Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രതിമകളും...

പ്രതിമകളും രാഷ്​ട്രനിർമാണവും

text_fields
bookmark_border
പ്രതിമകളും രാഷ്​ട്രനിർമാണവും
cancel

ചില പ്രത്യേക ദിനങ്ങളും തീയതികളും രാജ്യങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. രാജ്യപ്പിറവിയോ മഹാസംഭവങ്ങളോ മഹാ ത്മാക്കളുടെ ജന്മദിനമോ ഒക്കെ ഇതിൽപ്പെടുന്നു. എന്നാൽ, ഇത്തരം ദിനങ്ങൾക്ക് സാമൂഹിക പ്രസക്​തി ഉണ്ടാവുന്നത് അവയുടെ ആഘോഷത്തിലല്ല; അവ പ്രതിനിധാനംചെയ്യുന്ന ചില മൂല്യങ്ങളിലും നൽകുന്ന വാഗ്ദാനങ്ങളിലുമാണ്. അതുവരെ നിഷേധിക്കപ്പെട്ട കാര്യങ്ങൾ – സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം തുടങ്ങിയവ– അവ നമ്മുടെ മുന്നിൽ വെക്കുന്നു. ഉദാഹരണമായി സ്വാതന്ത്ര്യത്തി​​െൻറ തുറസ്സിനെക്കുറിച്ച് ആഗസ്​റ്റ്​​ 15 നമ്മെ ഓർമപ്പെടുത്തുന്നെങ്കിൽ, ഒക്ടോബർ രണ്ട്​ മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശം നൽകുന്നു. ഈ അർഥത്തിൽ തീയതികൾ കോറിയിടുന്നത് ചരിത്രസ്​മരണകൾ മാത്രമല്ല, ഭാവി പ്രതീക്ഷകൾ കൂടിയാണ്.

ഇന്ത്യൻ രാഷ്​ട്രീയത്തിൽ ഇന്ന് മറ്റൊരു തരത്തിലുള്ള ഓർമപ്പെടുത്തൽകൂടി ഇടംപിടിച്ചിരിക്കുന്നു. ചരിത്രപുരുഷന്മാരുടെ കൂറ്റൻ പ്രതിമകൾക്ക് ചുറ്റുമാണ് അത് വട്ടം കറങ്ങുന്നത്. 2989 കോടി രൂപ മുതൽമുടക്കി സർദാർ വല്ലഭായി പട്ടേലി​​െൻറ കൂറ്റൻ പ്രതിമ സർക്കാർ സ്​ഥാപിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. അയോധ്യയിൽ ശ്രീരാമ​​​െൻറ പ്രതിമ സ്​ഥാപിക്കാൻ കോർപറേറ്റുകൾ, അവരുടെ സാമൂഹിക ഉത്തരവാദിത്തമായി (corporate social responsibility) കണ്ട്, 330 കോടി രൂപ സംഭാവനയായി നൽകണമെന്ന് യു.പി മുഖ്യമന്ത്രി ആദിത്യനാഥ് ആവശ്യപ്പെട്ടത് മറ്റൊരു പ്രതിമ നിർമാണത്തി​​െൻറ സാധ്യതക്ക്​ വഴിയൊരുക്കുന്നു.

ഇന്ത്യയിൽ പ്രതിമകൾ സ്​ഥാപിക്കുന്നത് ഇതാദ്യമാണെന്നല്ല പറഞ്ഞുവരുന്നത്. ഇതിന് മുമ്പും ആയിരക്കണക്കിന് പ്രതിമകൾ രാജ്യത്തെമ്പാടും സ്​ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ പ്രതിമനിർമാണത്തി​​െൻറ പ്രത്യേകത, വൻ മുതൽമുടക്കുള്ള മത്സരമായി അത് മാറിയിരിക്കുന്നു എന്നതാണ്. ഇക്കാര്യത്തിൽ നാം മറ്റു രാജ്യങ്ങളുമായി മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നതു പോലെ തോന്നുന്നു. ലോകത്തെ ഏറ്റവും വലിയ പ്രതിമയാണല്ലോ സർദാർ പട്ടേലി​േൻറത് (182 മീറ്റർ), തൊട്ടടുത്ത പ്രതിമയെക്കാൾ (ചൈനയിലെ ബുദ്ധപ്രതിമ) 29 മീറ്റർ കൂടുതൽ ഉയരം. വൻസാമ്പത്തിക ശക്​തിയായി ഇന്ത്യക്ക്​ മാറാനായില്ലെങ്കിലും വൻ ‘പ്രതിമശക്​തിയായി’ മാറാനായെന്നതിൽ നമുക്ക് സന്തോഷിക്കാം.

