Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

വിദൂരവിദ്യാഭ്യാസത്തിനൊരു ഒൗപചാരിക സംവിധാനം

text_fields
bookmark_border
വിദൂരവിദ്യാഭ്യാസത്തിനൊരു ഒൗപചാരിക സംവിധാനം
cancel

സാമൂഹിക പരിഷ്കരണത്തിനും അനൗപചാരിക വിദ്യാഭ്യാസത്തി​െൻറ പ്രചാരണത്തിനും ജീവിതം ഉഴിഞ്ഞുവെച്ച മലയാളക്കരയുടെ അഭിമാനഭാജനമായ ശ്രീനാരായണ ഗുരുവി​െൻറ നാമധേയത്തിലാണ് സംസ്ഥാനത്തെ പ്രഥമ ഓപൺ സർവകലാശാല സ്ഥാപിതമാകുന്നത്. പുതിയ വൈജ്ഞാനിക സംരംഭത്തി​െൻറ ആസ്ഥാനമായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത് കൊല്ലമാണ്.

ആധുനിക സാങ്കേതികശാസ്ത്ര സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി എല്ലാ മേഖലകളിലുമുള്ള ഉന്നതവിദ്യാഭ്യാസം വിദൂര വിദ്യാഭ്യാസ മാതൃകയില്‍ പ്രദാനം ചെയ്യുകയാണ് ഓപൺ യൂനിവേഴ്സിറ്റിയുടെ ലക്ഷ്യം. ഇന്ത്യയിൽ 1985ൽ രണ്ട് ഡിപ്ലോമ കോഴ്‌സുകളും 4000 പഠിതാക്കളുമായി ആരംഭിച്ച ഇന്ദിര ഗാന്ധി ദേശീയ ഓപൺ സർവകലാശാല, ഇന്ന് ഇരുനൂറോളം വ്യത്യസ്ത കോഴ്‌സുകളുള്ള 30 ലക്ഷത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ബൃഹദ്​സ്ഥാപനമായി വളർന്നുപന്തലിച്ചു നിൽക്കുന്നു. നൂതന സാങ്കേതികവിദ്യകളും ബോധനരീതികളുമായി 'ഇഗ്​നോ' കുതിപ്പ് തുടരുന്നു.

കേരളത്തിൽ 14 സംസ്ഥാന സർവകലാശാലകളും ഒരു കേന്ദ്ര സർവകലാശാലയുമാണ് നിലവിലുള്ളത്. ഇതിൽ മെഡിക്കൽ, സാങ്കേതികം, അഗ്രികൾചർ, ഫിഷറീസ്, വെറ്ററിനറി, നിയമം, കലാമണ്ഡലം എന്നീ ഏഴു സർവകലാശാലകൾ അതതു വിഷയങ്ങളിലെ പഠനകോഴ്‌സുകൾ മാത്രം നൽകുന്നു. മറ്റുള്ളവ ഭാഷ, ശാസ്ത്രം, മാനവികം തുടങ്ങിയ വിഷയങ്ങളിലെല്ലാമുള്ള ഡിഗ്രി, പി.ജി, എം.ഫിൽ, പിഎച്ച്.ഡി പ്രോഗ്രാമുകൾ നടത്തിവരുന്നു. ഇതിനുപുറമെയാണ്, കേരള, എംജി, കാലിക്കറ്റ് സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങൾ. ഏകദേശം ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് ഓരോ വർഷവും ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്​. നിലവിലെ സ്ഥിതിയിൽ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർവകലാശാലകൾക്ക് സാധിക്കുന്നില്ല എന്ന വിമർശനം നിലനിൽക്കുന്നുണ്ട്. വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ ലഭ്യമാക്കുന്നതിനും നേരിട്ടുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടത്തുന്നതിനും കഴിയാത്ത അവസ്ഥയുമുണ്ട്. വിദ്യാർഥികളുടെ ആധിക്യമാണ് പലപ്പോഴും കാരണമായി പറയാറ്. അവക്കെല്ലാം ശാശ്വതപരിഹാരമാണ് ഓപൺ സർവകലാശാല സ്ഥാപനത്തിലൂടെ സർക്കാർ ആഗ്രഹിക്കുന്നത്.

വിവിധ സർവകലാശാലകൾക്കു കീഴിലുള്ള ഡിസ്​റ്റൻസ് സെൻററുകളിലെ മഹാഭൂരിഭാഗം വിദ്യാർഥികളും പഠനാവശ്യങ്ങൾക്കായി സ്വകാര്യ ട്യൂഷൻ സെൻററുകളെയാണ് ആശ്രയിക്കുന്നത്. പരമ്പരാഗത കോഴ്‌സുകൾ മാത്രമേ നിലവിലെ കേന്ദ്രങ്ങൾ മുഖേന വിദ്യാർഥികൾക്ക് ലഭിക്കുന്നുള്ളൂ. നൈപുണ്യ വികസനത്തിനും മറ്റു തൊഴിലധിഷ്ഠിത കോഴ്‌സുകൾക്കും വിദൂരവിദ്യാഭ്യാസകേന്ദ്രങ്ങളിൽ അവസരമില്ലതാനും.

