Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shaheen Bagh
cancel
camera_alt

ശഹീൻബാഗ് പ്രക്ഷോഭത്തിന്റെ ആവേശമായിരുന്ന ബിൽകീസ് ബാനുവും (മധ്യത്തിൽ) സഹപ്രവർത്തകരും

Homechevron_rightOpinionchevron_rightArticleschevron_rightശഹീൻബാഗ് ഒരു...

ശഹീൻബാഗ് ഒരു മാതൃകയാണ്, മുസ്‍ലിം സ്ത്രീയും

text_fields
bookmark_border

എഴുപതുകളിലും എൺപതുകളിലും വളർന്ന മുസ്‍ലിം പെൺകുട്ടി എന്ന നിലയിൽ സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷ ഫലങ്ങൾ ഞാൻ സ്ഥിരമായി ശ്രദ്ധിക്കാറുണ്ടായിരുന്നു. ആൺകുട്ടികളെ മറികടന്ന് പെൺകുട്ടികൾ ഉന്നത വിജയം നേടിയെന്ന റിപ്പോർട്ടുകളും ചിത്രങ്ങളും കാണുമ്പോഴുണ്ടാവുന്ന ആ ഒരു സന്തോഷം! സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്ന ഒരു സമുദായത്തിലെ അംഗമെന്ന നിലയിൽ മുസ്‍ലിം പെൺകുട്ടികളുടെ പരീക്ഷഫലവും താൽപര്യപൂർവം ഞാൻ നോക്കും. പെൺകുട്ടികൾ ആൺകുട്ടികളെ മറികടക്കുന്നുവെന്നത് മുസ്‍ലിം പെൺകുട്ടികളുടെ കാര്യത്തിലും ശരിയാണെന്നുകണ്ടു.

പുരാനാ ഡൽഹിയിലെ മുസ്‍ലിം പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച വിജയമാണ് കൈവരിച്ചുപോന്നത്. പയ്യന്മാർ പലരും മിഡിൽ സ്കൂൾ കഴിയുമ്പോഴേക്ക് പഠിത്തം മതിയാക്കുമ്പോൾ പെൺകുട്ടികൾ വാശിയോടെ പഠിച്ചു മുന്നേറുന്നു, കുറെയേറെ പേർ ബിരുദതലം വരെയെങ്കിലും പഠിക്കുന്നു.

ഞാൻ ബിരുദാനന്തര ബിരുദം കഴിഞ്ഞ് മാധ്യമ പ്രവർത്തനം ആരംഭിച്ചപ്പോൾ ശ്രദ്ധിച്ച ഒരു കാര്യം ഇത്രയൊക്കെ മുന്നേറ്റം നടക്കുമ്പോഴും മുസ്‍ലിം സ്ത്രീയെക്കുറിച്ച് മാധ്യമങ്ങളുടെ കാഴ്ചപ്പാടിന് ഒരു മാറ്റവും സംഭവിച്ചിരുന്നില്ല എന്നതാണ്. അവർ അബലകളും നിസ്സഹായാവസ്ഥയിൽ ഉഴലുന്നവരുമാണെന്നാണ് മാധ്യമങ്ങൾ നമ്മോട് പറഞ്ഞുതന്നത്.


'90കളിലും പുതു സഹസ്രാബ്ദത്തിലുമെല്ലാം മുസ്‍ലിം സ്ത്രീയെ മുന്നേറ്റ വെളിച്ചത്തിൽ ചിത്രീകരിക്കപ്പെട്ട വാർത്തകളും ഫീച്ചറുകളും കണ്ടെത്താൻ വല്ലാതെ പണിപ്പെടണമായിരുന്നു. അവർക്ക് മുഖമില്ലെന്ന മട്ടായിരുന്നു മാധ്യമങ്ങൾക്ക്. പോളിങ് ബൂത്തുകൾക്ക് മുന്നിൽ വോട്ടുചെയ്യാൻ നിൽക്കുമ്പോഴും പെരുന്നാളിന് കുട്ടികളുമായി ബസാറിൽ സാധനങ്ങൾ വാങ്ങുമ്പോഴും മാത്രം മുസ്‍ലിം സ്ത്രീ പത്ര ഫോട്ടോഗ്രാഫർമാരുടെ കാമറകളിൽ പതിഞ്ഞു.

