Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസോഷ്യല്‍ മീഡിയ:...

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

text_fields
bookmark_border
സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?
cancel

സോഷ്യൽ മീഡിയ സൃഷ്​ടിച്ച ആശയവിനിമയ വിപ്ലവത്തി​െൻറ സ്തുതികീർത്തനം നിർത്തി അത്​ കൊണ്ടെത്തിച്ച ആശയക്കുഴപ്പത്തി​െൻറ ആഴമാണ് ഇപ്പോള്‍ ചർച്ചാവിഷയമാകുന്നത്. ഈയിടെ പുറത്തിറങ്ങിയ ജെഫ് ഓർലോവിസ്കിയുടെ 'ദ സോഷ്യൽ ഡിലെമ്മ' എന്ന ഡോക്യുമെൻററി ഫിലിം ഇൗ വിഷയം അനാവരണം ചെയ്യുന്നു.

സോഷ്യൽ മീഡിയ നമ്മെ അടിമകളാക്കുന്നു എന്നത് ഫേസ്​ബുക്ക്, ട്വിറ്റർ, ഇൻസ്​റ്റഗ്രാം തുടങ്ങിയവയുടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന പുതിയ വിവരമല്ല. പക്ഷേ, അതി​െൻറ ഉപദ്രവം ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളിലൊതുങ്ങുന്നതല്ലെന്നും അത് നെറ്റ്‌വർക്കുകളുടെ സ്ഥായിയായ സ്വഭാവമാണെന്നുമാണ് ഈ കമ്പനികളില്‍ ലൈക്ക്, ടാഗ്, ഷെയർ ബട്ടണുകള്‍ രൂപപ്പെടുത്തുന്നതിന് നേതൃത്വം കൊടുക്കുകയും പിന്നീട് മനഃസാക്ഷിയുടെ വിളികേട്ട് അവയില്‍നിന്ന് പുറത്തുവരുകയും ചെയ്ത സാങ്കേതികവിദഗ്​ധരായ പലരും ഡോക്യുമെൻററിയിൽ വിളിച്ചുപറയുന്നത്.

ഓരോരുത്തരും ലൈക്ക്/ഷെയർ/ ഫോളോ/ടാഗ്/കമൻറ്​ ചെയ്യുന്നത് കൃത്യമായി ഒപ്പിയെടുത്ത്, അവരുടെ അഭിരുചിക്കനുസരിച്ച് രൂപപ്പെടുത്തിയ റെക്കമെ​േൻറഷനുകളിലൂടെ ഉപയോക്താക്കളുടെ ഓണ്‍ലൈൻ പ്രവർത്തനങ്ങളെ സ്വാധീനിക്കാനും അവരെ പരസ്യദാതാക്കൾക്കുള്ള ഇടമുറിയാത്ത ഇരകളാക്കി മാറ്റാനും സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നു.

ഉപയോക്താക്കളുടെ ഡേറ്റയെ വളരെ കൃത്യമായും ബുദ്ധിപരമായും ഉപയോഗപ്പെടുത്തുന്ന ആല്‍ഗരിതത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. അതുപോലെതന്നെയാണ് യ​ുട്യൂബിലെയും ഫേസ്ബുക്കിലെയും ഓട്ടോപ്ലേ പ്രവർത്തിക്കുന്നത്. ഓരോ ഉപയോക്താവും അവരുടെ സമയം പരമാവധി തങ്ങളുടെ സൈറ്റിലോ ആപ്പിലോതന്നെ ചെലവഴിക്കണമെന്ന ഉദ്ദേശ്യത്താല്‍ ഇത്തരം പല ഫീച്ചറുകളും ഇവ നിരന്തരം കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്നു.

