Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസംവരണം പൊളിക്കാൻ...

സംവരണം പൊളിക്കാൻ വിചിത്രസഖ്യം

text_fields
bookmark_border
സംവരണം പൊളിക്കാൻ വിചിത്രസഖ്യം
cancel
camera_alt

പിണറായി വിജയൻ, ആർച്ച്​ ബിഷപ്​ ജോസഫ്​ പെരുന്തോട്ടം, വെള്ളാപ്പള്ളി നടേശൻ

സംവരണം പാവങ്ങളെ സഹായിക്കാനുള്ള പദ്ധതിയാണെന്ന് സ്ഥാപിക്കാൻ ആർച്ച്​ ബിഷപ്പും ആർ.എസ്.എസും കമ്യൂണിസ്​റ്റുകാരും കോൺഗ്രസും ഒന്നിച്ച്​ അണിനിരന്നിരിക്കുകയാണ്. ഇവിടെ രണ്ട് കാര്യങ്ങൾ പ്രധാനമായും പരിശോധനയർഹിക്കുന്നു. ഒന്ന്​, ഇന്ത്യൻ ഭരണഘടനക്കകത്ത് സംവരണതത്ത്വം ഉൾച്ചേർത്തത്​ എന്ത് സാമൂഹികലക്ഷ്യം നിറവേറ്റാനാണ്? രണ്ട്​, സംവരണം ലഭ്യമാക്കേണ്ടവരെ കണ്ടെത്താനുള്ള മാനദണ്ഡം ഇന്ത്യൻഭരണഘടനയിൽ പറഞ്ഞത് വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥയാണ്. അതിൽ സാമ്പത്തികമാനദണ്ഡം ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്​? നിർഭാഗ്യകരമെന്നു പറയട്ടെ, ഇപ്പോൾ കേരളത്തിൽ നടക്കുന്ന ചർച്ചകൾ ഈ വിഷയം തെല്ലും സ്പർശിക്കുന്നില്ല. മാത്രമല്ല, അവ അപ്രസക്തമാണെന്നുകൂടി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുള്ളവർക്ക് സർക്കാർമേഖലയിലും ഭരണത്തിലും പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഭരണഘടന സംവിധാനമാണ്​ സംവരണം. അതിനു കാരണമുണ്ട്. ഇന്ത്യൻസമൂഹത്തിലെ അടിസ്ഥാനപ്രകൃതം വലിയൊരു വിഭാഗത്തിന് സ്വാഭാവികനീതി ഉറപ്പുവരുത്തുന്നില്ല. അതിന് ജാതി പ്രധാനകാരണമാണ്​. സ്വാഭാവികനീതി ലഭിക്കാത്തവർക്ക്​ ആധുനിക ജനാധിപത്യസമൂഹത്തിെൻറ സംവിധാനങ്ങളിലേക്ക് കടന്നുവരാൻ നിരവധി തടസ്സങ്ങളുണ്ടെന്നും അവ പരിഹരിക്കാൻ നിയമപരമായ സംവിധാനം വേണമെന്നുമാണ് സംവരണത്തിെൻറ അർഥം.

സ്വാഭാവികമായി പ്രാതിനിധ്യം ലഭിക്കാതെപോയ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണ് സംവരണം ലക്ഷ്യംവെച്ചത്. അതുകൊണ്ടാണ് ഇന്ത്യൻഭരണഘടന 16ാം വകുപ്പിൽ, ഏതെങ്കിലും വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്ന് ബോധ്യപ്പെട്ടാൽ ആ പ്രാതിനിധ്യം പൂർത്തീകരിക്കാനാണ്​ സംവരണവ്യവസ്ഥ എന്നു വ്യക്തമാക്കിയത്. ഇത് ഇന്ത്യൻ ജനാധിപത്യത്തിെൻറ കാതലായ സംവിധാനമാണ്. ജനാധിപത്യസമൂഹം പൂർണാർഥത്തിൽ പ്രവർത്തനക്ഷമമാകുന്നത് ആ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പുവരുേമ്പാൾ മാത്രമാണ്.