പൊതുജീവിതത്തിലെ മാതൃകയായി മുസ്‍ലിം സ്ത്രീ അവതരിപ്പിക്കപ്പെട്ടതേയില്ല. സമകാലിക മുസ്‍ലിം സ്ത്രീയുടെ മനസ്സ് വായിക്കാൻ ആരും ശ്രമിച്ചതുമില്ല. അവരുടെ ആശകൾ, ആശങ്കകൾ, നേട്ടങ്ങൾ, തളർച്ചകൾ ഒന്നും തന്നെ പൊതുവെളിച്ചത്തിലെത്തിയില്ല. മുത്തലാഖിനെക്കുറിച്ച് പറയുമ്പോൾ മാത്രമാണ് അവർ വാർത്ത തലക്കെട്ടുകളായത്. അന്നേരവും ഏതെങ്കിലും രാഷ്ട്രീയക്കാരുടെയോ മൗലാനയുടെയോ വർത്തമാനങ്ങളാണ് പുറത്തുകേട്ടത്; അല്ലാതെ മുസ്‍ലിം സ്ത്രീയുടെ ശബ്ദമല്ല. മുസ്‍ലിം സ്ത്രീക്ക് വ്യക്തിത്വമോ സ്വത്വമോ ഇല്ലായെന്നാണ് മാധ്യമങ്ങൾ നമ്മോട് പറഞ്ഞിരുന്നത്. കുഞ്ഞുങ്ങളെ പ്രസവിക്കാൻ മാത്രമറിയുന്ന, ദേഷ്യം വന്നാൽ ഭർത്താവിനാൽ മൊഴിചൊല്ലി പുറത്താക്കപ്പെടുന്ന ഒരുവൾ മാത്രം!

ഈ ചിത്രങ്ങളെല്ലാം മാറിമറിഞ്ഞത് 2019 ഡിസംബറിലെ ഒരു തണുത്തരാത്രിയിലായിരുന്നു. പൗരത്വ ഭേദഗതി നിയമ (സി.എ.എ)ത്തിനെതിരായ പ്രതിഷേധങ്ങൾ തുടങ്ങിവരുന്നതേയുള്ളൂ. അയൽരാജ്യങ്ങളിൽനിന്ന് വരുന്ന അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിന് മതം മാനദണ്ഡമാക്കുന്ന നിയമത്തിനെതിരായ ചെറുത്തുനിൽപിൽ ജാമിഅ മില്ലിയ ഇസ്‍ലാമിയയിലെയും അലീഗഢ് മുസ്‍ലിം സർവകലാശാലയിലേയും വിദ്യാർഥികളും അണിചേർന്നിരുന്നു. പൊലീസ് അവർക്കെതിരെ കനത്ത മുറകളെടുത്തു. അതോടെയാണ് വീടിന്റെ അകത്തളങ്ങൾ വിട്ട് സാധാരണയിൽ സാധാരണക്കാരികളായ മുസ്‍ലിം സ്ത്രീകൾ സി.എ.എക്കെതിരെ മുദ്രാവാക്യം മുഴക്കി തെരുവിലേക്കിറങ്ങിയത്. വൈകാതെ ഡസൻ കണക്കിന്, പിന്നീട് നൂറുകണക്കിന്, ആയിരക്കണക്കിന് സ്ത്രീകൾ തെക്കുകിഴക്കൻ ഡൽഹിയിലെ ശഹീൻബാഗിൽ സമരമിരിപ്പിനെത്തി.


