‘‘അദ്ദേഹത്തെപ്പോലെ നിർഭയനും ലാളിത്യദീക്ഷയുമുള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല’’ -ഇന്ത്യ കണ്ട ഏറ്റവും വലിയ സമത്വദാർശനികനായ ഡോ. രാംമനോഹർ ലോഹ്യയെ സംബന്ധിച്ച് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നിരീക്ഷണമാണിത്. ഗാന്ധിവധത്തെ തുടർന്ന് കോൺഗ്രസിൽ തുടരാൻ സാധ്യമല്ലെന്ന് പ്രഖ്യാപിച്ച സോഷ്യലിസ്റ്റുകളുടെ മുൻനിരയിൽ ലോഹ്യ ഉണ്ടായിരുന്നു. അവർ ഇന്ത്യയിലെ ആദ്യ സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപംനൽകി. വിദ്യാർഥിയായിരിക്കെതന്നെ ഗാന്ധിജി, ജവഹർലാൽ നെഹ്റു, ജയപ്രകാശ് നാരായൺ, ഖാൻ അബ്ദുൽ ഗഫാർ ഖാൻ തുടങ്ങിയ പ്രമുഖർക്കൊപ്പം സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ തലപ്പത്ത് നിലയുറപ്പിക്കാൻ സാധിച്ചത് ലോഹ്യയുടെ രാഷ്ട്രീയ ചിന്തകൾക്കും അനുഭവപാഠങ്ങൾക്കും ആഴംപകർന്നു.
1910 മാർച്ച് 23ന് ജനിച്ച് 57ാം വയസ്സിൽ 1967 ഒക്ടോബർ 12ന് അന്തരിച്ച ലോഹ്യ 10 വർഷംകൂടി ജീവിച്ചിരുെന്നങ്കിൽ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നുവെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുകയുണ്ടായി. 1930 മാർച്ച് 23ന് ധീരദേശാഭിമാനത്തിെൻറ പ്രതീകമായ ഭഗത് സിങ്ങിനെ ബ്രിട്ടൻ തൂക്കിലേറ്റിയത് ലോഹ്യയുടെ ഹൃദയത്തിൽ ബ്രിട്ടനെതിരെ സന്ധിയില്ലാസമരത്തിെൻറ വീര്യം പകരുകയായിരുന്നു. ഒഴുക്കിനെതിരെ നീന്താനും അനീതി എവിടെ കണ്ടാലും ചോദ്യംചെയ്യാനും പോരാടാനുമുള്ള നിശ്ചയദാർഢ്യം അദ്ദേഹം ജീവിതാന്ത്യംവരെ പ്രകടിപ്പിച്ചു. ജാതിനശീകരണം, സാമൂഹിക സമത്വം എന്നീ വിഷയങ്ങളിൽ ലോഹ്യ സുവ്യക്തമായ നിലപാട് സ്വീകരിച്ചു. പ്രശ്നം പരിഹരിക്കാൻ ഗാന്ധിയുടെ അനുതാപം മാത്രം പോരാ. അതിൽ അംബേദ്കറുടെ രോഷവും ഉൾച്ചേർക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
എതിർക്കേണ്ട കാര്യങ്ങൾ മയപ്പെടുത്തിപ്പറയുക എന്ന പ്രമാണം ലോഹ്യക്ക് സ്വീകാര്യമായിരുന്നില്ല. ചരിത്രം, രാഷ്ട്രീയം, മതം, സംസ്കാരം തുടങ്ങി വിഷയം ഏതുമാകെട്ട സ്വാഭിപ്രായം സ്വകീയ ൈശലിയിൽ അദ്ദേഹം ശക്തമായി അവതരിപ്പിക്കുകയായിരുന്നു- സോക്രട്ടീസ്, വോൾട്ടയർ, കാൾ മാർക്സ് തുടങ്ങിയ ഉന്നത വ്യക്തികളുടെ മാതൃക അതായിരുന്നുവെന്നും അദ്ദേഹം ഒാർമിപ്പിച്ചു. മുതലാളിത്തവും കമ്യൂണിസവും ആധുനിക നാഗരികതയുടെ വ്യത്യസ്ത മുഖങ്ങളാണെന്നും ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് ഇൗ മാതൃകയിൽ വികസിക്കാനാകില്ലെന്നും അേദ്ദഹം നിരീക്ഷിക്കുകയുണ്ടായി.
തർക്കങ്ങൾ മാറ്റിവെച്ച് ഇന്ത്യയും പാകിസ്താനും ഒരു കോൺഫെഡറേഷൻ രൂപവത്കരിക്കുന്നത് ഉചിതമാകുമെന്ന് അദ്ദേഹം നിർദേശിച്ചു. ഇന്ത്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യരുടെ സമത്വമായിരുന്നു ലോഹ്യ സ്വപ്നംകണ്ടത്. സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും ശക്തമായി എതിർത്ത ലോഹ്യയുടെ ദർശനങ്ങൾക്ക് വർത്തമാനകാല ഇന്ത്യയിൽ പ്രസക്തി വർധിച്ചിരിക്കുന്നു.