മാനസികാരോഗ്യം മാത്രമല്ല, ജനാധിപത്യക്രമങ്ങളെയും തകർക്കുന്നു

ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെ മാത്രമല്ല, ലോകത്തെങ്ങുമുള്ള ജനാധിപത്യ സംവിധാനങ്ങൾതന്നെ തച്ചുതകർക്കുന്നതിന് കൂട്ടുനില്‍ക്കുന്നവയാണ് പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും. മനുഷ്യചരിത്രത്തിൽ ആദ്യമായാണ് 50 ഡിസൈനർമാർ ചേർന്ന് 200 കോടി മനുഷ്യരെ സ്വാധീനിക്കുന്ന ഉൽപന്നങ്ങൾ പടച്ചുവിടുന്നതെന്ന് ഗൂഗിളിലെ ഡിസൈൻ എത്തിസിസ്​റ്റായിരുന്ന ട്രിസ്​റ്റാൻ ഹാരിസ് പറയുന്നു.

കഴിഞ്ഞ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പില്‍ റഷ്യ, ഫേസ്​ബുക്ക് ഹാക്ക് ചെയ്യുകയല്ല, അതിനെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക്​ അനുഗുണമായി വിദഗ്​ധമായി ഉപയോഗപ്പെടുത്തുകയായിരുന്നു. ലോകത്തെ സ്വേച്ഛാധിപതികൾ വ്യാജ വാർത്തകള്‍ വഴി അധികാരം പിടിച്ചടക്കാനും അതു നിലനിർത്താനും ഈ പ്ലാറ്റ്ഫോമുകള്‍തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുനിർത്താനുള്ള മത്സരത്തിനിടയില്‍ ഇത്തരം ദുരുപയോഗങ്ങള്‍ നിയന്ത്രിക്കാൻ ഈ കമ്പനികള്‍ക്ക് സാധിക്കാതെ പോകുന്നു. ഇൻഫർമേഷൻ ഏജിൽനിന്ന് ഡിസ്ഇൻഫർമേഷൻ ഏജിലേക്ക് ന​മ്മളെ പരിവർത്തിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയ വല്ലാതെ കാരണമായിരിക്കുന്നു എന്നതാണ് വിദഗ്ധരുടെ മതം. ഫേക്ക് ന്യൂസ് എന്നത് നോർമലായിരിക്കുന്നു, ഇനിയൊരു തിരിച്ചുപോക്ക് സാധ്യമാകാത്തവണ്ണം.

വ്യക്തിപരമായ ബന്ധങ്ങൾ കണ്ടെത്തി നിലനിർത്താനുള്ള മനുഷ്യ തലച്ചോറി​െൻറ ചോദനയെ അതിവിദഗ്ധമായി ഉപയോഗപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ചെയ്യുന്നത്. അവ ഉടമപ്പെടുത്തുന്ന വൻകിട കോർപറേറ്റുകൾ വാസ്തവത്തിൽ വിൽക്കുന്നത് നമ്മളെതന്നെയാണ്. ഗൂഗ്​ൾ വെറുമൊരു സെർച് ബോക്സ് മാത്രമായി തോന്നിയേക്കാം. ഫേസ്ബുക്ക് നമ്മുടെ കൂട്ടുകാർ എന്തു ചെയ്യുന്നു എന്നറിയാനുള്ള മാധ്യമമായും.

പക്ഷേ, സൗജന്യമായി ഈ സേവനങ്ങള്‍ നല്‍കുക വഴി ഇത്തരം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ അവരുടെ പരസ്യങ്ങൾ വിറ്റഴിക്കാൻ ശ്രമിക്കുന്നു. നമ്മുടെ ജീവിതത്തി​െൻറ എത്ര ഭാഗം തീറെഴുതിക്കൊടുക്കാൻ നാം തയാറാകുന്നുവെന്നതിലാണ് അവരുടെ ലാഭം. നമ്മുടെ ശ്രദ്ധയും സാന്നിധ്യവും വല്ലാതെ ആകർഷിക്കുന്നതിലുപരി നമ്മുടെ സ്വഭാവങ്ങളെയും കാഴ്ചപ്പാടുകളെയും മാറ്റിമറിക്കുകയാണ് സോഷ്യൽ മീഡിയ.

