Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപഞ്ചായത്തിനോടാണോ...

പഞ്ചായത്തിനോടാണോ കളി? കോടതികയറ്റി ജയിപ്പിച്ചുകളയും!

text_fields
bookmark_border
പഞ്ചായത്തിനോടാണോ കളി? കോടതികയറ്റി ജയിപ്പിച്ചുകളയും!
cancel

സംഭവം നടക്കുന്നത് 2003 ജൂണ്‍ മാസത്തില്‍. ഒരു തണുത്ത വെളുപ്പാന്‍കാലത്ത് ഇരിങ്ങാലക്കുട പൊറത്തിശ്ശേരിക്കാരന്‍ അന്തോണി ജോലിക്ക് പോകാന്‍ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അങ്കമാലി ഓഫിസില്‍ പോര്‍ട്ടറായ അന്തോണിയെ ബസ് പിടിക്കാനുള്ള യാത്രമധ്യേ തെരുവു നായ കാലില്‍ കടിച്ച് പരിക്കേല്‍പിച്ചു. അന്തോണിയെ ഉടന്‍തന്നെ തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

പട്ടി കടിയേറ്റ് അന്തോണിക്ക് ആന്‍റി റാബിസ് വാക്സിനേഷന്‍ നല്‍കണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍, മെഡിക്കല്‍ കോളജില്‍ പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് ലഭ്യമല്ലായിരുന്നു. അന്തോണിയുടെ സുഹൃത്തുക്കളും ബന്ധുക്കളും പണം സ്വരൂപിച്ച് കോയമ്പത്തൂര്‍നിന്നും മരുന്ന് സംഘടിപ്പിച്ചു. 14,076 രൂപ വിലവരുന്ന പ്രതിരോധ മരുന്നിനു പുറമെ നാലു ദിവസത്തേക്ക് 264 രൂപ വീതം വിലയുള്ള മറ്റൊരു കുത്തിവെപ്പും ഡോക്ടര്‍ കുറിച്ചു നല്‍കിയിരുന്നു. മരുന്നിനും മറ്റു അനുബന്ധ കാര്യങ്ങള്‍ക്കുമായി അന്തോണിക്ക് മൊത്തം ഇരുപതിനായിരം രൂപ ചെലവായി. പഞ്ചായത്ത് വക പൊതുനിരത്തില്‍ പട്ടിയുടെ ആക്രമണത്തിനിരയായ അന്തോണി അടങ്ങിയിരുന്നില്ല. അന്തോണി പൊറത്തിശ്ശേരി പഞ്ചായത്തിനെതിരെ നിയമയുദ്ധത്തിന് മുന്നിട്ടിറങ്ങി.

അന്ന് പഞ്ചായത്ത് ഭരിച്ചിരുന്നത് യു.ഡി.എഫ് ആയിരുന്നു; പ്രസിഡന്‍റ് ഒരു വനിതയും. അന്തോണി അയച്ച വക്കീല്‍ നോട്ടീസ് പഞ്ചായത്തോഫിസില്‍ പറന്നു നടന്നു. പഞ്ചായത്ത് സമിതി അന്തോണിയുടെ വക്കീല്‍ നോട്ടീസിനു കടലാസ് വിലപോലും കല്‍പിച്ചില്ല. അന്തോണി ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ നഷ്ടപരിഹാരത്തിനു വേണ്ടി ഹരജി ഫയല്‍ ചെയ്തു. പൊറത്തിശ്ശേരി പഞ്ചായത്ത്, കേരള സര്‍ക്കാര്‍ എന്നിവരെ ഒന്നും രണ്ടും എതിര്‍കക്ഷികളാക്കി ഫയല്‍ചെയ്ത കേസില്‍, 1994ലെ കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം പഞ്ചായത്ത് പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സഹായം എത്തിക്കേണ്ടത് ഗ്രാമപഞ്ചായത്തിന്‍െറ അനിവാര്യ ചുമതലകളില്‍പ്പെട്ട ഒന്നാണെന്നും കടിയേറ്റ തനിക്ക് ചികിത്സ ചെലവിനു പുറമെ 3500 രൂപ നഷ്ടപരിഹാരമായും  നല്‍കണമെന്ന് കാണിച്ചാണു അന്തോണി ഹരജി നല്‍കിയത്.

ഹരജി മുന്‍സിഫ് കോടതി പരിഗണനക്കെടുത്തപ്പോള്‍ ഒന്നാം എതിര്‍കക്ഷിയായ പഞ്ചായത്ത് അന്തോണിയെ തെരുവു നായ കടിച്ച കാര്യം നിഷേധിച്ചില്ല. സംഭവം അറിഞ്ഞ ഉടന്‍ വിഷയം ചര്‍ച്ചചെയ്ത് പട്ടികടിയേറ്റവര്‍ക്ക് ചികിത്സ സഹായമായി അഞ്ഞൂറു രൂപ നല്‍കാന്‍ തീരുമാനിച്ചുവെന്നും മുപ്പതോളം പേര്‍ക്ക് പട്ടിയുടെ കടിയേറ്റതിനാല്‍ കൂടുതല്‍ സഹായം ലഭിക്കേണ്ടതിനു സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചെങ്കിലും ഒരു സഹായവും ലഭിച്ചില്ളെന്നും പഞ്ചായത്ത് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, രണ്ടാം എതിര്‍കക്ഷി സര്‍ക്കാരാകട്ടെ തങ്ങള്‍ പട്ടികടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ലായെന്നാണു വാദിച്ചത്.

