‘‘നിങ്ങൾക്ക് മനസ്സിലായതെന്തോ, അതാണ് ശാസ്ത്രം; മനസ്സിലാകാത്തതും അറിയാത്തതും ഫിലോസഫി’’-ഫിലോസഫിക്ക് ഈ നിർവചനം നൽകിയത് ബർട്രാൻഡ് റസൽ. റസലിനെയോ, ഈ നിർവചനമോ ഒന്നും കേട്ടവരോ കാണാതെ പഠിച്ചവരോ അല്ല ഭൂമി മലയാളത്തിലുള്ള എല്ലാവരും. അതിനാൽ അറിയാത്ത കാര്യങ്ങൾ പറയുന്നവരെ അവർ ബോധമില്ലാത്തവരെന്നോ, വെളിവില്ലാത്തവരെന്നോ ഒക്കെ പറയും. അതുമല്ലെങ്കിൽ ‘കഞ്ചാവെ’ന്നു അധിക്ഷേപിക്കും.
മലയാളസിനിമക്ക് പണമിറക്കുന്ന മുതലാളിമാരും അങ്ങനെയൊക്കെയാണോ? എന്ന് തീർത്തു പറയാനാവില്ല. പക്ഷേ, ഒന്നുറപ്പായി. അഭിനയവും ജീവിതവും തനിക്ക് രണ്ടല്ല, ഒന്നുതന്നെ എന്ന് നിരന്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന നടൻെറ ഫിലോസഫി അവർക്ക് പിടികിട്ടിയിട്ടില്ല. ‘എനിക്ക് കഥാപാത്രത്തെ ഉൾകൊള്ളാൻ സമയമായിരിക്കുന്നു, എല്ലാവരുമൊന്ന് മാറിപ്പോയേ’യെന്ന് ശ്രീനിവാസൻെറ സൂപ്പർ സ്റ്റാർ സരോജ്കുമാർ എന്ന കഥാപാത്രം ആജ്ഞാപിക്കുന്നതുപോലെയല്ല ഷെയ്ൻ നിഗം എന്ന ചെറുപ്പക്കാരൻ കഥാപാത്രങ്ങളെ മനസ്സിലലിയിക്കുന്നത്. പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത് തൻെറ ജീവിതത്തിലെതന്നെ പല കഥാസന്ദർഭങ്ങളെത്തന്നെയുമാണെന്ന് ഷെയിൻ. അതിനാൽ, കഥാപാത്രത്തിൻെറ ‘മൂഡി’ലേക്ക് പകർന്നാടാൻ ആവശ്യത്തിന് സമയം ചോദിക്കുേമ്പാൾ, അതിനെ വിലക്കിെൻറ വിലങ്ങുകാട്ടി പേടിപ്പിക്കുന്നത് ഷെയിം അല്ലേ എന്നാണ് പുതുമുറ നടെൻറ നെഞ്ചിൽ കുത്തുന്ന ചോദ്യം. എൻെറ കൈയും കാലും കെട്ടിയിട്ടാണോ വിലക്കാൻ പോകുന്നത് എന്ന ആ തറപ്പിച്ച ചോദ്യത്തിൽ നിർമാതാക്കളുടെ പിടുത്തമയഞ്ഞു. വിലക്കല്ല, നിസ്സഹകരണമാണ് എന്ന് അവർ തിരുത്തി.
ആദ്യ പടത്തിെൻറ പേര് ‘താന്തോന്നി’. അതിങ്ങനെ അറം പററ്റുമെന്നു നിനച്ചില്ല.
പൃഥ്വിരാജിൻെറ വടക്കൻവീട്ടിൽ കൊച്ചുകുഞ്ഞ് എന്ന തനി താന്തോന്നി കഥാപാത്രത്തിെൻറ ചെറുപ്പകാലമാണ് ആദ്യവേഷം. ഇപ്പോൾ നിർമാതാക്കളുടെ കണ്ണിൽ അസ്സൽ താന്തോന്നി കൊച്ചുകുഞ്ഞും പൃഥ്വിരാജുമൊന്നുമല്ല; ഷെയ്ൻ നിഗമാണ്. കൃത്യസമയത്ത് ലൊക്കേഷനിൽ വരാതെ സെറ്റിലുള്ളവരെ മുഴുവൻ മുഷിപ്പിക്കുന്ന, ഷൂട്ടിങ്ങിനിടയിൽ ഇല്ലാ കാരണങ്ങൾ പറഞ്ഞ് തോന്നിയപോലെ ഇറങ്ങിപ്പോകുന്ന, കരാറിൽ പറഞ്ഞതിനേക്കാളും പ്രതിഫലത്തിന് ഭീഷണിപ്പെടുത്തുന്ന, ഫേസ്ബുക്ക് ലൈവിൽ വന്ന് ആളുകളെ ചീത്തപറയുന്ന ശുദ്ധ താന്തോന്നി.
