ശിവഗിരിക്കുന്നിലെ പള്ളി
text_fieldsഗുരു വർക്കല തോട് വഴി വള്ളത്തിൽ പോകവെ, അരിവാളത്ത് എത്തിയപ്പോൾ തോണിക്കാരനോട് തുഴച്ചിൽ നിർത്താൻ പറഞ്ഞു. ശേഷം ഒരു അനുയായിയെ തൊടിയിൽ വീട്ടിലേക്ക് അയച്ച്, അബ്ദുൽ അസീസ് മുസ്ലിയാർ ഉണ്ടോ എന്ന് നോക്കി. അവിടെയുണ്ട്. ‘ഗുരുദേവൻ വിളിക്കുന്നു’ എന്ന് അനുയായി മുസ്ലിയാരെ അറിയിച്ചു. . ‘ഞാൻ വരുന്നില്ല’ എന്നായിരുന്നു മുസ്ലിയാരുടെ മറുപടി. പോയ ആൾ വരാൻ വൈകിയതുകൊണ്ട് ഗുരു വീട്ടിലേക്ക് കടന്നുചെന്നു. ഗുരുവിനെ
കണ്ടയുടനെ, ‘‘ഞാൻ അങ്ങോട്ടുവന്നാൽ സ്വാമി എന്റെ വീട്ടിൽ കയറാതെ പോകും’’ എന്ന് പറഞ്ഞ് മുസ്ലിയാർ വന്നു സ്വീകരിച്ചു. ശ്രീനാരായണ ഗുരുവും അബ്ദുൽ അസീസ് മുസ്ലിയാരും തമ്മിലെ ജ്ഞാന സൗഹൃദത്തിന്റെ കഥ...
സ്വദേശാഭിമാനി വക്കം അബ്ദുൽ ഖാദർ മുസ്ലിയാരുടെ ഉറ്റ ബന്ധുവും വർക്കലക്ക് സമീപം വെട്ടൂർ പൂന്ത്രാൻ വിളാകം എന്ന വലിയ കുടുംബത്തിലെ അംഗവുമായിരുന്നു പണ്ഡിതനും ബഹുമുഖ പ്രതിഭയുമായ അബ്ദുൽ അസീസ് മുസ്ലിയാർ. അറബി, തമിഴ് ഭാഷകളിലും സൂഫി ചിന്താപദ്ധതികളിലും അവഗാഹമുണ്ടായിരുന്ന അദ്ദേഹം വിവിധ മതഗ്രന്ഥങ്ങളെ ആഴത്തിൽ പഠനവിധേയമാക്കി.
ശ്രീനാരായണ ഗുരുവുമായി അഗാധമായ ബന്ധമുണ്ടായിരുന്ന അബ്ദുൽ അസീസ് മുസ്ലിയാർ, അദ്ദേഹവുമായി ദാർശനിക സംവാദങ്ങൾ നടത്തുകയും ചെയ്തിരുന്നു. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഈ സംവാദങ്ങളും ഇരുവരും തമ്മിലുള്ള സുഹൃദ് ബന്ധവും അക്കാലത്ത് ഏറെ ശ്രദ്ധനേടുകയും വിവിധയിടങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ രേഖകൾ പ്രകാരം 1888 ലെ അരുവിപ്പുറം പ്രതിഷ്ഠക്ക് മുമ്പേ ഇരുവരും തമ്മിൽ അടുപ്പമുണ്ട്.
അഞ്ചുതെങ്ങിന് സമീപത്തെ നെടുങ്ങണ്ട കടപ്പുറത്ത് വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. ഒരു പൗർണമി രാവായിരുന്നു അന്ന്. കടപ്പുറം ഏതാണ്ട് ശൂന്യമായിരുന്നു. അബ്ദുൽ അസീസ് മുസ്ലിയാരും യുവ സുഹൃത്തും തത്ത്വചിന്ത വിദ്യാർഥിയുമായ അബ്ദുൽ റഹ്മാനും കടപ്പുറത്തിരുന്ന് ഗഹനമായ ചർച്ചയിലാണ്. ദ്വൈത, അദ്വൈത ദർശനഭേദങ്ങളെ കുറിച്ചാണ് സംവാദം. ഇരുവരുടെയും ചർച്ച തുടരുന്നതിനിടെ കാഷായ വേഷധാരിയായ ഗുരു സമീപത്തു കൂടി നടന്നുപോയി. ഗുരു പ്രശസ്തിയിലേക്ക് ഉയരുന്നതിന് മുമ്പുള്ള കാലമാണ്. ഇരുവർക്കും അദ്ദേഹത്തെ മനസ്സിലായില്ല. ‘‘ദ്വൈതമാണോ അദ്വൈതമാണോ പരമസത്യം’’ എന്ന അതി നിർണായക ചോദ്യം ഉയരുന്ന ഘട്ടത്തിലാണ് ഗുരുവിന്റെ ആഗമനം. ‘‘ഒന്നേയുള്ളു, രണ്ടില്ല’’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നടന്നുപോയി.
