കേരള വോട്ടുചോരിയിലേക്ക് വിരൽ ചൂണ്ടുന്ന എസ്.ഐ.ആർ
text_fieldsവെട്ടിനിരത്തിയും തിരുകിക്കയറ്റിയും ‘സ്വന്തം’ വോട്ടർമാരെ നിർമിച്ചെടുക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ ഗൂഢപദ്ധതിയാണ് എസ്.ഐ.ആർ എന്ന ആരോപണം ശക്തിപ്പെടുന്നതിനിടെയാണ് കേരളത്തിൽ തീവ്ര പട്ടിക പരിഷ്കരണം ആരംഭിച്ചത്. ഇപ്പോൾ അത് ആദ്യഘട്ടം പിന്നിട്ടു. 2025 വോട്ടർ പട്ടികയിൽ പേരുള്ളവരെല്ലാം ഒറിജിനൽ വോട്ടർമാരാണെന്ന്, ബൂത്ത് ലെവൽ ഓഫിസർ നേരിട്ട് പോയി കണ്ടോ ബന്ധുക്കളെ കണ്ടോ ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് പൂർത്തിയായത്. നേരിൽ പരിശോധിച്ച് ഉറപ്പാക്കാൻ കഴിയാത്തതിനാൽ അയോഗ്യരെന്ന് കണ്ടെത്തിയവരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
അതിനു മുന്നോടിയായി 24,08,503 പേരെ ഒഴിവാക്കിക്കൊണ്ടുള്ള പട്ടിക തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. ഈ പട്ടികക്ക് പിന്നാലെ കേരളത്തിൽ നേരത്തെ വോട്ടുകൊള്ള നടന്നിരുന്നുവോ എന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും വൻതോതിൽ ആസൂത്രിത വോട്ടുകൊള്ള നടന്നുവെന്ന് ആധികാരികമായി വെളിപ്പെടുത്തിയത് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ്. ആ സംസ്ഥാനങ്ങളിൽ വോട്ടുചോരിക്ക് പ്രയോഗിച്ച തന്ത്രങ്ങൾ, കേരളത്തിലും ചില മണ്ഡലങ്ങളിൽ നടപ്പാക്കിയിരുന്നുവെന്ന സൂചനകളിലേക്കാണ് എസ്.ഐ.ആറിന്റെ ആദ്യ പട്ടിക വിരൽ ചൂണ്ടുന്നത്.
എസ്.ഐ.ആർ 2026 എ.എസ്.ഡി പട്ടിക എന്ന പേരിൽ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട പട്ടികയിൽ ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങൾക്കൊപ്പം ഒഴിവാക്കപ്പെട്ടതിന്റെ കാരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ബി.എൽ.ഒയുടെ പരിശോധനയിൽ കണ്ടെത്താനാകാത്ത അജ്ഞാത വോട്ടർ, മറ്റേതെങ്കിലും ബൂത്തിലേക്ക് വോട്ട് സ്ഥിരമായി മാറ്റിയവർ, മരണം, ഇതേ എപിക് നമ്പറിൽ നിലവിൽ എസ്.ഐ.ആറിൽ എൻറോൾ ചെയ്തവർ, എസ്.ഐ.ആറിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്തതിനാൽ അത് നിരാകരിച്ചവർ- ഇങ്ങനെ അഞ്ച് വിഭാഗത്തിൽപെട്ടവരെയാണ് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തത്. ഇവരുടെ വിവരങ്ങൾ ബൂത്ത് തലത്തിൽ സൂക്ഷ്മ പരിശോധന നടത്തുമ്പോൾ ലഭിക്കുന്ന സൂചനകൾ നടുക്കുന്നതാണ്.
കോൺഗ്രസിന് വലിയ നേട്ടം പ്രവചിച്ചിരുന്ന ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് ഫലം, വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുകളിൽ അവിശ്വസനീയമാംവിധം ബി.ജെ.പിക്ക് അനുകൂലമായി മാറുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. ഈ മാറ്റം അസ്വാഭാവികവും ആസൂത്രിതവുമായിരുന്നു എന്നാണ് രാഹുൽ ഗാന്ധി ഡിജിറ്റൽ തെളിവുകൾ സഹിതം സമർഥിച്ചത്. ആകെയുള്ള രണ്ടുകോടി വോട്ടർമാരിൽ 25 ലക്ഷം വ്യാജ വോട്ടർമാരായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ കണ്ടെത്തൽ.