കുറേയൊക്കെ ക്ഷമിച്ചു. നെല്ലിപ്പലകയും കടന്നത് ‘വെയ്ൽ’ വിവാദത്തോടെ. ‘പയ്യന് അച്ചടക്കമില്ല’ എന്ന് നിർമാതാവ്. അതിനാൽ ഒന്ന് ഫോണിൽ വിളിച്ച് ഉപദേശിച്ചു. അതിനെ നാട്ടുകാരും മീഡിയയും ചേർന്ന് വധഭീഷണിയാക്കി. വലിയ പുലിവാലായി കാര്യങ്ങൾ. അതൊക്കെ പറഞ്ഞ് ഒത്തുതീർപ്പാക്കി ഒരാഴ്ച തികഞ്ഞില്ല, ചെറുക്കൻ പിന്നെയും പഴയ പടി. കഥാപാത്രത്തിനായി നീട്ടിവളർത്തിയ മുടി മുറിച്ചു ആള് പോരിനു തന്നെ കച്ചകെട്ടി.
പിന്നെ വിലക്കല്ലാതെ വേറെ എന്തുവഴി? കേട്ടാൽ ന്യായം. പക്ഷേ, ഇതൊന്നും ദഹിക്കാത്തവരും കുറവല്ല. രാജീവ് രവിയിൽ തുടങ്ങി സലിംകുമാർ വരെ. അവരും പടംപിടുത്തക്കാരും വേഷമിടുന്നവരുമാണല്ലോ. രാജീവ് രവിയുടെ ‘ഞാൻ സ്റ്റീവ് ലോപസ്’ എന്ന പടം വേണ്ടെന്നുവെച്ച ‘അഹങ്കാരി’യാണ് ഇപ്പറഞ്ഞ ഷെയ്ൻ എന്നോർക്കണം. എന്നിട്ടു അദ്ദേഹവുമുണ്ട് ‘താന്തോന്നി’യുടെ പിറകെ. അങ്ങനെ പിന്തുണയുടെ നിര നീളം കൂടുന്തോറും കാര്യങ്ങൾ കഞ്ചാവിൻ പുറത്തല്ല എന്ന് വെളിപ്പെട്ടുവരുന്നില്ലേ?
സെറ്റിൽ ‘താന്തോന്നി’യാണെങ്കിലും കഥാപാത്രങ്ങളത്രയും പോരാളിയുടേതാണ്. ‘ഇഷ്കി’െൻറ ചിത്രീകരണ സമയം. സ്വന്തം ശരീരം പോലും നോക്കാതെ തകർത്തഭിനയിക്കുകയാണ്. ഇങ്ങനെ പോയാൽ ഷെയ്നിെൻറ ആരോഗ്യം നിലനിർത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ സംവിധായകൻ ചോദിച്ചു: ‘‘ഷെയ്നേ, അഭിനയവും ജീവതവും രണ്ടല്ലേ, ഒന്ന് ശ്രദ്ധിച്ചുപോരെ ഇതൊക്കെ?’’. അല്ല, എനിക്കിത് രണ്ടും രണ്ടല്ല, ഒന്നാണ് എന്ന ആ ഒന്നൊന്നര മറുപടിയുണ്ടല്ലോ, അതാണ് ഷെയ്ൻ. ചെയ്ത കഥാപാത്രങ്ങളിലെല്ലാം അത് കാണാം. വളർന്നുവന്ന വഴികളിൽ അനുഭവിച്ച സംഘർഷങ്ങളും പ്രതിസന്ധികളുമൊക്കെ അതിൽ പ്രതിഫലിക്കുന്നുണ്ട്. അതിൽ അഭിനയവും ജീവിതവും രണ്ടായി പിരിക്കാനാവില്ല. അത്തരമൊരാൾക്ക് ഒരു കഥാപാത്രത്തിെൻറ മൂഡിലേക്ക് വരാൻ ഷെഡ്യൂളിെൻറയും കാൾ ഷീറ്റിെൻറയും കണക്കുകള്ളികൾ മതിയാകാതെ വരുന്നത് കുറവല്ല, ഗുണമല്ലേ? 24 വയസ്സുമാത്രമുള്ള ഒരാളുടെ പക്വതയില്ലായ്മ കൂടിയുണ്ട് അതിൽ. അതിനുള്ള മരുന്ന് എന്താണെങ്കിലും വിലക്കല്ല.