ഔപചാരികവിദ്യാഭ്യാസം അപ്രാപ്യമായ ജനവിഭാഗങ്ങളെക്കൂടി പൊതുധാരയിലേക്ക് എത്തിക്കുന്നതിനും അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്കും വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും തുടർവിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനും വിവിധ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്, ഔപചാരികവിദ്യാഭ്യാസത്തിനു സമാനമായ ഘടനയിൽ പുനഃസംഘടിപ്പിക്കാനുമുള്ള ആലോചനകളാണ് ഓപൺ സർവകലാശാലയുടെ പിറവിയിലേക്ക് നയിച്ചത്.

സംസ്ഥാന ഓപൺ യൂനിവേഴ്സിറ്റി സ്ഥാപിതമാകുന്നതോടുകൂടി സമൂഹത്തിലെ നാനാ തുറയിലുള്ളവർക്കും പ്രത്യേകിച്ച് ഉള്‍പ്രദേശങ്ങളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന പാര്‍ശ്വവത്​കൃതർക്കും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും മുഴുസമയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ വിഷയങ്ങളില്‍ അഭിരുചിക്കനുസരിച്ച പഠനം നടത്തി അറിവ് നേടാനും മെച്ചപ്പെട്ട ജോലികൾ കരസ്ഥമാക്കാനും ഇതിലൂടെ അവസരമൊരുങ്ങും. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പ്രഫഷനലിസം വർധിപ്പിക്കാനും തൊഴിൽ പ്രാവീണ്യം കൂടുതൽ അഭിവൃദ്ധിപ്പെടുത്താനും അവസരമൊരുങ്ങും.

സംസ്ഥാനത്തെ മറ്റു സർവകലാശാലകളിലോ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഏതെങ്കിലും സ്ഥാപനത്തിലോ പഠനകോഴ്സ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍, ​െക്രഡിറ്റ് ട്രാൻസ്ഫർ നടത്തി ഒാപൺ യൂനിവേഴ്സിറ്റിയിൽ തുടര്‍പഠനത്തിനു അവസരമുണ്ടാകും.

അത്യന്താധുനിക രീതികളിലുള്ള പഠനകോഴ്സുകളും അവയുടെ കോമ്പിനേഷനുകളും കേരളത്തിൽ സംവിധാനിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റ് സർവകലാശാലകള്‍, അഫിലിയേറ്റഡ് സ്ഥാപനങ്ങൾ, ഗവേഷണ ഇൻസ്​റ്റിറ്റ്യൂട്ടുകൾ, വ്യവസായസംരംഭങ്ങൾ എന്നിവയുമായി സ്ഥാപനം കരാറിലേർപ്പെടും.

കേരള ഗവർണര്‍ യൂനിവേഴ്സിറ്റി ചാൻസലറും ഉന്നത വിദ്യാഭ്യാസമന്ത്രി പ്രോ ചാൻസലറും ആയിരിക്കും. വൈസ് ചാൻസലര്‍, പ്രോ വൈസ് ചാൻസലര്‍, രജിസ്ട്രാര്‍, ഫിനാൻസ് ഓഫിസര്‍, പരീക്ഷാ കണ്‍ട്രോളര്‍, സൈബര്‍ കണ്‍ട്രോളര്‍, പഠന സ്കൂള്‍ ഡയറക്ടര്‍മാര്‍, റീജനല്‍ കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാര്‍ എന്നിങ്ങനെ മറ്റുദ്യോഗസ്ഥരും ഉണ്ടാകും. സർവകലാശാലയുടെ ആസ്ഥാനത്തിനു പുറമെ പ്രാരംഭ ഘട്ടത്തിൽ നാല് പ്രാദേശിക കേന്ദ്രങ്ങളും സ്ഥാപിതമാകും.

പ്രാരംഭ ഘട്ടത്തിൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ്, സ്‌കൂൾ ഓഫ് ലാംഗ്വേജസ്‌, സ്‌കൂൾ ഓഫ് സയൻസസ്, സ്‌കൂൾ ഓഫ് ബിസിനസ്​ ആൻഡ്​ ഡെവലപ്മെൻറൽ സ്​റ്റഡീസ്, സ്‌കൂൾ ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ്​ ഇൻഫർമേഷൻ സയൻസസ്, സ്‌കൂൾ ഓഫ് വൊക്കേഷനൽ എജുക്കേഷൻ ആൻഡ്​ ട്രെയിനിങ് എന്നിങ്ങനെ ആറു പഠനസ്‌കൂളുകളാണ് ഓപൺ യൂനിവേഴ്സിറ്റിയിൽ ആരംഭിക്കുന്നത്.

പരമ്പരാഗത സർവകലാശാലകളുടെ സുദൃഢമായ ചട്ടക്കൂടുകൾക്ക് പുറത്തുള്ള വിശാലമായ വിജ്ഞാന സാഗരത്തിലേക്ക് ഈ സർവകലാശാല വാതിലുകൾ തുറന്നിടുമെന്നുറപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distance educationOpen Universitysreenarayana guru open university
Next Story