പലതരത്തിലാണ് ഈ വ്യാജന്മാരെ പട്ടികയിൽ എത്തിച്ചത്. അയൽ സംസ്ഥാനങ്ങളിൽനിന്ന് ബി.ജെ.പി നേതാക്കളടക്കം പതിനായിരങ്ങളെ കൂട്ടത്തോടെ ഹരിയാനയിലെ വോട്ടർ പട്ടികയിൽ കുത്തിത്തിരുകിയതാണ് ഒരു വഴി. ഒരേ വീട്ടുനമ്പറിൽ തന്നെ 100-200 വോട്ടർമാർ ഉണ്ടായി. വീട്ടുനമ്പർ ഇല്ലാത്ത കെട്ടിടങ്ങളുടെ പേരിലും വീട്ടുനമ്പർ 0 എന്ന് രേഖപ്പെടുത്തിയും വോട്ടർമാരെ ഉൾക്കൊള്ളിച്ചു. ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് പല വിലാസത്തിൽ 100-150 വോട്ടുവരെ രേഖപ്പെടുത്തി. ഈ വോട്ടർമാരുടെയെല്ലാം പൊതു പ്രത്യേകത ഇവരെല്ലാം അജ്ഞാത വോട്ടർമാരായിരുന്നുവെന്നതാണ്. ഇനി തിരിച്ചറിയാൻ കഴിഞ്ഞവർ തന്നെ ഹരിയാനക്കാരായിരുന്നില്ല. മറിച്ച് ബിഹാർ മുതൽ ബ്രസീൽ വരെ ഏതോ ലോകത്തും രാജ്യത്തുമൊക്കെയുള്ളവരായിരുന്നു. കേരളത്തിലെ എ.എസ്.ഡി പട്ടികയിൽ അസാധാരണമായ തോതിൽ ‘അജ്ഞാത വോട്ടർ’മാർ ഇടംപിടിച്ചിരിക്കുന്നുവെന്ന് കാണാം. പ്രത്യേകിച്ചും ബി.ജെ.പി സാധ്യത കാണുന്ന മണ്ഡലങ്ങളിലെ അവരുടെ സ്വാധീന മേഖലയിലുള്ള ബൂത്തുകളിൽ. ഒഴിവാക്കപ്പെടുന്ന ആകെ വോട്ടർമാരുടെ എണ്ണത്തിലും ബി.ജെ.പിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങൾ ഞെട്ടിക്കുന്ന സാന്നിധ്യവും തട്ടിപ്പെന്ന് തോന്നിപ്പിക്കുംവിധത്തിലുള്ള ‘മുന്നേറ്റവും’ ഉറപ്പാക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമതെത്തിയത്. ഒമ്പത് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തുമെത്തി. എസ്.ഐ.ആർ കണക്കെടുപ്പ് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാർ ആദ്യ ഘട്ടത്തിൽ ഒഴിവാക്കപ്പെട്ട മണ്ഡലങ്ങളെല്ലാം ബി.ജെ.പി മുന്നേറ്റമുണ്ടായ സ്ഥലങ്ങളാണ് എന്നത് ശ്രദ്ധേയമാണ്. എ.എസ്.ഡി പട്ടിക പ്രകാരം ആകെ 24,08,503 പേരാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. ഇതിൽ 5,56,786 വോട്ടർമാരും ബി.ജെ.പി ഒന്നോ രണ്ടോ സ്ഥാനത്തെത്തിയ 20 മണ്ഡലങ്ങളിൽ ഉൾപ്പെട്ടവരാണ്. അഥവാ ആകെ പുറത്താക്കപ്പെട്ടവരുടെ 23.116 ശതമാനം പേർ. ഏതാണ്ട് നാലിലൊന്ന് വോട്ടർമാർ.
ഏറ്റവും കൂടുതൽ പേർ പുറത്താക്കപ്പെട്ട ആദ്യത്തെ 20 മണ്ഡലങ്ങളിൽ 14 എണ്ണവും ബി.ജെ.പിയുടെ ഒന്നാം ക്ലാസ് പട്ടികയിൽ വരുന്നവയാണ്. കണ്ണൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറവ് പേർ പുറത്താക്കപ്പെട്ടത് - 6,239 പേർ. കൂടുതൽ തിരുവനന്തപുരത്തും - 58,828. ഇതനുസരിച്ച് പുറത്താക്കപ്പെട്ടവരുടെ കേരള ശരാശരി ഒരു മണ്ഡലത്തിൽ 17,864 പേർ എന്നതാണ്. എന്നാൽ, ബി.ജെ.പി മുന്നേറ്റമുണ്ടായ 20 മണ്ഡലങ്ങളുടെ ശരാശരി 27,839 പേരാണ്. 25,000ത്തിൽ അധികം വോട്ടർമാർ പുറന്തള്ളപ്പെട്ട മണ്ഡലങ്ങളുടെ കണക്കെടുത്താൽ അതിലും മുൻനിരയിൽ ബി.ജെ.പി സ്വാധീന മണ്ഡലങ്ങളാണ്.
