നമ്മുടെ മക്കളെ നാം സംരക്ഷിക്കുന്നുണ്ടോ?
text_fieldsചാലിയാർ പെൺകുട്ടിക്ക് നീതി തേടി കഴിഞ്ഞ വർഷം കൂട്ടുകാർ നീതിദീപം തെളിച്ചപ്പോൾ
നിറയെ സ്വപ്നങ്ങളുമായി ജീവിച്ച, ബഹിരാകാശ ശാസ്ത്രജ്ഞയായി വളർന്ന് വീടിന്റെയും നാടിന്റെയും യശസ്സ് ആകാശത്തോളം ഉയർത്താൻ ആഗ്രഹിച്ചിരുന്ന ഒരു പതിനേഴുകാരി പെൺകുട്ടിയുടെ ഉയിരറ്റ ദേഹം ചാലിയാർ പുഴയുടെ തീരത്തുനിന്ന് കണ്ടെത്തിയ സംഭവത്തിന് രണ്ട് വർഷം തികയുമ്പോഴും, അവളുടെ കുടുംബവും സുഹൃത്തുക്കളും ഒരേയൊരു ചോദ്യം ആവർത്തിക്കുകയാണ് -
“അവളെ എന്തിന് കൊന്നു?”
സാഹചര്യ തെളിവുകൾ കൊലപാതകത്തിന്റെ ദിശയിലേക്കാണ് വിരൽചൂണ്ടുന്നത്. മൃതദേഹത്തിൽ കൈകൾ ബന്ധിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നു. ശരീരത്തിൽ മുറിവുകളും കണ്ടെത്തി. മേൽവസ്ത്രം അഴിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നെരിയാണിയോളം മാത്രം വെള്ളമുണ്ടായിരുന്നുള്ളൂ... ഇങ്ങനെ പലതും ആ വാദം ബലപ്പെടുത്തുന്നു.
എന്നാൽ, ലൈംഗികാതിക്രമം നേരിട്ടതിലെ മാനസിക സമ്മർദംമൂലം കുട്ടി ആത്മഹത്യ ചെയ്തതാണെന്ന നിലപാടാണ് അന്വേഷണ ഏജൻസി സ്വീകരിച്ചത്. കുടുംബത്തിനും സുഹൃത്തുക്കൾക്കും സമരസമിതിക്കും ഇത് അംഗീകരിക്കാനാവുന്നില്ല.
കേസിൽ പിടിയിലായ കരാട്ടേ അധ്യാപകൻ സിദ്ദിഖലി, തനിക്കും മറ്റ് വിദ്യാർഥികൾക്കും നേരെ ലൈംഗികാക്രമണം നടത്തിയതായി മരിക്കുന്നതിനുമുമ്പ് ഈ പെൺകുട്ടി വാഴക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി ധൈര്യത്തോടെ പരാതി നൽകുമ്പോൾ, അവൾക്ക് സമൂഹവും ഭരണകൂടവും നൽകേണ്ടിയിരുന്നത് സുരക്ഷയും നീതിയുമായിരുന്നു. എന്നാൽ ഇന്ന്, അവളുടെ മരണത്തിനുശേഷവും കുടുംബം നീതിക്കായി തെരുവിലിറങ്ങേണ്ടിവരുന്നത് നമ്മുടെ സംവിധാനങ്ങളുടെ പരാജയമല്ലേ? പെൺകുട്ടിയുടെ ദുരൂഹ മരണത്തിനുശേഷം മറ്റു പല പെൺകുട്ടികളും ഇതേ സ്ഥാപനത്തിൽ ലൈംഗികാതിക്രമം നേരിടേണ്ടിവന്നു എന്ന പരാതിയുമായി മുന്നോട്ട് വന്നു. മുമ്പ് ഇയാൾക്കെതിരെ പരാതി കൊടുത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതാണെന്ന ഇരയുടെ പരാതിയും നിലവിൽ ഹൈകോടതിയിൽ നിലനിൽക്കുന്നു എന്നതും ചേർത്ത് വായിക്കപ്പെടേണ്ടതുണ്ട്.
