ധുക്കളും അതിന് പല വഴികള്‍ കണ്ടത്തെി.

1991 നവംബര്‍ ഒന്നിന് ജയയുടെയും ശശികലയുടെയും കൂട്ടുസമ്പാദ്യം 2,01,83,957 രൂപ മാത്രമായിരുന്നു.  ജയ പബ്ളിക്കേഷന്‍സ്, ശശി എന്‍റര്‍പ്രൈസസ്, നമാധു എം.ജി.ആര്‍ എന്നിവയായിരുന്നു കൂട്ടുസംരംഭം. എന്നാല്‍, 1991ശേഷം  ശശികലയും സുധാകരനും ഇളവരശിയും പാര്‍ട്ട്ണര്‍മാരായ എണ്ണമറ്റ ബിനാമി കമ്പനികളും സ്ഥാപനങ്ങളും ഭൂസ്വത്തുക്കളും പോയസ് ഗാര്‍ഡന്‍െറ തണലില്‍ മുളച്ചുപൊങ്ങി. വിചാരണകോടതി കണ്ടത്തെിയ 32 സംരംഭങ്ങളില്‍ ഒന്നാമത്തേത് ജെ. ഫാം ഹൗസസ് ആണെങ്കില്‍ 32ാമത്തേത് കോടനാട് ടീ എസ്റ്റേറ്റാണ്.

കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ ഉല്‍പാദനമോ നിര്‍മാണപ്രവര്‍ത്തനമോ ഒന്നും നടന്നിരുന്നില്ളെന്ന് കോടതി കണ്ടത്തെി. ഭൂമിയും കെട്ടിടങ്ങളും യന്ത്രങ്ങളും തങ്ങളുടെ പേരിലേക്ക് മാറ്റിയെടുക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. ആദായനികുതി റിട്ടേണ്‍പോലും സമര്‍പ്പിക്കാന്‍ ഇവര്‍ കൂട്ടാക്കിയില്ല. 3000 ഏക്കര്‍ ഭൂമിയാണ് ഈവഴിക്ക് ഇവര്‍ സ്വന്തമാക്കിയത്. രജിസ്ട്രാര്‍മാരെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഭൂമിയും കെട്ടിടങ്ങളും വില്‍ക്കുന്നവര്‍ക്ക് അറിയില്ലായിരുന്നു ആര്‍ക്കുവേണ്ടിയാണ് തങ്ങളുടെ സ്വത്ത് തട്ടിയെടുക്കുന്നതെന്ന്. പവര്‍ ഓഫ് അറ്റോണി ശശികലക്കായിരുന്നു എല്ലാ ഇടപാടുകളിലും.  ഒരുദിവസംതന്നെ പത്തിലേറെ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

ഈ സ്ഥാപനങ്ങളുടെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി. ഒരുദിവസം ഡസനിലേറെ അക്കൗണ്ടുകള്‍ പിറന്നു. ഈ അക്കൗണ്ടുകളിലേക്ക് ഏതൊക്കെയോ സ്രോതസ്സുകളില്‍നിന്ന് പണമൊഴുകി. അഞ്ചുവര്‍ഷംകൊണ്ട് സമ്പാദ്യം 66,65,20,395 രൂപയായി പെറ്റുപെരുകിയപ്പോള്‍ അത് അവിഹിതസ്വത്ത് സമ്പാദനത്തിലൂടെയും വ്യക്തമായ ഗൂഢാലോചനയിലൂടെയുമാണെന്ന് വിചാരണകോടതി കണ്ടത്തെിയത് പരമോന്നത നീതിപീഠം അംഗീകരിക്കുകയായിരുന്നു. തന്‍െറ പേരിലുള്ള സ്വത്തില്‍നിന്നും പോയസ് ഗാര്‍ഡനിലെ മറ്റു കുടികിടപ്പുകാരുടെ പേരിലുള്ള സ്വത്തില്‍നിന്നും ബാങ്ക് നിക്ഷേപത്തില്‍നിന്നുള്ള പലിശയില്‍നിന്നുമെല്ലാം ജയയുടെ വരുമാനം കണക്കുകൂട്ടിയാല്‍ കിട്ടുന്നത് പരമാവധി 9,34,26,054 രൂപയാണ്. പിന്നെ എവിടെനിന്ന് വന്നു ഇത്രവലിയ സമ്പാദ്യം എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുന്നതിലാണ് പ്രോസിക്യൂഷന്‍ വിജയിച്ചത്.

വിഹിതമായ മാര്‍ഗത്തിലൂടെ അല്ലാതെ കരഗതമാക്കിയ ഏത് സമ്പാദ്യവും അഴിമതിയിലൂടെയാണെന്നും അന്തരീക്ഷത്തില്‍നിന്ന് നൈട്രജന്‍ ആഗിരണം ചെയ്യുന്നതുപോലെ സമ്പാദ്യം വലിച്ചെടുക്കാന്‍ സാധിക്കില്ളെന്നും വിധിന്യായത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. താന്‍ ഇതൊന്നും അറിയില്ളെന്നും ഇപ്പറഞ്ഞ കമ്പനികളും സ്ഥാപനങ്ങളും രണ്ടുമുതല്‍ നാലുവരെയുള്ള പ്രതികളുടെ പേരിലുള്ളതാണെന്നും ജയ വാദിച്ചപ്പോള്‍ സുപ്രീംകോടതി ചോദിച്ചു: സോഷ്യല്‍ ലിവിങ്ങിനു വേണ്ടിയാണോ താങ്കള്‍ മറ്റു പ്രതികളെ തന്‍െറ വസതിയില്‍ താമസിപ്പിച്ചത്? അതല്ല,  ജീവകാരുണ്യപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി താമസസൗകര്യം ഒരുക്കിക്കൊടുത്തതാണോ? ജയയുടെ പണം ഉപയോഗിച്ച് ശശികലയും കൂട്ടരും സ്വത്ത് വാരിക്കൂട്ടുകയായിരുന്നു.

ജയയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എത്രയോ തവണ ബിനാമി സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് പണം ഒഴുകിയപ്പോള്‍ അവര്‍ ഓര്‍ത്തില്ല ഒരുവേള സുബ്രമണ്യന്‍ സ്വാമിയുടെ രൂപത്തില്‍ പ്രതിയോഗികള്‍ വലവീശുമെന്നും തങ്ങള്‍ നിലംപതിക്കുമെന്നും. അഞ്ചുവര്‍ഷത്തിനിടയില്‍ അമ്പതോളം ബാങ്ക് അക്കൗണ്ടുകളാണ് തുടങ്ങിയത്. മേല്‍വിലാസമായി കൊടുത്തതാവട്ടെ, 36, Poes Garden, Chennai എന്നും.

അഴിമതിക്കെതിരായ പോരാട്ടത്തില്‍ നാഴികക്കല്ലാണ് ഈ കോടതിവിധി. മുഖ്യമന്ത്രിക്കസേരയില്‍ ഉപവിഷ്ടയാവാന്‍ ഇറങ്ങിപ്പുറപ്പെട്ട ‘ചിന്നമ്മ’യെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലത്തെിച്ച സുപ്രീംകോടതി തീര്‍പ്പ് അധികാരം മാത്രമല്ല പാപപങ്കിലതയും പൈതൃകമായി കൈമാറ്റപ്പെടും എന്ന് രാഷ്ട്രീയക്കാരെ ഓര്‍മിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalaJ Jayalalithaa
News Summary - supreme court against correption
Next Story