ഇത് അത്ര പെട്ടെന്നുണ്ടാകുന്ന പരിവർത്തനമല്ല. വളരെയധികം സമയമെടുത്ത് ക്രമാനുഗതമായി വരുത്തുന്ന മാറ്റങ്ങളാണ്. ചിലർ ഇതിനെ സർവെയലൻസ് കാപിറ്റലിസം എന്നു വിളിക്കാറുണ്ട്. അതായത് നാം എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു എന്നു മനസ്സിലാക്കി, നമ്മുടെ സ്വഭാവ സവിശേഷതകളെയും കാഴ്ചപ്പാടുകളെയും ഉൽപന്നമാക്കി പരിവർത്തിപ്പിച്ച് വിൽപനക്ക്​ ഉപയോഗിക്കുന്ന രീതി. ഇതിനു മുമ്പ് സാങ്കേതിക വിദ്യ ഉൽപാദിപ്പിച്ചിരുന്നത് വ്യത്യസ്ത ടൂളുകൾ ആയിരു​െന്നങ്കിൽ, ഇന്ന് ആ ടൂളിനു പകരം ഉപയോക്താക്കളെ മാനിപുലേറ്റ് ചെയ്യുകയാണ് ടെക് കമ്പനികൾ സ്വീകരിച്ചിരിക്കുന്ന മാർക്കറ്റിങ്​ തന്ത്രം.

തിരിച്ചുപോക്ക്​ സാധ്യമല്ലാത്ത കെണിയിലേക്ക്​

ഉപയോഗം വർധിപ്പിക്കുന്നത് ലക്ഷ്യംവെച്ച്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തിയുള്ള ആൽഗരിതങ്ങൾ ഉപയോക്താക്കളെ പരസ്യദാതാക്കൾക്ക് മുന്നിൽ എത്തിക്കുക മാത്രമല്ല, മാനുഷിക വികാരങ്ങളെ അതിതീവ്രമായി മാനിപുലേറ്റ് ചെയ്യുകയും തിരിച്ചുപോക്ക് സാധ്യമാകാത്ത വിധം അവരെ കുരുക്കിയിടുകയും ചെയ്യുന്നു. അമേരിക്കയിലെ കൗമാരക്കാർ ഏറ്റവും കൂടുതലുപയോഗിക്കുന്ന സ്നാപ്ചാറ്റുമായി ബന്ധപ്പെട്ട് Snapchat Dystrophy എന്ന പുതിയ പ്രവണതയെക്കുറിച്ച് മനോരോഗ വിദഗ്ധർ താക്കീത് ചെയ്യുന്നുണ്ട്. അതായത് തങ്ങളുടെ സെൽഫികൾ നന്നാക്കുന്നതിന് കൗമാരക്കാർ പ്രത്യേകതരം പ്ലാസ്​റ്റിക് സർജറിക്ക് വിധേയരാകുന്നുണ്ട് എന്നാണ് ഈ പ്രവണത സൂചിപ്പിക്കുന്നത്.

വമ്പൻ കോർപറേറ്റുകളുടെ ലാഭക്കൊതിക്ക് മുന്നിൽ എല്ലാ നൈതികതകളും അപ്രത്യക്ഷമാകുന്നു എന്ന്​ എല്ലാ വിദഗ്​ധരും ഉൗന്നിപ്പറയുന്നു​. മനുഷ്യനെ പരസ്പരം യോജിപ്പിക്കാനായി ഉടലെടുത്ത പല സാമൂഹിക മാധ്യമങ്ങളും ഇപ്പോൾ മത്സരിക്കുന്നത് ഉപയോക്താക്കളെ എത്രയധികം നേരം ഈ മാധ്യമങ്ങൾക്കു മുന്നിൽ തളച്ചിടാൻ സാധിക്കുമെന്നതിലാണ്.

