മഞ്ഞുതാഴ്വരയിൽനിന്നൊരു പോരാളി
text_fieldsസോനം വാങ്ചുക് ജന്തർ മന്തറിൽ നിരാഹാര സമരത്തിൽ
നാളെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്; നിർണായകമായ പല ബില്ലുകളെച്ചൊല്ലി സഭാതലം പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്. ഇക്കുറി, സഭയുടെ പുറത്തും അതിന്റെ അലയൊലികളുയരും. സമ്മേളനത്തിന്റെ ആദ്യനാളിൽതന്നെ ‘ചലോ സൻസദ്’ എന്ന പേരിൽ പാർലമെന്റിലേക്ക് ബഹുജന മാർച്ചിനൊരുങ്ങുകയാണ് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). കോക്രോച്ചുകൾ പാർലമെന്റ് വളപ്പിലേക്ക് കയറുംവരെയെങ്കിലും തനിക്ക് ജീവിച്ചിരുന്നേ മതിയാകൂ എന്നാണ് കഴിഞ്ഞദിവസം സോനം വാങ്ചുക് പറഞ്ഞത്.
ജന്തർ മന്തറിൽ തന്റെ നിരാഹാര സമരം 19 ദിവസം പിന്നിട്ടപ്പോഴായിരുന്നു വാങ്ചുകിന്റെ പ്രസ്താവന. തന്റെ ശരീരം ക്ഷയിച്ചുവെങ്കിലും മനോബലം ഇപ്പോഴും ശക്തമാണെന്നും വാങ്ചുക് പറഞ്ഞു. സംഭവം ശരിയാണ്:19 ദിവസത്തിനിടെ ശരീര ഭാരം പത്ത് കിലോയോളം കുറഞ്ഞു. രക്ത സമ്മർദം കുറയുകയും നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ ശരീരം കാണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു അപ്പോൾ.
നിരാഹാരം തുടർന്നാൽ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. പക്ഷേ, ജന്തർ മന്തറിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന യുവതലമുറയുടെ സമരാവേശമായിരുന്നു അദ്ദേഹത്തിന്റെ ഊർജവും ആത്മവിശ്വാസവും. രണ്ട് നാൾകൂടി സമരമുഖത്ത് തുടർന്നാൽ ‘ചലോ സൻസദി’ലൂടെ വലിയൊരു രാഷ്ട്രീയ തരംഗമായിരിക്കും രാജ്യത്ത് സംഭവിക്കുക. അതനുവദിച്ചുകൊടുക്കുന്നതിന്റെ അപകടം കേന്ദ്രം ഭരിക്കുന്ന സർക്കാറിനും ആഭ്യന്തര വകുപ്പിനും നന്നായി അറിയാം. അപ്പോൾ പിന്നെ, സമരപോരാളിയുടെ ആരോഗ്യ നിലയിലെ ‘ആശങ്ക’ മുൻനിർത്തി സമരവേദിയിലേക്ക് ഇടിച്ചുകയറുകതന്നെ. അതാണ് ജന്തർ മന്തറിൽ ഇന്നലെ കണ്ടത്. നിരാഹാര സമരത്തിന്റെ 20ാം നാൾ വാങ്ചുക് ഉൾപ്പെടെയുള്ള നിരാഹാര സമരക്കാരെ മുഴുവൻ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി.
ഒരിക്കൽ മോദിയെ പ്രശംസിച്ചയാൾ
2019 ആഗസ്റ്റ് അഞ്ചിന് രാത്രി വാങ്ചുക് ട്വിറ്ററിൽ (ഇപ്പോൾ എക്സ്) ഇങ്ങനെ കുറിച്ചു: ‘‘പ്രധാനമന്ത്രീ നന്ദി, ലഡാക്കിന്റെ കാലങ്ങളായുള്ള സ്വപ്നം നിറവേറ്റിയതിന്’’.
ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി മോദി സർക്കാർ എടുത്തുകളഞ്ഞതാണ് സന്ദർഭം. മോദിയുടെ രാഷ്ട്രീയ നീക്കത്തിനെതിരെ പൊതുവിൽ പ്രതിഷേധമുയർന്നപ്പോൾ ആ തീരുമാനത്തെ അനുകൂലിച്ച അപൂർവം ജനാധിപത്യവാദികളിലൊരാളായിരുന്നു വാങ്ചുക്. അതിനൊരു കാരണമുണ്ടായിരുന്നു: ഭൂമിശാസ്ത്രപരമായും ചരിത്രപരമായുമെല്ലാം ലഡാക്ക് എന്ന മഞ്ഞുതാഴ്വരയും അവിടത്തെ ജനവിഭാഗങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. അത്തരം സങ്കീർണതകളുടെ ഇരകൂടിയായിരുന്നു വാങ്ചുക്. ലഡാക്കിന് ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി പ്രത്യേക പദവിയും സ്വയം ഭരണവുമെല്ലാം അനുവദിക്കണമെന്നത് പണ്ടേയുള്ള വാദമാണ്.
ഇതിനനുകൂലമായൊരു നീക്കമാണ് മോദി നടത്തിയതെന്ന് ഒരു നിമിഷം വാങ്ചുക് തെറ്റിദ്ധരിച്ചു. കശ്മീർ സംസ്ഥാനം പിന്നീട് ജമ്മു-കശ്മീർ എന്നും ലഡാക്ക് എന്നും രണ്ടായി; അവയെ കേന്ദ്രഭരണ പ്രദേശങ്ങളുമാക്കി. ജമ്മു-കശ്മീരിന് പ്രാദേശിക സർക്കാറുണ്ടാക്കാൻ അനുമതി നൽകിയപ്പോൾ ലഡാക്കിന് അതുംകിട്ടിയില്ല. അതോടെ, സ്വയം ഭരണം, ആറാം ഷെഡ്യൂൾ തുടങ്ങിയ സ്വപ്നങ്ങൾ അവസാനിച്ചു. അതൊരു പോർമുഖത്തിന് തുടക്കം കുറിച്ചു.
ലഡാക്കിന് ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള സംരക്ഷണം ലഭിക്കണമെന്നും, പ്രദേശത്തിന്റെ പരിസ്ഥിതിയെയും ജനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. നിരാഹാര സമരങ്ങൾക്ക് നേതൃത്വം നൽകി. 2023ൽ ലോകത്തിലെ ഏറ്റവും ഉയർന്ന പർവതപാതകളിലൊന്നായ ഖാർദുങ് ലായിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി ‘കാലാവസ്ഥാ നിരാഹാര സമരം’ നടത്തി. തുടർന്ന് ലഡാക്കിന് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി മരണംവരെ നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തു.
അതിനുമുമ്പ്, 2024ൽ ഇതേ വിഷയത്തിൽ അനുയായികളോടൊപ്പം ന്യൂഡൽഹിയിലേക്ക് നടത്തിയ പദയാത്ര ഡൽഹിയുടെ അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. അതേ വർഷം പശ്മിന ആടുകളെ വളർത്തുന്ന ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ‘പശ്മിന മാർച്ച്’ സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ദണ്ഡി യാത്രയുടെ മാതൃകയിലാണ് ഈ പ്രക്ഷോഭം ആസൂത്രണം ചെയ്തത്. ഗാന്ധിജിയുടെ ഏറ്റവും ദൈർഘ്യമേറിയ നിരാഹാര സമരം 21 ദിവസമായിരുന്നതിനാലാണ് താനും 21 ദിവസത്തെ ഉപവാസ സമരരീതി പിന്തുടരുന്നതെന്ന് വാങ്ചുക് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.