ഇങ്ങനെ പുറത്താക്കപ്പെടുന്നവർ വ്യാജ വോട്ടർമാരാണെന്ന് തെളിയിക്കുന്ന രേഖകൾ എസ്.ഐ.ആറിൽ ലഭ്യമല്ല. എന്നാൽ, പുറത്താക്കപ്പെടാനിടയായ കാരണങ്ങൾ പരിശോധിക്കുമ്പോൾ ചില മണ്ഡലങ്ങളിൽ, ബി.എൽ.ഒമാർക്ക് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയാത്തവരുടെ എണ്ണവും എസ്.ഐ.ആറിൽ പങ്കെടുക്കാതെ നിരാകരിച്ചവരുടെ എണ്ണവും ശ്രദ്ധേയമായ രീതിയിൽ ഉയർന്നു നിൽക്കുന്നുണ്ട്. ഇതിൽ അജ്ഞാത വോട്ടർമാരുടെ എണ്ണം അസ്വാഭാവികമായി ഉയർന്നു നിൽക്കുന്ന സ്ഥലങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അതിൽ മുൻപന്തിയിൽ നിൽക്കുന്നത് ബി.ജെ.പി സ്വാധീന മേഖലകളാണെന്ന് കാണാം.
ബി.ജെ.പി കേരളത്തിൽ അമിത പ്രതീക്ഷവെച്ച് അത്യധ്വാനം ചെയ്യുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തിലെ ആർ.എസ്.എസിന്റെ പാർട്ടി ഗ്രാമങ്ങളായി അറിയപ്പെടുന്ന പ്രദേശത്തെ ബൂത്തുകൾ പരിശോധിച്ചാൽ ഈ പ്രവണത എളുപ്പം ബോധ്യമാകും. ഇവിടത്തെ നാല് ബൂത്ത് മാത്രം പരിശോധിച്ചപ്പോൾ കണ്ടെത്തിയ അജ്ഞാത വോട്ടർമാരുടെ (untraceable/absent) എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഈ ബൂത്തുകളിൽ പുറത്താക്കപ്പെട്ട വോട്ടർമാരുടെ ആകെ എണ്ണത്തിൽ 54 ശതമാനം മുതൽ 75 ശതമാനം വരെ അജ്ഞാത വോട്ടർമാരാണ് എന്ന് തെരഞ്ഞെടുപ്പ് കമീഷൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത, ബി.ജെ.പിയുടെ പാർട്ടി ഗ്രാമമായ, മറ്റ് പാർട്ടി പ്രവർത്തകർക്കോ മാധ്യമങ്ങൾക്കോപോലും പ്രവേശനമോ സ്വതന്ത്ര പ്രവർത്തനാവസരമോ ഇല്ലാത്ത കോട്ടയിലാണ് ഇത്രയുമാളുകളെ കണ്ടെത്താൻ കഴിയാത്തത് എന്നത് കൗതുകകരമാണ്. മാനായും മാരീചനായും വന്ന് വോട്ടുചെയ്തുപോയ ഹരിയാനയിലെ അജ്ഞാത വോട്ടർമാരെ കണ്ടെത്തിയത് രാഹുൽ ഗാന്ധിയാണെങ്കിൽ പാലക്കാട്ടെ ബി.ജെ.പി കോട്ടയിലെ മായാവികളെ കമീഷൻ തന്നെയാണ് പുറംലോകത്തിന് മുന്നിൽ പങ്കുവെക്കുന്നത്. 2024ൽ വോട്ടു ചെയ്തവർ, 2025ൽ എസ്.ഐ.ആർ വന്നപ്പോൾ അജ്ഞാതരായി മാറിയെങ്കിലും ഇതിനിടെ നടന്ന പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ഇതിൽ പലരും വോട്ട് ചെയ്തിട്ടുണ്ട് എന്നും രേഖകൾ തെളിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

