പുരപ്പുറ സൗരോർജ പദ്ധതി: സർക്കാറിനെന്താണീ വിരോധം?
text_fieldsപരിസ്ഥിതിയോടുള്ള കരുതൽകൊണ്ടും കേന്ദ്ര സർക്കാർ നൽകുന്ന സബ്ഡിഡിയിൽ ആകൃഷ്ടരായും സോളാർ തെരഞ്ഞെടുത്ത നൂറുകണക്കിന് പുരപ്പുറ സൗരോർജ പ്രൊസ്യൂമർമാരിൽ (ഉൽപാദനത്തിൽ പങ്കാളിയാകുന്ന ഉപഭോക്താവ്) കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുന്നു കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ (റിന്യൂവബ്ൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്സ്) റെഗുലേഷൻ-2025. കേരളത്തിലെ വൈദ്യുതി ഉൽപാദനത്തിലെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുമായിരുന്ന ഈ പദ്ധതിയെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാറിനെന്ന് സംശയിപ്പിക്കുന്നവയാണ് പുതിയ റെഗുലേഷനിലെ പല വ്യവസ്ഥകളും. റെഗുലേഷൻ സംബന്ധിച്ച് ആഗസ്റ്റ് എട്ടിന് കെ.എസ്.ഇ.ബി പുറത്തിറക്കിയ വിശദീകരണ വാർത്തക്കുറിപ്പ് വസ്തുതകളെയും വിവരങ്ങളെയും സാങ്കേതികമായി തീർത്തും തെറ്റായി വിലയിരുത്തുന്നതായിരുന്നു.
പുരപ്പുറത്ത് സ്ഥാപിച്ച സോളാർ പാനലിൽനിന്നായാലും നിലത്തു സ്ഥാപിച്ച സോളാർ പാനലിൽനിന്നായാലും ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ സാങ്കേതിക സ്വഭാവ വിശേഷത്തിലും ഉപയോഗ ഗുണത്തിലും വ്യത്യാസമൊന്നുമില്ല എന്നിരിക്കെ ആകെ 1788 മെഗാവാട്ട് മാത്രം സോളാർ വൈദ്യുതോൽപാദന ശേഷിയുള്ള കേരളം 31,968 മെഗാവാട്ട് ശേഷിയുള്ള രാജസ്ഥാനുമായും 21,451 മെഗാവാട്ട് ശേഷിയുള്ള ഗുജറാത്തുമായും 12,575 മെഗാവാട്ട് ശേഷിയുള്ള മഹാരാഷ്ട്രയുമായും 10,571 മെഗാവാട്ട് ശേഷിയുള്ള തമിഴ്നാടുമായും 9925 മെഗാവാട്ട് ശേഷിയുള്ള കർണാടകയുമായും പുരപ്പുറ സോളാർ ശേഷി മാത്രം പറഞ്ഞ് താരതമ്യം ചെയ്യുന്നതിന് പിറകിൽ എന്തൊക്കെയോ സ്വാർഥ ലക്ഷ്യങ്ങൾ മറഞ്ഞിരിക്കുന്നു എന്നു സംശയിക്കാവുന്നതാണ്. വൻകിട ക്യാപ്ടിവ് പവർ പ്ലാന്റ് ഉടമകൾക്ക് ഓപണ് ആക്സസ് ചെയ്യാൻ നൽകുന്ന പരിഗണനപോലും സാധാരണ പുരപ്പുറ പ്രൊസ്യൂമർക്ക് ഈ കരടിൽ ഒഴിവാക്കിയിരിക്കുന്നത് കെ.എസ്.ഇ.ബി കാണാത്തതെന്തേ?
വേരിയബ്ൾ റിന്യൂവബ്ൾ എനർജി ഗണത്തിലെ കാറ്റാടി വൈദ്യുതിയും സോളാർ വൈദ്യുതിയും ചേർത്ത് കേരളത്തിന്റെ ശേഷി 1859 മെഗാവാട്ട് മാത്രമാണ്. അതേസമയം, രാജസ്ഥാനിലെ ശേഷി 37,176 മെഗാവാട്ടും ഗുജറാത്തിലേത് 35,268 മെഗാവാട്ടും മഹാരാഷ്ട്രയുടേത് 17,883 മെഗാവാട്ടും തമിഴ്നാടിന്റെത് 22,401 മെഗാവാട്ടും കർണാടകയുടേത് 17,640 മെഗാവാട്ടുമാണ്. ഇത്രയും വേരിയബ്ൾ റിന്യൂവബ്ൾ എനർജി ഉൽപാദശേഷിയുള്ള ഈ സംസ്ഥാനങ്ങൾ വീണ്ടും റൂഫ് ടോപ് സോളാർ അടക്കം ഇത്തരം വൈദ്യുതി ഉൽപാദന പ്ലാന്റുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ ഹരിത വൈദ്യുതിയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്കും ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിപരീതമായി എങ്ങനെയും ആ മേഖലയിൽ നിക്ഷേപം വരുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ കെ.എസ്.ഇ.ബി നിലപാടെടുക്കുന്നത് വിചിത്രമാണ്.