ഈയൊരു തത്ത്വത്തെയാണ് സാമ്പത്തിക മാനദണ്ഡം തിരുകിക്കയറ്റി അട്ടിമറിക്കാൻ പാർലമെൻറ് ശ്രമിച്ചത്. ഇപ്പോൾ കേരളത്തിൽ നടക്കുന്ന ചർച്ചകളിലെ ഒരു പൊതുവിമർശനം 1948 ലെ സ്ഥിതിയല്ല ഇന്ത്യൻസമൂഹത്തിൽ ഇപ്പോഴുള്ളത് എന്നാണ്​. തീർച്ചയായും തർക്കത്തിന് കാര്യമില്ലാത്ത പ്രഖ്യാപനമാണത്. എന്നാൽ, അന്ന് പട്ടികജാതി-പട്ടികവർഗക്കാരായി പരിഗണിക്കപ്പെട്ടവർ ഇന്നും വിവേചനത്തിൽനിന്ന്​ മുക്തരായിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ബിഷപ്പ് അടക്കമുള്ളവർ ഉത്തരം പറയേണ്ടത്.

ഇന്ത്യയിലെ എല്ലാ രാഷ്​ട്രീയപാർട്ടികളും ഒരുമിച്ചെടുത്ത തീരുമാനമെന്നാണ് പുതിയ സംവരണനീക്കത്തെ പറ്റിയുള്ള രണ്ടാമത്തെ വാദഗതി. 326 എം.പിമാർ പങ്കെടുത്ത പാർലമെൻറിൽ 323 പേർ അനുകൂലിച്ചും മൂന്നുപേർ എതിരായും വോട്ടുചെയ്തു. അതുെകാണ്ട് ഇത് ഇന്ത്യരാജ്യത്തിെൻറ അഭിലാഷമാണ്. ആ മൂന്നുപേർ കുറ്റക്കാരാണ് എന്നാണ് കഴിഞ്ഞ ദിവസം ലേഖനമെഴുതിയ ഒരു മതമേലധ്യക്ഷ​െൻറ വാദം. പാർലമെൻറിലെ മൃഗീയഭൂരിപക്ഷം എന്തും നടപ്പാക്കാനുള്ള അധികാരമാണെന്ന് കരുതുന്നത്​ ജനാധിപത്യവിരുദ്ധതയാണ്​. മൃഗീയഭൂരിപക്ഷം കൊണ്ട് തീരുമാനം ശരിയാവണമെന്നില്ല. മുസ്​ലിംലീഗിലെ രണ്ട് എം.പിമാരും അസദുദ്ദീൻ ഉവൈസിയുമാണ് എതിർത്ത് വോട്ട് ചെയ്തവർ.

ഇവർ എന്തോ മഹാ കുറ്റകൃത്യം ചെയ്തു എന്നാണ് ഇപ്പോൾ കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. അവർ യഥാർഥത്തിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച ഒരു മൂല്യത്തെ തകർക്കാൻ പാടില്ല എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്? മാത്രവുമല്ല, ഇന്ത്യൻപാർലമെൻറിൽ ഹിന്ദുത്വശക്​തികൾക്കുള്ള മൃഗീയ ഭൂരിപക്ഷമുപയോഗിച്ച്​ അവർ സംവരണത്തെ അട്ടിമറിച്ചതും കശ്​മീരിനെ വെട്ടിമുറിച്ചതും ഇന്ത്യൻ പൗരത്വനിയമത്തെ ഭേദഗതി ചെയ്​തതും അതോടൊപ്പം തന്നെ ഇപ്പോൾ ന്യൂനപക്ഷാവകാശത്തിനെതിരെ വാളോങ്ങിനിൽക്കുന്നതും എന്ന കാര്യം ഇൗ മതമേലധ്യക്ഷൻ മറന്നുപോകരുത്​.