2025 സെപ്റ്റംബറിൽ 21 ദിവസത്തെ നിരാഹാര സമരത്തിനിടെ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് നടത്തിയ വെടിവെപ്പിൽ ലേയിലെ നാലുപേർ കൊല്ലപ്പെട്ടു. ഈ സംഭവത്തിൽ സെപ്റ്റംബർ 26ന് വാങ്ചുക് അറസ്റ്റ് ചെയ്യപ്പെട്ടു. ‘ദേശവിരുദ്ധ പ്രവർത്തന’മായിരുന്നു കുറ്റം. തുടർന്ന് തന്റെ ജന്മഗ്രാമത്തിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള രാജസ്ഥാനിലെ ജോഡ്പൂർ ജയിലിലേക്ക് അയച്ചു. അവിടെ ആറു മാസം കഴിഞ്ഞു. യുവാക്കളെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ പ്രേരിപ്പിച്ചെന്നാരോപിച്ച കേന്ദ്ര സർക്കാർ, അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ എഫ്.സി.ആർ.എ ലൈസൻസും റദ്ദാക്കി. എന്നാൽ, 2026 മാർച്ചിൽ കേസുകൾ പിൻവലിച്ചതോടെ അദ്ദേഹം വീണ്ടും ലഡാക്കിലേക്ക് മടങ്ങി.
‘ത്രീ ഇഡിയറ്റ്സി’ലെ ഫുൻസുഖ് വാങ്ഡു
2009ൽ രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത് ആമിർ ഖാനെ നായകനാക്കി പുറത്തിറക്കിയ ‘ത്രീ ഇഡിയറ്റ്സ്’ സിനിമയിലെ ഫുൻസുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായ വ്യക്തി എന്ന നിലയിലാണ് പലർക്കും സോനം വാങ്ചുകിനെ പരിചയം. എന്നാൽ, വാങ്ഡുവിനെ അവതരിപ്പിച്ചത് വാങ്ചുവിനെ കണ്ടല്ലെന്ന് കഴിഞ്ഞദിവസം ആമിർ ഖാൻ പറയുകയുണ്ടായി. അതെന്തായാലും വാങ്ഡുവിന്റെ വ്യക്തിത്വത്തിനപ്പുറമാണ് യഥാർഥ ജീവിതത്തിലെ വാങ്ചു. വിദ്യാഭ്യാസ പരിഷ്കാരകനായും പരിസ്ഥിതി സംരക്ഷണ പ്രവർത്തകനായും ലഡാക്കിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സാമൂഹിക പ്രവർത്തകനായുമാണ് അദ്ദേഹത്തിന്റെ യഥാർഥ വ്യക്തിത്വം. അതിന്റെ തുടർച്ചയിലാണിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളും നിരാഹാരങ്ങളുമെല്ലാം.
1966ൽ ലഡാക്കിലെ അൽചിക്ക് സമീപം ജനിച്ച സോനം വാങ്ചുകിന് ഒമ്പത് വയസ്സ് വരെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. മാതാവിന്റെ സഹായത്താൽ സ്വന്തം മാതൃഭാഷയിലായിരുന്നു പ്രാഥമിക പഠനം. പിന്നീട് പിതാവ് കശ്മീർ സർക്കാറിന്റെ ഭാഗമായതോടെ ശ്രീനഗറിലെ സ്കൂളിൽ പഠിക്കാൻ അവസരം ലഭിച്ചു. എന്നാൽ, അവിടത്തെ ഭാഷയും പഠനരീതിയും അദ്ദേഹത്തെ വലിയ പ്രതിസന്ധിയിലാക്കി. ഈ അനുഭവങ്ങളാണ് പിന്നീട് വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരണമെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന് അടിത്തറയായത്. ശ്രീനഗറിൽ പഠനം പൂർത്തിയാക്കാനാകാതെ ഡൽഹിയിലേക്ക് തിരിച്ച വാങ്ചുക് പിന്നെ അവിടെ കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിച്ചത്. അതിനുശേഷം, ബി.ടെക് പഠനത്തിനായി ശ്രീനഗറിലേക്ക് തിരിച്ചു. അവിടെ റീജനൽ എൻജീനീയറിങ് കോളജിലായിരുന്നു പഠനം.
ബദൽ വിദ്യാഭ്യാസ യജ്ഞങ്ങളുടെ തുടക്കം
ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 1988ൽ ലേയിൽ സ്റ്റുഡന്റ്സ് എജുക്കേഷനൽ ആൻഡ് കൾചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് (SECMOL) എന്ന ബദൽ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. ബിരുദ പഠനകാലത്ത് കൂടെയുണ്ടായിരുന്ന നാലുപേരും സഹോദരനുമായിരുന്നു ഈ വിദ്യാഭ്യാസ പരീക്ഷണത്തിന് അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ചത്. ലഡാക്കിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അക്കാലത്ത് എട്ടാം ക്ലാസ് വരെ ഉർദുവും ഒമ്പതും പത്തും ക്ലാസുകളിൽ ഇംഗ്ലീഷുമായിരുന്നു പഠനമാധ്യമം.