ഇനി ഈ സംസ്ഥാനങ്ങളിലെ വി.ആർ.ഇ (സോളാർ+കാറ്റാടി) വൈദ്യുതിയുടെ ഉൽപാദന ശേഷിയും വൈദ്യുതിയുടെ ആവശ്യകതയും (Peak Demand) കേരളവുമായി താരതമ്യം ചെയ്താൽ അവരുടെ വി.ആർ.ഇ ഉൽപാദന ശേഷി ചില സംസ്ഥാനങ്ങളിൽ സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഇരുപതാമത് വൈദ്യുതി സർവേയിൽ കാണിച്ചിട്ടുള്ള 2026-27ലെ പീക്ക് ഡിമാൻഡിലും കൂടുതലായിരിക്കുമ്പോൾ കേരളത്തിന്റെ വി.ആർ.ഇ ശേഷിയായ 1859 മെഗാവാട്ട് പീക്ക് ആവശ്യകതയായ 6000 മെഗാവാട്ടിന്റെ 31 ശതമാനം മാത്രമാണ്.
ഹരിത വൈദ്യുതി ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ എല്ലാം പകൽ സോളാർ ഉൽപാദനത്തെ ഗ്രിഡിൽ സന്നിവേശിപ്പിക്കാനായി ജല-താപ വൈദ്യുതി നിലയങ്ങളുടെ ഉൽപാദനം പകൽ സമയത്ത് കഴിവതും കുറക്കുകയും ലാഭിക്കുന്ന ഇന്ധനവും വെള്ളവും രാത്രിയിലെ വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. അഥവാ, പകലത്തെ സോളാർ ഉൽപാദനംകൊണ്ട് കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടാവുന്നുവെന്ന പ്രചാരണത്തിൽ കഴമ്പില്ല. മറിച്ചാണെങ്കിൽ കെ.എസ്.ഇ.ബി ശരിയായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം.
മാർക്കറ്റിൽ പീക്ക് വൈദ്യുതിക്ക് വില കൂടുതൽ ഉണ്ട് എന്നതുകൊണ്ട് ചെലവ് കൂടുന്നു എന്നാണ് മറ്റൊരു വാദം. കെ.എസ്.ഇ.ബി യഥാർഥത്തിൽ വിലകൂടിയ വൈദ്യുതി വിപണിയിൽനിന്ന് വാങ്ങിയാൽ മാത്രമാണ് ചെലവ് കൂടുക. അതും 1.4 കോടി ഉപഭോക്താക്കളുടെ ആവശ്യകത നേരിടാൻ വേണ്ടി! കേരളത്തിന്റെ ജലവൈദ്യുതി പദ്ധതികളിൽനിന്നും സോളാർ പ്ലാന്റുകളിൽനിന്നും കാലാകാലങ്ങളിൽ ഉൽപാദിപ്പിക്കാനാവുന്ന വൈദ്യുതിയുടെ സാധ്യതകൾകൂടി കണക്കിലെടുത്ത് മധ്യകാല പവർ പർച്ചേസ് പ്ലാനിങ് ശക്തമാകാത്തതിന്റെയും മറ്റു തീരുമാനങ്ങളിലെ വീഴ്ചയുടെയും ഫലം സോളാർ പ്രൊസ്യൂമറിന്റെ തലയിലിടുന്നത് ന്യായമല്ല. വിതരണ കമ്പനിയുടെ ദിശാബോധമില്ലായ്മക്ക് സൗരോർജ ദാതാവിനെയല്ല കുറ്റപ്പെടുത്തേണ്ടത്.