അബ്ദുൽ അസീസ് മുസ്ലിയാരും സുഹൃത്തും അമ്പരന്നു. ആരാണിത്? എന്തായാലും പരിചയപ്പെടണം. അവർ പിന്നാലെ ചെന്നു. ഗുരു നടന്നുകൊണ്ടേയിരിക്കുന്നു. ഒടുവിൽ അവർ അദ്ദേഹത്തിന്റെ മുന്നിൽകയറി. ‘‘എന്താ വേണ്ടത്’’- ഗുരു ചോദിച്ചു. ‘‘ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്ന വിഷയത്തിന് ഉത്തരം പറഞ്ഞിട്ട് നടന്നകന്ന താങ്കളെ കാണാനാണ് ഓടിയത്. താങ്കളുടെ ജന്മസ്ഥലമെവിടെയാണ്?’’. ചെമ്പഴന്തിയാണെന്ന ഗുരുവിന്റെ മറുപടി കേട്ടതോടെ അവർക്ക് ആളെ മനസ്സിലായി. തന്റെ വീട് ഇവിടെ അടുത്താണെന്നും അവിടെ പോയി വിശ്രമിക്കാമെന്നും അബ്ദുൽ അസീസ് മുസ്ലിയാർ ഗുരുവിനെ ക്ഷണിച്ചു. വിരോധമില്ലെന്ന് ഗുരുവും. അങ്ങനെ അവർ രണ്ടാം പാലത്തിലെത്തി അവിടെ നിന്ന് വർക്കല തോടിന്റെ കരയിലൂടെ അരിവാളത്ത് തൊടിയിൽ എന്ന വീട്ടിലെത്തി. അന്നുരാത്രി ഗുരു മുസ്ലിയാരുടെ വീട്ടിൽ തങ്ങി. വെളുപ്പിന് അദ്ദേഹം മടങ്ങി.
പിന്നീട് പലപ്പോഴും ഗുരു മുസ്ലിയാരുടെ വീട്ടിലെത്തി. ഖുർആനിൽ ഉൾക്കൊള്ളുന്ന സത്യത്തെ കുറിച്ചും ബൈബിളിൽ നിഗൂഹനം ചെയ്തിരിക്കുന്ന സ്നേഹാംശത്തെ കുറിച്ചും ഹിന്ദുപുരാണങ്ങളിലെ കർമതത്ത്വത്തെ കുറിച്ചും അവർ ഗഹനമായ ചർച്ചകളിൽ മുഴുകി. അറബി, തമിഴ് ഭാഷകളിലും സാഹിത്യത്തിലുമുള്ള മുസ്ലിയാരുടെ അറിവിനെ ഗുരു വിലമതിച്ചു. ഗുരുവും മുസ്ലിയാരും തമ്മിൽ പല കാലങ്ങളിൽ നടന്ന ചർച്ചകളിൽ ഒരെണ്ണം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിങ്ങനെ:
മുസ്ലിയാർ: ഉപദേശകന്മാർ എങ്ങനെയുള്ളവരാകണം?
ഗുരു: ശരിയും സമഗ്രവുമായ അറിവുനേടിയവരാകണം.
മുസ്ലിയാർ: മനുഷ്യന്റെ ദുഃഖത്തിന് കാരണം ദാരിദ്ര്യം മാത്രമാണോ?
ഗുരു: അല്ല. അജ്ഞാനമാണ് പ്രധാന കാരണം.
മുസ്ലിയാർ: തെറ്റായ അറിവല്ലേ അജ്ഞാനം.
ഗുരു: തീർച്ചയായും. ശരിയായ അറിവാണ് ജ്ഞാനം.
മുസ്ലിയാർ: ശരിയായ അറിവുണ്ടാകുന്നതുവരെ തെറ്റായ അറിവ് ജനങ്ങളിൽ നിലനിൽക്കും.
ഗുരു: ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും അതിന്റെ വെളിച്ചത്തിൽ മനുഷ്യനും മനുഷ്യനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നുമുള്ളതാണ് യഥാർഥമായ അറിവ്.
മുസ്ലിയാർ: മനുഷ്യർ പലജാതിയിൽപ്പെട്ടവരും പല ദൈവങ്ങളെ ആരാധിക്കുന്നവരുമാണ്. ഇതിൽ നിന്നും അവർ വിഭിന്ന വർഗക്കാരാണെന്ന് പറയാമോ?
ഗുരു: തെറ്റായ അറിവ് ഭേദബുദ്ധി സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി മാത്സര്യങ്ങളും ഉച്ചനീചഭാവങ്ങളും എപ്പോഴും ഉണ്ടാകുകയും അത് കലഹത്തിന് വഴിതെളിക്കുകയും ചെയ്യുന്നു.