സി.എ.എക്കും ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെയും റോഡുകൾ തടഞ്ഞ് നൂറിലേറെ ദിവസങ്ങൾ അവരവിടെ സമാധാനപൂർണമായി സമരം നടത്തി. ഡൽഹിയിലെ വിറപ്പിക്കുന്ന തണുപ്പ് അവരെ പിന്തിരിപ്പിച്ചില്ല. രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ പൗരത്വം ഇല്ലാതാകാൻ സാധ്യതയുണ്ടെന്ന ഭീഷണിയെയാണ് അവർ എതിരിട്ടത്. ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും പാസ്പോർട്ടുമൊന്നും പൗരത്വത്തിന് തെളിവല്ലെന്ന് വരുത്തുന്ന, പുതിയ നിയമങ്ങളുടെ ഉള്ളിലിരിപ്പ് എന്താണെന്ന് മുസ്‍ലിം സ്ത്രീകൾ ശരിക്കും മനസ്സിലാക്കിയിരുന്നു. അവരെ ഭയപ്പെടുത്താൻ ഒന്നിനും, ഒരാൾക്കും കഴിയുമായിരുന്നില്ല.

സമരത്തിനിറങ്ങിയവരിൽ എഴുപതും എൺപതും വയസ്സ് പിന്നിട്ട ഉമ്മൂമ്മമാരുണ്ടായിരുന്നു. കാര്യമായ ഔപചാരിക വിദ്യാഭ്യാസംപോലും കിട്ടിയിട്ടില്ലാത്തവർ. മക്കളെയും പേരക്കുട്ടികളെയും പരിചരിച്ചും പരിപാലിച്ചും വീട്ടിൽ കഴിഞ്ഞുപോന്നവർ- പൊടുന്നനെ അവർ ഒരു കാര്യം തിരിച്ചറിഞ്ഞു. അവരിപ്പോൾ നിശ്ശബ്ദരായിരുന്നാൽ നാളെ അവരുടെ പേരക്കുട്ടികൾക്ക് ഒരു പക്ഷേ, ഇന്ത്യ എന്റെ നാടാണ് എന്നു പറയാൻപോലും അവകാശമില്ലാത്ത അവസ്ഥ സംജാതമായേക്കുമെന്ന കാര്യം. അതുകൊണ്ട്, അവർ എഴുന്നേറ്റുനിന്നു, പുറത്തേക്ക് വന്നു, സിംഹിണികളെപ്പോലെ പൊരുതി. അവർ സർക്കാറിനെ രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചും അത് ഉറപ്പുനൽകുന്ന തുല്യാവകാശങ്ങളെക്കുറിച്ചും ഓർമപ്പെടുത്തി. സർവരി, ബിൽകിസ് ബാനൂ, അസ്മാ ഖാതൂൻ തുടങ്ങിയ ഉമ്മൂമ്മമാർ മുസ്‍ലിം സ്ത്രീകൾക്ക് മാത്രമല്ല, രാജ്യത്തെ സകല സ്ത്രീകൾക്കും മാതൃകയും ആവേശവുമായിത്തീർന്നു.

അവർ പവർ സൂട്ടുകളോ ആധുനിക വസ്ത്രങ്ങളോ ഒന്നുമല്ല ധരിച്ചിരുന്നത്. യൗവനത്തിൽ ബുർഖ ധരിച്ചവരാണവർ. ഇപ്പോഴും ദുപ്പട്ടയാൽ തലമറച്ചവർ. പക്ഷേ, തല കുനിക്കില്ലെന്ന് അവർ ഉറപ്പിച്ചിരുന്നു. ഒരുപക്ഷേ, അതിനു മുമ്പ് ഒരിടത്തേക്കും ഒറ്റക്ക് സഞ്ചരിച്ചിട്ടുണ്ടാവില്ല അവർ. പക്ഷേ, ഇന്ത്യയുടെ ഭാവി അപകടത്തിലായപ്പോൾ അവർ വീടുവിട്ടിറങ്ങി. ലാത്തിയെയോ വെടിയുണ്ടയേയോ അവർ പേടിച്ചതേയില്ല. തലപെരുത്ത ഒരുത്തൻ നിറത്തോക്കുമായെത്തി ആകാശത്തേക്ക് വെടിയുതിർത്ത് പേടിപ്പിച്ചോടിക്കാൻ ശ്രമിച്ചിട്ടുപോലും അവർ ഇളകിയില്ല, വീട്ടിേലക്ക് മടങ്ങിയില്ല. സമാധാനപൂർവം അവർ സത്യഗ്രഹം തുടർന്നു.