പാവപ്പെട്ടവരെ രക്ഷിക്കാൻ എന്ന വ്യാജേന െകാണ്ടുവന്ന പുതിയ സംവരണനിയമം നടപ്പാക്കിത്തുടങ്ങുേമ്പാൾ ഉണ്ടാകുന്നതെന്തെന്നുകൂടി സവർണസംവരണത്തിന് വാദിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. 103ാം ഭേദഗതിയിലൂടെ ഉണ്ടായ നിയമത്തെപ്പോലും ദുർവ്യാഖ്യാനം ചെയ്തും വെള്ളം ചേർത്തും അതിെൻറ മാനദണ്ഡങ്ങളെ അട്ടിമറിച്ചുമാണ് കേരളത്തിൽ അത്​ നടപ്പാക്കുന്നത്. ഈ നിയമത്തിൽ ഒരിടത്തും 10 ശതമാനം സംവരണം നൽകണമെന്നല്ല, ഏറിയാൽ 10 ശതമാനംവരെ നൽകാം എന്നാണ്​പറയുന്നത്​.

അത്​ നൽകാനുള്ള പൂർണമായ അവകാശം സംസ്ഥാന ഗവൺമെൻറിനാണെന്നും എടുത്തുപറയുന്നുണ്ട്​. സവർണരിലെ ദരി​ദ്രർ എത്ര, അത്​ എത്ര ശതമാനം വരും എന്നൊക്കെ സർക്കാർ പരിശോധിക്കണം. വസ്തുതാപരമായ കണക്കുകളെടുത്ത്​ അതി​െൻറ അടിസ്​ഥാനത്തിലാണ്​ എത്ര ശതമാനം നൽകണമെന്ന്​ തീരുമാനിക്കേണ്ടത്. നിയമം നടപ്പാക്കുേമ്പാൾ വസ്തുതാപരമായ കണക്ക് ശേഖരിക്കുക എന്ന അതിപ്രധാന ഉത്തരവാദിത്തത്തിൽ നിന്ന്​ പിണറായി വിജയൻ ഗവൺമെൻറ് പിന്മാറി. മാത്രമല്ല, ശശിധരൻ നായർ കമീഷനെ നിയോഗിച്ച്​ കേന്ദ്ര മാനദണ്ഡങ്ങളെ അട്ടിമറിക്കുകയും ചെയ്തു.

കേന്ദ്ര മാനദണ്ഡങ്ങൾ പ്രകാരം പരിശോധിച്ചാൽ കേരളത്തിൽ സവർണവിഭാഗങ്ങളിൽ ദരിദ്രരെ കണ്ടുപിടിക്കാൻ സാധ്യമല്ലെന്നാണ്​ ശശിധരൻ നായർ കമീഷൻ റിപ്പോർട്ടിൽ പറയുന്നത്​. അതുകൊണ്ട് മാനദണ്ഡം മാറ്റണമെന്നാണ്​ കമീഷൻ തന്നെ പറയുന്നത്. നാല് ലക്ഷം വാർഷിക വരുമാനം, ഗ്രാമത്തിൽ രണ്ടരയേക്കർ ഭൂമി, നഗരത്തിൽ 75 സെൻറ്, കോർപറേഷനിൽ 50 സെൻറ് ഭൂമി എന്നിവയുള്ളവർ അർഹർ എന്നാണ് കമീഷൻ പറയുന്നത്. അതിനെ ഏകപക്ഷീയമായി ന്യായീകരിച്ച്​ 10 ശതമാനം എന്ന് പ്രഖ്യാപിച്ച് ഏതുവിധേനയും ഇത്​ നടപ്പിലാക്കാനുള്ള വ്യഗ്രതയാണ് പിണറായി കാണിച്ചത് എന്നാണ് സംവരണീയസമുദായങ്ങളുടെ പ്രധാന വിമർശനങ്ങളിൽ ഒന്ന്.

