Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്ട്രോക്ക് ചികിത്സ:...

സ്ട്രോക്ക് ചികിത്സ: സമയം മുഖ്യം സുഹൃത്തേ

text_fields
bookmark_border
stroke treatment
cancel

വീട്ടിൽ നിന്ന് വർത്തമാനം പറഞ്ഞിറങ്ങി നാൽപതു കിലോമീറ്റർ വാഹനമോടിച്ച് ജോലി സ്ഥലത്തെത്തിയതാണ് യുവാവ്. ജോലിക്കിടെ സംസാരത്തിൽ സഹപ്രവർത്തകർക്ക് അൽപം അവ്യക്തത തോന്നി.

എന്താണ് കിറുങ്ങിയതു പോലെ പറയുന്നത് എന്ന് ചിലർ ചോദിച്ചു, മറ്റു ചിലർ പറഞ്ഞു ക്ഷീണമുണ്ടെങ്കിൽ അൽപനേരം കിടന്നു നോക്കാൻ. ഒരു സഹപ്രവർത്തക നിർബന്ധിച്ചു പറഞ്ഞു- ഉടൻ ആശുപത്രിയിൽ എത്തിക്കാൻ.

ഒട്ടും സമയം കളയാതെ ആശുപത്രിയിലെത്തിച്ചു- പരിശോധനകൾക്ക് ശേഷം ഡോക്ടർ പറഞ്ഞു. സ്ട്രോക്കാണ്, പക്ഷേ തക്ക സമയത്ത് ചികിത്സയാരംഭിക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ പ്രശ്നങ്ങളില്ലാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കും.

സഹപ്രവർത്തകർ ഒന്നടങ്കടം ഞെട്ടി. സ്ട്രോക്കിനെ കുറിച്ച് ഒരുപാട് കേട്ടിട്ടും വായിച്ചിട്ടുമുണ്ടെങ്കിലും പ്രായമായവരെ മാത്രം ബാധിക്കുന്ന പ്രശ്നമാണിതെന്നാണ് അവർ ധരിച്ചു വെച്ചിരുന്നത്. പ്രായമായവരെയാണ് മസ്തിഷ്കാഘാതം കൂടുതലായി ബാധിക്കുന്നതെങ്കിലും ഏത് പ്രായത്തിലുള്ള ആർക്കും ഇത് സംഭവിക്കാം.

ഓരോ മിനിറ്റിലും മൂന്ന് ഇന്ത്യക്കാർക്ക് സ്ട്രോക്ക് വരുന്നുണ്ട്. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതും അപകടസാധ്യതാ ഘടകങ്ങൾ മനസ്സിലാക്കുന്നതും അതിവേഗം ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിക്കുന്നതും സ്ട്രോക്കിനെ മറികടക്കുന്നതിലെ സുപ്രധാന ഘടകങ്ങളാണ്.

ശരീരത്തിന്റെ ഒരു ഭാഗത്തിനോ, ചിലപ്പോൾ ഇരു ഭാഗങ്ങൾക്കുമോ തളർച്ചയുണ്ടാകാറുണ്ട്. കാഴ്ച, സംസാരം എന്നിവക്ക് പ്രശ്നങ്ങൾ ഉണ്ടാവാം. ചിലപ്പോൾ മരണവും സംഭവിച്ചേക്കാം. കൂടുതലും ഇസ്കിമിക് സ്ട്രോക്കാണ് (തലച്ചോറിന്റെ ചില ഭാഗത്തേക്ക് രക്തം വരുന്നത് നിലയ്ക്കും) ഉണ്ടാവാറ്.

ഇത് തലച്ചോറിന്റെ കോശങ്ങൾ നശിക്കുന്നതിനിടയാക്കും. രക്തധമനി പൊട്ടി തലച്ചോറിലെ കോശങ്ങളിൽ നിറയുന്ന രോഗാവസ്ഥയാണ് ഹെമറേജിക് സ്ട്രോക്ക്.

മുഖത്തിന് കോടൽ സംഭവിക്കുക, കൈകൾ തളരുക, സംസാരത്തിൽ അവ്യക്തതയോ വ്യത്യാസമോ വരുക എന്നിവയിലേതെങ്കിലുമൊരു ലക്ഷണം കണ്ടാലുടൻ ഗൃഹവൈദ്യമോ പൊടിക്കൈകളോ പരീക്ഷിക്കാൻ നിൽക്കാതെ, ഒട്ടും സമയം കളയാതെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്.

സമയം കളയരുത്, ആശുപത്രിയിലെത്തിക്കണം എന്നീ കാര്യങ്ങൾ പലവുരു ആവർത്തിക്കുന്നത് അത് അത്രമാത്രം പ്രാധാന്യമർഹിക്കുന്നതുകൊണ്ടു തന്നെയാണ്.

ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കുമായിരുന്ന പലരെയും ജീവിതകാലം മുഴുവൻ ശയ്യാവലംബികളാക്കുന്നതിനും കൈകാലുകൾക്ക് ഗുരുതര വ്യതിയാനങ്ങൾ വരുത്തിവെക്കുന്നതിലും സംസാരശേഷി പൂർണമായി നഷ്ടമാക്കിയതിലും ചികിത്സ തുടങ്ങുന്നതിൽ വന്ന കാലതാമസം കാരണമായിട്ടുണ്ട്. സ്ട്രോക്ക് സംഭവിച്ചാൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. പരമാവധി നാലു മണിക്കൂറിനകം ചികിത്സ തുടങ്ങാൻ സാധിച്ചിരിക്കണം.

ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടാലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സമയമെടുത്തേക്കും. ആഴ്ചകൾ മുതൽ വർഷങ്ങൾ വരെ വേണ്ടി വന്നേക്കാം.

കൈകാലുകളുടെ ചലനശേഷി കുറയുക, സംസാരം അവ്യക്തമായി തുടരുക, ഓർമയിൽ കുറവ് സംഭവിക്കുക, പേരുകൾ മറന്നുപോവുകയോ മാറിപ്പോവുകയോ ചെയ്യുക എന്നിങ്ങനെ പല വിഷമതകളുമുണ്ടാവാം. സ്പീച്ച് തെറപ്പി, ഫിസിയോ തെറപ്പി എന്നിവ ചിട്ടയായി ചെയ്യുക വഴി ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ മാറ്റം സംഭവിക്കാറുമുണ്ട്.

മറ്റേതൊരു ആരോഗ്യ പ്രശ്നവും പോലെ പ്രതിരോധത്തിൽ ശ്രദ്ധിച്ചാൽ സ്ട്രോക്കിനുള്ള സാധ്യതകൾ കുറക്കാനാവും. കൃത്യമായ വ്യായാമം, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കൽ, രക്തസമ്മർദവും അമിതവണ്ണവും കൂടുന്നത് തടയൽ, അവക്ക് കാരണമാവുന്ന ഭക്ഷണങ്ങൾ നിയന്ത്രിക്കൽ എന്നിവ പ്രധാനമാണ്.

80 വയസ്സിനു ശേഷം പക്ഷാഘാത സാധ്യത കൂടുതലാണ്. ഗർഭനിരോധന ഗുളിക പതിവായി ഉപയോഗിക്കുന്നവരിലും ഗർഭകാലത്ത് രക്തസമ്മർദമുള്ളവരിലും പ്രസവശേഷം കാർഡിയോ മയോപ്പതിയുള്ളവർക്കും സ്ട്രോക്ക് സാധ്യതയുണ്ട്.

ഡയലേറ്റഡ് കാർഡിയോ മയോപ്പതിയെ തുടർന്ന് ചെറുപ്പത്തിൽ സ്ട്രോക്ക് ഉണ്ടാവാനിടയുള്ളതിനാൽ ഹൃദ്രോഗാവസ്ഥക്കുള്ള മരുന്നുകൾ മുറയ്ക്ക് കഴിക്കേണ്ടതുണ്ട്. ന്യൂറോ സിഫിലിസ്, അരിവാൾ രോഗം, തലച്ചോറിന് ബാധിക്കുന്ന ക്ഷയരോഗം, ഉയർന്ന കൊളസ്ട്രോൾ, എച്ച്.ഐ.വി രോഗാണുബാധ എന്നിവയും സ്ട്രോക്കിന് കാരണമാവാറുണ്ട്.

ഈ രോഗത്തെയും ചികിത്സയെയും സംബന്ധിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 29 അന്താരാഷ്ട്ര സ്ട്രോക്ക് ദിനമായി ആചരിച്ചു വരുന്നു. ചികിത്സ ആരംഭിക്കുന്നതിലെ സമയത്തിന്റെ പ്രാധാന്യമാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം.

സ്ട്രോക്കിനെ അതിജീവിച്ചവർക്ക് നൽകേണ്ട പരിചരണവും അതീവ പ്രാധാന്യമർഹിക്കുന്നു. വീട്ടിലെ കുഞ്ഞുങ്ങളെ മുതൽ മുത്തശ്ശിമാരെ വരെ രോഗത്തിന്റെയും ചികിത്സയുടെയും ഗൗരവത്തെക്കുറിച്ച് കൃത്യമായി ബോധവത്കരിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stroketimetreatment
News Summary - Stroke Treatment-Time is precious
Next Story