മുസ്ലിയാർ: അതിനൊരു പോംവഴി?
ഗുരു: അവരെ ഉദ്ധരിക്കാൻ സിദ്ധിയും വിശുദ്ധിയും ബുദ്ധിയും സ്നേഹവുമുള്ള ഗുരുക്കന്മാർക്കേ കഴിയൂ. ബുദ്ധനും ക്രിസ്തുവും നബിയും വിജയിച്ചത് അവിടെയാണ്.
◉ ◉ ◉
പലപ്പോഴും ഇരുവരുടെയും ചർച്ചകൾ കേൾക്കാൻ പണ്ഡിതന്മാർ അവിടെ സന്നിഹിതരാകാറുമുണ്ടായിരുന്നു. പിന്നീടൊരിക്കൽ ഗുരു വർക്കല തോട് വഴി വള്ളത്തിൽ പോകുമ്പോൾ അരിവാളത്ത് എത്തിയപ്പോൾ തോണിക്കാരനോട് തുഴച്ചിൽ നിർത്താൻ പറഞ്ഞു. ഒരു അനുയായിയെ തൊടിയിൽ വീട്ടിലേക്ക് അയച്ച് അബ്ദുൽ അസീസ് മുസ്ലിയാർ ഉണ്ടോ എന്ന് അന്വേഷിക്കാൻ പറഞ്ഞു. അനുയായി വീട്ടിൽ ചെന്ന് ഗുരുദേവൻ വിളിക്കുന്നു എന്ന് മുസ്ലിയാരോട് പറഞ്ഞു. ‘ഞാൻ വരുന്നില്ല’ എന്നായിരുന്നു മുസ്ലിയാരുടെ മറുപടി. പോയ ആൾ വരാൻ വൈകിയതുകൊണ്ട് ഗുരു വീട്ടിലേക്ക് കടന്നുചെന്നു. ഗുരുവിനെ കണ്ടയുടനെ, ‘‘ഞാൻ അങ്ങോട്ടുവന്നാൽ സ്വാമി എന്റെ വീട്ടിൽ കയറാതെ പോകും’’ എന്ന് പറഞ്ഞ് മുസ്ലിയാർ വന്നു സ്വീകരിച്ചു. അതുകേട്ട് ഗുരു പുഞ്ചിരിച്ചു. വാർധക്യത്തിനൊപ്പം സാമ്പത്തിക പ്രയാസങ്ങളും മുസ്ലിയാർ അനുഭവിക്കുന്ന കാലമായിരുന്നു അത്. അക്കാര്യം ഗുരുവിന് മനസ്സിലായി. ഗുരു ചോദിച്ചു: ‘‘വാർധക്യം ബാധിച്ചിരിക്കുകയാണല്ലേ. വിശ്രമം ആവശ്യമാണല്ലോ?’’
മുസ്ലിയാർ: വിശ്രമം എന്തെന്ന് എനിക്കറിയില്ല. എപ്പോൾ സമയം കിട്ടുന്നുവോ അപ്പോൾ വായിക്കാൻ ധാരാളം ഗ്രന്ഥങ്ങൾ ഉണ്ട്. സമയം കിട്ടുമ്പോഴെല്ലാം പുരാണേതിഹാസങ്ങൾ വായിക്കാൻ കഴിയുന്നു. തമിഴ് സാഹിത്യത്തിലെ തിരുക്കുറൾ എന്നെ കെട്ടിപ്പുണർന്നിരിക്കുന്നു.
ഗുരു: ഗ്രന്ഥങ്ങൾ സമാധാനമായിരുന്നു വായിക്കാൻ പ്രശാന്തമായ ഒരു സ്ഥലം ആവശ്യമാണ്. നാം ശിവഗിരിയിൽ പള്ളി പണിയിപ്പിച്ചുതരാം. അവിടെയിരുന്ന് വായിക്കുകയും പഠിക്കുകയും ചെയ്യാമല്ലോ.
ഗുരുവിന്റെ വാക്കുകൾ കേട്ട് മുസ്ലിയാർ പുഞ്ചിരി തൂകിയതായി വാടയിൽ സദാശിവൻ രചിച്ച ‘ശ്രീനാരായണ ഗുരുദേവൻ’ എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു. ഗുരു പറയുമ്പോൾ അദ്ദേഹം അക്ഷരാർഥത്തിൽ അതുതന്നെയാണ് അർഥമാക്കുന്നതെന്ന് മുസ്ലിയാർക്കറിയാം. ‘‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’’ എന്ന ഗുരുവചനത്തിന്റെ ആഴം കണ്ടയാളാണല്ലോ അദ്ദേഹം. ഒരു നൂറ്റാണ്ടിന് ശേഷവും ആ ആശയത്തിന്റെ ഗരിമക്ക് തിളക്കമേറുന്നു എന്നിടത്താണ് ഗുരുദേവ ജയന്തിയുടെ പ്രസക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