1995 ഡിസംബർ 21ന് കൊച്ചിയിൽ ജനനം. മിമിക്രി കലാകാരനും അഭിനേതാവും ഡബ്ബിങ് ആർടിസ്റ്റുമായിരുന്ന കലാഭവൻ അബി എന്ന ഹബീബ് മുഹമ്മദിെൻറയും സുനിലയുടെയും മൂത്ത മകൻ. എളമക്കരയിലെ ഭവൻസ് വിദ്യാ മന്ദിറിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ബിരുദത്തിന് ചേർന്നു. പക്ഷേ, പഠനം പൂർത്തിയാക്കുന്നതിനു മുന്നെ സിനിമയിലെത്തി. സിനിമയിലെത്തും മുമ്പ് തന്നെ, ടെലിവിഷൻ സീരിയലുകളിലും റിയാലിറ്റി ഷോകളിലും മുഖം കാണിച്ച് കൈയടി നേടിയിരുന്നു. പത്തു വർഷം മുമ്പ് ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ‘ഹെലോ കുട്ടിച്ചാത്തൻ’ ആണ് അതിലൊന്ന്. അമൃത ടി.വിയിലെ ഡാൻസ് റിയാലിറ്റി ഷോയിലും മികച്ച പ്രകടനം പുറത്തെടുത്തു.
2010ലാണ് ‘താന്തോന്നി’ പുറത്തുവന്നത്. അതേ വർഷം അമൽ നീരദ് -പൃഥ്വിരാജ് ചിത്രമായ ‘അൻവറി’ലും ചെറിയ വേഷം. പിന്നെയും മൂന്നു വർഷമെടുത്തു, ഷെയ്ൻ നിഗം എന്ന താരത്തിെൻറ റേഞ്ച് മലയാളിക്ക് പിടികിട്ടാൻ. ‘നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി’യിലെ ശ്യാം, ‘അന്നയും റസൂലി’ലെ കുഞ്ഞുമോൻ എന്നിവ മുഴുനീള കഥാപാത്രങ്ങളായിരുന്നില്ല. പേക്ഷ, ആ ചെറുവേഷങ്ങളിൽതന്നെ ഷെയ്ൻ പ്രതിഭ അടയാളപ്പെടുത്തി. അതുകൊണ്ടാണ് രാജീവ് രവി ‘സ്റ്റീവ് ലോപ്സി’ലേക്ക് വിളിച്ചത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ബാല്യകാല സഖി, കമ്മട്ടിപ്പാടം, കിസ്മത്ത്, c/o സൈറ ബാനു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്, ഓള് തുടങ്ങിയ പടങ്ങളൊന്നും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. നന്നായി ശ്രദ്ധിച്ച്, കഥാപാത്രത്തെ വേണ്ടപോലെ പഠിച്ചശേഷമാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത്. അതിനാൽ, ഓരോ സിനിമക്കും ഒരു വർഷം വരെ മാറ്റിവെക്കും. അതാണ് രീതി. ആ രീതി പക്ഷേ, എല്ലാവർക്കും മനസ്സിലായിക്കൊള്ളണമെന്നില്ല. സിനിമ ഒരു കല മാത്രമല്ല, കച്ചവടവും കൂടിയാണല്ലൊ. ഒരു വിഗ്ഗിലൂടെ പരിഹരിക്കാവുന്നൊരു പ്രശ്നത്തെ ഏഴു കോടിയിലേക്കൊക്കെ വലിച്ചുനീട്ടിയത് ഏതായാലും കഷ്ടമായിപ്പോയി എന്നേ പറയേണ്ടൂ.
സംവിധാനത്തിലും സംഗീതത്തിലും താൽപര്യമുള്ളയാളാണ്. ഷെയ്ൻ സംവിധാനം ചെയ്ത ‘മാറ്റിനി’, ‘ചിരി’ തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ യു ട്യൂബിൽ കാണാം. ഒഴിവു സമയങ്ങളിൽ ഒരുക്കിയ ചില മ്യൂസിക് ട്രാക്കുകളുണ്ട്, ഏമാന്മാർ വിലക്കിയില്ലെങ്കിൽ അടുത്ത വർഷം അതും ചില സിനിമകളിൽ പ്രത്യക്ഷപ്പെടും. എളമക്കരയിലെ വീട്ടിൽ അനിയത്തിമാരായ അലീനയും അഹാനയുമുണ്ട്; അബിയുടെ കണ്ണീരോർമകളിൽ ചിരിപടർത്തി സുനിലയും കൂട്ടിനുണ്ട്. ഇൻസ്റ്റാഗ്രാമിലെ ടാഗ് ൈലൻ, സിനിമയും ജീവിതവും രണ്ടല്ല എന്നു വിശ്വസിക്കുന്നയാളുടെ ഉറച്ച നിലപാട്, ‘വൺ ലൗ’ എന്നാണ്.