തത്ത്വദീക്ഷയില്ലാതെയാണ് ഇത് നടപ്പാക്കിയത്​ എന്നതിെൻറ കണക്കുകൾ പുറത്തുവന്നുതുടങ്ങി. എം.ബി.ബി.എസ്, ഹയർ സെക്കൻഡറി പ്രവേശനമൊക്കെ സൂചിപ്പിക്കുന്നത് സാമൂഹികയാഥാർഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാതെ കുറെ അധികസീറ്റുകൾ അലോട്ട് ചെയ്യുന്ന ഒരു പ്രവണതക്ക് ഇവിടെ തുടക്കം കുറിച്ചിട്ടുണ്ട് എന്നാണ്​. കേരളത്തിൽ 49.5 ശതമാനം സംവരണമാണ്. അതിന് പരിക്കേൽക്കാതെ വേണം പുതിയത് നടപ്പാക്കാൻ. 100 സീറ്റുണ്ടെങ്കിൽ 50 സീറ്റുകൾക്ക് പരിക്കേൽക്കാതെ വേണം ഇത് ചെയ്യാൻ.

അതിൽ 10 ശതമാനം എന്നുപറഞ്ഞാൽ അഞ്ച് സീറ്റുകളേ വരൂ. എന്നാൽ, ഇവിടെ സവർണ ഉദ്യോഗസ്ഥ മാഫിയ പരിപൂർണമായും അട്ടിമറിച്ച്​ മുഴുവൻ സീറ്റിെൻറയും 10 ശതമാനം നൽകാനുള്ള അതീവ വ്യഗ്രതയാണ് കാണിക്കുന്നത്. ഇതിലൂടെ പട്ടിക ജാതി-പട്ടികവർഗം അടക്കമുള്ള വിഭാഗങ്ങൾ പിന്തള്ളപ്പെടുകയും മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കമായവർ (ഇ.ഡബ്ല്യു.എസ്) വലിയ ആനുകൂല്യങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. ഇത് തുടർന്നാൽ അധികം വൈകാതെതന്നെ സംവരണവിഭാഗങ്ങൾ ഈ മേഖലയിൽനിന്നും മാറ്റിനിർത്തപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

ഇതിന് മുമ്പുള്ള സംവരണീയരുടെ അനുഭവങ്ങൾ വെച്ചുതന്നെ അത് പറയാനാകും. നിലവിലെ സംവരണ വിഭാഗങ്ങളിൽ 90 ശതമാനത്തിനും ഇനിയും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. അത്​ പൂർത്തിയാക്കാൻ ഒരു ശുഷ്കാന്തിയും കാണിക്കാത്ത ഗവൺമെൻറും ഉദ്യോഗസ്ഥവൃന്ദവുമാണ് എത്രയും പെട്ടെന്ന് മുന്നാക്കസംവരണം നടപ്പാക്കിയെടുക്കാൻ പരിശ്രമിക്കുന്നത് എന്നത് സവർണസമുദായ പ്രീണനമാണ് എന്നുപറഞ്ഞാൽ അതിശയോക്തിയല്ല.

കേരളത്തിൽ സംവരണീയസമൂഹങ്ങളുടെ ഒരു മുന്നണി നേരത്തേ തന്നെ നിലവിലുണ്ട്; സംവരണ സമുദായമുന്നണി. മുന്നണി യോഗം മുസ്​ലിംലീഗ് വിളിച്ചുചേർത്തു. അതിൽ പങ്കെടുത്തയാളാണ് ഞാൻ. മത്സ്യത്തൊഴിലാളി, പട്ടികജാതി-പട്ടികവർഗ, ദലിത്, ക്രിസ്​​ത്യൻ, മുസ്​ലിംനേതാക്കൾ ഇൗ യോഗത്തിൽ പ​െങ്കടുത്തിട്ടുണ്ട്​. ജമാഅത്തെ ഇസ്​ലാമി ബംഗ്ലാദേശിൽ വലിയ കുഴപ്പം പിടിച്ച ഒരു സംഘടനയാണ് എന്നൊക്കെ ആർച്ച് ബിഷപ്പ് പറയുേമ്പാൾ നമ്മൾ ശ്രദ്ധിക്കണം. ഇന്ത്യയിൽ നിരോധിച്ചിട്ടില്ലാത്ത ഒരു സംഘടനയെക്കുറിച്ചാണ് ഈ പറയുന്നതെന്ന ഉത്തരവാദിത്തബോധം അദ്ദേഹത്തിന് വേണം.

