മാതൃ-ശിശു സൗഹൃദമാകേണ്ടേ നവകേരളം?
text_fieldsഏഴുമാസം പ്രായമുള്ള കുഞ്ഞുമായി ആശുപത്രിയിൽ പോയതായിരുന്നു. ഡോക്ടറെ കാണാൻ മണിക്കൂറുകളോളമുള്ള കാത്തിരിപ്പ്. അതിനിടയിൽ കുഞ്ഞിനു വിശപ്പു തുടങ്ങി. ചുറ്റിനും പുരുഷാരമാണ്. അവർക്കിടയിലിരുന്ന് പാലുകൊടുക്കാനാവില്ല. ഒരുപക്ഷേ, സി.സി.ടി.വിയിലും പതിയും. ഫീഡിങ് റൂമുണ്ടോ എന്നന്വേഷിച്ചു. നീണ്ട ഇടനാഴിക്കപ്പുറം വലത്തോട്ടു തിരിഞ്ഞ്...പിന്നെയും തിരിഞ്ഞ്... പിന്നെയും തിരിഞ്ഞ്... കരയുന്ന കുഞ്ഞുമായി ഒടുവിൽ തിരഞ്ഞുപിടിച്ചു; ആശുപത്രിയുടെ ഒരു മൂലയിൽ പൊടിപിടിച്ച ഒരു ഇടുങ്ങിയ മുറി. പഴയ രണ്ടുമൂന്ന് കസേരകൾ മാത്രം... ഇതെന്റെ മാത്രം അനുഭവമല്ല, ശിശുക്കളുടെയും അമ്മമാരുടെയും അടിസ്ഥാനപരമായ അവകാശങ്ങളെ നമ്മുടെ പൊതു സംവിധാനം അവഗണിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണ്.
ലോകാരോഗ്യ സംഘടനയുടെ ശിപാർശയനുസരിച്ച്, കുഞ്ഞിന് ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം നൽകണമെന്നാണ്. എന്നാൽ, ദേശീയ കുടുംബാരോഗ്യ സർവേയുടെ കണക്കുകൾ പ്രകാരം, കേരളത്തിൽ 61.6 ശതമാനം ശിശുക്കൾക്ക് മാത്രമാണ് ശരിയാംവണ്ണം മുലപ്പാൽ ലഭിക്കുന്നത്. മുലയൂട്ടലിന് അനുകൂലമായ പൊതു അന്തരീക്ഷം ലഭ്യമല്ലാത്തത് ഇതിൽ ഒരു കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യകേരളത്തിന് പുറത്തോ അമ്മമാർ
പൊതുജനാരോഗ്യ രംഗത്ത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. ആയുർദൈർഘ്യത്തിന്റെ കാര്യത്തിലും ശിശുമരണ നിരക്കിന്റെ കാര്യത്തിലും പോഷകാഹാര ലഭ്യതയുടെ കാര്യത്തിലുമെല്ലാം അഭിമാനകരമായ നേട്ടങ്ങൾ നാം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അടിസ്ഥാനപരമായ പല കാര്യങ്ങളിലും നാമിപ്പോഴും ബഹുദൂരം പിന്നിലാണ്. അതിലൊന്നാണ് ആശുപത്രികളടക്കമുള്ള പൊതു ഇടങ്ങളിലെ മുലയൂട്ടൽ കേന്ദ്രങ്ങൾ.
ആശുപത്രികളിൽ മാത്രമല്ല -ബസ്, ട്രെയിൻ, ബസ് കാത്തിരിപ്പുകേന്ദ്രം പോലുള്ള പൊതു ഇടങ്ങളിൽ മുലയൂട്ടാനാവാതെ പ്രയാസപ്പെടുന്ന അമ്മമാരെയും വിശന്ന് കരയുന്ന കുഞ്ഞുങ്ങളെയും നാമേറെ കണ്ടിട്ടുണ്ട്. പൊതു ഇടങ്ങളിൽ മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട് സമൂഹം വെച്ചുപുലർത്തുന്ന ‘സദാചാരപരമായ’ തെറ്റായ കാഴ്ചപ്പാടുകൾ അതിന് ഒരു കാരണമാണ്. പ്രശ്നപരമായ ‘പുരുഷ നോട്ടം’ കാരണം പല അമ്മമാരും കുഞ്ഞുങ്ങളുടെ കരച്ചിൽ അവഗണിച്ച് മുലയൂട്ടാതെ മുന്നോട്ടുപോവുകയാണ്. ഇക്കാരണംകൊണ്ട് പൊതു ഇടങ്ങളിൽ പോകാൻ മടിച്ച് വീട്ടിൽ ഒതുങ്ങിക്കഴിയുന്ന അമ്മമാരുമുണ്ട്.
പലയിടങ്ങളിലും പേരിന് ഒരു ‘ഫീഡിങ് റൂം’ ഉണ്ടെങ്കിൽത്തന്നെ, അവയുടെ അവസ്ഥ പരിതാപകരമാണ്: ആശുപത്രികളിൽ രോഗികൾ കാത്തിരിക്കുന്ന പ്രധാന സ്ഥലങ്ങളിൽനിന്ന് അകലെ ഏതോ കോണിൽ ഒതുങ്ങിക്കിടക്കുന്ന ഈ മുറികൾ തേടി നടക്കേണ്ടിവരുന്നത് അമ്മമാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിശന്ന കുഞ്ഞിനെയും എടുത്ത് ദൂരം നടന്ന് തിരിച്ചെത്തുമ്പോഴേക്കും ഡോക്ടറുടെ കൺസൽട്ടേഷൻ സമയം കഴിഞ്ഞുപോയേക്കാം.
രണ്ടാമത്തെ പ്രശ്നം ശുചിത്വമാണ്. പലേടത്തും ഫീഡിങ് റൂമുകൾ പൊടിപിടിച്ചതും വൃത്തിഹീനവുമാണ്. പ്രതിരോധശേഷി കുറഞ്ഞ കുഞ്ഞുങ്ങളെ, അണുബാധകൾക്ക് സാധ്യതയുള്ള, വൃത്തിയില്ലാത്ത അന്തരീക്ഷത്തിലിരുത്തി പാലുകൊടുക്കാൻ ആരാണ് താൽപര്യപ്പെടുക?
ആശുപത്രികളും ബസ്-റെയിൽവേ സ്റ്റേഷനുകളും സർക്കാർ ഓഫിസുകളും ആരാധനാലയങ്ങളുമെല്ലാം മാതൃ-ശിശു സൗഹൃദ ഇടങ്ങളായി മാറാൻ ഇനി വൈകിക്കൂടാ. പൊതു ഇടങ്ങളിലെല്ലാം എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളിൽ മുലയൂട്ടൽ മുറികൾ സ്ഥാപിക്കണം. മുറികൾക്ക് നല്ല വായുസഞ്ചാരം, സുഖകരമായ ഇരിപ്പിടങ്ങൾ, വൃത്തിയുള്ള അന്തരീക്ഷം എന്നിവ നിർബന്ധമാക്കണം.
അതിനൊപ്പം, മുലയൂട്ടുന്ന അമ്മമാർക്ക് അന്തസ്സോടെയും സുരക്ഷിതമായും ഈ സൗകര്യം ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