എന്നാൽ, സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾക്ക് രൂപംനൽകിയ അതി വിദഗ്ധരായ എല്ലാവരും മക്കളെയും മറ്റു വേണ്ടപ്പെട്ടവരെയും ഇതിൽനിന്ന് അകറ്റിനിർത്തുന്നതു കാണണം. മറ്റുള്ളവരെ ഇതിൽ മേയാൻ വിട്ട്, അവരെ പിടിച്ചുനിർത്താനുള്ള അതിവിദഗ്ധമായ ട്രിക്കുകൾ നിരത്തി, പരസ്യദാതാക്കളില്‍നിന്ന് പണം വാരിക്കൂട്ടുന്ന വൻകിട കോർപറേറ്റുകൾക്ക് ഇതി​െൻറ ദൂഷ്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട് എന്നതാണ് ഇത് കാണിക്കുന്നത്.

കാലിൽ ചെര​ിപ്പിടുക പ്രധാനം

സാധാരണ ഉപയോക്താക്കൾക്ക് മുന്നിൽ ഒരേയൊരു പരിഹാരം മാത്രം. വളരെ സൂക്ഷ്മതയോടെ മാത്രം സാമൂഹിക നെറ്റ്‌വർക്കുകൾ ഉപയോഗിക്കുക. നമ്മുടെ ശ്രദ്ധ പിടിച്ചുനിർത്താൻ അവർ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും വേണ്ടെന്നു വെക്കുക. ഉദാഹരണത്തിന് ഗൂഗ്​ള്‍, യുട്യൂബ് തുടങ്ങിയവയില്‍ സെർച്ച് ചെയ്യുമ്പോള്‍ ആ റിസള്‍ട്ടുകളില്‍നിന്ന്​ നമ്മുടെ ആവശ്യത്തിനും ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ക്കും യോജിക്കുന്നവ മാത്രം തിരഞ്ഞെടുത്ത് ഉപയോഗിക്കുക.

പകരം നിർദേശിക്കുന്ന മറ്റു സൈറ്റുകളിലേക്കും വിഡിയോകളിലേക്കും ഒരിക്കലും പോകാതിരിക്കുക. സ്മാർട്ട് ഫോണുകളിലും മറ്റും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ നോട്ടിഫിക്കേഷൻ ബട്ടണുകള്‍ ഓഫ് ചെയ്തുവെക്കുക. വീടുകളിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം നിർണിതസമയം വരെ മാത്രമാക്കുക. കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കുന്ന സമയങ്ങളിൽ പരിപൂർണമായും സ്മാർട്ട്ഫോണുകൾ അകറ്റിനിർത്തുക. ഈ പരിഹാരമൊക്കെ നിർദേശിക്കുന്നത് ഇവ സൃഷ്​ടിച്ച സാങ്കേതിക വിദഗ്ധർതന്നെയാണ്.

അതുപോലെ പ്രധാനമാണ് ഇത്തരം നെറ്റ്‌വർക്കുകൾ കൈവശപ്പെടുത്തുന്ന ഡേറ്റയെ സംബന്ധിച്ച് ഗവൺമെൻറുകൾ വ്യക്തമായ നിയമനിർമാണം നടത്തണമെന്നത്. ഇവയുടെ അടിസ്ഥാന ഉപയോഗത്തിന് വേണ്ട ഡേറ്റ മാത്രം നിലനിർത്തുകയും ബാക്കി ഡേറ്റ ശേഖരിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുകയെന്നതും പരിഹാരമാർഗമാണ്. അതായത്, പിന്നിലിരുന്ന് നിയന്ത്രിക്കുന്നവരെ ശക്തമായി കടിഞ്ഞാണിടുന്ന നിയമങ്ങള്‍ വേണം.

ചരിത്രത്തില്‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​േങ്കതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായിരിക്കുന്നു. സാങ്കേതിക വിദ്യ ഉയർത്തുന്ന ഇത്തരം പ്രശ്നങ്ങളും വെല്ലുവിളികളും സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്​ധർ മാത്രമറിയുന്ന ഒന്നാകരുത്. സമൂഹത്തിലെ എല്ലാവർക്കും ഇതെക്കുറിച്ച് അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediasmart phone
News Summary - Social Media: Reliance or Confusion?
Next Story