അത് നിലനിൽപിനായുള്ള പോരാട്ടമായിരുന്നു. ശഹീൻബാഗിൽ തുടങ്ങി ഡൽഹിയുടെ പല കോണുകളിലേക്കും പിന്നീട് രാജ്യത്തെ സകല നഗരങ്ങളിലേക്കും ശഹീൻബാഗുകൾ വ്യാപിച്ചു. സ്ത്രീകൾ അവിടങ്ങളിൽ രാപ്പകൽ ഭേദെമന്യേ നിലയുറപ്പിച്ചു.

സർക്കാറിനെതിരെയും ഏകാധിപത്യത്തിനെതിരെയും ഉറച്ച മുദ്രാവാക്യങ്ങൾ മുഴക്കുകയും ഈണത്തിൽ ദേശീയഗാനമാലപിക്കുകയും ചെയ്തു. അവർ അവിടെയിരുന്ന് ചിത്രത്തുന്നലും ചിത്രരചനയും നടത്തി. അതിലേറെ പുതിയ ചരിത്രം തന്നെ എഴുതിച്ചേർത്തു.

മറ്റേതൊരു പരിചിതരായ സാമൂഹിക പ്രവർത്തകരെക്കാളും മികച്ച രീതിയിൽ അവർ അവകാശങ്ങൾക്കായി പൊരുതി. സർക്കാർ അവരോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. അവരെ പിന്തിരിപ്പിക്കാനോ അടിച്ചമർത്താനോ സർക്കാറിന് സാധിച്ചതുമില്ല. കോവിഡ് മഹാമാരി പടർന്ന ഘട്ടത്തിൽ മാത്രമാണ് അവർ വീട്ടിലേക്ക് മടങ്ങിയത്. അക്കാലമത്രയുംകൊണ്ട് മുസ്‍ലിം സ്ത്രീകളെപ്പറ്റിയുള്ള ഒരായിരം തെറ്റിദ്ധാരണകളെ അവർ തിരുത്തിക്കുറിച്ചിരുന്നു.


ശഹീൻ ബാഗിലെ സ്ത്രീകൾക്ക്, എന്റെ പെൺകുട്ടികൾക്ക്, പിന്നെ അനേകലക്ഷം പോരാളികൾക്ക് നന്ദി. നിങ്ങൾ തീർത്തത് ശരിക്കും ജീവിതമാതൃകകൾ തന്നെയാണ്. ശഹീൻ ബാഗ് പ്രക്ഷോഭത്തിന് മാസങ്ങൾക്കുശേഷം വടക്കേ ഇന്ത്യയിൽ കർഷക പ്രക്ഷോഭത്തിന് തുടക്കമായി. ശഹീൻബാഗിലെ ഉമ്മൂമ്മമാർ അവിടെയും ഐക്യദാർഢ്യമറിയിച്ചെത്തിയിരുന്നു. തലസ്ഥാനത്തിന്റെ അതിർത്തികൾ കേന്ദ്രീകരിച്ച് നടന്ന ആ സമരത്തിന് നേതൃത്വം നൽകിയത് ഒരു പക്ഷേ, പുരുഷരായിരിക്കാം, പക്ഷേ സ്ത്രീകളായിരുന്നു അവർക്ക് മാതൃക, ശഹീൻബാഗിലെ മുസ്‍ലിം സ്ത്രീകൾ.

( സ്വതന്ത്ര മാധ്യമപ്രവർത്തകയും ശഹീൻബാഗ്- ഫ്രം എ പ്രൊട്ടസ്റ്റ് ടു എ മൂവ്മെന്റ് എന്ന പുസ്തകത്തിന്റെ സഹരചയിതാവുമാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim womanShaheen Bagh
News Summary - Shaheen Bagh is a role model and a Muslim woman
Next Story