വിചാരണക്കോടതി അന്തോണിയുടെ ഹരജിയിലെ വാദം അംഗീകരിക്കാതെ കേസ് തള്ളി. ഇതിനെതിരെ അന്തോണി ഇരിങ്ങാലക്കുട സബ്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ തെളിവുകള്‍ പുനര്‍മൂല്യത്തിനു വിധേയമാക്കിയ സബ്കോടതി അന്തോണിക്ക് അനുകൂലമായി വിധിച്ച് പഞ്ചായത്തിനോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, വിധിക്കെതിരെ പഞ്ചായത്ത് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. നഷ്ടപരിഹാരം നല്‍കണമെന്ന സബ്കോടതി വിധി നിയമപരമായും വസ്തുതാപരമായും നിലനില്‍ക്കത്തക്കതല്ലായെന്ന് പഞ്ചായത്തിന്‍െറ വക്കീല്‍ ഹൈകോടതിയില്‍ വാദിക്കുകയുണ്ടായി.

ഹരജി പരിഗണിച്ച ഹൈകോടതി പന്നികള്‍ക്കും നായ്ക്കള്‍ക്കും ലൈസന്‍സ് നല്‍കല്‍ സംബന്ധിച്ച 1998ലെ ചട്ടങ്ങള്‍, 2001ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (ഡോഗ്സ്) റൂള്‍സ്, 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് റൂള്‍സ്, എന്നിവ അനുസരിച്ചുള്ള അനിവാര്യ ചുമതലകള്‍ നിര്‍വഹിച്ച് തെരുവു നായ് ശല്യം ദുരീകരിക്കുന്നതില്‍ പഞ്ചായത്തിനു വീഴ്ച്ച സംഭവിച്ചതായി കണ്ടത്തെി. അന്തോണിക്ക് നഷ്ടപരിഹാരം നല്‍കാന്‍ പഞ്ചായത്തിനു ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ് വിധിയെഴുതി. കീഴ്ക്കോടതി കണക്കാക്കിയ പ്രകാരം നഷ്ടപരിഹാരത്തുകയായ മുപ്പതിനായിരം രൂപ ആറു ശതമാനം പലിശസഹിതം നല്‍കാനും നിര്‍ദേശിച്ചു.

അന്തോണിയെ നായ് കടിച്ചതിനു ശേഷം പതിമൂന്നു വര്‍ഷങ്ങള്‍ കടന്നുപോയി. പൊറത്തിശ്ശേരി പഞ്ചായത്തിനു നഗരസ്വഭാവം കൈവന്നപ്പോള്‍ 2010 മുതല്‍ രൂപവും പേരും നഷ്ടപ്പെട്ട് പഞ്ചായത്ത് ഇരിങ്ങാലക്കുട നഗരസഭയുടെ ഭാഗമായി. അന്തോണിയെ തെരുവു നായ് കടിക്കുന്ന 2003 കാലത്ത് പഞ്ചായത്തിന്‍െറയും നഷ്ടപരിഹാരം നല്‍കണമെന്ന ഹൈകോടതി വിധി വന്ന 2016ല്‍ നഗരസഭയുടേയും ഭരണസാരഥികള്‍ വനിതകളായത് യാദൃച്ഛികം മാത്രം! കോടതിവിധി ഇരകള്‍ക്ക് എത്രമാത്രം അനുകൂലമായിരുന്നാലും നികുതിപ്പണം ചെലവിട്ട് ഇനിയും അപ്പീലിനു സ്കോപ് ആരായുന്ന ജനപ്രതിനിധികള്‍ വാഴുന്ന ഒരുകാലത്ത് അന്തോണിയുടെ ‘വിധി’ ആര്‍ക്കും ഉണ്ടാകല്ളേ എന്ന് ആശിക്കുന്നതാണ് അഭികാമ്യം; ഒപ്പം തെരുവു നായ്ക്കള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി സര്‍വരേയും കടിച്ചുകീറുന്ന ഇക്കാലത്ത് പൗരന്‍െറ അവകാശങ്ങള്‍ക്ക് കാവലാളാകേണ്ട പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ശ്വാന പ്രേമികള്‍ക്കും ഈ ഹൈകോടതി വിധി ഒരു മുന്നറിയിപ്പാകുമെന്നും നമുക്ക് പ്രത്യാശിക്കാം.

Show Full Article
TAGS:stray dog dog bite 
News Summary - stray dog bite
Next Story