ഇതി​​െൻറ പിന്നിലെ രാഷ്​ട്രീയം വളരെ ലളിതമാണ്. ചരിത്രം ഇല്ലാത്തൊരു രാഷ്​ട്രീയ പ്രസ്​ഥാനം ചരിത്രത്തിൽ ഇടംതേടാൻ ശ്രമിക്കുകയാണ്. ഇതിലേക്കുള്ള ഒരു മാർഗം, ചരിത്രപുരുഷന്മാരെ സ്വന്തമാക്കുകയാണ്. 2016ൽ ശ്രീനാരായണഗുരുവിനെ ഹിന്ദുസന്യാസി എന്നും അംബേദ്കറെ ദേശീയ ഹിന്ദു എന്നും വിശേഷിപ്പിച്ചത് ഇതി​​െൻറ ആദ്യ ചുവടുവെപ്പായിരുന്നു. ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത് സുഭാഷ്ചന്ദ്ര ബോസിനെയും സർദാർ പട്ടേലിനെയുമാണ്.

ചരിത്രമുള്ള രാഷ്​ട്രീയപാർട്ടികളുടെ നേതാക്കളുടെ പ്രതിമകൾ നശിപ്പിക്കുക എന്നത് ഇതി​​െൻറ മറുവശമാണ്. അസംബ്ലി ​െതരഞ്ഞെടുപ്പിനെ തുടർന്ന് ത്രിപുരയിൽ നാം കണ്ടത് ഇതാണ്. മധ്യപ്രദേശിൽ അംബേദ്കർ പ്രതിമകളും തമിഴ്നാട്ടിൽ പെരിയാർ പ്രതിമകളും ഈ വിധം തകർക്കുകയുണ്ടായി.

ഈവിധം ചരിത്രം ഉണ്ടാക്കാനും ചരിത്രത്തെ നശിപ്പിക്കാനും മാത്രമല്ല പ്രതിമകളെ ഉപയോഗപ്പെടുത്തുന്നത്. അവർണരുടെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള മാർഗവും പ്രതിമകൾ വെട്ടിത്തെളിക്കുന്നു. മഹാരാഷ്​ട്രയിലെ ഷാലുഭായ് കസ്​ബ എന്ന ദലിത് ജനപ്രതിനിധിയുടെ അനുഭവം ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. 2011ൽ വാഗോലി ഗ്രാമത്തിലെ (ഉസ്​മാനാബാദ് ജില്ല) പഞ്ചായത്ത് സർപഞ്ചായി ​െതരഞ്ഞെടുക്കപ്പെട്ട അവർ ഓഫിസിൽ എത്തിയപ്പോൾ കണ്ടത് ത​​​െൻറ മേശപ്പുറത്ത് നിറഞ്ഞുനിൽക്കുന്ന ഛത്രപതി ശിവജിയുടെ പ്രതിമയാണ്. അവരുടെ അധികാരം ചോദ്യംചെയ്യാൻ സവർണർ കണ്ടുപിടിച്ച മാർഗം ഇതാണ്. തന്മൂലം അധികാരത്തിൽ തുടർന്ന അഞ്ചു വർഷവും മേശയില്ലാതെ അവർക്ക് പ്രവർത്തിക്കേണ്ടി വന്നു. ഭരണഘടനാദത്തമായ അധികാരത്തെ ജാതിദത്തമായ അധികാരം നിഷ്പ്രഭമാക്കിയ സംഭവമായി അത് നിൽക്കുന്നു.

വല്ലഭഭായിപട്ടേലി​​െൻറ പ്രതിമയെ ഏകതപ്രതിമ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തി​​െൻറ ഐക്യത്തി​​െൻറയും അഖണ്ഡതയുടെയും പ്രതീകം. ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നു. കേവലം ഒരു പ്രതിമ കൊണ്ട് നേടാനാവുന്നതാണോ ഐക്യം? പട്ടേലിനോടും അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളോടും തികഞ്ഞ ആദരവ് പുലർത്തിക്കൊണ്ട് ചോദിക്കട്ടെ, അങ്ങനെയായിരുന്നെങ്കിൽ നാം ഉയർത്തേണ്ടിയിരുന്നത് ഗാന്ധിജിയുടെ പ്രതിമയായിരുന്നില്ലേ?