ഈ സംഭവം മറ്റൊരു ഗുരുതരമായ വിഷയത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു -sexual grooming. കുട്ടികളുമായി അടുത്ത ബന്ധം സ്ഥാപിച്ച്, വിശ്വാസം നേടി, മാനസികമായും മാനുഷികമായും അവരെ നിയന്ത്രണത്തിലാക്കുന്ന ഈ പ്രവണതയെക്കുറിച്ച് നമ്മുടെ സമൂഹത്തിന് ഇപ്പോഴും മതിയായ അവബോധമില്ല. അധ്യാപകൻ, കോച്ച്, ആത്മീയഗുരു, ബന്ധു-അധികാരമോ വിശ്വാസമോ ഉള്ള സ്ഥാനങ്ങളിൽ നിൽക്കുന്നവർ തന്നെയാകുമ്പോൾ, കുട്ടികൾക്ക് അതിനെ തിരിച്ചറിയാനും തുറന്നുപറയാനും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ഗ്രൂമിങ് സാധാരണയായി പെട്ടെന്നുള്ള അതിക്രമമായി ആരംഭിക്കില്ല. അതൊരു ക്രമബദ്ധമായ പ്രക്രിയയാണ് -ചെറിയ സമ്മാനങ്ങൾ, പ്രത്യേക ശ്രദ്ധ, ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് വിളിച്ചുകൊണ്ടുപോകൽ. കുട്ടികൾക്ക് അതിൽ തെറ്റുണ്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനെക്കുറിച്ച് സ്കൂളുകളിലും വീട്ടിലും തുറന്ന സംവാദങ്ങൾ ആവശ്യമുണ്ട്. സർക്കാർ സംവിധാനങ്ങൾ ഇത്തരം കേസുകളിൽ അതിവേഗവും സുതാര്യവുമായ ഇടപെടൽ ഉറപ്പാക്കേണ്ടതുണ്ട്. പുനരന്വേഷണം ആവശ്യപ്പെടുന്ന കുടുംബത്തിന്റെ വേദന കേൾക്കപ്പെടണം. നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയങ്ങൾ ദൂരീകരിക്കാൻ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യപടിയായിരിക്കും.
രണ്ടുവർഷം കഴിഞ്ഞിട്ടും ഒരു കുടുംബം “നമുക്ക് നീതി കിട്ടിയിട്ടില്ല” എന്ന് പറയുന്നുണ്ടെങ്കിൽ, അത് അവരുടെ മാത്രം വേദനയല്ല; നമ്മുടെ സമൂഹത്തിന്റെ പരാജയമാണ്. ഓരോ കുട്ടിയും സുരക്ഷിതമായി സ്വപ്നംകാണാനും അതിനെ പിന്തുടരാനും കഴിയുന്ന ഒരു സമൂഹം നിർമിക്കാൻ, നിയമ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം. sexual grooming നെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കണം. പരാതി നൽകുന്ന കുട്ടികളെ സംശയത്തിന്റെ കണ്ണാടിയിലൂടെ അല്ല, വിശ്വാസത്തിന്റെ കരുതലിലൂടെ കാണണം.
ചാലിയാർ തീരത്ത് മാഞ്ഞുപോയ ആ സ്വപ്നം നമ്മെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ നിർബന്ധിതരാക്കുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്: “നമ്മുടെ കുട്ടികളെ നാം യഥാർഥത്തിൽ സംരക്ഷിക്കുന്നുണ്ടോ?”. എപ്സ്റ്റീൻ ഫയലുകളിലൂടെ രക്തം മരവിക്കുന്ന ക്രൂരതകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ ചോദ്യം എല്ലാ ദിവസവുമെന്നപോലെ നമ്മളോടുതന്നെ ചോദിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

