Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൈയെത്തും ദൂരത്തല്ല...

കൈയെത്തും ദൂരത്തല്ല ലോകസമാധാനം

text_fields
bookmark_border
World Peace Day
cancel

1981 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 21 ലോകസമാധാന ദിനമായി ആചരിച്ചു വരുന്നു. 2001 മുതൽ എല്ലാ രാജ്യങ്ങളോടും ഈ ദിനത്തിൽ വെടിനിർത്തലിനും അക്രമരാഹിത്യത്തിനുമായി ആഹ്വാനം ചെയ്യുന്നുമുണ്ട്. 'വംശീയത അവസാനിപ്പിക്കൂ സമാധാനം സൃഷ്ടിക്കൂ' എന്ന മുദ്രാവാക്യമുയർത്തി ഇക്കുറി ലോകം സമാധാനദിനം ആചരിക്കുമ്പോൾ മുൻ സോവിയറ്റ് യൂനിയനിലെ രാജ്യങ്ങളായ അസർബൈജാനും അർമീനിയയും തമ്മിൽ നാഖൊർനാ എന്ന പ്രദേശത്തെ ചൊല്ലിയുള്ള യുദ്ധത്തിലാണ്.

ലോകത്തെ പട്ടിണിപ്പാവങ്ങളിൽ മൂന്നിൽ രണ്ടും അക്രമവും പ്രയാസവും അനുഭവിക്കുന്ന രാജ്യങ്ങളിലാണ് താമസിക്കുന്നത്. ലോകത്തെ 38 ശതമാനം ജനങ്ങളും വലിയ സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലാണ് ജീവിക്കുന്നത്. നൂറു ദശലക്ഷം ജനങ്ങൾ പലായനത്തിന് നിർബന്ധിതരാകുന്നു. അതിൽ 40 ശതമാനവും കുട്ടികളാണ്. 2017 മുതൽ ലോകത്ത് 110 രാജ്യങ്ങളിലായി 230 സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നു, ഇവയിൽ 78 ശതമാനം രാജ്യങ്ങളിലും സ്വേച്ഛാധിപത്യ വാഴ്ചയാണ് നിലവിൽ.

ലോകത്ത് അണവായുധങ്ങളുടെ 90 ശതമാനവും കൈവശം വെച്ചിരിക്കുന്ന, അധിനിവേശങ്ങൾക്ക് നേതൃത്വം നൽകുകയും അധിനിവേശകരെ സംരക്ഷിക്കുകയും ചെയ്യുന്ന അമേരിക്കയാണ് 'ലോകസമാധാനത്തിന് ഭീഷണിയാകുന്ന' രാജ്യങ്ങൾക്കെതിരെ നടപടികൾ തീരുമാനിക്കുന്നത് എന്നതു കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം. ഫലസ്തീന് നേരെ പതിറ്റാണ്ടുകളായി അധിനിവേശവും കടന്നാക്രമണവും നടത്തുന്ന ഇസ്രായേലിന് സകലവിധ പരിരക്ഷയും ഉറപ്പാക്കുന്ന അവർക്ക് മറ്റുരാജ്യങ്ങളെ മര്യാദ പഠിപ്പിക്കാൻ വലിയ ഉത്സാഹമാണ്. യുക്രെയ്നിനുനേരെ 2022 ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യൻ ആക്രമണം കടുത്ത നാശങ്ങൾക്കും 60 ലക്ഷം ആളുകളുടെ പലായനത്തിനും വഴിയൊരുക്കി.

ആഗോള ഭീകരത സൂചികയിൽ (ഗ്ലോബൽ ടെററിസ്റ്റ് ഇൻഡക്സ്) കഴിഞ്ഞവർഷേത്തക്കാൾ 15 ശതമാനം അധികം ഭീകരപ്രവർത്തനം ലോകത്ത് അരങ്ങേറി, ഏറ്റവും അസന്തുഷ്ടിയുള്ള രാജ്യം അഫ്ഗാനിസ്താനാണ് , ഇറാഖും സോമാലിയയും ഇതിനു പിന്നിൽ. ഏറെ പിറകിലല്ലാതെ ഇന്ത്യയുമുണ്ട്.12ാം സ്ഥാനത്ത്. ലോക സന്തോഷസൂചികയിൽ (ഹാപ്പിനസ് ഇൻഡക്സ് ) ഒന്നാം സ്ഥാനം നിലനിർത്തുന്ന ഫിൻലാൻഡും , രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ഡെന്മാർക്ക് ,സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളും സമാധാന ശ്രമങ്ങളിൽ വലിയ പങ്കുവഹിക്കുമ്പോൾ, ഇന്ത്യയുടെ സ്ഥാനം 136 ആണ്.