ഒരു രാജ്യത്തി​​െൻറ ചരിത്രത്തിൽ പ്രതീകങ്ങൾക്ക് വലിയ സ്​ഥാനം ഉണ്ടെങ്കിലും ജനങ്ങളിൽ ഐക്യം ഉൗട്ടി ഉറപ്പിക്കാനുള്ള അവയുടെ കഴിവിന് മൗലികമായ ചില പരിമിതികൾ ഉണ്ട്. ഇക്കാര്യത്തിൽ മുഖ്യ പങ്ക് ഭരണകൂടത്തിനാണ്. അതിന് ജനങ്ങളിൽ വിശ്വാസം ഉളവാക്കാനും നീതി ഉറപ്പാക്കാനും കഴിയണം. നീതിന്യായവ്യവസ്​ഥ ശ്രദ്ധപതിപ്പിക്കേണ്ടത് കുറ്റക്കാരെ ശിക്ഷിക്കാൻ മാത്രമല്ല, രാഷ്​ട്രശരീരത്തെ ​വ്രണപ്പെടുത്തുന്ന ഓർമകൾ ഉണക്കാൻ കൂടിയാവണം. ഇത്തരം ഓർമകൾ ഉണങ്ങുമ്പോഴാണ് ജനങ്ങളിൽ പരസ്​പരവിശ്വാസം ഉടലെടുക്കുന്നത്. ഇക്കാരണത്താലാണ് നീതിയെക്കുറിച്ച് പറയുമ്പോൾ, ജാക്വസ്​ ദെറിദ, ‘ഓർമയുടെ ഉത്തരവാദിത്തത്തെക്കുറിച്ച്’ (responsibility of memory) സൂചിപ്പിക്കുന്നത്. നിർഭാഗ്യവശാൽ നമ്മുടെ ഭരണകൂടം ശ്രമിക്കുന്നത്, ഓർമകളെ ഉത്തരവാദിത്തരഹിതമാക്കാനാണ്, ഇന്ത്യാവിഭജനത്തിൽ കലാശിച്ച ഹിന്ദു– മുസ്​ലിം അവിശ്വാസത്തി​​െൻറ തീക്കനലുകളെ ഉൗതിക്കത്തിക്കാനാണ്.

രാജ്യത്തി​​െൻറ ഐക്യത്തിന് പരസ്​പരവിശ്വാസം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഒരുദാഹരണം കൊണ്ട് വ്യക്​തമാക്കാം. എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്ന സാദത്ത് ഹസൻ മ​ൺടോ താൻ ഇന്ത്യവിട്ട് പാകിസ്​താനിലേക്ക് പോകാൻ തീരുമാനിച്ചതി​​െൻറ പിന്നിൽ ഒരു വലിയ സംഭവമുണ്ടെന്ന് ഓർമക്കുറിപ്പിൽ പറയുന്നുണ്ട്. ഇന്ത്യ വിഭജനത്തി​​െൻറ നാളുകളിൽ ഒരു ദിവസം മൺടോയോടും ഉറ്റ സുഹൃത്തായിരുന്ന ശ്യാമിനോടും പാകിസ്​താനിൽനിന്ന് പലായനംചെയ്തൊരു സിഖ്​ കുടുംബം അവർക്ക് അവിടെ നേരിടേണ്ടിവന്ന തിക്​താനുഭവങ്ങൾ വിവരിക്കുന്നതാണ് പശ്ചാത്തലം. വിവരണത്തിനൊടുവിൽ അതിനോടുള്ള ശ്യാമി​​െൻറ പ്രതികരണം ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘അത് കേട്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് താങ്കളോട് പ്രതികാരം ചെയ്യാൻ തോന്നിയെങ്കിലും ഇപ്പോൾ ആ വികാരം കെട്ടടങ്ങി.’ ഇത് മൺടോക്ക്​ വല്ലാത്തൊരു ഷോക്കാവുകയും ഇതോടെ ഇന്ത്യവിടാൻ അങ്ങേയറ്റം വ്യസനത്തോടെ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.

1940കളിൽ നഷ്​ടപ്പെട്ട ആ വിശ്വാസം ഇനിയും നമുക്ക് തിരിച്ചു പിടിക്കാനായിട്ടില്ല എന്നതാണ് വാസ്​തവം. അത് വീണ്ടെടുക്കാൻ പ്രതിമകൾ തീരെ അശക്​തരുമാണ്. സ്വാതന്ത്ര്യസമരകാലത്ത് ദേശീയതയെക്കുറിച്ചും ഇന്ത്യയെ മഥിച്ചിരുന്ന മറ്റു സമസ്യകളെക്കുറിച്ചും സജീവമായി ചർച്ചചെയ്ത മൂന്നുപേർ ഗാന്ധിജിയും ടാഗോറും അംബേദ്​കറുമായിരുന്നല്ലോ. മൂന്നുപേരും മൂന്ന് രീതിയിലാണ് പ്രശ്നങ്ങളെ സമീപിച്ചത്. ഗാന്ധിജി പരസ്​പരവിശ്വാസത്തിനും (trust) ടാഗോർ സാർവലൗകികതക്കും അംബേദ്ക്കർ ജാതി സമ്പ്രദായം പോലെയുള്ള സ്​ഥാപനങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ഉൗന്നൽ നൽകി. എല്ലാ അതിർവരമ്പുകൾക്കും അപ്പുറമുള്ള മനുഷ്യത്വമാണ് അഖണ്ഡതയുടെ ആധാരശില എന്ന കാര്യത്തിൽ മൂവരും യോജിക്കുന്നു എന്ന് ഇത് വെളിപ്പെടുത്തുന്നു. നിർഭാഗ്യവശാൽ ഇതിലാണ് നമ്മുടെ ഭരണകൂടം നിരന്തരം പരാജയപ്പെടുന്നതും. ഭരണകൂടം പരാജയപ്പെടുന്നിടത്ത് പ്രതിമകൾക്ക് വിജയിക്കാനാവില്ല തന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsStatue of UnityBuild New Country
News Summary - Statues and Construction Of the Country - Article
Next Story