ഇത് വിദ്യാർഥികൾക്ക് സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ‘ഓപറേഷൻ ന്യൂ ഹോപ്പ്’ പദ്ധതി നടപ്പാക്കി. പിന്നീട് ഇത് അധ്യാപക പരിശീലന കേന്ദ്രമായി വളർന്നു. 700ലധികം അധ്യാപകരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഇവിടെ പരിശീലനം നേടി. 1998ൽ ദലൈലാമ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി സെക്മോളിന് 1.5 ലക്ഷം രൂപ സംഭാവന നൽകി. ലഡാക്കിനായി പ്രത്യേക പാഠപുസ്തകങ്ങൾ തയാറാക്കി പ്രാഥമികതലത്തിൽ ഇംഗ്ലീഷ് പഠനം ആരംഭിച്ചതോടെ, 1980കളുടെ അവസാനം വെറും അഞ്ച് ശതമാനമായിരുന്ന പത്താം ക്ലാസ് വിജയശതമാനം 2000കളിൽ 75 ശതമാനമായി ഉയർന്നു. പുസ്തകപഠനത്തിൽ മാത്രം ഒതുങ്ങാത്ത, പ്രായോഗിക അറിവിനും സ്വയംപര്യാപ്തതക്കും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ മാതൃകയാണ് ഈ സ്ഥാപനത്തിലൂടെ വളർത്തിയത്. ഇതോടൊ വാങ്ചുക് ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകനായി മാറി. 2005ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ ദേശീയ ഭരണസമിതിയിൽ അംഗമായി വാങ്ചുകിനെ നിയമിച്ചു.
പരിസ്ഥിതി സംരക്ഷകൻ
ലഡാക്കിന്റെ സവിശേഷ പരിസ്ഥിതി സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലും വാങ്ചുക് സജീവമായിരുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ അപകടങ്ങൾ തിരിച്ചറിഞ്ഞ ആദ്യ സാമൂഹിക പ്രവർത്തകരിലൊരാൾ കൂടിയാണ് വാങ്ചുക് എന്നും പറയാം. അതീവ പരിസ്ഥിതിലോലമായ ലഡാക്കിൽ കാലാവസ്ഥാ വ്യതിയാനം എത്രമേൽ അപകടകരമാകുമെന്ന് അദ്ദേഹം മനസ്സിലാക്കി. ആ തിരിച്ചറിവിന്റെകൂടി പുറത്താണ് അദ്ദേഹം ആ മേഖലക്ക് പ്രത്യേക പദവിയും സ്വയം ഭരണവുമെല്ലാം ആവശ്യപ്പെട്ട് സമരം ചെയ്തത്.
ലഡാക്കിന്റെ ദുര്‍ബലമായ പരിസ്ഥിതിയും കഠിനമായ ഭൂപ്രകൃതിയും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പലവിധ ഗവേഷണങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു. അതിന്റെ ഫലമായിരുന്നു ‘ഐസ് സ്തൂപ’. വേനൽക്കാലത്തെ ജലക്ഷാമം മറികടക്കാനുള്ള ഒരു വിദ്യയായിരുന്നു ഐസ് സ്തൂപ. ശൈത്യകാലത്ത് ജലം പ്രത്യേക വിധത്തിലും രൂപത്തിലും മഞ്ഞായി സംഭരിക്കും. പിന്നീട് അവ ക്രമേണ ഉരുകി ഉപയോഗിക്കാനുമാകും.