സോളാർ അധികം ലഭ്യമായ മണിക്കൂറുകളിൽ ഉൽപാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന വൈദ്യുതി തിരിച്ചെടുക്കുമ്പോൾ അധികച്ചെലവ് ഉണ്ട് എങ്കിൽ കൃത്യമായ ഡേറ്റയുടെ പിൻബലത്തിലും ശരിയായ ചെലവിന്റെ അടിസ്ഥാനത്തിലും ഒരു ഫാക്ടർ നിശ്ചയിച്ച് ഓഫ്പീക്കിലും പീക്കിലും ഉപഭോഗത്തിന് അനുവദിക്കുന്നതാണ് മെച്ചം. എ.എം.ഐ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുക, അധിക വൈദ്യുതി ശേഖരിച്ച് സൂക്ഷിക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) പോലുള്ള സ്റ്റോറേജ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുക തുടങ്ങിയ ബദൽ മാർഗങ്ങൾ നടപ്പാക്കുന്നതിന് പകരം സോളാര് വൈദ്യുതി ഉൽപാദനം അനാവശ്യം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ സാംഗത്യം എന്താണ്?
1.4 കോടിയിലധികം ഉപഭോക്താക്കളുള്ള കേരളത്തിൽ പീക്ക് സമയത്ത് അധിക ഉപഭോഗം സൃഷ്ടിക്കുന്നത് രണ്ടു ലക്ഷം മാത്രം വരുന്ന ആർ.ടി.എസ് പ്രൊസ്യൂമർമാരുടെ അധിക ഉപഭോഗമാണ് എന്ന വാദത്തിൽ കഴമ്പില്ല.
ശാസ്ത്രീയ വിവര ശേഖരണവും അതില് അടിസ്ഥാനപ്പെടുത്തിയുള്ള പ്രവചനവും അവലംബിക്കാതെയും ആഭ്യന്തര ഉൽപാദനത്തിന്റെ സാധ്യതകൾ കണക്കിലെടുക്കാതെയും യഥേഷ്ടം മുഴുവൻ സമയ പവറും വൻകിട സ്വകാര്യ സോളാർ-കാറ്റാടി വൈദ്യുതിയും കരാർ ചെയ്തതിന് കേരളത്തിലെ പ്രൊസ്യൂമർമാർ എന്തു പിഴച്ചു?
മറ്റു സംരംഭക മൂലധന നിക്ഷേപങ്ങൾക്കൊപ്പം നൂറുകണക്കിന് സോളാർ പാനലുകൾ നിലത്തു സ്ഥാപിച്ച് കൂടുതൽ ലാഭകരമായി മുതൽമുടക്കാനുള്ള സാഹചര്യം ബന്ധപ്പെട്ട സർക്കാറും റെഗുലേറ്ററി കമീഷനും യൂട്ടിലിറ്റിയും ഒരുക്കിക്കൊടുത്തിരിക്കുന്നതിനാൽ വ്യവസായികളും സംരംഭകരും അങ്ങനെയുള്ള സംസ്ഥാനങ്ങളിൽ വൻതോതിൽ മുതൽമുടക്കി വലിയ ശേഷിയുള്ള സോളാർ പ്ലാന്റുകൾ സ്ഥാപിക്കുകയും അതനുസരിച്ച് വലിയ തോതിലുള്ള സോളാർ വൈദ്യുതി ഉൽപാദിപ്പിച്ച് ശൃംഖലയിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ, കേരളത്തിൽ അതിനു സാഹചര്യം ഒരുക്കുന്നതിൽ സർക്കാറും കമീഷനും കെ.എസ്.ഇ.ബിയും പരാജയപ്പെട്ടതുകൊണ്ട് വൈദ്യുതി ഉൽപാദനത്തിന്റെ എല്ലാ മേഖലയിലും കഴിഞ്ഞ 25 വർഷമായി ഇവിടെ ഒന്നും നടന്നില്ല. എന്നാൽ, പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന സ്കീമുമായി വൈകിയെങ്കിലും കേരളം സഹകരിച്ചതിനാൽ ഇവിടെ പുരപ്പുറ സോളാർ പദ്ധതി ഉപഭോക്താക്കളുടെ ഇടയിൽ ആകർഷകമായി. എന്നാലിപ്പോൾ അതും ഇല്ലാതാക്കാനുള്ള ശ്രമമാണോ ഇപ്പോൾ നടക്കുന്നത് എന്നു സംശയിക്കേണ്ട വിധമാണ് കാര്യങ്ങളുടെ കിടപ്പ്.
(കെ.എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