അതുപോലും മാനിക്കാതെ ഇവരെല്ലാം വലിയ അപകടകാരികളാണെന്ന് ആർ.എസ്.എസ് പറയും പോലെയാണ് പെരുന്തോട്ടം തിരുമേനി കേരളത്തോട് പറയുന്നത്. എല്ലാ സംവരണീയവിഭാഗങ്ങളും ഒരുമിച്ചുനിന്ന് ഈ അനീതിക്കെതിരെ വിരൽചൂണ്ടുേമ്പാൾ മുസ്​ലിംലീഗ് വലിയ വർഗീയവത്കരണം നടത്തുന്നു എന്ന വലിയ കുപ്രചാരണമാണ് നടത്തുന്നത്. ആ കുപ്രചാരണം നടത്തി മുസ്​ലിംസമൂഹത്തെ ഒറ്റപ്പെടുത്താനും അതിലൂടെ സംവരണീയരെ ദുർബലപ്പെടുത്താനുമുള്ള ഗൂഢതന്ത്രമാണ് സവർണക്രിസ്ത്യാനിയും എൻ.എസ്.എസും കമ്യൂണിസ്​റ്റുകളും ആർ.എസ്.എസും ചേർന്നു നടത്തുന്നത്. ഇതിലൂടെ സംവരണീയവിഭാഗങ്ങളിലെ നേതാക്കളെപ്പോലും മറുകണ്ടം ചാടിക്കാൻ ശ്രമിക്കുന്നു. അതാണ് വെള്ളാപ്പള്ളി നടേശ​െൻറ നിലപാടിെൻറ പ്രത്യേകത. എന്ത്​ അടിസ്ഥാനത്തിലാണ് അതങ്ങ് നടന്നോട്ടെ എന്ന് അദ്ദേഹം പറയുന്നത്​?

കേരളത്തിലെ സംവരണീയസമുദായങ്ങൾ ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം സർക്കാറിനു മുന്നിൽ എത്ര കണക്കുണ്ട്, അത് എത്രമാത്രം ശാസ്ത്രീയമാണ് എന്ന്​ വെളിപ്പെടുത്തണമെന്നാണ്​. എല്ലാ വിഭാഗക്കാരുമടങ്ങുന്ന കമീഷൻ അത് പരിശോധിക്കട്ടെ. പുതിയ പഠനം നടത്തി ആ ശിപാർശകൾക്ക്​ അനുസൃതമായത്​ നടപ്പിലാക്ക​െട്ട. കേരളത്തിലെ ക്രൈസ്തവ, എൻ.എസ്.എസ് അടക്കമുള്ളവർ കൊണ്ടുനടത്തുന്ന നൂറുകണക്കിന് എയ്ഡഡ് സ്കൂളുകളും കോളജുകളുമുണ്ട്​. അവിടങ്ങളിൽ ശമ്പളം കൊടുക്കുന്നത് സർക്കാറാണ്. അവിടെ ഇൗ സാമൂഹികനീതിയുടെ ബാലപാഠം പോലും നടപ്പിലാക്കിയിട്ടില്ല. സ്വന്തം പാത്രത്തിലെ വിഭവങ്ങൾ മൂടിവെച്ചിട്ട് അതിെൻറ പുറത്തോട്ട് വിളമ്പിക്കോളൂ എന്ന പെരുന്തോട്ടത്തിെൻറ അതിസാമർഥ്യം ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reservation IssuesewsSunny M. Kapicadu
News Summary - Strange alliance to break the reservation
Next Story