ലഡാക്ക് പോലുള്ള പ്രദേശങ്ങളിൽ ജലസംഭരണത്തിന്റെയും ജലസംരക്ഷണത്തിന്റെയും ഒന്നാംതരം മാതൃകയായിരുന്നു ഈ കൃത്രിമ ഹിമഘടന. സോളാർ ടെന്റ്, ലഡാക്കിനായുള്ള അഗ്രി-വോൾട്ടായിക് മാതൃക തുടങ്ങിയ പദ്ധതികളും അദ്ദേഹം മുന്നോട്ടുവെച്ചു. കശ്മീരിലെ പതിനായിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥർക്ക് സോളാർ ടെന്റ് ഉപകാരപ്പെട്ടു. 2018ൽ ഭാര്യയോടൊപ്പം ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റ് ലേണിങ് (HIAL) സ്ഥാപിച്ച് അനുഭവാധിഷ്ഠിത വിദ്യാഭ്യാസത്തിന് അദ്ദേഹം പുതിയ മാനങ്ങൾ നൽകി. ആ വർഷം അദ്ദേഹത്തിന് മെഗ്സസെ അവാർഡും ലഭിച്ചു.
കോക്രോച്ചുകൾക്കൊപ്പം
2026 മേയ് 15ന് ഒരു ഹരജി പരിഗണിക്കവെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സോഷ്യൽ മീഡിയയിൽ സജീവമായ ഉദ്യോഗസ്ഥരെയും യുവാക്കളെയും ‘പാറ്റകൾ’ (Cockroaches), ‘പരാദങ്ങൾ’ (Parasites) എന്നിങ്ങനെയൊക്കെ ഉപമിച്ചത് വലിയ വാർത്തയായിരുന്നു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചുവെങ്കിലും നീതിപീഠത്തിൽനിന്നുണ്ടായ ആ പ്രയോഗം വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.
തുടർന്ന്, അഭിജീത് ദിപ്കെ എന്ന യുവാവാണ് ഒരു മീം എന്ന നിലയിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ സോഷ്യൽ മീഡിയ കാമ്പയിൽ ആരംഭിച്ചത്. തുടക്കത്തിൽ ഒരു തമാശ എന്ന നിലയിൽ ആളുകൾ കാമ്പയിന്റെ ഭാഗമായി; പിന്നീട് ചർച്ചകൾ ഗൗരവമായതോടെ അതൊരു ‘രാഷ്ട്രീയ മുന്നേറ്റം’ കൂടിയായി പരിണമിച്ചു. സമൂഹ മാധ്യമങ്ങളിൽ ‘പാറ്റ’കൾ നിറഞ്ഞു. അവയെ ഒഴിപ്പിക്കാനുള്ള ഭരണവർഗത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
ജൂൺ ആറിന് ‘പാറ്റ’കൾ ജന്തർ മന്തറിൽ ആദ്യമായി ഒത്തുചേർന്നപ്പോൾ അതൊരു വലിയ ചരിത്ര നിമിഷമായി പരിണമിച്ചു. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ മൂല്യനിർണയ ക്രമക്കേട് എന്നീ വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ആ പ്രതിഷേധം ഇപ്പോഴും അവിടെ തുടരുന്നു. പാറ്റയുടെ ചിത്രങ്ങളുള്ള മാസ്കുകളും ടി-ഷർട്ടുകളും ധരിച്ചും, കൈകളിൽ പൂക്കളും പുസ്തകങ്ങളുമേന്തിയും സ്കൂൾ-കോളജ് വിദ്യാർഥികളും മത്സരപരീക്ഷാർഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ തിരികൊളുത്തിയ ആ സമരത്തിന്റെ ഒന്നാം നാൾ മുതൽ വാങ്ചുക് വേദിയിലുണ്ട്.
ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും ജന്തർമന്തറിൽ വീണ്ടും വലിയ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നുമായിരുന്നു ഒത്തുകൂടിയവരെ അഭിസംബോധന ചെയ്ത് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം ഏറ്റെടുത്തത് വങ്ചുകായിരുന്നു. ഇപ്പോൾ വാങ്ചുകിനെ പൊലീസ് അവിടെനിന്ന് ബലം പ്രയോഗിച്ച് മാറ്റിയപ്പോൾ ബാറ്റൺ സ്വയം സ്വീകരിച്ച് നിരാഹാരം ആരംഭിച്ചിരിക്കുന്നത് അഭിജീത് ദിപ്കെയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