സ്വതന്ത്രമായ ഒത്തുചേരലിന് വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 56 ൽ നിന്ന് 64 ആയി വർധിച്ചു, ലോകത്ത് പട്ടാളത്തിനു വേണ്ടി ചെലവിടുന്ന തുക ആകെ ആഭ്യന്തര ഉൽപാദനത്തിന്റെ രണ്ട് ശതമാനത്തിൽ താഴെ കൊണ്ടുവരണമെന്ന ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം ചെവിക്കൊള്ളാൻ രാജ്യങ്ങൾ തയാറായിട്ടില്ല. ലോകത്ത് 132 രാജ്യങ്ങളിൽ പട്ടാളച്ചെലവുകൾ വർധിച്ചു, ഇന്റർ നാഷനൽ ലേബർ ഓർഗനൈസേഷന്റെ 2020 -22 റിപ്പോർട്ടിൽ ലോകത്തെ 46.9 ശതമാനം ജനങ്ങൾക്ക് മാത്രമേ ഏതെങ്കിലും തരത്തിലെ സാമൂഹിക സുരക്ഷിതത്വം ലഭിക്കുന്നുള്ളൂ.

2021ൽ 53 രാജ്യങ്ങളിലായി 193 ദശലക്ഷം ജനങ്ങൾ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു ,2020 നേക്കാൾ നാല് കോടിയാണ് വർധിച്ചത്. 2021ൽ 56 രാജ്യങ്ങളിൽ നിന്ന് 2052 പേർക്ക് വധശിക്ഷ വിധിച്ചു. അതിൽ 579 എണ്ണവും നടപ്പാക്കി. ഇറാനിൽ മാത്രം 314 പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്, 2020ൽ 1477പേർക്ക് വധശിക്ഷ വിധിച്ചു, 489 എണ്ണം നടപ്പാക്കി.

ലോകത്ത് ഏറ്റവും കൂടുതൽ സമാധാനമുള്ള രാജ്യം ഐസ് ലൻഡാണ്. ന്യൂസിലൻഡ്, അയർലൻഡ്, ഡെന്മാർക്ക്, ആസ്ട്രേലിയ എന്നിവയും സമാധാന സൂചികയിൽ ഉയർന്ന സ്ഥാനങ്ങളിലാണ്. 71 രാജ്യങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാൾ സമാധാന അവസ്ഥ കുറഞ്ഞിരിക്കുന്നു.

1980 ൽ മുൻ സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ് പാം നിർദേശിച്ച പൊതു സുരക്ഷിതത്വം ലോകരാജ്യങ്ങൾ സ്വീകരിക്കുകയാണെങ്കിൽ പട്ടാളച്ചെലവുകൾ ഗണ്യമായി കുറക്കാൻ കഴിഞ്ഞേക്കും. 2022-23ൽ കേരള സംസ്ഥാന ബജറ്റിൽ ആഗോള സമാധാന സമ്മേളനം നടത്തുമെന്നുള്ള നിർദേശം സ്വാഗതാർഹമാണ്. ലോകത്ത് നടക്കുന്ന വിവിധങ്ങളായ ചെറുതും വലുതുമായ യുദ്ധങ്ങളിൽ ഒരു ട്രില്യൻ യു.എസ് ഡോളർ ചെലവ് വരുമ്പോൾ ലോകത്ത് ആകെ നടക്കുന്ന സമാധാന മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് വേണ്ടി 50 ബില്യൺ യു.എസ് ഡോളർ മാത്രമാണ് വിനിയോഗിക്കപ്പെടുന്നത് .

ഈ വർഷം നവംബർ 15ന് ലോകജനസംഖ്യ 800 കോടിയിലെത്താനിരിക്കുകയാണ്. ഈ മനുഷ്യരിൽ 99 ശതമാനം പേരും സ്വപ്നം കാണുന്നത് യുദ്ധവും കലാപങ്ങളും അതിക്രമങ്ങളുമില്ലാത്ത സമാധാനപൂർണമായ ലോകമാണ്. വെറും ഒരു ശതമാനം വരുന്ന യുദ്ധപ്രഭുക്കളുടെയും ആയുധവണിക്കുകളുടെയും മയക്കുമരുന്ന് സംഘങ്ങളുടെയും താൽപര്യങ്ങൾക്ക് വഴങ്ങിയാണ് ലോകം പൊട്ടിത്തെറികളിലേക്ക് നീങ്ങുന്നത്. അവരുടെ നിയന്ത്രണത്തിൽ നിന്ന് ലോകക്രമം തിരിച്ചുപിടിക്കുക മാത്രമാണ് സമാധാനം പുലരാനുള്ള മാർഗം, അതത്ര എളുപ്പമല്ലതാനും.●

Show Full Article
TAGS:world peace day 
News Summary - September 21 is World Peace Day
Next Story